സൈക്യാട്രി കപടശാസ്ത്രമോ?

411

Prasad Amore

സൈക്യാട്രി കപടശാസ്ത്രമോ?

(ഡോക്ടർ ജോസ്റ്റിൻ ഫ്രാൻസിസിന് മറുപടി)

മനഃശാസ്ത്രം ശാസ്ത്രീയമോ? എന്ന പേരിൽ മൂന്ന് വർഷങ്ങൾക്ക് മുൻപ് മൈത്രേയനുമായി ചേർന്നുകൊണ്ട് ഒരു വിഡിയോയും കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. ഒരു വ്യാഴവട്ടക്കാലമായി മൈത്രേയനുമായി വിവിധ വിഷയങ്ങളെക്കുറിച്ചു ചർച്ചചെയ്യുകയും പരസ്പരപ്രവർത്തങ്ങൾ നടത്തിവരുകയും ചെയ്യുന്ന ഒരാളായതിൽ മൈത്രേയൻ ഉന്നയിക്കുന്ന ചില പ്രശ്‍നങ്ങൾ ഗൗരവമായി ചർച്ചചെയ്യപ്പെടേണ്ടതാണെന്ന് ഞാൻ കരുതുന്നു. ഡോക്ടർ ജോസ്റ്റിന് ഫ്രാൻസിസ് മൈത്രേയന്റെ “മനുഷ്യറിയാൻ” എന്ന പുസ്തകത്തെ
അടിസ്ഥാനപ്പെടുത്തി പറഞ്ഞ അഭിപ്രായങ്ങളെ മാനിക്കുമ്പോൾ തന്നെ ചില വസ്തുതകൾ ഇവിടെ സൂചിപ്പിക്കുകയാണ്.

മൈത്രേയൻ എഴുതിയ “മനുഷ്യരറിയാൻ” എന്ന പുസ്‌തകത്തിലെ ഒരു അദ്ധ്യായത്തിലെ ഒരു ഭാഗം മാത്രമെടുത്താണ് ഡോക്ടർ ജോസ്റ്റിന് ഫ്രാൻസിസ് ഈ വിഷയം അവതരിപ്പിക്കുന്നത്. ആ പുസ്തകത്തിന്റെ സമഗ്രതയിൽ അടിസ്ഥാനപ്പെടുത്തി അദ്ദേഹം വിഷയം ചർച്ചചെയ്യുന്നില്ല.അപക്വമായ മനോരോഗനിർണ്ണയരീതിയെക്കുറിച്ചു ചൂണ്ടിക്കാണിക്കാനാണു സന്ദർഭവശാൽ റോസ്നഹൻ നടത്തിയ പരീക്ഷണത്തെക്കുറിച്ചു പറയുന്നത് പ്രസ്തുത പുസ്തകത്തിൽ പറയുന്നത്.യഥാർത്ഥത്തിൽ റോസ്‌നഹന്റെ പരീക്ഷണത്തിന് ഇന്നും സാംഗത്യമുണ്ട്.ഇന്നും വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ രോഗനിർണ്ണയം നടത്തുന്ന രീതി പലരും അവലംബിക്കുന്നുണ്ട്. മാത്രമല്ല ഒരാൾ ഒളിച്ചുവെയ്ക്കുന്ന സംഗതികളിൽ നിന്ന് വ്യാഖ്യാനങ്ങളുണ്ടാക്കി മനോരാഗവിദഗ്ദ്ധർ ലേബലുകൾ ചാർത്തുന്ന നടപടിയിൽ സ്വന്തം വിശ്വാസങ്ങളും ആത്മനിഷ്ഠ നിലപാടുകളുമാണുള്ളത് എന്ന് പറയാതെ തരമില്ല.

