ക്ഷമ സ്ത്രീയ്ക്ക് മാത്രം പതിച്ചുനല്കിയതോ ?

55

ഥപ്പഡ് സിനിമയെ കുറിച്ചുള്ള മറ്റൊരു നിരീക്ഷമാണ്. ഈ പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ ശരിവയ്ക്കാം. പക്ഷെ തിരിച്ചു അമ്മുവിനും അടിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടോ ? അല്ലെങ്കിൽ വികാരക്ഷോഭം വരുമ്പോൾ അമ്മുവിനും അടിക്കാനുള്ള സ്വാതന്ത്യം ഉണ്ടോ ? പുരുഷൻ അങ്ങനെ അടി മേടിക്കുമ്പോൾ പുരുഷന്റെ ശക്തിയും അഹന്തയും കൊണ്ട് തിരിച്ചടിച്ചു അവളെ പഞ്ചറാക്കാതെ ക്ഷമിക്കാൻ പുരുഷന് കഴിയുമോ ? എന്റെ അഭിപ്രായത്തിൽ സ്നേഹനിമിഷങ്ങളിൽ അല്ലാതെ വഴക്കിനിടയിൽ സ്ത്രീ തല്ലിയാൽ പുരുഷൻ അവളെ തിരിച്ചു രണ്ടടി കൂടുതൽ അടിക്കുമെങ്കിലേ ഉള്ളൂ. അപ്പോൾ പുരുഷനില്ലാത്ത ക്ഷമ സ്ത്രീയ്ക്കെന്തിനാണ് ? എങ്കിലും ഈ പോസ്റ്റും വായിച്ചിരിക്കേണ്ടതുതന്നെ . Sudheesh KN എഴുതുന്നു 


വികാരവിക്ഷോഭത്താലുള്ള ആ അടിയുടെ പേരിലാണ് ‘അമ്മു ‘ വിവാഹബന്ധം വേർപെടുത്താൻ തീരുമാനിച്ചതെങ്കിൽ, അതു തികഞ്ഞ വിഡ്ഢിത്തമാണെന്നേ ഞാൻ പറയൂ! നിങ്ങളെന്തുവേണെങ്കിൽ എന്നെ വിളിച്ചോളൂ… എൻറെ നിർണ്ണയത്തിൽ മാറ്റമില്ല. അപ്പോൾ, നിങ്ങളവളെ തല്ലിയതിനെ ന്യായീകരിക്കയാണോ? ഒരിക്കലുമല്ല. പക്ഷേ, അതൊരിയ്ക്കലും ബോധപൂർവ്വമായിരുന്നില്ല, അവളോടുള്ള ഇഷ്ടക്കേടുകൊണ്ടോ, ദേഷ്യകൊണ്ടോ പോലുമായിരുന്നില്ല! ആകസ്മികമായി സംഭവിച്ചു പോയതാണ്. അതിനു മുമ്പോ ശേഷമുള്ള യാതൊന്നും തന്നെ അതൊരു abusive relationship ആണെന്ന് കാണിക്കുന്നില്ല. തന്നെയുയല്ല, അവരെത്രയും സ്നേഹത്തോടെയാണ് കഴിഞ്ഞതെന്ന് ആ ശരീരഭാഷ വിളിച്ചു പറയുന്നുമുണ്ട്.

ദൈവമേ എന്തെല്ലാം വ്യാഖ്യാനങ്ങളാണ് ഇതേ പ്രതി ഞാനീ ഫേസ്ബുക്കിൻറെ ചുമരിൽ കണ്ടത്! ഞാൻ ചോദിക്കട്ടെ, നിങ്ങളാരും ഇതുവരെ സ്വന്തം കുട്ടികളെ തല്ലിയിട്ടില്ലേ? ചെറുപ്പത്തിൽ ഒരിക്കൽപോലും അച്ഛനമ്മമാരിൽ നിന്നും അടികിട്ടിയിട്ടില്ലേ? ചീത്ത കേൾക്കേണ്ടി വന്നിട്ടില്ലേ? അതേക്കാളേറെ സ്നേഹത്തോടെ പിന്നീടവർ ചേർത്തു പിടിക്കാറില്ലേ ? അതോ, ഇറങ്ങിപ്പോക്കായിരുന്നോ എല്ലാറ്റിനും പ്രതിവിധി? ഒരിയ്ക്കലെങ്കിലും പങ്കാളിയോടുള്ള ദേഷ്യം നിങ്ങളിൽ ഇരമ്പി കയറിയിട്ടില്ലേ? മുഖമടച്ചൊന്നു കൊടുക്കാൻ തോന്നിയിട്ടില്ലേ?

