ഇഷ – വ്യത്യസ്തമായൊരു യാത്രാനുഭവം

1321

നിങ്ങൾക്ക്‌ യോഗ ഇഷ്ടമാണോ ? എങ്കിൽ ഇഷയോഗ സെന്ററിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും പോകണം. അവിടെയിരുന്നു നിങ്ങൾ പഠിച്ച യോഗ ചെയ്യണം. ജീവിതത്തിലെ ഏറ്റവും മഹനീയമായൊരു അനുഭവമാകും അത്. ‘ഇഷ’ എന്ന വാക്കിനർത്ഥം ‘രൂപമില്ലാത്ത ദിവ്യത്വം’ എന്നാണു. കോയമ്പത്തൂരിൽ നിന്നും ഏകദേശം 30 കിലോമീറ്റർ ദൂരെ വെള്ളിയാംഗിരി മലകളുടെ (ദക്ഷിണ കൈലാസം എന്നറിയപ്പെടുന്ന നീലഗിരിമലകളുടെ ഒരു ഭാഗമാണ് വെള്ളിയാംഗിരി )താഴ്‍വാരത്തിൽ 13 ഏക്കർ സ്ഥലത്താണ് സദ്ഗുരു ജഗ്ഗി വാസുദേവ് ഇഷാ യോഗാ സെന്റർ 1992 -ഇൽ സ്ഥാപിച്ചത്. ഇഷാ ഫൗണ്ടേഷൻ പൂർണമായും ഒരു മതേതര സ്ഥാപനമാണ്‌. സന്നദ്ധസേവകരാലാണ് ഇത് പ്രവർത്തിക്കുന്നത്.  യോഗയുടെ അനവധി പ്രോഗ്രാമുകളുടെ ഒരു പരമ്പര തന്നെ ഇവിടെ നടത്തുന്നുണ്ട്. ലോകത്തെല്ലായിടത്തുനിന്നും യോഗ അഭ്യസിക്കാൻ വരുന്നവർ ഇവിടെ വന്നു താമസിച്ചു അഭ്യസിക്കുന്നു. ഐക്യരാഷ്ട്ര സംഘടനയിലെ എക്കണോമിക് & സോഷ്യൽ കൗൺസിൽ പോലെയുള്ള അന്താരാഷ്ട്ര സംഘടനകളുമായും ഇഷാ ഫൌണ്ടേഷൻ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. അനവധി വിദേശരാജ്യങ്ങളിലും ഇഷയ്ക്ക് യോഗ പ്രോഗ്രാമുകൾ ഉണ്ട്.

മൂന്നുദിവസത്തെ ധർമ്മസ്ഥല-ഉജിറെ-മാംഗ്ലൂർ കറക്കത്തിനുശേഷം വളരെ ക്ഷീണിച്ചാണ്‌ കോയമ്പത്തൂരെത്തിയത്. മാംഗ്ലൂർ നിന്നും എട്ടരയ്ക്കുള്ള ട്രെയിനിൽ കോയമ്പത്തൂർ ലക്ഷ്യമാക്കി പായുമ്പോൾ മനസ്സിൽ ഒന്നുമാത്രം ആദിയോഗിയുടെ രൂപത്തോടുള്ള കൗതുകം. വെളുപ്പിന് നാലരയ്ക്ക് കോയമ്പത്തൂരെത്തി. അല്പംസമയം റെയിൽവേ സ്റ്റേഷനിൽ വിശ്രമിച്ചു. ആറുമണിക്ക് റോഡിലിറങ്ങി ഇഷയിലേക്കുള്ള ബസിൽ കയറി പുറപ്പെട്ടു. ശിരുവാണി റോഡിലൂടെയുള്ള യാത്രയ്‌ക്കൊടുവിൽ അവിടെ എത്താറായപ്പോൾ തന്നെ തണൽമരങ്ങൾ കുടപിടിച്ച വീഥി മനസ്സിൽ കുളിർമ നിറച്ചു. ഇഷയിലേക്കു അടുക്കുന്തോറും ആദിയോഗിയുടെ പ്രതിമ അകലെ പച്ചപ്പുകൾക്കിടയിൽ നിന്നും തെളിഞ്ഞു തുടങ്ങിയിരുന്നു. 2015-ൽ മുരുഡേശ്വറിലേക്കുള്ള യാത്രയിലും അകലെവച്ചുതന്നെ പ്രത്യക്ഷപ്പെടുന്ന ശിവപ്രതിമ നല്ലൊരു ദൃശ്യാനുഭവമായിരുന്നു.