മനുഷ്യന്റെ ആന്തരിക വ്യാപാരങ്ങളെക്കുറിച്ചു ശാസ്ത്രീയമായ വിവരങ്ങൾ ലഭിച്ചിട്ട് ഏതാണ്ട് രണ്ടു പതിറ്റാണ്ടോളമായി എന്നിരുന്നാലും ഫ്രോയ്ഡിന്റെയും യുങ്ങിന്റെയും മാസ്‌ലോ പോലുള്ളവരുടെയും ദാര്ശനികമായ ആശയങ്ങൾ മനശാസ്ത്രം എന്ന പേരിൽ പ്രചരിപ്പിക്കുന്നതിലെ അസംബന്ധങ്ങളാണ് മൈത്രേയൻ പ്രസ്തുത പുസ്‌തകത്തിലും വീഡിയോയിലും ചൂണ്ടികാണിച്ചിട്ടുള്ളത്. ഉറക്കഗുളികൾ നൽകി രോഗികളെ മയക്കി കിടത്തുന്നതിന് പകരം ആധുനിക ന്യൂറോസയൻസ് വികസിപ്പിച്ചെടുത്ത മരുന്നുകളുടെ സഹായത്താൽ രോഗിയ്ക്ക് സ്വയം നിയന്ത്രിക്കുന്ന ആരോഗ്യകരമായ അവസ്ഥയിലേയ്ക്ക് എത്താൻ കഴിയും എന്നതാണ് ഇവിടെ സൂചിപ്പിച്ചിട്ടുള്ള വസ്തുത.

മാനസികരോഗം , ശാരീരികരോഗം എന്നിങ്ങനെ വേർതിരിക്കുന്നത് തന്നെ മനസ്സിനെ ശരീരത്തിൽ നിന്ന് അതീതമാക്കുന്ന സങ്കൽപ്പങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. യഥാർത്ഥത്തിൽ ആന്തരികനിലയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പരികല്പനകളായ മനസ്സ് , ആത്മവിശ്വാസം തുടങ്ങിയവ ഭാഷ നിലനിർത്തിയിട്ടുള്ളതുകൊണ്ട്. അത് ഉപയോഗിച്ച് ആശയനിവർത്തി സാധ്യമാക്കുകയെ നമ്മുക്ക് ഇപ്പോൾ നിർവാഹമുള്ളൂ.യഥാർത്ഥത്തിൽ ആന്തരിക ലോകം(MIND) ശരീരത്തിന്റെ സൃഷ്ടിയാണു്. അത് മനുഷ്യ ശരീരത്തിലെ പേശികളുടെയും ന്യൂറോണുകളുടെയും വികാസമാണ്. അതിൽ ന്യൂറോണുകൾ തമ്മിലും പേശികൾ തമ്മിലുള്ള മനുഷ്യ ശരീരവും ബാഹ്യലോകവും തമ്മിലുള്ള പ്രതിപ്രവർത്തനങ്ങളുണ്ട്.