Thappad Movie Review: A Marriage Story Of Delicate Defianceനിങ്ങളൊരാളെ എത്രയാഴത്തിൽ സ്നേഹിക്കുന്നുവോ, അത്രയുമാഴത്തിൽ വെറുത്തു പോകുന്ന സന്ദർഭങ്ങളുമുണ്ട്. എന്തൊക്കെയോ കാരണങ്ങളാൽ ഒരാളോട് തോന്നിപ്പോയ വെറുപ്പ് ക്രമേണ അലിഞ്ഞില്ലാതായിതീരുന്ന നിമിഷങ്ങളും അവിടെയുണ്ട്. ഒരൽപ്പം കാത്തിരിയ്ക്കാമെങ്കിൽ, ഉള്ളിലെ കലക്കങ്ങൾ താനേ തെളിഞ്ഞു വരുന്നതായി കാണാം. നേരത്തെ തോന്നിയ ദേഷ്യം ഇപ്പോഴവിടെയില്ല. പക്ഷേ നമ്മളിപ്പോഴും കഴിഞ്ഞു പോയ നിമിഷങ്ങളിൽ തന്നെ കടിച്ചു തൂങ്ങിയിരിപ്പാണ്! വീണ്ടും വീണ്ടും അതങ്ങനെ ആകേണ്ടിയിരുന്നില്ലെന്ന് സ്വയം ബോദ്ധ്യപ്പെടുത്താൻ വൃഥാ ശ്രമിയ്ക്കുകയാണ്. ഒരുപക്ഷേ കുട്ടികളും നമ്മളും തമ്മിലുള്ള വ്യത്യാസം അവിടെയാണ്. അവരീ നിമിഷം ആർത്തലച്ചു കരഞ്ഞേയ്ക്കാം, തൊട്ടടുത്ത നിമിഷം എല്ലാം മറന്നു കൊണ്ടു പൊട്ടിച്ചിരിയ്ക്കാനുമാകും.

ഞാനാ തീരുമാനത്തെ പൂർണ്ണമായും ശരിവെച്ചേനേ അവരുടെ ബന്ധം പരസ്പരമുള്ള ഇഷ്ടക്കേടിനാൽ, വെറുപ്പിനാൽ, നിറംകെട്ടതായിരുന്നൂവെങ്കിൽ! ശാരീരികമായി വേദനിപ്പിയ്ക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന ഒരാളായിരുന്നു അയാളെങ്കിൽ , ഒരു നിമിഷം പോലും അവിടെ തുടരുവാൻ പാടില്ല! എന്നാൽ, ഇതെങ്ങനെയല്ല, അയാളുടെ പോലും നിയന്ത്രണത്തിൽ നിൽക്കാത്ത ഒരു നിമിഷം. കോപാവേശത്താൽ പരിസരബോധം നഷ്ടമായപ്പോൾ സംഭവിച്ചുപോയത്! അതു മാപ്പർഹിയ്ക്കുന്നില്ലേ? സംഭവിച്ചുപോയതിൽ അയാൾക്ക് മനഃസ്ഥാപമുണ്ട്. അവളിലേയ്ക് ചേർന്നു നിൽക്കാൻ അയാൾ വിഫലമായി ശ്രമിയ്ക്കുന്നുണ്ട്. പക്ഷേ അവളിലേറ്റ മുറിവ് അത്രയും ആഴത്തിൽ ഉള്ളതായിരുന്നു. നിരുപാധികം തൻറെ തെറ്റ് ഏറ്റുപറഞ്ഞുകൊണ്ട് അവളിലേക്ക് ചായുവാൻ അയാൾക്ക് ആകേണ്ടിയിരുന്നു. കണ്ണീരിൽ കുതിർന്നൊരാലിംഗനത്താൽ ആ മുറിവുണങ്ങേണ്ടതായിരുന്നു! എന്നാൽ അതല്ല ഉണ്ടായത് .