ഒരു വ്യക്തിയെന്ന നിലയിൽ എന്നെ എവിടേക്കും നയിക്കുന്നത് കൗതുകമാണ്. വല്ലാത്തൊരു അന്വേഷണത്വരയോടെ സകലതിനെയും വീക്ഷിക്കുക എന്നത് ശീലിച്ചുപോയി. പക്ഷെ ഈ ശീലക്കാരെ സദ്ഗുരു തെല്ലു സംശയതോടെയാണ്‌ കാണുന്നതെന്ന് അവിടെവച്ചു പരിചയപ്പെട്ട മലയാളിയായ ഒരു യോഗാധ്യാപകൻ എന്നോട് പറയുകയുണ്ടായി. എന്നെപ്പോലുള്ളവർ ദോഷൈകദൃക്കുകൾ അത്രേ. ആശ്രമത്തിൽ സിഐഡി പണി ചെയ്യാൻ വരുന്നവരത്രെ. എന്നാൽ ആരിലും പൂർണ്ണമായി അടിമപ്പെടാതെ ശരിയെ ശരിയായും തെറ്റിനെ തെറ്റായും കാണുന്നവരാണ് ഞങ്ങളെന്നു ഞാൻ അദ്ദേഹത്തോട് സരസമായി പറയുകയുണ്ടായി. എങ്കിലും ഇതിന്റെ അവസാനപാരഗ്രാഫ്‌ വായിക്കുമ്പോൾ അയാൾ പറഞ്ഞത് ശരിയെന്നു നിങ്ങൾക്കു തോന്നിയേക്കാം.

ഇഷയിലെത്തി ആദ്യം, സ്ത്രൈണ ദൈവികതയുടെ പ്രതീകമായ ‘ലിംഗഭൈരവി’ ദേവിയുടെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നിടത്തേയ്ക്കു പോയി. സാധാരണ ദേവീവിഗ്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇവിടത്തെ വിഗ്രഹം. കറുത്തിരുണ്ട ഒരു പ്രത്യേകരൂപം. രണ്ടുവലിയ കണ്ണുകൾ. തൃക്കണ്ണും ഉണ്ട്. ഒറ്റനോട്ടത്തിൽ ശിവലിംഗമെന്നുതന്നെ തോന്നിയേക്കാം. ഇതിനുള്ളിൽ മെർക്കുറി നിറച്ചിരിക്കുന്നു. ത്രികോണാകൃതിയിൽ ഉള്ള

പ്രവേശനകവാടം

മണ്ഡപത്തിലാണ് ലിംഗഭൈരവി പ്രതിഷ്ഠ. നിങ്ങളൊരു വിശ്വാസിയെങ്കിൽ മന്ത്രം ഏറ്റു ചൊല്ലി ഇവിടെനടക്കുന്ന പൂജയിൽ പങ്കുകൊള്ളാം. അല്ലെങ്കിൽ വെറുതെ ചമ്രം പടിഞ്ഞിരുന്ന് എല്ലാം വീക്ഷിക്കാം. രണ്ടു സ്ത്രീകളാണ് അവിടെ പൂജചെയ്യുന്നത്. സ്ത്രീകളെ ശ്രീകോവിലിൽ പ്രവേശിപ്പിക്കാൻ പാടില്ല, ശബരിമലകയറ്റാൻ പാടില്ല എന്നൊക്കെ പറഞ്ഞു ഉറഞ്ഞുതുള്ളുന്ന അന്ധവിശ്വാസികളുടെ കേരളത്തിൽ നിന്നും പോകുന്നവർക്ക് അതൊരു പുതിയ അനുഭവമായിരിക്കും. അവർക്കു നിരത്താൻ ഇവിടെ ‘സ്ത്രൈണ ദൈവികത’ എന്ന ന്യായം ഉണ്ടെങ്കിലും.