വ്യക്തിയുടെ പെരുമാറ്റത്തെ, വ്യക്തിത്വത്തെ, ചിന്തകളെ , വൈകാരികനിലയെ എല്ലാം വികലമായി ബാധിക്കുന്ന അവസ്ഥകളെ ബാധിക്കുന്ന ശാരീരിക രോഗങ്ങളെയാണ് മനോരോഗങ്ങളായി കണക്കാക്കുന്നത്.പ്രത്യക്ഷത്തിൽ അത് ശാരീരിക രോഗങ്ങൾ തന്നെയാണ് . പെരുമാറ്റത്തെ ബാധിക്കുന്ന ഇത്തരം രോഗങ്ങൾക്കെല്ലാം ജൈവശാസ്ത്രപരമായ വസ്തുതകൾ ഉണ്ടെങ്കിൽ തന്നെയും വ്യക്തിയുടെ സവിശേഷ പരിസ്ഥിതി, സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക ചുറ്റുപാട് തുടങ്ങിയവയും ജീവശാസ്ത്രപരമായ ഘടകങ്ങളെ സ്വാധീനിക്കുന്നുണ്ട് . മറ്റു ശാരീരിക രോഗനിർണ്ണയം ചെയ്യുന്നതുപോലെ പഴുതടച്ചുള്ള രോഗനിർണ്ണയ സംവിധാനം മനോരോഗനിർണ്ണയത്തിൽ അസാധ്യമാണ്. അതിനാൽ മനോരോഗ വിദഗ്‌ധർ പലപ്പോഴും തെറ്റായ നിഗമനത്തിൽ എത്തിച്ചേരുന്നത് അസാധാരണമല്ല .മനോരോഗവിദഗ്‌ദരുടെ ഭാവനാ സൃഷിയുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ടുള്ള നിരവധി രോഗങ്ങളുണ്ട്. .Multiple Personality Disorder(MPD) അത്തരത്തിൽ ഒന്നാണ്. 1980 സൃഷ്ടിക്കപ്പെട്ട ഒരു രോഗമാണ് MPD. ഒരാൾ ഒന്നിലധികം വ്യക്തികളുമായി ജീവിക്കുന്ന അവസ്ഥയുള്ള നൂറുകണക്കിന് ആളുകളെ മനോരോഗവിദഗ്ദർ കണ്ടെത്തുകയും ശൈശവത്തിൽ ലൈംഗീക പീഡനങ്ങളാണ് ഇത്തരമൊരു രോഗം സൃഷ്ടിച്ചതെന്നും മനോരോഗവിദഗ്ദർ പ്രചരിപ്പിച്ചു. ഡോക്ടർ ബെന്നെറ്റ് ബ്രോണിനും, കോർണീലിയ വിൽബറും ഇത് വ്യാപകമായി പ്രചരിപ്പിച്ചത്. അക്കാലത്തു നിരവധി MPD ക്ലിനിക്കുകൾ തുറന്നിരുന്നു. മനോരോഗവിദദ്ധരുടെ സൃഷ്ടി മാത്രമാണ് ഈ രോഗം എന്ന് കണ്ടെത്തിയതോടെ ഈ രോഗാവസ്ഥയുടെ പേര് മാറ്റുകയും Dissociative Identity Disorder എന്നാക്കി.ചുരുക്കത്തിൽ മനുഷ്യന്റെ പെരുമാറ്റത്തെ ബാധിക്കുന്ന രോഗങ്ങൾ മറ്റു ശാരീരിക രോഗങ്ങളിൽ നിന്ന് വ്യതിരികതമായതുകൊണ്ടു അത് കൈകാര്യം ചെയ്യുന്ന ആളുകൾ പലപ്പോഴും മെറ്റാ സയൻസ് രീതികൾ അവലംബിക്കുന്നു.മനോരോഗങ്ങളുടെ ക്രമീകരണത്തിൽ അടിസ്ഥാനപരമായി വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്നു .
DSM 1 മുതൽ DSM 5 വരെ എത്തിനിൽക്കുന്ന മനോരോഗ ക്രമീകരണത്തിലെ മാനദണ്ഡങ്ങൾ പരിശോധിച്ചാൽ ആദ്യം രോഗമാണെന്ന് വിലയിരുത്തിയത് പിന്നീട് രോഗമല്ലാതെയായി എന്ന് കാണാൻ കഴിയും. മാത്രമല്ല ഒരു രോഗി ഒന്നിലധികം ഡോക്ടർമാരെ കാണുമ്പോൾ ഓരോരുത്തരും അവർക്ക് തോന്നുന്ന രീതിയിൽ ലേബൽ ചെയ്യുന്നതും സാധാരണമാണ്.