Director Anubhav Sinha and Taapsee Pannu movie THAPPAD Trailer ...Negativity provokes more negativity – വിക്രം അവളെ കൂട്ടിക്കൊണ്ടു പോകാനെത്തുമ്പോൾ, സംസാരം പരസ്പരമുള്ള കുറ്റപ്പെടുത്തലുകളിലേയ്ക്ക് വഴുതി വീഴുന്നു. “നീ വേണമെങ്കിൽ എന്നെയും അതുപോലെ തിരിച്ചടിയ്ക്കൂ എന്നു പറയുമ്പോൾ, എൻറെ വീട്ടുകാർ അങ്ങനെയല്ല പഠിപ്പിച്ചത് ” എന്നാണവളുടെ മറുപടി. ഇതാകട്ടെ, സ്വന്തം വീട്ടുകാരെ അധിക്ഷേപിച്ചതായേ അവന് ഫീൽ ചെയ്യുന്നുള്ളൂ. മുറിവുണക്കുന്നതിന് പകരം വീണ്ടും വീണ്ടും ആഴത്തിൽ മുറിവേൽപ്പിയ്ക്കാനേ അത് ഉതകൂ. ഓർക്കുക , “സ്നേഹത്തിൽ എല്ലായ്പ്പോഴും, നിങ്ങളാണ് തെറ്റുകാർ.” In love, it is always you’re wrong. അന്യോന്യമുള്ള കുറ്റപ്പെടുത്തലുകളല്ല, അങ്ങോട്ടുമിങ്ങോട്ടുമുള്ള മനസ്സിലാക്കലുകളാണാവശ്യം (Understanding). ഞാനാണ് ശരിയെന്നു സ്ഥാപിച്ചെടുക്കാനുള്ള വെമ്പലല്ല, എന്റെ ഭാഗത്താണ് തെറ്റെന്നു സമ്മതിയ്ക്കാനുള്ള വിനയമാണ്.

നമ്മൾ ജീവിയ്ക്കുന്ന ലോകം പുരുഷാധിപത്യപരമാണെന്നു പറഞ്ഞാൽ ഞാനതംഗീകരിയ്ക്കാം. അതങ്ങനെയാകേണ്ടതുണ്ടോ, അതിൽ മാറ്റം വരേണ്ടതില്ലേ? എന്നു ചോദിച്ചാൽ, നിശ്ചയമായും വേണം എന്നു തന്നെയാകും മറുപടി. എന്നാൽ നമ്മളാരും പൊടുന്നനെ ഈ ലോകത്തിൽ പൊട്ടിമുളച്ചുണ്ടായവരല്ല! നമ്മൾ ജീവിയ്ക്കുന്ന സമൂഹത്തിൻറെ കീഴ്വഴക്കങ്ങളുടെ നിർമ്മിതിയാണ് നമ്മളോരോരുത്തരും. അതിൻറെ സ്വാധീനം പലേ പ്രകാരത്തിൽ എന്നിലും നിങ്ങളിലുമൊക്കെയുണ്ടാകും. അതൊക്കെയും പരിഹരിച്ചേ ജീവിയ്ക്കൂ എന്നാണെങ്കിൽ, ആ ജീവിതം സ്വപ്നങ്ങളിലേ സാദ്ധ്യമാകൂ!

Thappad: An Insight- Presents real life characters than ...എൻറെ ഓർമ്മയിൽ അച്ഛനൊരിയ്ക്കലും അടുക്കളയിൽ സഹായിച്ചതായി ഞാൻ കണ്ടിട്ടില്ല. കുടുബം പൂർണ്ണമായും അദ്ദേഹത്തിൻറെ ഇഷ്ടത്തിനൊത്താണ് ചലിച്ചതും. തൊള്ളായിരത്തി നാല്പത് / അമ്പതുകളിൽ ഒരു കൂട്ടുകുടുംബ വ്യവസ്ഥിതിയ്ക്കുള്ളിൽ വളർന്നുവന്ന ആ തലമുറയിലെ ഏതൊരാളെയും പോലെത്തന്നെയാണ് അദ്ദേഹവും. അമ്മയ്ക്ക് അതിലൊന്നും പരാതികൾ ഉണ്ടായിക്കാണില്ലേ? ആ തലമുറയിൽപ്പെട്ട സ്ത്രീകൾ കുടിച്ച കണ്ണീരിന്റെ കയ്പു നീരൊക്കെ അവരും അനുഭവിച്ചിട്ടുണ്ട്. ഇന്നത്തെ സ്ത്രീകളും അതുപോലെ എല്ലാം സഹിച്ചും, ക്ഷമിച്ചും ജീവിക്കണോ എന്നു ചോദിച്ചാൽ, പാടില്ല. പക്ഷേ മാറ്റങ്ങൾക്കു വേണ്ടി നിലകൊള്ളുമ്പോൾ തന്നെ, എന്നിലും നിങ്ങളിലുമൊക്കെ കാലം അവശേഷിപ്പിയ്ക്കുന്ന പാടുകളുണ്ട്. ജനിച്ചു വളർന്ന ജീവിത സാഹചര്യങ്ങളുടെ അടിമകളാണ് നമ്മളൊക്കെയും. എൻറെയും, നിങ്ങളുടെയും വ്യക്തി ജീവിതത്തിൽ, യുക്തിഭദ്രമല്ലാത്ത, തീർത്തും യാഥാസ്ഥിതികമെന്നു മുദ്രകുത്താവുന്ന ഒരു നൂറു കീഴ്വഴക്കങ്ങളെനിയ്ക്കു ചൂണ്ടി കാണിയ്ക്കാനാകും. അതിന്റെ പേരിൽ വലിച്ചറിയാനുള്ളതല്ല ജീവിതം .

