സ്ത്രീവിരുദ്ധരായ നടന്മാരെ പുറത്താക്കണം പ്രേക്ഷക മനസിലെ ഇരിപ്പിടങ്ങളിൽ നിന്നും

603

Isabella Bella എഴുതുന്നു 

But why, ബട്ട് വൈ ,WCC why?
———————————
കുട്ടിമാമാ ഞാൻ ഞെട്ടിയില്ല മാമാ.

ചിന്താശേഷിയില്ലാതെ ചിന്താവിഷ്ടരാകുന്ന ശ്രീനിവാസൻമാരും മുകേഷേട്ടൻമാരും ലാലേട്ടൻമാരുമൊക്കെ ഇതല്ലാതെ മറ്റെന്തെങ്കിലും പറയുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചുവെങ്കിൽ അവരുടെ logical &analytical thinking skills -നെ കുറിച്ച് ന്യായമായും സംശയിക്കേണ്ടിയിരിയ്ക്കുന്നു .
എന്ത് കൊണ്ട് WCC എന്ന ചോദ്യത്തിനുള്ള ഉത്തരം ശ്രീനിവാസന്റെ ചോദ്യത്തിൽ തന്നെ വ്യക്തമാണ് .
ഏതാണ്ട് ഒരു വര്ഷം മുൻപ് ,WCC രൂപീകരണത്തിലേയ്ക്ക് നയിച്ച സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയത്, ഇപ്പോഴും എല്ലാവിധത്തിലും relevant എന്ന് തോന്നിയത് കൊണ്ട് Repost ചെയ്യുന്നു:

ഒരു ഭയങ്കര “അമ്മ” സംഭവം 
********************
മലയാളസിനിമയിലെ പ്രശസ്തയായ ഒരു നടിയെ വ്യക്തി വിദ്വേഷത്തിന്റെ പേരിൽ പ്രമുഖ നടൻ ബലാത്സംഗം ചെയ്യാൻ കൊട്ടേഷൻ കൊടുക്കുന്നു.
പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ തിരിഞ്ഞു നോക്കാതിരുന്ന ‘അമ്മ’ സംഘം അന്നും ഒളിഞ്ഞും തെളിഞ്ഞും പ്രമുഖ നടന്റെ പക്ഷത്തായിരുന്നു.

പൊരിച്ച മീൻ കഷ്ണം കിട്ടാത്തോണ്ടു നട്ടെല്ല് നിവർന്ന് ഫെമിനിച്ചികളായ ചില വെറും പെണ്ണുങ്ങളുടെ സമ്മർദ്ദത്തിന് വഴങ്ങി, ബല്ല്യൊരു തെറ്റാണെന്നൊന്നും അവർക്കാർക്കും അങ്ങനെ തോന്നിയിട്ടില്ലാത്ത ഒരു കാര്യം ചെയ്തതിന്റെ പേരിൽ **പേട്ടനെ പുറത്താക്കേണ്ടി വന്നതിൽ അന്നേ തന്നെ ഈ മലയാള സിനിമയിലെ ലേട്ടൻമാരുടെയും , മ്യാമനമാരുടെയും പേട്ടന്മാരുടെയും മാത്രം സംഘടനയായ ‘അമ്മ’ യിലെ ഒരു പാട് പേർക്ക് കടുത്ത കുണ്ഡിതവും ഉണ്ടായിരുന്നു.

അന്ന് പിന്നെ ഒന്നും അങ്ങനെ പുറത്തു കാണിയ്ക്കാൻ പറ്റിയ പരിതസ്ഥിതി അല്ലായിരുന്നതിനാൽ ഒളിച്ചും പാത്തും ജയിലിൽ പോയി കണ്ടും പേട്ടനുവേണ്ടി കണ്ണീർ വാർത്തും കുറച്ചൊക്കെ adjust ചെയ്തു രക്ഷപ്പെട്ടു പലരും.

അന്ന് പറ്റിപ്പോയ ആ തെറ്റ് ഇന്ന് അവരങ്ങു തിരുത്തി.
അതിന് അമ്മയിലെ അമ്മാമമാർക്കൊപ്പം അമ്മവേഷമൊക്കെ ചെയ്തു അമ്മത്തം double ആക്കിക്കിട്ടിയ ചില അമ്മമ്മമാരും, ‘അമ്മ തമ്പ്രാട്ടിമാരും , പൊന്നും തങ്കവും കെട്ടിയ തറവാട്ടമ്മമാരും കൂടി ചേർന്നപ്പോ ഒരു പേട്ടൻസിനിമയുടെ നിലവാരത്തിനു ചേരും വിധം scene ഒന്നു കൊഴുത്തു.
‘അമ്മ’യ്ക്ക് തന്നോടുള്ള സമീപനത്തിൽ മനം നൊന്ത് പീഡിതയായ പെൺകുട്ടി സംഘടന യിൽ നിന്നും ഇറങ്ങിപ്പോന്നു.
അവളോടൊപ്പം എന്നുമുണ്ടാവുമെന്നു പറഞ്ഞു നട്ടെല്ലുള്ള മൂന്നു പെണ്ണുങ്ങൾ -മൂന്നേ മൂന്നു പെണ്ണുങ്ങൾ കൂടെയിറങ്ങി.
ഇത്രയുമാണ്
ഇക്കഴിഞ്ഞ ദിവസം ഉണ്ടായത്.

