ജനകീയവിചാരണയും ഫിറോസ് കുന്നുംപറമ്പിലിന്റെ വിശ്വാസ്യതയും

644

എഴുതിയത്  : Ismail Kappur

ജനകീയവിചാരണയും ഫിറോസ് കുന്നുംപറമ്പിലിന്റെ വിശ്വാസ്യതയും

ചാനൽ 24 നടത്തിയ ‘ജനകീയ കോടതി ‘ ചാരിറ്റി വിചാരണ ഇന്നലെയാണ് ശ്രദ്ധയിൽ പെട്ടത്. വിചാരണയിൽ കാര്യങ്ങൾ കുറെയൊക്കെ സുതാര്യമായി പറയാൻ ഫിറോസ് കുന്നുംപറമ്പിൽ ശ്രമിച്ചിട്ടുണ്ട്. വിവാദങ്ങൾ ഉണ്ടാക്കി പല നല്ലകാര്യങ്ങളെയും ദുർബലപ്പെടുത്താനുള്ള ശ്രമങ്ങൾ തല്പരകക്ഷികൾ നടത്തുമ്പോൾ ചാനൽ ഇടപെടലിനെ ഒരു നല്ല ശ്രമം എന്ന നിലയിലാണ് കാണുന്നത്.

ഫിറോസ് സത്യസന്ധനും അദ്ദേഹത്തിന്റെ ട്രാക്ക് റക്കോർഡ് ക്ലിയറും ആണെങ്കിലും ട്രസ്റ്റിനെക്കുറിച്ച് പറയുമ്പോഴും ഫണ്ട് വിനിയോഗത്തെക്കുറിച്ച് പറയുമ്പോഴും പ്രഥമദൃഷ്ട്യാ വിശ്വാസ്യതക്കുറവ് തോന്നുന്ന നിലയിലാണ് വിശദീകരിക്കുന്നത്.
അദ്ദേഹവും സഹോദരനുമാണ് ട്രസ്റ്റികൾ !!
( “ഞാനും അപ്പനും അപ്പന്റെ പെങ്ങൾ സുഭദ്ര ” പോലും ഇല്ലാത്ത ട്രസ്റ്റ് ) സീസറുടെ പത്നി പതിവൃത ആയാൽ മാത്രം പോരാ, അത് ജനങ്ങൾക്ക് ബോധ്യമാവുന്ന രീതിയിൽ വ്യക്തമാക്കുക തന്നെ വേണം. ( ട്രസ്റ്റ് രൂപീകരണം വെറും സാങ്കേതിക പ്രതിസന്ധി മറികടക്കൽ മാത്രം ലക്ഷ്യമാക്കിയുള്ളതാണ് എന്ന് തോന്നുന്നു)

ആധുനിക ടെക്നോളജിയുടെ വളർച്ചയും അത് കമ്യൂണിക്കേഷൻ രംഗത്ത് വരുത്തിയ വിപ്ലവകരമായ മാറ്റങ്ങളുമാണ് രണ്ട് വർഷം കൊണ്ട് 200 കോടിയുടെ ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ ഫിറോസിന് കരുത്ത് നൽകിയത് എന്ന അടിസ്ഥാന വസ്തുത വിസ്മരിക്കരുത്. ഞൊടിയിട കൊണ്ട് ഫണ്ട് കൈമാറ്റം നടത്താൻ അവനവന്റെ മൊബൈൽ കൊണ്ട് മാത്രം കഴിയുന്നതും, ഫേസ് ബുക്ക് പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ ഗുണകരമായി ഉപയോഗപ്പെടുത്തുന്നതുമാണ് മണിക്കൂർ കൊണ്ട് കോടികൾ ഒക്കൊ സമാഹരിക്കാൻ സഹായിക്കുന്നത്. മലയാളികളുടെ സാമൂഹ്യബോധവും കൂട്ടായ്മകളും പ്രവാസം സമ്മാനിക്കുന്ന ഗൃഹാതുരതയും ഊഷ്മളതയുമൊക്കെ അതിന് ആക്കം കൂട്ടുന്നു.

നിലവിലെ വിശ്വാസ്യത നിലനിൽക്കാനും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാനും ഫിറോസ് അല്പ്പം ശ്രദ്ധാപൂർവ്വം പ്രവർത്തനങ്ങൾ ക്രമികരിക്കേണ്ടതുണ്ട്. ( കേരളത്തിലെ അനാഥാലയങ്ങളിൽ മറ്റു സംസ്ഥാനങ്ങളിലെ അനാഥർക്ക് കൂടി പ്രവേശനം അനുവദിച്ചപ്പോൾ ‘കുട്ടിക്കടത്തും ഫണ്ട് തട്ടിപ്പും’ എന്ന നിലയിൽ മാധ്യമങ്ങളുടെ സഹായത്തോടെ താല്പര കക്ഷികൾ വിവാദമുണ്ടാക്കി ദുർബലപ്പെടുത്താനുള്ള ശ്രമം അതിന് ഒരു ഉദാഹരണമാണ്. പിന്നീട് ആരോപണം അവാസ്തവമാണെന്ന് വിവിധ സർക്കാർ ഏജൻസികൾ തന്നെ കണ്ടെത്തുകയുണ്ടായി. )

പൗരന്മാർക്ക് അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങൾ പരാചയപ്പെടുന്നിടത്ത്, സമൂഹത്തിലെ നിരാശ്രയരാരായ നിരാലംബർക്കും സാധുക്കൾക്കുമൊക്കെ ഏറെ ആശ്വാസകരമാകുന്ന ഇത്തരം ചാരിറ്റി പ്രവർത്തനം വിജയിപ്പിക്കാൻ പ്രയോഗികമായി വേണ്ടത് // “ഒരോ കേസിലും പ്രത്യേകം പ്രദേശിക കമ്മിറ്റി ഫോം ചെയ്യുക “// എന്നതാണ്. അതിൽ പ്രദേശിക രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ വരെ നിർബന്ധമായും ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള, നിയമപരമായ കാര്യങ്ങളിൽ വേണ്ടത്ര ബോധവാനല്ലാത്ത ഫിറോസിനെ ( ഒറ്റപ്പാലം ബാങ്കുമായി ബന്ധപ്പെട്ട വിഷയം, സുതാര്യതക്കുറവ് ഫീൽ ചെയ്യുന്ന ഫണ്ട് കൈമാറ്റങ്ങൾ, ചികിത്സാരംഗത്ത് നിലനിൽക്കുന്ന വേണ്ടത്ര സൂക്ഷമതക്കുറവുള്ള നിലപാടുകൾ etc. ) വിമർശനാത്മകമായി കാര്യങ്ങളുടെ ഗൗരവം പറഞ്ഞ് കൊടുത്ത ജനകീയ കോടതി ജഡ്ജി മുൻ ചീഫ് ജസ്റ്റിസ് കമാൽ പാഷ വളരെ പക്വമായാണ് വിധിപറഞ്ഞത്.