കേരളത്തിൽ വല്ലതും നടക്കുമോ ? പിന്നില്ലാതെ !

286

Muralee Thummarukudy

കേരളത്തിൽ വല്ലതും നടക്കുമോ ? .

വിന്ററിൽ മഞ്ഞുപെയ്യുന്ന സമയത്ത് അപകടം ഒഴിവാക്കാൻ വേണ്ടി സ്വിട്സര്ലാണ്ടിൽ റോഡുകളുടെ ഇരുവശവും നാട്ടുന്ന കുറ്റികളെ പറ്റി ഞാൻ കഴിഞ്ഞ ദിവസം ഒരു കുറിപ്പ് ഇട്ടിരുന്നു. എൻ്റെ പത്തു വർഷത്തെ ഫേസ്ബുക്ക് ജീവിതത്തിൽ ഇത്രമാത്രം നെഗറ്റീവ് കമന്റുകൾ കിട്ടിയ ഒരു പോസ്റ്റില്ല.

എന്തെങ്കിലും പുതിയ ആശയം കേരളത്തിൽ പറയുമ്പോൾ നെഗറ്റീവ് കമന്റ്റ് കിട്ടുന്നത് എനിക്ക് പുത്തരിയല്ല.

സർക്കാർ സർവ്വീസിൽ ഉള്ളവർ പറയുന്ന ഒരു കാര്യമുണ്ട് “അത് ഞങ്ങൾ മുപ്പത് വർഷം മുൻപേ ചെയ്തിരുന്നു”, അല്ലെങ്കിൽ “ഇവിടെ എന്തിനും ആളുകളുടെ എതിർപ്പാണ്, ഇതൊന്നും ഇവിടെ നടക്കില്ല”.

സർക്കാരിന് പുറത്തുള്ളവർ ആണെങ്കിലോ കുറ്റം നേരെ സർക്കാരിന്റെ തലയിൽ എടുത്തു വക്കും. “ഇവിടുത്തെ രാഷ്ട്രീയക്കാരും ബ്യൂറോക്രസിയും ഒന്നും ഇത് സമ്മതിക്കില്ല, അഴിമതി, etc etc”.

വാസ്തവത്തിൽ ഒന്നും നടക്കാത്ത സ്ഥലം ഒന്നുമല്ല കേരളം. ഇതിന്റെ തെളിവുകൾ നമുക്ക് ചുറ്റും ഉണ്ടെന്ന് മാത്രമല്ല നമ്മൾ ഓരോരുത്തരും മാറിയ കേരളത്തിന്റെ തെളിവുകൾ ആണ്.

ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ വരെ സാമ്പത്തികമായി ഇന്ത്യയിൽ ഏറ്റവും താഴെ നിന്നിരുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ഇന്ന് നാം കേരളത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനങ്ങളുടെ കൂടെ ആയി.

നമ്മുടെ ആയുർ ദൈർഘ്യം ഇന്ത്യയിൽ ഏറ്റവും മുമ്പിലായി

ശിശുമരണ നിരക്ക് ഇന്ത്യയിലെ ശരാശരിയിൽ നിന്നും ഏറെ കുറഞ്ഞു വികസിത രാജ്യങ്ങളിലെ പോലെ ആയി

കൊലപാതകങ്ങളുടെ നിരക്ക് ഓരോ പതിറ്റാണ്ടിലും കുറഞ്ഞു കുറഞ്ഞു വന്നു ഒരുലക്ഷത്തിൽ ഒന്നിലും താഴെ എന്ന നിലയിൽ ഉള്ള അപൂർവ്വം സ്ഥലങ്ങളിൽ ഒന്നായി.

കേരളത്തിൽ ഉള്ള എല്ലാ മലയാളി കുട്ടികളും സ്‌കൂളിൽ പോകുന്നു, ഒന്നാം ക്‌ളാസിൽ എത്തുന്നവർ ബഹുഭൂരിപക്ഷവും പത്താം ക്‌ളാസിൽ എത്തുന്നു.

