ഇറാൻ-അമേരിക്ക പ്രശ്നം ഒരു പൊളിറ്റിക്കല്‍ ഡ്രാമയോ ?

Fasil Shajahan

ഇറാന്‍-അമേരിക്ക യുദ്ധം വരുമോ എന്നാണു എല്ലാവരും ഉറ്റു നോക്കുന്നത്. അങ്ങിനെയൊരു യുദ്ധത്തിനു യാതൊരു സാധ്യതയും കാണുന്നില്ല. ഇപ്പോള്‍ നടക്കുന്നത് ഒരു പൊളിറ്റിക്കല്‍ ഡ്രാമ മാത്രമാണ് എന്ന് കരുതാന്‍ ന്യായങ്ങള്‍ ഏറെയുണ്ട്.

ഉന്നത സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് മറുപടി ആയാണ് ആക്രമണം നടത്തിയത് എന്ന് ദേശീയ മാദ്ധ്യമത്തിലൂടെ ഇറാന്‍ പ്രഖ്യാപിച്ചു. എതിരാളിക്കു വലിയ നാശനഷ്ടങ്ങള്‍ ഒന്നും വരുത്താതെയുള്ള ഈ ആക്രമണത്തിലൂടെ അങ്ങിനെ ജനങ്ങളുടെ കയ്യടി ഇറാനിയന്‍ ഭരണകൂടം നേടുകയും ചെയ്തു.

കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഇറാഖിലുള്ള അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ രണ്ട് യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ വ്യോമാക്രമണം നടത്തിയത്. സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി മിസൈലുകള്‍ ഇറാന്‍ വിക്ഷേപിച്ചു.

ആക്രമണത്തില്‍ ആളപായം ഇല്ല എന്ന് ഇറാഖ് വ്യക്തമാക്കി. തിരിച്ചടി ഉണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെ ആണ് ആക്രമണം. യു.എസ് സൈന്യത്തെ കഴിഞ്ഞ ദിവസം ഇറാന്‍ ഭീകരവാദികള്‍ ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അമേരിക്കയുടെ മുന്നില്‍ ഇറാന്‍ തികച്ചും അബലരാണ്. അങ്ങിനെയല്ല എന്നൊക്കെ നമുക്കു തോന്നും എന്നു മാത്രം. ആഗോള മാധ്യമങ്ങള്‍ അത് കൃത്യമായി ചെയ്തു പോരുന്നുണ്ട്. ശത്രു അതിഭീകരനാണ് എന്നു ചിത്രീകരിക്കലാണ് അതിന്‍റെ ശൈലി.

ഇറാഖിനെ കുറിച്ചു നമ്മളതു കേട്ടതാണ്. ഏതു യുദ്ധം നടക്കുമ്പോഴും എതിരാളിയെ കൊമ്പത്തു കയറ്റി നിറുത്തും. നിസ്സാരക്കാരനെ തുരത്തിയാല്‍ ലോക മനസ്സാക്ഷി കൂടെ നില്‍ക്കില്ല എന്നതാണ് ഈ മനശ്ശാസ്ത്രപരമായ പ്രൊപഗണ്ടയുടെ പിന്നിലെ യുക്തി.

സൗദി, ഖത്തര്‍, കുവൈറ്റ് അടക്കം ഇറാന് ചുറ്റുമുള്ള അറബ് നാടുകളിലെല്ലാം അമേരിക്കക്ക് വൻ മിലിറ്ററി ബേസുകളുണ്ട്. അണുവായുധവാഹിനികളുണ്ട്. വ്യോമ നാവിക കരുത്തും ഉണ്ട്. ഭൂമിശാസ്ത്രപരമായി എവിടെയോ കിടക്കുന്ന വാഷിംഗ്ടണെ ഇറാന് ആക്രമിക്കാനാകില്ല.

ആകെ ചെയ്യാനാവുക ചുറ്റുമുള്ള അറബ് നാടുകളിലെ യു എസ് ബേസുകള്‍ ലക്‌ഷ്യം വെക്കല്‍ മാത്രമാണ്. സുന്നീ ഭരണ പ്രദേശങ്ങള്‍ അതിലൂടെ ക്ഷീണിക്കും. അതിലൊരു ഷിയാ പൊളിറ്റിക്സ് ഉണ്ട്. ആ പൊളിറ്റിക്സ് തന്നെയാണ് സിറിയയെയും ഇറാഖിനെയും എല്ലാം ശിഥിലമാക്കിയതും.

ഇറാനും അമേരിക്കയും എല്ലാ കാലത്തും നിത്യ വൈരികള്‍ ആയിരുന്നില്ല. ഇറാന്‍-ഇറാഖ് യുദ്ധത്തില്‍ എട്ടു വര്‍ഷം ഇറാനെ അമേരിക്ക രഹസ്യമായി സഹായിച്ചിരുന്നു.രണ്ടായിരത്തി ഒന്നിലെ അഫ്ഗാന്‍ അധിനിവേശത്തിലും രണ്ടായിരത്തി മൂന്നിലെ ഇറാഖ് അധിനിവേശത്തിലും ഇറാന്‍ അമേരിക്കയെ പരസ്യമായി സഹായിച്ചിട്ടുണ്ട്. ഇറാന്‍ തന്നെ അതു വെളിപ്പെടുത്തിയിട്ടുണ്ട്.ഇറാഖ് യുദ്ധം നടക്കുമ്പോള്‍ മുഹമ്മദ്‌ ബാഖിറിന്റെ ഷിയാ സൈന്യം അമേരിക്കന്‍ അധിനിവേശ സേനയെ സഹായിക്കുന്നതും നമ്മള്‍ കണ്ടിട്ടുള്ളതാണ്.

അമേരിക്കയും ഇറാനും ഉടക്കി നില്‍ക്കുന്നത് ഇസ്രയേല്‍ വിഷയത്തില്‍ മാത്രമാണ്. ഇസ്രായേലിനെക്കാള്‍ വലിയൊരു ആണവ ശക്തി അവിടെ ഉയര്‍ന്നു വരിക എന്നത് വലിയ പ്രശ്നമാണ്. അതല്ലാത്ത മേഖലകളില്‍ ഇരുവരും പരസ്പരം സഹകരിക്കുന്നുണ്ട് എന്നത് ആഴത്തില്‍ നോക്കിയാല്‍ നമുക്കു മനസ്സിലാവും. ഫലസ്തീന്‍ വിഷയമടക്കം ഇതിനെല്ലാം വേണ്ടു ഉപയോഗിക്കുന്ന മറകള്‍ മാത്രമാണ്.
അതിനാല്‍ തന്നെ ഇറാന്‍-അമേരിക്ക യുദ്ധം വരുമോ എന്ന ആശങ്ക അസ്ഥാനത്താണ്. ട്രമ്പും ഇറാനും തമ്മിലുള്ള ഒരു പൊളിറ്റിക്കല്‍ ഡ്രാമയായി മാത്രമേ അതിനെ നിലവില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുള്ളൂ.