ഇന്ത്യക്കാരനായിരിക്കുക എന്നത് അപമാനമോ ?

0
282
Prasad Amore  (സൈക്കോളജിസ്റ്റ് , എഴുത്തുകാരൻ )
ഇന്ത്യക്കാരനായിരിക്കുക എന്നത് അപമാനമോ ?
അവർ നിശ്ശബ്ദരാണ് രോഗബാധിതരും വ്രണിതരുമാണ്.ദുർഗന്ധം വമിക്കുന്ന അഴുക്കു കുമ്പാരങ്ങൾക്കരുകിലാണ് അവരുടെ കുടിലുകൾ. മരം കോച്ചുന്ന മഞ്ഞുകാലത്തെ ശീതക്കാറ്റേറ്റും അവർ സക്രിയമായി നിർമ്മാണ ജോലികളിൽ വ്യാപൃതരാണ്. ഉത്തർപ്രദേശിലെ ഒരു ചെറിയ പട്ടണമായ മീററ്റിലുടെയാണ് യാത്ര. രൂക്ഷ സ്വഭാവം വെളിവാക്കുന്ന ചലനാത്മകമായ ഒരു നഗരം . നഗരപരിണാമത്തിന്റെ കുഴഞ്ഞുമറിഞ്ഞ പ്രക്രിയക്കിടയിൽ സദാ ക്ഷയിച്ചുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥയിൽ നഗരത്തിൽ പുറം ജാതിക്കാർ താമസിക്കുന്ന ചേരിമാത്ര പ്രദേശങ്ങൾ വിഷാദനിര്ഭരങ്ങളാണ്. ജാതിയുടെ ശക്തമായ സ്വാധീനമുള്ള ഒരു ജനവാസ രീതി.സവർണ്ണരുടെ വീടുകളെല്ലാം ഒറ്റപെട്ടുകിടക്കുന്നു.ദളിതരുടെയും പിന്നോക്കക്കാരുടേയും മുസ്ലിമുകളുടെയും വീടുകൾ ദരിദ്രമായ ജീവിത സാഹചര്യങ്ങളുടെ ശോഷിപ്പുകളായി പരിണമിച്ചിരിക്കുകയാണ്.
സ്തോഭജനമായ വാർത്തകൾ പുറത്തുവരുന്നു.പൗരത്വ സംബന്ധിയായ പ്രതിഷേധത്തിനിടയിൽ ഇരുപതോളം പേര് ഉത്തർപ്രദേശിൽ മാത്രം കൊല്ലപ്പെട്ടു.അതിക്രമങ്ങളും കൊലപാതകങ്ങളും സാധാരണമായ സാമൂഹ്യാന്തരീക്ഷം. ആപൽക്കരമായ പ്രകോപനഭാവമുള്ള പ്രത്യക്ഷ സാഹചര്യത്തിൽ ആർക്കും ശുഭാപ്തി വിശ്വാസങ്ങളൊന്നും തന്നെയില്ല.യാതനകളും സഹനങ്ങളും ആത്മീയ സാഫല്യങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും പരസ്പ്പരം ഇടകലരുന്ന അവിടത്തെ ദൈനംദിന ജീവിതം മധ്യകാലത്തെ ഓർമിപ്പിക്കും.
ആ പട്ടണത്തിലെ തെല്ലു നാഗരികമായ ഒരു റെസ്റ്റോറണ്ടിൽ ഞങ്ങൾ ചെന്നുകയറി.ദക്ഷിണ പൂർവേഷ്യൻ വിഭവങ്ങളും ശീതള പാനീയങ്ങളും ലഭ്യമായ ശീതീകരിച്ച ആ തീനിടത്തിൽ അന്തർദേശീയ നിലവാരം പുലർത്തുന്ന നാഗരിക ഭക്ഷണം രുചിക്കാം.സഹസ്രാബ്ദങ്ങളിലൂടെ ഇന്ത്യയുടെ സാംസ്കാരികത്തുടർച്ചയുടെ ഭാഗമായി വ്യാപാരികളായോ അഭയാർത്ഥികളായോ ഇന്ത്യയിലെത്തിയ വ്യത്യസ്തത ജനവിഭാഗങ്ങളുടെ രുചിഭേദങ്ങളും ജീവിതതന്ത്രങ്ങളും സാംസ്കാരിക ധാരകളും എല്ലാം സുഗമമായ വിനിമയോപാധികളുടെ സഹായത്താൽ ഇന്ത്യൻ ജനത സ്വാംശീകരിക്കുകയാണ്.പഴയ ഇന്ത്യൻ ഗ്രാമങ്ങൾ നഗരത്തിന്റെ ത്രസിപ്പിക്കുന്ന കെട്ടുപാടുകളിലേയ്ക്ക് പരുവപ്പെട്ടിരിക്കുന്നു. മധ്യവർഗ്ഗത്തിന്റെ അഭിരുചികളും സമീപനങ്ങളും മുഖ്യധാരയെ സ്വാധീനിക്കുന്നു. പല വികസിത ഗ്രാമങ്ങളും നഗരങ്ങളാകുന്നു. നാഗരിക സൗകര്യങ്ങൾ ലഭ്യമല്ലാത്ത ചെറിയ പട്ടണങ്ങൾ വലുതാക്കപ്പെടുകയും പുതിയ നഗരങ്ങൾ നിർമ്മിക്കപ്പെടുകയും ചെയ്യുന്നു.