സിനിമയിൽ മാത്രമല്ല വാക്കിലും നോക്കിലും
നടപ്പിലും ജീവിതത്തിലും
സ്ത്രീ വിരുദ്ധത ആഘോഷമാക്കുന്ന ഇവരിൽ നിന്നൊക്കെ ഇതല്ലാതെ മറ്റെന്തെങ്കിലുമൊക്കെ ആരെങ്കിലും പ്രതീക്ഷിച്ചു വെങ്കിൽ അവർക്കല്ലേ കുഴപ്പം!

വെള്ളമടിച്ചു കോൺ തെറ്റി വന്ന് ചെരുപ്പൂരിയോ ഊരാതെയോ പെണ്ണിന്റെ നട്ടെല്ല് നോക്കി കാലു മടക്കി തൊഴിയ്ക്കാൻ വേണ്ടി പ്രേമിയ്ക്കുന്ന നായകന്മാരും,
ഉയർന്നുപോയ ശബ്ദവും തലയും, നിവർന്ന നട്ടെല്ലും നായകൻ കവിളിൽ നൽകിയ കൈനിവർത്തിയുള്ള ഒരൊറ്റ അടിയിൽ മടക്കിയൊതുക്കി, ഉയർന്ന ശബ്ദം താഴ്ന്ന സ്ഥായിയിലെ ഒരു കരച്ചിലിലേയ്ക്കു മാറ്റിപ്പിടിച്ചു, തലകുനിച്ചു പ്രണയത്തിലേക്ക് മുഖമടച്ചു വീഴുന്ന നായികമാരും,
ഭാര്യയുടെ പേരു പട്ടിയ്ക്കിട്ടു വിളിച്ചു സ്നേഹം പ്രകടിപ്പിക്കുന്ന ഭർത്താക്കന്മാരും,
സഹപ്രവർത്തകയുടെ കുത്തിനു പിടിച്ചും , മോന്തയ്ക്കടിച്ചും, തെറി വിളിച്ചും വരുതിയ്ക്കു വരുത്തുന്ന പോലീസ് ഓഫീസർമാരും…..

ഇതൊക്കെ കണ്ടു കയ്യടിച്ചു പ്രോത്സാഹിപ്പിച്ചും അല്പസ്വല്പമെങ്കിലും സ്വജീവിതത്തിലല്ലെങ്കിൽ വഴിയേ പോകുന്ന പെണ്ണുങ്ങളുടെ മേലോ അതല്ലെങ്കിൽ ചുരുങ്ങിയ പക്ഷം ഓൺലൈനിൽ കാണുന്ന സ്ത്രീജനങ്ങളുടെ മേലോ-നടപ്പിൽ വരുത്താൻ ശ്രമിച്ചും സായൂജ്യമടയുന്ന fan club കാരും..

ഇവരാരെങ്കിലുമൊക്കെ തൊഴിലിടത്തിലോ അല്ലാതെയോ ഉള്ള പടല പിണക്കങ്ങൾക്കു പ്രതികാരമായി ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു പെണ്കുട്ടിയുടെ പക്ഷം നിൽക്കുമെന്ന പ്രതീക്ഷ ആർക്കെങ്കിലുമുണ്ടായിരുന്നെങ്കിൽ ഈ മലയാള സിനിമാ സംസ്കാരത്തെക്കുറിച്ചും, അമ്മയെ ക്കുറിച്ചുമൊന്നും sorry bros, നിങ്ങൾക്കൊരു ചുക്കുമറിയില്ല എന്നു മുഖത്തു നോക്കി പറയേണ്ടി വരും.