ബിരുദക്‌ളാസ്സുകളിൽ ഉൾപ്പടെ പെൺകുട്ടികൾ എത്തുന്നു എന്ന് മാത്രമല്ല മൊത്തം കോളേജുകൾ എടുത്തു നോക്കിയാൽ ആൺകുട്ടികളേക്കാൾ കൂടുതൽ ആണ്.

പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർന്നുവരുന്നതിനാൽ സ്വകാര്യ സ്‌കൂളുകളിൽ നിന്നും സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികൾ പോകുന്ന സാഹചര്യം ഉണ്ടാകുന്നു.

പറയാൻ ഇനിയും ഏറെ ഉണ്ട്. കൊച്ചിൻ എയർപോർട്ട് മുതൽ ഇൻഫോ പാർക്ക് വരെ, കൊച്ചി മെട്രോ മുതൽ സമ്പൂർണ്ണ സാക്ഷരത വരെ എത്രയോ നേട്ടങ്ങൾ.

ഇതൊക്കെ നാം എപ്പോഴും കുറ്റം പറയുന്ന ബ്യൂറോക്രാറ്റുകളുടെ കൂടെ അധ്വാനത്തിന്റെ ഫലമാണ്.

സാക്ഷരതക്കൊക്കെ ഒരു പ്രതിഫലേച്ഛയും ഇല്ലാതെ നേരിട്ടിറങ്ങിയത് നമ്മൾ ഇപ്പോഴും കുറ്റം കാണുന്ന “ജനങ്ങൾ” ആണ്.

പക്ഷെ ഇങ്ങനെ ഒക്കെ ആണെങ്കിലും ഇപ്പോഴും പുതിയൊരു ആശയം വരുമ്പോൾ “ഇവിടെ ഒന്നും നടക്കില്ല” എന്നാണ് ആളുകൾ ആദ്യമായി പറയുന്നത്. ഇത് വാസ്തവത്തിൽ എന്നെ അതിശയപ്പെടുത്താറുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ പുതിയ ആശയങ്ങൾ നടന്ന സ്ഥലമായിട്ടും എന്തുകൊണ്ടാണ് നമ്മുടെ ചിന്താഗതി ഇപ്പോഴും നെഗറ്റീവിൽ കിടന്നു കറങ്ങുന്നത് ?

“എങ്ങനെയാണ് ചേട്ടന് എപ്പോഴും ഈ പോസിറ്റീവ് ചിന്താഗതി നിലനിർത്താൻ കഴിയുന്നത്” എന്ന് എന്നോട് പലരും ചോദിക്കാറുണ്ട്.

ഇതിന് നാല് കാരണങ്ങൾ ഉണ്ട്.