ഒരു ഭാരതീയനായിരിക്കുക എന്നത് അഭിമാനകരമായ ഒരു സംഗതിയാണെന്ന് പറയുന്ന ചില ഉത്തരേന്ത്യൻ ബുദ്ധിജീവികളുടെ സംസാരം കേട്ടു.ആക്രമണകാരികളായി -സുവിശേഷ പ്രചാരകരായി അഭയാർഥികളായി ഇന്ത്യയിൽ വന്ന അന്യദേശക്കാർ ഇന്ത്യൻ സംസ്കാരത്തെയും ജീവിത രീതിയെയും അപചയപ്പെടുത്തി എന്ന് വിശ്വസിക്കാൻ ഇഷ്ടപെടുന്ന അവർക്ക് സ്വന്തം മതത്തിനും ജാതിക്കും ഗോത്രത്തിനും എതിരായ നിലപാടുകളില്ല.ലോകത്തെന്പാടുമുള്ള യഹൂദരുടെ പിന് തലമുറക്കാർ ഏതാണ്ട് രണ്ടായിരം വർഷത്തിന് ശേഷം ആധുനിക ഇസ്രോയലിലേയ്ക്ക് മടങ്ങിപോയതുപോലെ തന്നെ അസംഘടിതരായി ലോകമെങ്ങും പാർക്കുന്ന ഹൈന്ദവർ സമാഗമിക്കുന്ന ഒരു വാഗ്‌ദത്ത ഭൂമിയായി ഇന്ത്യയെ കാണാനാണ് അവർക്കിഷ്ടം. ആയിരക്കണക്കിന് വർഷങ്ങളായി ഇവിടെ നിവസിക്കുന്ന ജനവിഭാഗങ്ങളുടെ ആശയ സംഹിതയും സംസ്കാരങ്ങളും തങ്ങളുടെ തനിമയ്ക്ക് ഭീക്ഷണിയാന്നെന്നു കരുതുന്ന ഒരു “ഭാരതീയത്വം” അവരുടെ സിരാകോശങ്ങളിൽ അടിഞ്ഞുകൂടിയതിന്റെ ബാഹ്യപ്രകടനമാണ് ഇന്ന് കാണുന്ന അസഹിഷ്ണുത.
ഭാരതത്തിൽ താമസിക്കുന്നവർ പരസ്പര ബന്ധങ്ങളിലേർപ്പെടുകയും ലയിക്കുകയും ചെയ്യുന്നുവെങ്കിലും ഓരോ ജാതിയെയും വിഭാഗത്തെയും വേർതിരിക്കുന്ന കെട്ടുപാടുകളിൽ അനല്പമായ അഭിമാനം പുലർത്തുന്ന മനുഷ്യർ ഇന്ത്യയുടെ ഇരുണ്ട മധ്യകാലത്തോട് വൈകാരിക ബന്ധം പുലർത്തുന്നുണ്ടെന്നു കാണാം.
Related imageഇന്ത്യയുടെ സംസ്‌കൃതി ചാക്രികമാണ്.പ്രാചീന പുരാവസ്തു ഗവേക്ഷണം സൂചിപ്പിക്കുന്നത് ഇന്ത്യയിൽ നിരവധി ജനവിഭാഗങ്ങൾ തമ്മിലുള്ള മിശ്രിതങ്ങളുടെ സാധ്യതകളാണ്. ഭൂതകാലത്തിൽ വിവിധ സമൂഹങ്ങൾ തമ്മിൽ നടന്ന സമാഗങ്ങൾ സൃഷ്ടിച്ച വൈജാത്യങ്ങൾ പ്രകടമാണ്. കറുത്തവരും വെളുത്തവരും ചൈനീസ് മുഖ പ്രകൃതിയും യൂറോപ്യൻമാരുടെ ശരീര ലക്ഷണങ്ങളും പ്രകടമാക്കുന്ന ഇന്ത്യക്കാർ അവരുടെ വ്യത്യസ്തതകൾക്കും പിന്നിൽ കാലാവസ്ഥയും ഭക്ഷണ ശീലങ്ങളും കാരണമാകുമ്പോൾ തന്നെ ജനിതകമായ സമ്മിശ്രണപ്പെടൽ അനിഷേധ്യമായ ഒരു ഘടകമായി വർത്തിക്കുകയാണ്.യൂറോപ്പിന്റെ തെക്കും വടക്കുമുള്ള ആളുകൾ തമ്മിലുള്ള ജനിതക വ്യത്യാസത്തെക്കാൾ രണ്ടോ മൂന്നോ ഇരട്ടി കൂടുതലാണ് ഒരേ ഗ്രാമത്തിൽ തന്നെ ജീവിക്കുന്ന ഇന്ത്യയിലെ വ്യത്യസ്തത ജാതിക്കാർ തമ്മിലുള്ള ജനിത വ്യത്യാസങ്ങൾ. വ്യത്യസ്തമായ ഗോത്ര പരമ്പരകളിലെ മനുഷ്യർ തമ്മിൽ സമ്മിശ്രണങ്ങളുണ്ടാവുകയും അതിന്റെ പ്രതിഫലങ്ങളായ സംഘർഷങ്ങളുടെയും പരസ്‌പരം ഉൾക്കൊള്ളുന്നതിന്റെയും പരിണതിയാണ് ഇന്ന് കാണുന്ന സാംസ്‌കാരിക ധാരകൾ.