ഏറ്റവും നിന്ദ്യമായ രീതിയിൽ പീഡിപ്പിക്കപ്പെട്ട ഒരു ഇര, മറ്റു പലരും ചെയ്ത പോലെ അന്തസ്സായി വല്ല ആത്മഹത്യയോ മറ്റോ ചെയ്തു തുലയുന്നതിനു പകരം പോലീസിൽ പരാതിപ്പെട്ടത് കൊണ്ടു ##പേട്ടനുണ്ടായ പെടാപ്പാടുകളെയും കഷ്ടനഷ്ടങ്ങളെയും കുറിച്ചു ഓർത്തു വാർത്തു തീർത്തത് കൊണ്ടു മറ്റേ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയ്ക്കു വേണ്ടി വീഴ്ത്താൻ ഒരിറ്റു കണ്ണീരില്ലാതായിപ്പോയ ചില കണ്ണിൽ ചോര വറ്റിപ്പോയ നിഷ്കളങ്കരേയും നമ്മൾ കണ്ടതല്ലേ.

സമൂഹത്തിൽ നിലനിൽക്കുന്ന partriarchial value system അതിന്റെ ഏറ്റവും വൃത്തികെട്ട രീതിയിൽ concentrate ചെയ്യുകയും on screen &off screen അതു നിരന്തരം replicate ചെയ്യുകയും ചെയ്യുക മാത്രമല്ല, അങ്ങേയറ്റം ക്രിമിനൽവൽക്കരിക്കപ്പെടുക കൂടി ചെയ്തു ജീർണ്ണിച്ച ഒരു വ്യവസായമായി മാറിയിരിയ്ക്കുന്നു മലയാള സിനിമാ മേഖല.

പൊതു സമൂഹത്തിൽ ഉള്ള എല്ലാത്തരം ജീര്ണതകളോടുമൊപ്പം പണവും പ്രശസ്‌തിയും, celebrity status -ഉം കൂടി കൈവരുമ്പോൾ അതോടൊപ്പം എത്തുന്ന മറ്റു പല തരം അസ്കിതകളും സാധാരണയിലും കൂടുതലായി ഉള്ളവരാണ് സിനിമാക്കാർ. നടൻമാരെ അത്തരം വൃത്തികെട്ട മനസ്ഥിതി പലതരത്തിൽ പ്രകടിപ്പിക്കുന്നവരായി കാണുന്നതിന് പകരം അവർ സ്‌ക്രീനിൽ അവതരിപ്പിക്കുന്ന നന്മ മരങ്ങളായ കഥാപാത്രങ്ങളായി മഹത്വവൽക്കരിച്ചു കാണാൻ തമിഴ് മക്കളോളം നിഷ്‌കുകളാണോ മലയാളികളെ നിങ്ങൾ?

കടുത്ത അതിക്രമങ്ങൾക്കു വിധേയയായിട്ടും എല്ലാരും പറഞ്ഞപോലെ ആത്മഹത്യ ചെയ്യുകയോ ചത്തു ജീവിയ്ക്കുകയോ ചെയ്യാതെ തനിക്കു വേണ്ടി മാത്രമല്ല ഈ മേഖലയിൽ പ്രവർത്തിയ്ക്കുന്ന എല്ലാ പെണ്കുട്ടികൾക്കും വേണ്ടി പ്രയാസമേറിയ ഒരു പോരാട്ടത്തിന്റെ വഴിയിൽ ഉറച്ചു നിൽക്കാൻ തയ്യാറായ, അതിന്റെ പേരിൽ ഇപ്പോഴും ആവർത്തിച്ചാവർത്തിച്ചു verbal rape നു വിധേയയായിക്കൊണ്ടിരിയ്ക്കുന്ന പ്രിയപ്പെട്ട പെങ്കുട്ടീ, നിനക്കൊപ്പം ഐക്യദാർദ്ധ്യത്തിന്റെ ചുരുട്ടിയ മുഷ്ടിയായി ‘AMMA’-യിൽ നിന്നല്ലെങ്കിൽ ഈ തെരുവുകളിൽ നിന്ന് അനേകം പേരുണ്ടാവും.

പൊരിച്ചമീനൊക്കെ വെട്ടി വിഴുങ്ങി വിഴുങ്ങി നട്ടെല്ലിന് പകരം മീൻമുള്ളുകളുമായി കുമ്പിട്ടു നിൽക്കുന്ന അമ്മ്യമ്മാവന്മാരുടെ ‘ ‘AMMA’-യിൽ നിന്നു നട്ടെല്ല് നിവർത്തി, തലയുയർത്തി പിടിച്ച്, ഞങ്ങളുണ്ട് എന്നു ചേർത്തു പിടിച്ചു അവളോടൊപ്പം കൂടെയിറങ്ങി, കണ്ണു നിറയാത്ത കരുണ തോന്നാത്ത ‘AMMA’മഴക്കാറിന്റെ പടിയും കടന്നു പേടിയില്ലാതെ പോന്ന മൂന്നു പെണ്ണുങ്ങൾക്കുമൊപ്പം, #അവൾക്കൊപ്പം അഭിമാനത്തോടെ ഐക്യപ്പെടുന്നു.

