എവിടെയെങ്കിലുമൊക്കെ തോൽക്കാത്തവരായി ആരുണ്ടീ ഭൂമിയിൽ

0
440

Isabella Bella എഴുതുന്നു 

Loser’s Final
————–
ഇത് പരാജിതരുടെ മാനിഫെസ്റ്റോ അല്ല, തോൽക്കുന്നവർക്കായി ആരും ഒരു How to do മാന്വലും എഴുതിയിട്ടുമില്ല . കാരണം തോൽവി അത്രമേൽ സ്വാഭാവികമായ ഒരു ജീവിത യാഥാർഥ്യമാണ് .
എൻട്രൻസിൽ , പരീക്ഷയിൽ ,പ്രണയത്തിൽ ,കച്ചവടത്തിൽ , എലെക്ഷനിൽ,ഫുട്‍ബോളിൽ ,ക്രിക്കറ്റിൽ , driving ടെസ്റ്റിൽ , യുദ്ധത്തിൽ,ജീവിതത്തിൽ…
അങ്ങനെ എവിടെയെങ്കിലുമൊക്കെ തോൽക്കാത്തവരായി ആരുണ്ടീ ഭൂമിയിൽ .

കേരളത്തിൽ നിന്നും
1.7 lakhs കുട്ടികൾ എഴുതിയ neet പരീക്ഷ കേരളത്തിൽ ആകെയുള്ള 3200 MBBS സീറ്റുകളിലെ അഡ്മിഷന് വേണ്ടിയാണ് .അപ്പോൾ പറയൂ എൻട്രൻസ് കിട്ടിയവരുടെ രാജ്യമോ കിട്ടാത്തവരുടെ രാജ്യമോ ആരുടേതാണ് കേരളം ? റിപ്പീറ്റ് ചെയ്തിട്ടും എൻട്രൻസ് തോറ്റവരെന്ന പഴി മൂന്ന് നേരവും ചോറിനൊപ്പം ഉരുട്ടി വിഴുങ്ങി തൊണ്ടയിൽ തടയുന്നവരുടെ അച്ഛനമ്മമാരിൽ എത്രപേരാവും ഒരു എൻട്രൻസ് എങ്കിലും ജയിച്ചവരായിട്ടുണ്ടാകുക ?

റിലേഷൻഷിപ്പുകളുടെ കണക്കെടുത്താൽ പാസ്സ്‌മാർക്ക് വാങ്ങി പൊട്ടാതെ രക്ഷപ്പെട്ട പ്രണയങ്ങളുടെ വിജയശതമാനം എത്രയായിരിയ്ക്കും ?
നഷ്ടപ്രണയങ്ങളാണ് കവിതയിലും സിനിമയിലും glorify ചെയ്യപ്പെടുന്നത് പോലും . എന്നിട്ടും കാമുകി പിണങ്ങിപ്പോയാൽ നമ്മളിപ്പോഴും ഒന്നുകിൽ കയറെടുക്കും ,അല്ലെങ്കിൽ petrol ക്യാനോ ആസിഡ് കുപ്പിയോ .

..ഈ ലോകം പരാജിതരുടേതാണ് ,സത്യത്തിൽപരാജയം ആണ് ഏറ്റവും common. പക്ഷെ നമ്മളാരും പരാജയം gracefully accept ചെയ്യാൻ ready അല്ല. ജയിക്കുക, ജയിച്ചവന്റെ അധികാരത്തിനു കീഴൊതുങ്ങുക , കീഴൊതുങ്ങാത്തവരെ കൊന്നു കൊലവിളിച്ചോ,ക്വട്ടേഷൻ കൊടുത്തോ ,പൊങ്കാലയിട്ടോ ,കുത്തിയോ കത്തിച്ചോ ,ജയിക്കുക . അല്ലെങ്കിൽ സ്വയം ഹത്യ .നശിച്ചോ നശിപ്പിച്ചോ നഷ്ടമായ വിജയം തിരിച്ചു പിടിയ്ക്കാനാവുമോ ?

പരാജിതർക്കു ചരിത്രത്തിലും വർത്തമാനത്തിനുമിടമില്ല.പക്ഷെ നമ്മള് മനസ്സിലാക്കാത്ത കാര്യം പരാജയ ഭൂതങ്ങളെയല്ല, വിജയസാധ്യതകളുടെ ഭാവിയെയാണ് നാം ഉറ്റു നോക്കേണ്ടതെന്നാണ് ,life ഒരു one way street ആണെന്നാണ് , ഇന്നലെകളേയും ഇന്നുകളെയും പിന്നിലാക്കി നാളെകളിലെയ്ക്കാണ് ജീവിതമെന്ന വണ്ടി കിതച്ചും കുതിച്ചും കടന്നു ചെല്ലുന്നതെന്നുമാണ്.

Life is like a losers final. വിജയി എപ്പോഴും വേറെയാരോ ആണ്. സിനിമേലൊക്കെ അമേരിയ്‌ക്കേലെ അമ്മാവന്റെ മോൻ വന്ന് നായികയെ കെട്ടിക്കൊണ്ടു പോണ പോലെ. …
അതെ ,ചരിത്രത്തിലെവിടെയും തോറ്റവരുണ്ടാവില്ല. .വർത്തമാനത്തിലും . വിക്ടറി സ്റ്റാൻഡ് ജയിച്ച്‌ നിൽക്കുന്ന ഒന്നു മുതൽ മൂന്ന് വരെയുള്ളവരുടേതു മാത്രമാണ്. പരാജിതർക്കുള്ളത് നാളെകളുടെ ഗ്രൗണ്ടുകളും. ഒരു കളിയിലും കൂടാത്തവർക്ക് ഗാലറിയിലിരുന്നു കയ്യടിക്കാനല്ലേ പറ്റൂ .