Related imageപ്രാചീനമായ പലതരം ആചാരങ്ങളുടെയും സംഭവങ്ങളുടെയും ജനിതകമുദ്രകൾ സഹസ്രാബ്ദങ്ങളെ ഉല്ലംഘിക്കുകയാണ് .എല്ലാത്തരം ഉച്ചനീചത്വങ്ങൾക്ക് വിധേയമാവാനും അതാത് ജാതിയുടെയും ഗോത്രത്തിൻെറയും ചട്ടക്കൂടിന് ക്രമപ്പെട്ട് അന്യരിൽനിന്നു അകന്നു നിലക്കുന്ന ജീവിത ശൈലികൾ, ഓരോ പ്രത്യേയ്ക ജാതി സമൂഹത്തിന്റെ ഇടപെടലുകൾ അനുസരിച്ചുള്ള രീതികൾ ഇന്ത്യക്കാരുടെ അനന്യമായ ഒരു സവിശേഷതയാണ്. 4600 ജാതികളും 40000 ത്തിലധികം ഉപജാതികളും ഇന്ത്യയിലുണ്ട്.ഇന്നും പൊതു സമൂഹത്തിൽ നിന്ന് സ്വമേധയായും അല്ലാതെയും അകറ്റിനിർത്തപ്പെട്ടിരിക്കുന്ന ദളിതരുണ്ട്. ജാതീയമായ പരിമിതപ്പെടലിന് വിധേയമായി വന്ന സമ്പ്രദായങ്ങളിൽ സ്വന്തം സമുദായത്തിലുള്ളവരുമായി മാത്രം പ്രത്യുല്പാദനം നടത്തുന്നതിലുള്ള നിഷ്കർഷത ഇന്ത്യയിലെ ജാതീയതയെ ജൈവമായി നിലനിർത്തുകയാണ്.വ്യത്യസ്തമായ ജനവിഭാഗങ്ങളെ അവരുടെ വൈജാത്യങ്ങൾക്കനുസരിച്ചുള്ള സാമൂഹ്യപൊരുത്തം നിലനിർത്തികൊണ്ടുപോകാൻ ക്ലേശിക്കുന്ന ഒരു യാഥാർഥ്യമുണ്ട്. വൈദീക പാരമ്പര്യവും ഇതിഹാസപുരാണകളുമെല്ലാം സൃഷ്ടിക്കുന്ന ഇന്ത്യയുടെ ഭൂതകാലം ഒരു ബ്രഹ്മണ്യമായ പരിപ്രേഷ്യമായി നിന്ന് ഇന്ത്യക്കാരുടെ സമൂഹ സ്‌മരണകളിൽ നിലനിൽക്കുന്ന അലംഘനീയമായ ജീവിതരീതികളെയും ആചാരാനുഷ്ടാനങ്ങളെയും സ്വാധീനിക്കുന്നു.ഒരു മിത്തിക്കൽ ഭൂതകാലവും ആശയസംഹിതകളും കർമ്മഫല സിദ്ധാന്തങ്ങളുമാണ് ജാതി ബന്ധങ്ങളെയും ഉപജാതി ബന്ധങ്ങളെയും ഇന്നും സജീവമായി നിലനിർത്തുന്നത്.
തങ്ങളുടെ പ്രാകൃത വിശ്വാസങ്ങളും പഴമയും പരിരക്ഷിച്ചു പോരാൻ പ്രേരിപ്പിക്കുന്ന ജന്തുസഹജമായ വാസനകൾ ഇന്ത്യക്കാരെ വ്യഥയിലേയ്ക്കും അന്യരോട് നിഗൂഢമായ വെറുപ്പുകളിലേയ്ക്കും നയിക്കുന്നു. പരിഭ്രമകരമായ അപമാനത്തിന്റെയും പരാജയത്തിന്റെയും ഒരു ചരിത്ര പ്രതിസന്ധിയിലൂടെയാണ് ഓരോ ഇന്ത്യക്കാരനും കടന്നുപോകുന്നത്.ഒരു നീണ്ട ചരിത്രത്തിന്റെ മുറിപ്പാടുകളും അന്തരങ്ങളും വിദൂര സ്മരണകളിൽ നിലനിർത്തി പൗരാണിക സംസ്കാരത്തിലുള്ള അസാധാരണങ്ങളായ അനവധി ഘടകങ്ങളുടെ തുടർച്ചക്കാരായി സ്വയം അവരോധിക്കാൻ പാടുപെടുകയാണ് അവർ .