മാറ്റങ്ങളുണ്ടാകേണ്ടതുണ്ട്, അതുപക്ഷേ വെട്ടൊന്ന് മുറി രണ്ട് എന്ന മട്ടിലായിക്കൂടാ! നമ്മളാരും കുറ്റം തീർന്ന പ്രോഡക്റ്റുകളായി ഫാക്ടറിയിൽ നിന്നും ഇറങ്ങി വന്നവരല്ല. വക്കീൽ ഓഫീസിൽ വെച്ച് ആത്മഗതം പോലെ അമ്മു പറഞ്ഞ വാക്കുകൾ, “അങ്ങനൊരു സാഹചര്യം അയാളുടെ മാത്രം തലയിൽ കെട്ടിവെയ്ക്കാനാകില്ല, എല്ലാവർക്കും അതിൽ പങ്കാളിത്തമുണ്ട്, അവരെ വളർത്തിയവരുടെ കൂടെ കുഴപ്പമാണത്.” തലമുറകളായി കൈമാറിപ്പോരുന്ന കുടുംബ മൂല്യങ്ങൾ അതാണെല്ലാർക്കും തടവറ തീർക്കുന്നത്. ഞാൻ നോക്കിയിട്ട്, അയാൾക്കില്ലാതെ പോയത്, അമൃതയുടെ അച്ഛനെപ്പോലെ wise ആയൊരാളുടെ സാമീപ്യമാണ്. ചെയ്തതു തെറ്റായിപ്പോയെന്ന് ഓർമ്മപ്പെടുത്താൻ, എല്ലാ ഈഗോയും മാറ്റിവെച്ച് അവളോട് മാപ്പപേക്ഷിയ്ക്കാൻ, ആ കാൽക്കൽ തലകുമ്പിടാൻ, male ego യ്ക്ക് അങ്ങേയറ്റം വിഷമമാകും. ഒടുക്കം അയാളത് തിരിച്ചറിയുന്നുണ്ട്.. അപ്പോഴേയ്ക്കും പക്ഷേ വൈകിപ്പോയി!
സ്നേഹബന്ധങ്ങൾക്ക് ഏറ്റവും വിഘാതമാകുന്നത് ‘ഞാൻ’ ആണ്! നിലവിലെ സാഹചര്യങ്ങളിൽ ആണും പെണ്ണുമെല്ലാം ഉന്നത ബിരുദങ്ങൾ നേടി, ഉയർന്ന ജോലികളിലെത്തുമ്പോൾ, ആളുകൾ വളരെയധികം indivituated ആയി തീരുമെന്നതാണ് പരിണിതഫലം. ‘ഞാൻ’ ബോധം വളരെയധികം ശക്തമായി തീരുന്ന അവസ്ഥ. സ്നേഹമെന്നത്, വിട്ടുകൊടുക്കലിൻറെ , അലിഞ്ഞു തീരലിൻറെ , ഒന്നുമല്ലാതായി തീരലിൻറെ കലയാണ്. ‘ഞാൻ’എന്തോ ഒക്കെ ആണെന്നു തോന്നി തുടങ്ങുന്ന നിമിഷം സ്നേഹത്തിൻറെ സഹജമായ ഒഴുക്ക് നിലച്ചു പോകുന്നു. താഴ്ന്ന നിലങ്ങളിലേയ്ക്കേ സ്നേഹമൊഴുകൂ!