  1. കേരളത്തിൽ നിന്നും മാറി നിൽക്കുന്നതിനാൽ കേരളത്തിൽ നടക്കുന്ന നല്ല കാര്യങ്ങൾ കാണാൻ ഉള്ള ഒരു പേസ്‌പെക്ടീവ് എനിക്ക് ഉണ്ട്. ഓരോ ദിവസവും പ്രശ്നങ്ങളും ആയി മല്ലിടുമ്പോൾ, വീട്ടിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും നെഗറ്റീവ് കമന്റുകൾ മാത്രം കേൾക്കുന്ന ഒരാൾക്ക് പോസിറ്റീവ് ടെറിട്ടറിയിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ്.
  2. ഔദ്യോഗികമായും വ്യക്തിപരമായും കൂടുതൽ സമയവും ഞാൻ ചിലവഴിക്കുന്നത് നെഗറ്റീവ് ടെറിട്ടറിയിൽ ആണ്, അതുകൊണ്ടു തന്നെ മാനസികമായ ബാലൻസ് നിലനിർത്താൻ എനിക്ക് പോസിറ്റീവിൽ വിശ്വസിച്ചേ പറ്റൂ.
  3. ഏതൊരാശയം ഞാൻ പറഞ്ഞാലും അതിനെ പോസിറ്റീവ് ആയി കാണുന്ന ഒരു സൗഹൃദ സംഘം എനിക്കുണ്ട്. ഏഷ്യാനെറ്റിലെ Mg Radhakrishnan എം ജി രാധാകൃഷ്ണൻ, ദൂരദർശനിലെ Sajan Gopalanസാജൻ, ബ്രോ, എൻ്റെ സഹോദരൻ ശശികുമാർ Sasikumar Thummarukudyഎന്നിങ്ങനെ. ഇത് സ്വാഭാവികമായി ഉണ്ടായതല്ല. നെഗറ്റീവ് ആയി സ്ഥിരമായി ചിന്തിക്കുന്നവരെ മനഃപൂർവ്വം എൻ്റെ ഇന്നർ സർക്കിളിൽ നിന്നും അടിച്ചു പുറത്താക്കി ഉണ്ടാക്കിയെടുത്തതാണ്.
  4. കേരളത്തിൽ പുതിയ ആശയങ്ങളെ ഏറ്റവും ശ്രദ്ധയോടെ കേൾക്കുന്നത് നമ്മുടെ രാഷ്ട്രീയക്കാർ ആണെന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ ഒരു പക്ഷെ വിശ്വസിക്കില്ല. നമ്മളെക്കാൾ ഏറെ ആളുകളോട് അവർ ഇടപഴകുന്നു, മാധ്യമങ്ങളും നാട്ടുകാരും ഒക്കെ അവരെ എപ്പോഴും പഴി പറയുന്നു. പക്ഷെ കേരളത്തിലെ ഒരു ശരാശരി എം എൽ എ യോ മന്ത്രിയോ ഒന്നും ഇപ്പോഴും സിനിക്ക് ആയിട്ടില്ല. പുതിയ ആശയങ്ങൾ കേൾക്കാനും അറിയാനും അവർ തയ്യാറാണ്. അത് നടപ്പിലാക്കാൻ വേണ്ടി അവരുടെ പൊളിറ്റിക്കൽ കാപ്പിറ്റൽ മുടക്കാനും അവർ തയ്യാറാവുന്നു. ഇക്കാര്യത്തിൽ കേരളത്തിൽ കക്ഷി ഭേദം ഒന്നുമില്ല.

അതുകൊണ്ട് പത്തിൽ ഒമ്പത് പേരും നെഗറ്റീവ് ആയി പറഞ്ഞാലും പുതിയ ആശയങ്ങൾ കേരളത്തിലേക്ക് ഇറക്കുമതി ഞാൻ തുടർന്നുകൊണ്ടേ ഇരിക്കും. എന്നെ വിഷമിപ്പിക്കുന്നത് മറ്റൊന്നാണ്. “ഇന്നലെയുടെയോ ഇന്നിന്റെയോ സ്വാഭാവികവും ക്രമാനുഗതവും ആയ തുടർച്ചയല്ല നാളെ, മറിച്ച് ഇന്ന് ജീവിച്ചിരിക്കുന്നവർ എടുക്കുന്നതിന്റെ പരിണിതഫലം ആണ്” എന്നുള്ള “എലിമെന്ററി മിസ്റ്റർ വാട്ട്സൺ” കാര്യം കേരളത്തിലെ ആളുകൾ മനസ്സിലാക്കിയിരുന്നെങ്കിൽ എത്രയോ പുതിയ ആശയങ്ങളും തെളിച്ചുകൊണ്ട് കൂടുതൽ ആളുകൾ ഈ വഴി വരുമായിരുന്നു.

മാറേണ്ടത് നമ്മളാണ്, അപ്പോൾ കേരളം തന്നെ മാറും.

മുരളി തുമ്മാരുകുടി