പ്രോട്ടോക്കോൾ അനുസരിച്ച് രണ്ട് ലക്ഷത്തോളം പേർക്ക് ക്വാറന്റെം സൗകര്യം ഏർപ്പെടുത്തി കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയ ഏക സംസ്ഥാനമാണ് കേരളം

43

Ismail Kappur

നിഷ്പക്ഷത എന്ന ഒരു പക്ഷമില്ല, നിലപാടുള്ളവർ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പക്ഷപാതം ഉള്ളവരാണ്. പ്രശ്നാധിഷ്ടിതമായി ഏതെങ്കിലും ഒരു പക്ഷത്തോട് ഐക്യപ്പെടുമ്പോൾ അഭിപ്രായം തുറന്ന് പറയാൻ ആർജ്ജവമില്ലാത്തവരാണ് അത്തരം നിലപാടിൽ എത്തിച്ചേരുക എന്ന നിലയിലാണ് പാർട്ടി അടിമകൾ പരിഹസിക്കാറുള്ളത്. കൊറോണ പ്രതിരോധത്തിൽ ഏറ്റവും സ്തുത്യർഹമായ സേവനം നടത്തിയ സംസ്ഥാനത്തെ ഇരു മുന്നണികളും തങ്ങളുടെ പ്രവർത്തനങ്ങളെ പരസ്പരം അംഗീകരിക്കാൻ വൈമനസ്യം കാണിക്കുകയാണ്. മാത്രമല്ല പരസ്പരം ഇകഴ്ത്താനാണ് നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

എങ്ങിനെയെങ്കിലും അധികാരത്തിലെത്തുക അല്ലെങ്കിൽ എങ്ങിനെയെങ്കിലും അധികാരം നിലനിർത്തുക എന്ന അജണ്ടകൾക്കിപ്പുറമുള്ള ജനക്ഷേമത്തിന് മാത്രമേ ഇരുപക്ഷവും വിലകല്പിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ ജനക്ഷേമത്തിന് വേണ്ടി നിലകൊള്ളുമ്പോഴും ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും ക്രിയാത്മകമെന്ന് വിലയിരുത്തുക പ്രയാസമാണ്.നോക്കൂ…,ഇന്ത്യയിൽ കേരളം മാത്രമാണ് വിദേശ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള പരിപാടികൾ തുടങ്ങി വെച്ചിട്ടുള്ളത്. പ്രോട്ടോക്കോൾ അനുസരിച്ച് രണ്ട് ലക്ഷത്തോളം പേർക്ക് ക്വാറന്റെം സൗകര്യം ഏർപ്പെടുത്തി കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയ ഏക സംസ്ഥാനം, അതത്ര നിസ്സാര കാര്യമല്ല. മറ്റു സംസ്ഥാങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർക്ക് എപ്പോൾ യാത്ര ചെയ്യാൻ കഴിയും എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. തൊഴിലിന്റ ഭാഗമായി രാജ്യത്തെ മിക്ക സ്റ്റേറ്റുകളിൽ നിന്നുമുള്ള തൊഴിലാളികളുടെ റൊട്ടേഷൻ യാത്ര ഷെഡ്യൂൽ ചെയ്യുന്ന ഞാൻ അന്വേഷണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ കഴിയാതെ കുഴങ്ങുന്നുണ്ട്.

നമ്മുടെ നേട്ടങ്ങൾ നിലവിലെ ഭരണമുന്നണിയുടെ മാത്രം കണക്കു പുസ്തകത്തിൽ വരേണ്ട കാര്യമല്ല, പതിറ്റാണ്ടുകൾ കൊണ്ട് നാം നേടിയെടുത്ത സംസ്കാരവും മികവുമാണത്. ഭരിക്കുന്ന സർക്കാർ കൃത്യമായി ക്രോഡീകരിച്ചു കൊണ്ട് ഇതിനകം മികവ് തെളിയിച്ചിട്ടുണ്ട്. ദയവായി അത് മനസ്സിലാക്കാനുള്ള തിരിച്ചറിവും മാന്യതയും ഇരുപക്ഷവും കാണിക്കണം. അവഗണിക്കപ്പെടുമെന്നോ അപ്രസക്തരാവുമെന്ന് ഭയന്നോ പ്രതിപക്ഷം സർക്കാർ പദ്ധതികളോട് പുറംതിരിഞ്ഞു നിൽക്കുക നിലപാടാണ് കൈക്കൊള്ളുന്നത്. ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിലെങ്കിലും നമുക്ക് പരസ്പര ബഹുമാനത്തോടെ നാടിനും ജനതക്കും വേണ്ടി നിലകൊള്ളാൻ കഴിയുന്നില്ലെങ്കിൽ കൊട്ടിഘോഷിക്കുന്ന ‘പ്രബുദ്ധത’യും നമ്മുടെ രാഷ്ട്രീയ ബോധവും അരാഷ്ട്രീയതയേക്കാൾ തികഞ്ഞ അശ്ലീലമാണ് എന്ന് പറയേണ്ടിവരും !