Thappad Movie (Feb 2020) - Trailer, Star Cast, Release Date ...താൻ സ്നേഹിയ്ക്കുന്ന വ്യക്തിയുടെ സന്തോഷത്തിനായി സ്വയം സമർപ്പിയ്ക്കുക എന്നത് സ്നേഹത്തിൻറെ സ്വഭാവമല്ലേ ? പലരും എഴുതിയപോലെ അമ്മുവിൻറെ ആദ്യഘട്ട ജീവിതമാകെ വിവരക്കേടല്ല. അടികിട്ടിയപ്പോഴാണത്രേ ബോധോദയമുണ്ടായത്! അങ്ങനെയല്ല. ഞാൻ ചോദിയ്ക്കട്ടെ സ്വന്തം മക്കൾക്ക് വേണ്ടിയല്ലേ നിങ്ങൾ കഷ്ടപ്പെടുന്നതും, മുണ്ട് മുറുക്കിയുടുക്കുന്നതുമൊക്കെ ? പ്രിയപ്പെട്ടവരുടെ പുഞ്ചിരി കാണുവാനല്ലേ ജനിച്ച നാടും, വീടും വിട്ട് പ്രവാസികളായത് ? അവരൊക്കെ കാണിയ്ക്കുന്നത് ബുദ്ധിമോശമാകുമോ? സ്വന്തം സുഖം നോക്കി ജീവിച്ചാൽ മതിയായിരുന്നില്ലേ ? എന്നാൽ, വിട്ടുവീഴ്ച്ചയും സമർപ്പണവുമൊക്കെ എന്നും ഒരുഭാഗത്തേയ്ക്ക് മാത്രമാണെങ്കിൽ, അവിടെ അപാകതകളുണ്ട്.

പരസ്പരം സ്നേഹിയ്ക്കുന്നവരാകുമ്പോൾ, വല്ലപ്പോഴുമൊക്കെ കലഹിച്ചൂവെന്നു വരാം… മിണ്ടാതിരിയ്ക്കുകയോ, അല്പനാൾ അകന്നു നിന്നുവെന്നോ വരാം. അതല്ല എന്നെ അസ്വസ്ഥമാക്കുന്നത്, ഉള്ളിലെ സ്നേഹത്തിൻറെ നീർച്ചാലുകൾ എന്നേ വറ്റിവരണ്ടുപോയിട്ടും, ജനബോദ്ധ്യത്തിനായി മാത്രം തുടരുന്ന ഉത്തമ ദാമ്പത്യങ്ങളില്ലേ? മടുപ്പും, വെറുപ്പും ബാധിച്ച് കളി, ചിരി, തമാശകളും ലൈംഗികസുഖപ്രാപ്തിയും കൈവിട്ട് വീട്ടുതടങ്കലിൽ വിതുമ്പി നിൽക്കുന്ന ജന്മങ്ങൾ. അവരാണ് ഇനിയും തങ്ങളുടെ വഴി കണ്ടെത്തേണ്ടത്!

അതുകൊണ്ടെനിയ്ക്ക് പറയാനുള്ളത് ഇത്രമാത്രം, ആ അടി അത്രയൊന്നും കാര്യമാക്കേണ്ടതില്ല, അതേക്കുറിച്ച് തുറന്നു സംസാരിയ്ക്കുകയും, ശേഷം സ്നേഹത്തിൻറെ കുത്തൊഴുക്കിലൂടെ ഉള്ളിലെ മുറിവുണങ്ങുകയും ചെയ്യട്ടെ. പരസ്പരം സ്നേഹിയ്ക്കുന്നതിനായാണ് നിങ്ങൾ ഒന്നിച്ചിരിയ്ക്കുന്നത്. നിങ്ങൾ തലകുനിയ്ക്കുന്നത് മറ്റേയാളിന് മുന്നിലല്ല, സ്നേഹത്തിനു മുന്നിലാണ്. ജീവിതത്തിൽ ആരോടെങ്കിലും എപ്പോഴെങ്കിലും അത്രമേൽ സ്നേഹം ഉള്ളിലുണ്ടെങ്കിൽ, മറ്റു നിസ്സാരമായ കാര്യങ്ങളെയൊക്കെ വിട്ടുകളയുക. സ്നേഹിയ്ക്കുന്നതിൽ നിന്നും ലഭിയ്ക്കുന്നതേക്കാൾ വലിയ സംതൃപ്തിയില്ല. Leave everything for your love, but never leave your love for anything സ്നേഹത്തിനു വേണ്ടി മറ്റെല്ലാം ഉപേക്ഷിയ്ക്കുക, പക്ഷേ മറ്റൊന്നിനു വേണ്ടിയും സ്നേഹത്തെ ബലി കൊടുക്കരുത്!