ഒറ്റ പരാജയം കൊണ്ട് അതുവരെയുള്ള എല്ലാ വിജയങ്ങളും റദ്ദാക്കപ്പെടുമെങ്കിൽ ഒറ്റ വിജയം കൊണ്ട് എല്ലാ പരാജയങ്ങളെയും മറവിയിലാഴ്ത്തിക്കൂടേ. ആ വിജയം പോലും മറ്റൊരു ഗാലറി സീറ്റിലിരുന്നു നോക്കിയാൽ പരാജയമല്ലേ?
അത് കൊണ്ടാണ് ചരിത്രത്തിൽ പരാജിതർ പോലും വിജയങ്ങളാലടയാളപ്പെടുത്തപ്പെടുന്നത് .
കർണ്ണനും നെപ്പോളിയനും ഭഗത് സിങ്ങും ഹീറോയാണെന്നൊക്കെ പറയുമെങ്കിലും ഇവരെയാരെയും വിജയമാതൃകയാക്കാനാരും പറയാറില്ല ,വിജയം ഉറപ്പിക്കാനാണ് ചന്തു ആങ്ങള തോൽവികളുടെ കണക്കുകളെണ്ണി പറയുന്നതുപോലും , ചന്തു പക്ഷെ കള്ളക്കളിയിൽ മാത്രമാണ് അവസാനം തോറ്റുപോവുന്നതും.

കഴിഞ്ഞ ദിവസവും എൻട്രൻസ് റാങ്ക്‌ കിട്ടാത്തത് കൊണ്ട് ഒരു പതിനേഴുകാരൻ ജീവനൊടുക്കിയ വാർത്ത വായിച്ചു . ഒരു കൊച്ചു പെൺകുട്ടിയെ പ്രണയാഭ്യർത്ഥന നിരസിച്ചതിന് സ്ക്രൂഡ്രൈവർ കൊണ്ടൊരാൾ കുത്തി പരിക്കേൽപ്പിച്ചു .
അതിനു മുൻപത്തെ ദിവസം മാഗ്ലൂരിൽ നാലുവർഷത്തെ പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയ കാമുകിയെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ നോക്കി . അതിനും മുൻപേ തിരുവല്ലയിൽ പോലീസുകാരൻ പോലീസുകാരിയെ കത്തിച്ചു , അർജന്റീന പരാജയപ്പെട്ടത് താങ്ങാനാവാതെ ആരാധകൻ ആത്മഹത്യ ചെയ്തു , ക്രിക്കറ്റിൽ ആണെങ്കിൽ ഈ നേരം വരെയും നമ്മൾ വെസ്റ്റിൻഡീസിനോട് പരാജയപ്പെട്ട ഇന്ത്യയുടെ കളിയെയും കളിക്കാരെയും ഭീകരമായ ഓഡിറ്റിംഗിനു വിധേയമാക്കിക്കൊണ്ടിരിയ്ക്കുകയാണ് .

നോക്കൂ നമ്മളിപ്പോൾ കളിച്ചു കൊണ്ടിരിയ്ക്കുന്നത് ഗപ്പൊന്നും കിട്ടാത്ത losers ഫൈനലോ ,knockout റൗണ്ടോ , സഡ്ഡൻ ഡത്തോ അല്ല , ഗ്രൂപ്പ് റൌണ്ടോ ക്വാർട്ടർ ഫൈനലോ ഒക്കെയാണ് നമ്മൾ കളിയ്ക്കുന്ന ഓരോ കളിയും . അര്ജന്റീന തോറ്റാലും ,പെറു ജയിച്ചാലും കളികളവസാനിയ്ക്കുന്നില്ല ,കമ്പനിയുടെ ജുദ്ധങ്ങളിനിയും നിങ്ങൾ കാണാനിരിയ്ക്കുന്നതേയുള്ളൂ.
തോറ്റാലും ജയിച്ചാലും കളികളിനിയുമുണ്ടാവും –
ഒരു തോൽവിയും അവസാനത്തേതല്ല ,
ജയവും .

അതുകൊണ്ട് കുട്ടികളെ ,വലിയവരെ ,കാമുകരെ ,അമ്മയച്ഛന്മാരെ, ലോക തോൽവികളെ ദുരന്തങ്ങളെ ,സുന്ദരന്മാരെ ,സുന്ദരിമാരെ : ഗപ്പ് കിട്ടിയാലുമില്ലെങ്കിലും സ്പോർട്സ്മാൻ സ്പിരിറ്റോടെ കളിയിൽ തുടരുക ,നമുക്കുള്ള jackpot ഗെയിം അടുത്ത നറുക്കിൽ വീണുവെങ്കിലോ ?
വിജയ പരാജയങ്ങളുടെ ഒരു montage ആണ് ഓരോ ജീവിതവും , തോൽവിയറിയാത്തവരായി ആരുമില്ലെന്നപോലെ പോലെ തന്നെ ഒരിക്കലെങ്കിലും വിജയിക്കാത്തവരായും ആരുമുണ്ടാവില്ല.

so do your part and keep going, കമ്മലിട്ടത് പോയാൽ കടുക്കനിട്ടത് വരും….
വരാതിരിയ്ക്കില്ല , ഉറപ്പാ .