Ismail Bin Ali
ഇത്രമേൽ തെളിവാർന്ന വ്യക്തിത്വമുള്ളൊരു ദളിത് കഥാപാത്രം ഒരു മുഖ്യധാരാ മലയാള സിനിമയിൽ മുമ്പ് വന്നിട്ടുണ്ടോ…? എത്രയൊക്കെ പുരോഗമനം പറഞ്ഞാലും ഉള്ളിൽ ജാതി ചിന്ത കൊണ്ട് നടക്കുന്ന ഒരു സമൂഹത്തിൽ ഞങ്ങളും നിങ്ങളെ പോലെ അന്തസ്സും അഭിമാനവും ഉള്ള ജീവിതം നയിക്കുന്നവരാണ് എന്ന് പ്രതിനിധാനം ചെയ്യുന്ന നായകതുല്യമായ കഥാപാത്രം തന്നെയാണ് പുഴുവിന്റെ ഔന്നത്യം…!!
അല്പം നാടകീയതയും അതിഭാവുകത്വവും നിറഞ്ഞ അവതരണമാണ് അയാളുടേത്. നടപ്പിലും നോട്ടത്തിലും സംസാരത്തിലും അല്പമൊരു അഹങ്കാരത്തിന്റെ ഭാവം അയാളിൽ ഉണ്ട് എന്ന് നമുക്ക് തോന്നുന്നത് ഈ സമൂഹം നമ്മളിൽ അടിച്ചേൽപ്പിച്ച ദുഷ്ചിന്തകളുടെ പ്രതിഫലനമാണ്. അയാൾ നിരന്തരം സംസാരിക്കുന്ന വാക്കുകൾ നമ്മളെ അലോസരപ്പെടുത്തുവാനല്ല നമ്മളെ ഉണർത്തുവാനുള്ള എഴുത്തുകാരന്റെ ശ്രമങ്ങളാണ്…!!
നമ്മളിൽ പലരും അത് കണ്ടില്ലെന്ന് നടിക്കുകയാണ്.., ഒരർത്ഥത്തിൽ നമുക്കിപ്പോഴും താല്പര്യം മമ്മൂട്ടി കഥാപാത്രത്തിന്റെ മേന്മ പറയാൻ മാത്രമാണ്.., പ്രകടനം കൊണ്ടും കഥാപാത്രത്തിന്റെ വ്യക്തിത്വം കൊണ്ടും ശരിക്കും ചർച്ച ചെയ്യപ്പെടേണ്ട ദളിത് കഥാപാത്രത്തെ ബോധപൂർവ്വം വിസ്മരിക്കുകയാണ് നമ്മൾ പോലും..,
മമ്മൂട്ടിയുടെ കഥാപാത്രം വില്ലനാണ്.., പ്രകടനം കൊണ്ട് അമ്പരപ്പിക്കുമ്പോഴും കഥാപാത്രത്തിന്റെ ചിന്താഗതികൾ കൊണ്ടും വ്യക്തിത്വം കൊണ്ടും നാണിപ്പിക്കേണ്ട ഒന്ന്…!!
അയാൾ പ്രതിനിധീകരിക്കുന്ന ആ ചിന്താഗതിയുള്ള ഒരു വലിയകൂട്ടം വില്ലന്മാർ നമുക്ക് ചുറ്റും ഉണ്ട്..,സഹിക്കാൻ പറ്റാതെയുള്ള ചില രോദനങ്ങൾ നമുക്കവിടെയുമിവിടെയും കേൾക്കാം…, അടക്കിവെച്ച ജാതീയ ചിന്തയുടെയും സവർണ്ണബോധത്തിന്റെയും മുഖത്തേറ്റ അടി തന്നെയാണ് ബി ആർ കുട്ടപ്പൻ എന്ന കഥാപാത്രം. ഈ കാലഘട്ടത്തിന്റെ നങ്ങേലിയാണ് ആ പാത്രസൃഷ്ടി. എത്രതന്നെ ഇല്ലാതാക്കിയാലും അയാളുടെ ആ ചിരിയും സംഭാഷണങ്ങളും നിങ്ങളെ ഒരുപാട് ചിന്തിപ്പിക്കും, മറ്റു ചിലരെ നിരന്തരം അലോസരപ്പെടുത്തും…!!
ന്യായീകരണങ്ങൾ കൊണ്ട് നാണം മറക്കാൻ പറ്റാത്ത ഉന്നതകുലജാതർ അവരുടെ എളുപ്പ വഴിയായ മുസ്ലിം പ്രീണനത്തിലേക്ക് സിനിമ പറയുന്ന രാഷ്ട്രീയത്തെ ഒതുക്കാൻ ശ്രമിക്കും…, ദളിതനും മുസ്ലിമും ഒരുമിച്ച് പോയാൽ ഉണ്ടാകുന്ന അപകടത്തെ മുന്നിൽ കണ്ട് പേടിച്ചിരിക്കുന്നവർ ഈ സിനിമ പറയുന്ന രാഷ്ട്രീയത്തെ ഇല്ലായ്മ ചെയ്യാൻ അരയും തലയും മുറുക്കി പിന്നാലെയുണ്ടെന്നുറപ്പ്….!!