സ്നേഹം നിമഗ്നമാകലാണ്, മറ്റൊരാളുമായി ആഴമേറിയ സ്വരലയത്തിൽ വർത്തിയ്ക്കുന്നതിന്റെ കലയാണത്. വല്ലപ്പോഴും സംഭവിച്ചു പോയേക്കാവുന്ന അപശ്രുതികളെ ഓർത്തുവെയ്ക്കേണ്ടതില്ല. പങ്കാളിയുടെ വീഴ്ച്ചകളെ അനുഭാവപൂർവ്വം പരിഗണിയ്ക്കാൻ, നിങ്ങൾക്കല്ലെങ്കിൽ മറ്റാർക്കാണാവുക? പെട്ടന്നുള്ള വികാരവിക്ഷോഭങ്ങളുടെ വേലിയേറ്റത്തിൽ അയാളെ ശത്രുവാക്കലല്ല, ആവശ്യം. നിങ്ങളുടേതു മാത്രമായ സ്വാകാര്യതകളിൽ, ഉള്ളിലേറ്റ ക്ഷതങ്ങളുടെ ആഴം അയാളെയും ബോദ്ധ്യപ്പെടുത്തുകയാണ്. നിങ്ങളെ തമ്മിലിണക്കുന്ന സ്നേഹത്തിന്റെ തന്ത്രികൾ വലിച്ചു പൊട്ടിക്കുകയല്ല, അതിൽ നിന്നും വീണ്ടും സാന്ത്വന ഗാനം പുറപ്പെടുവിയ്ക്കുകയാണാവശ്യം.

Thappad Movie Review: Taapsee hits you hard in a film as strong as ...ഓരോ പുരുഷനിലും സ്ത്രൈണാംശവും(feminine qualities) ഓരോ സ്ത്രീയിലും പുരുഷാംശവും(masculine qualities) ഉണ്ടെന്ന കാൾ യുങിന്റെ നിരീക്ഷണത്തെ മുഖവിലയ്ക്കെടുത്താൽ, തന്നിലെ സ്ത്രീത്വത്തെ പുരുഷനും, പുരുഷത്വത്തെ സ്ത്രീയ്ക്കും വേണ്ട അനുപാതത്തിൽ വളർത്തടിയെടുക്കാൻ കഴിയേണ്ടതുണ്ട്. തന്നിലെ സ്ത്രൈണാംശത്തെ അവഗണിയ്ക്കുന്ന ഒരാളുടെ വ്യക്തിത്വത്തിൽ ലാഘവത്വമോ, മൃദുത്വമോ, അലിവോ കാണില്ല. തികഞ്ഞ കാടത്തവും, പാരുഷ്യവുമാകും മുന്നിട്ടു നിൽക്കുക. അമ്മുവിനെ ചേർത്തു പിടിയ്ക്കുന്ന അയൽ വീട്ടുകാരിയും, അവളുടെ അച്ഛനുമൊക്കെ അതെത്രയും സ്വാഭാവികമായി സാദ്ധ്യമാകുന്നത് ഈ സ്ത്രൈണാംശം അവരിൽ ഉള്ളതു കൊണ്ട് കൂടിയാണ്. മറുവശത്ത് അയാളുടെ സഹോദരനും, വക്കീലിനുമൊന്നും ഇല്ലാതെ പോയതും ഈ ആർദ്രതയാണ് .അവസാനമായി ഞാനുൾപ്പെടെയുള്ള ഫെമിനിസ്റ്റുകളോടായി എനിയ്ക്ക് പറയാനുള്ളത്, സ്ത്രീപുരുഷ സമ്മിളിതമാണ് മനുഷ്യാസ്തിത്വം. അതുകൊണ്ടു തന്നെ സ്ത്രീവിമോചനം എന്നത് പുരുഷവിമോചനം കൂടിയാണ്.

Advertisements