ധ്യാനലിംഗമാണ്‌ മറ്റൊരു പ്രതിഷ്ഠ. ധ്യാനത്തിൽ മുഴുകിയിരിക്കാൻ താത്പര്യമുള്ളവർക്ക് അവിടേയ്ക്കു പോകാം. ഇതൊരു യോഗക്ഷേത്രമാണ്. അർദ്ധഗോളാകൃതിയിലാണ് ധ്യാനലിംഗപ്രതിഷ്ഠ സ്ഥിതിചെയ്യുന്ന മന്ദിരം നിർമ്മിച്ചിട്ടുള്ളത്. ഇതിന്റെ മുന്നിലായി ഏകത്വത്തിന്റെ അടയാളമായി സർവ്വമതസ്‌തംഭം ഉണ്ട്. എല്ലാ മതങ്ങളുടെയും ചിഹ്നങ്ങൾ ഇതിൽ ആലേഖനം ചെയ്തിട്ടുണ്ട്.

പ്രത്യേക വാദ്യോപകരണങ്ങൾ വായിച്ചുള്ള നാദാരാധന ഇവിടത്തെ ഒരു പ്രത്യേക പൂജയാണ്.  ധ്യാനലിംഗക്ഷേത്രത്തിനു മുന്നിലായി നന്ദികേശന്റെ വലിയൊരു പ്രതിമയുണ്ട്. ലോഹക്കഷണങ്ങൾ കൊണ്ടാണ് നന്ദിയുടെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. പ്രതിമയ്ക്കുള്ളിൽ ഇരുപതിനായിരം കിലോ വിശിഷ്ടവസ്തുക്കൾ നിറച്ചിട്ടുണ്ട്.

ഏക്കറുകണക്കിന് പരന്നുകിടക്കുന്ന വിശാലമായ കരിങ്കൽ തറയിലും മണ്ഡപങ്ങളിലും വിദേശികളും സ്വദേശികളും ചില പ്രത്യേകശബ്ദങ്ങളൊക്കെ ഉണ്ടാക്കി യോഗയുടെ പരമാനന്ദ ലഹരിയിൽ ആറാടുന്നത്‌

ആദിയോഗി-ശിവൻ

കാണാം. അക്ഷരാർത്ഥത്തിൽ ഒരു ലഹരിതന്നെയാണ് അവർ അനുഭവിക്കുന്നതെന്ന് കാഴ്ച്ചയിൽ മനസിലാകും. 2005 മാർച്ചിൽ അമേരിക്കയിലെ മക് മിൻവിൽ ലുള്ള ടെന്നെസ്സെയിൽ ഇഷാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നർ സയൻസസ്‍ന്റെ പണി തുടങ്ങുകയും ആറുമാസം കൊണ്ടു പൂർത്തീകരിക്കുകയും ചെയ്തു. ഇഷാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നർ സയൻസസ്‍നെ ആത്മീയവളർച്ചക്കുള്ള പശ്ചിമാർദ്ധഗോളത്തിലെ കേന്ദ്രമാക്കിത്തീർക്കാനാണ് സദ്‍ഗുരു തീരുമാനിച്ചിരിക്കുന്നത്. 2008 നവംബർ 7 ന് അവിടെ 39,000 sq.ft. വിസ്തീർണമുള്ള, തൂണുകളില്ലാതെ സ്വതന്ത്രമായി നിൽക്കുന്ന, ‘മഹിമ’ എന്ന ധ്യാനഹാൾ പവിത്രീകരണം ചെയ്തു. ഇവിടെ പുരുഷന്മാർക്ക് സ്നാനംചെയ്യാൻ സൂര്യകുണ്ഡ് എന്നും സ്ത്രീകൾക്ക് ചന്ദ്രകുണ്ഡ് എന്നും രണ്ടു കുളങ്ങളുണ്ട് . നിശ്ചിത ഫീസടച്ചു വേണം സ്നാനം ചെയ്യേണ്ടത്,

നന്ദികേശൻ

അണിഞ്ഞിരിക്കുന്ന വസ്ത്രത്തോടെ കുളത്തിൽ ഇറങ്ങാൻ അനുവദിക്കില്ല. അതിനായി പ്രത്യേകം വസ്ത്രങ്ങൾ അവർ നൽകുന്നതാണ്.
(അനേകം മനോഹര ദൃശ്യങ്ങൾ ഉള്ള ക്ഷേത്ര പരിസരത്തു കാമറ അനുവദിക്കാത്തതിനാൽ വിസ്മയങ്ങളുടെ ഒരു കാഴ്ചയും പകർത്താനായില്ല എന്നതിൽ വലിയ നിരാശയുണ്ട് . കവാടത്തിൽ വച്ചുതന്നെ ഫോണുകൾ അവിടെ ഏൽപ്പിച്ചാൽ മാത്രമേ അകത്തേയ്ക്കു കയറ്റിവിടുകയുള്ളൂ.)