പെണ്ണിന് പുല്ലിനോളം പോലും വിലകല്പിക്കാത്ത പീഡനവീരന്മാരുടെയും, അവരെ കട്ടയ്ക്കു നിന്നു പുല്ലുപോലെ പിന്തുണച്ച പുല്ലന്മാരുടെയും ‘AMMA’യ്ക്ക് മർമ്മസ്ഥാനത്തു തന്നെ കൊള്ളും വിധം ഉന്നം നോക്കി പെരുമാറാൻ ഇവരുടെയൊക്കെ സിനിമകൾ കണ്ടു കൊണ്ടാടി വിജയിപ്പിച്ചുകൊടുക്കുന്ന പെൺപ്രേക്ഷകരും, പെണ്ണുങ്ങളും മനുഷ്യരാണെന്ന് കരുതാൻ കഴിയുന്ന ആണുങ്ങളും ഒത്തു ചേർന്നാൽ നിഷ്പ്രയാസം സാധിയ്ക്കും എന്നാണ് എന്റെ ഒരിത്.
#Dileepettanpavada ടൈപ്പ്‌ fan-കൂട്ടങ്ങളല്ല, ഇന്നാട്ടിലെ സാധാരണ സിനിമാ പ്രേക്ഷകരാണ് ഇവരുടെ യൊക്കെ സിനിമകൾ കണ്ടു വിജയിപ്പിക്കുന്നതെന്ന്, ‘D’ കമ്പനികളുടെ അധിപന്മാരാക്കി മാനം മുട്ടെ വളരാൻ പ്രാപ്തരാക്കുന്നത് എന്ന് ഇവരെയൊക്കെ നമുക്ക് ബോധ്യപ്പെടുത്തേണ്ടേ?

അതിനായി നേരിന്റെയും നന്മയുടെയും പക്ഷത്തു നിലക്കാത്തവർ, അവരെത്ര അമാനുഷ – അതിമാനുഷ ഭാവം പൂണ്ട ഷൂപേർ/mega/ചിന്ന/കുഞ്ഞി/കഞ്ഞി വാലുള്ളതോ ഇല്ലാത്തതോ ആയ നക്ഷത്രശോഭകളായ്ക്കോട്ടെ, തറ/ താര ഭേദമില്ലാതെ ഇവരുടെയൊന്നും സിനിമകൾ കാണാനായി തീയെറ്ററുകളിലേയ്ക്കു പോകുകയില്ലെന്നു തീരുമാനിക്കണം.
സിനിമാ ബന്ദുകളും മറ്റുമായി ദിവസങ്ങളോളം നമുക്ക് മുന്നിൽ തീയേറ്റർ വാതിലുകൾ ഇവർ അടച്ചിട്ടിരുന്നല്ലോ .

For a change , Let us try the reverse on them for once.
നമുക്ക് പോണ്ട ,
കരുണയില്ലാത്ത ഈ കഴുത മോറന്മാരുടെ സിനിമകൾ കാണാൻ.
ഒരു ദിവസം , ഒരൊറ്റ ദിവസം ജനം തിയറ്ററുകളിലേക്ക് പോകാതിരുന്നാൽ മതിയാവും, ഈ താര രാജാ റാണി മാരുടെയും ‘അമ്മ’ തമ്പുരാട്ടി മാരുടെയും ഒക്കെ സിംഹാസനങ്ങൾക്ക് ഇളക്കം തട്ടി തുടങ്ങാൻ.
പുറത്താക്കണം അവരെ നമ്മുടെ പ്രേക്ഷക മനസിലെ ഇരിപ്പിടങ്ങളിൽ നിന്നും.
നിലപാടുകൾ മാറ്റുന്ന മുറയ്ക്ക് ഇറക്കി വിട്ടവരെ അവരർഹിയ്ക്കുന്ന കസേരകൾ കൊടുത്തു തിരികെ പ്രതിഷ്ഠിക്കാം.
മഹാനടന്മാരേ , വെടിയൂ മഹാമൗനം , വേട്ടക്കാരനോടൊപ്പമോ , ഇരയോടൊപ്പമോ – പറയൂ ആരോടൊപ്പമാണ് നിങ്ങൾ ?
#WCCക്കൊപ്പം 
#അവൾക്കൊപ്പം
#അവൾക്കൊപ്പംപോന്നനാലവളുമാർക്കുമൊപ്പം
#അവർക്കൊപ്പംമാത്രം