മനോരോഗത്തെക്കുറിച്ചു സമൂഹത്തിൽ നിലനിൽക്കുന്ന സ്റ്റിഗ്മ സൈക്കിയാട്രിയുടെ സൃഷ്ടിയല്ല.പക്ഷെ ഒരു കാലത്തു് ഭ്രാന്താശുപത്രികൾ കഠിനമായ പീഡനങ്ങളുടെ കേന്ദ്രങ്ങളായിരുന്നു.ആദ്യകാലങ്ങളിൽ മനോരോഗ ചികിത്സകർ ഉറക്കഗുളികകൾ നൽകി മനോരോഗികളെ മയക്കികിടത്തുമായിരുന്നു. മനോരോഗ ആശുപത്രികൾ തടവറകളും പീഡന കേന്ദ്രങ്ങളുമായിരുന്നു.രോഗികളെ ചങ്ങലക്കിട്ടിരുന്നു. മനോരോഗികളെ ഭിക്ഷയാചിക്കാൻ വിട്ടിരുന്നു. ഒരു കാലത്തു മനോരോഗലയങ്ങളിൽ മനോരോഗികളുടെ അസാധാരണ പെരുമാറ്റങ്ങൾ കണ്ടുരസിക്കാൻ പൊതുജനങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ആശുപത്രിയുടെ ഒരു വരുമാനമാർഗ്ഗമായിരുന്നു അത്.ആദ്യകാലത്തു സൈക്യട്രിക് മരുന്നുകൾക്ക് ഗുരുതരമായ പാർശ്വഫലങ്ങളുണ്ടായിരുന്നു.

ഇപ്പോഴും മാനുഷിക പരിഗണങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള ഒരു മനോരോഗ ചികിത്സ ഇന്ത്യയിൽ ലഭ്യമല്ല . പെരുമാറ്റത്തിൽ പന്തികേടുള്ളവരെ മനോരോഗി എന്ന് വിളിച്ചു് തരം താഴ്ത്തുന്നു. മനോരോഗ ചികിത്സ സാമൂഹിക തലത്തിലേയ്ക്ക് ഇറങ്ങിച്ചെന്നിട്ടില്ല. ഇന്നും മരുന്ന് ചികിത്‌സയിൽ മാത്രം പരിമിതപ്പെടുന്ന അവസ്ഥയുണ്ട്.വ്യക്തിയുടെ കുടുംബപരവും സാമൂഹികവുമായ സാഹചര്യങ്ങളെ പരിഗണിക്കുന്നില്ല. വ്യക്തികൾ തമ്മിലുണ്ടാകുന്ന ഇടപെഴകലിലെ പ്രശ്‌നങ്ങൾ, സംഘർഷജീവിത സാഹചര്യങ്ങൾ പിരിമുറുക്കമുള്ള ജോലി, വ്യക്തിയുടെ സവിശേഷമായ ചുറ്റുപാടുകൾ രൂപപ്പെടുത്തുന്ന പ്രശ്‍നങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള കാര്യക്ഷമായ സമീപനങ്ങൾ ഇല്ല.

ഒരു ശാസ്ത്രവും കുറ്റമറ്റതായി തുടങ്ങുന്നില്ല. ഓരോ ശാസ്തജ്ഞനും തന്റെ മുൻഗാമികൾ നിർത്തിയിടത്തുനിന്ന് ആരംഭിക്കുന്നു.പുതിയ അറിവുകളുടെ അടിസ്ഥാനത്തിൽ നവീകരിക്കപ്പെടുന്നു.ആധുനിക ന്യൂറോസയൻസ് , ഡവലെപ്മെന്റൽ ബയോളജി, ഇവൊല്യൂഷനറി സയൻസ് തുടങ്ങിയ ശാസ്ത്ര ശാഖകളിൽ നിന്നുള്ള അറിവുകളുടെ അടിസ്ഥാനത്തിൽ ഒരു നൈരന്തര്യം മനോരോഗശാസ്ത്രത്തിലും ഉണ്ടാവേണ്ടതുണ്ട് എന്നത് അനിഷേധ്യമാണ് . മൈത്രേയൻ ഉദ്ദേശിച്ചത് അതുതന്നെയാണെന്ന് ഞാൻ കരുതുന്നു.

By Prasad Amore

Advertisements