ക്ഷേത്രത്തിൽ നിന്നും ഇറങ്ങി ഒരു കിലോമീറ്ററോളം നടപ്പാതയിലൂടെ മുന്നോട്ടു പോകണം അകലെ തലയുയർത്തി നിൽക്കുന്ന ആദിയോഗി ആയ ശിവന്റെ പർവ്വതാകാരമായ മുഖ്യശിൽപത്തിനടുത്തെത്താൻ. 2017 ഫെബ്രുവരിയിൽ ആണ് ഈ പ്രതിക ഇഷയിൽ സ്ഥാപിച്ചത്.  അവിടേയ്ക്കു പോകാൻ കാളവണ്ടിയും ഇലക്ട്രിക് വാഹനങ്ങളുമുണ്ട്. അന്തരീക്ഷം മലിനമാക്കുന്നതിനാൽ പെട്രോൾ ഡീസൽ വാഹനങ്ങൾ

ആദിയോഗി-ശിവൻ

അനുവദിച്ചിട്ടില്ല. പ്രതിമയ്ക്കരികിൽ എത്തിയാൽ  പ്രൗഢവും പൂർണ്ണവുമായ രൂപം അത്ഭുതപ്പെടുകതന്നെ ചെയ്യും. മഹാത്ഭുതങ്ങളിൽ ഒന്ന് തന്നെയാണ് അത്. ചന്ദ്രക്കലയും നാഗഹാരവും അണിഞ്ഞു ശാന്തഗംഭീരനായി, നമ്മൾ ശിവകഥകളിൽ വായിച്ചതുപോലുള്ള തേജസ്സാർന്ന രൂപം.ആ മുഖഭാവത്തോടെ അത് നിർമ്മിച്ചെടുത്ത കലാവൈഭവത്തെ പ്രണമിക്കണം.ലോകത്തിലെ ഏറ്റവും വലിയ അർദ്ധകായ പ്രതിമായാണിത്. 500 ടൺ ഭാരവും 112 അടി ഉയരവുമുണ്ട് മഹേശ്വരപ്രതിമയ്ക്ക്. കാസ്റ്റ് അയണിൽ ആണ് ശ്യാമസുന്ദരമായ ഈ പ്രതിമ നിർമ്മിച്ചിരിക്കുന്നത്.

112 അടി ഉയരം സൂചിപ്പിക്കുന്നത് മോക്ഷത്തിനായുള്ള 112 മാർഗ്ഗങ്ങളെയും മനുഷ്യശരീരത്തിലെ 112 ചക്രങ്ങളെയും ആണെന്ന് സദ്ഗുരു പറയുന്നു. സപ്തർഷികൾ ആയ മരീചി, അത്രി, അംഗിരസ്സ്, പുലഹൻ, പുലസ്ത്യൻ, ക്രതു, വസിഷ്ഠൻ എന്നിവർക്ക് ആദിയോഗി പഠിപ്പിച്ച പതിനാറു യോഗപാഠങ്ങൾ അവർ പരസ്പരവും പഠിപ്പിച്ചത്രേ. അങ്ങനെ 16×7=112 എന്നതുകൊണ്ടാകാമെന്നും പറയപ്പെടുന്നു.

യോഗയുടെ യഥാർത്ഥ ആചാര്യൻ, അതായതു ആദ്യമായി യോഗയെക്കുറിച്ചുള്ള ബോധം മനുഷ്യനിൽ ജനിപ്പിച്ചത് ശിവനെന്നാണ് സങ്കൽപം. അതുകൊണ്ടാണ് ശിവനെ ആദിയോഗി എന്ന് വിളിക്കുന്നത്. ഈ പ്രതിമയുടെ ചുവട്ടിൽ ശിവമന്ത്രോച്ഛാരണങ്ങളാൽ മുഖരിതമായി ആരാധനനടത്തുന്ന ഒരു ക്ഷേത്രവുമുണ്ട്. ശിവരാത്രി ദിവസത്തെ ഇഷയിലെ ആഘോഷം അതിഗംഭീരമാണ്.

നിങ്ങൾ വിശ്വാസിയാണെങ്കിലും അല്ലെങ്കിലും ഇഷ നല്ലൊരു അനുഭവമായിരിക്കും ശരീരത്തിനും മനസിനും നൽകുക. അവിടത്തെ ആ അന്തരീക്ഷം തീർച്ചയായും നിങ്ങളെ സ്വാധീനിച്ചിരിക്കും. ടൂറിസ്റ്റുകളായും യോഗയെ അറിയാനും എല്ലാ മതസ്ഥരും ഇവിടെ സന്ദർശനം നടത്തുന്നു. എന്നാൽ അടിച്ചുപൊളിക്കാർക്കു പറ്റിയ പിക്നിക് സ്ഥലമല്ല ഇത്. നാടൻ ടൂറിസ്റ്റുകളെക്കാൾ ഫോറിൻ ടൂറിസ്റ്റുകളെ അവിടെ കാണാൻ കഴിയും. ഭാരതീയ സംസ്കാരത്തിലേക്ക് അവരെ വശീകരിക്കാനുള്ള എല്ലാ ‘വിദ്യകളും’ ഭംഗിയായി ചെയ്തുവച്ചിട്ടുണ്ട്. ചുറ്റിനുമുള്ള പ്രകൃതിയുടെ മനോഹാരിതകൂടി ചേരുമ്പോൾ ലോലമനസ്കർക്കു അവിടെനിന്നും മടങ്ങാൻ അല്പം ബുദ്ധിമുട്ടു തോന്നിയേക്കാം. ഏതോ നൂറ്റാണ്ടിലെത്തി നിൽക്കുന്ന അനുഭവമായിരിക്കും അല്ലെങ്കിൽ ഏതോ ചരിത്രസ്ഥലം ഉദ്ഖനനം ചെയ്തെടുത്തപോലെ ആകും അനുഭവപ്പെടുക. അത്തരത്തിൽ തോന്നിക്കുന്ന രീതിയിൽ നിർമ്മിച്ചെടുത്ത മനുഷ്യപ്രയത്നത്തെ അംഗീകരിക്കണം.

എങ്കിലും പാരിസ്ഥിതികമായ ചൂഷണങ്ങൾ ഒട്ടനവധി നടത്തിയിട്ടുണ്ടെന്ന് ആദ്യകാഴ്ചയിൽ തന്നെ മനസിലാക്കാം. പശ്ചിമഘട്ട പർവ്വതനിരകൾക്കു കനത്ത ആഘാതമേല്പിച്ചു കൊണ്ടാണ് ഇഷ ഫൗണ്ടേഷന്റെ കോയമ്പത്തൂരിലെ ഈ ലോകആസ്ഥാനം പണികഴിപ്പിച്ചതെന്ന് പരിസ്ഥിതി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു..ആദിവാസികളുടെയും കനത്ത പ്രതിഷേധം നിലനിക്കുന്നുണ്ട്. ആർട്ട് ഓഫ് ലിവിങ് ആചാര്യനായ രവിശങ്കർ യമുനാനദീതീരത്ത് സൃഷ്ടിച്ച പ്രകൃതിനശീകരണത്തിനു ശിക്ഷയായി കോടിക്കണക്കിനു രൂപ കോടതി പിഴവിധിച്ചത്‌ നമ്മൾ ഓർക്കുന്നുണ്ടാകും. അതിനു സമാനമോ അതിലധികമോ ആണ് ഇഷയിലെ പരിസ്ഥിതി നാശമെന്നാണ് പറയപ്പെടുന്നത്. കരിങ്കല്ല് കൊണ്ടുള്ള കളികൾ ആണ് എവിടെയും. എത്ര മലനിരകളെ ചൂഷണം ചെയ്തുകാണും. സദ്ഗുരുവിന് ലോകമെങ്ങും  വലിയ അനുയായിവൃന്ദമുണ്ട്.  മറ്റുള്ള ആള്ദൈവങ്ങളിൽ നിന്നും വ്യത്യസ്തമായി ആത്മീയതയെ മാർക്കറ്റ് ചെയ്യാനുള്ള ശ്രമങ്ങൾ ആണ് സദ്ഗുരു നടത്തുന്നത്. എന്തൊക്കെയായാലും നല്ലൊരു യാത്രാനുഭവം ഇഷ നിങ്ങൾക്ക് നൽകുമെന്ന കാര്യത്തിൽ സംശയമില്ല..