“ആ കൈയില്‍ ഇരുന്നത് ഒരു ബ്രസ്റ്റ് സ്‌കാന്‍ റിക്വസ്റ്റ് ആയിരുന്നത്രേ ….!” – മോനി കെ വിനോദ്

1258

stock-footage-doctor-and-patient

എന്താണ് എന്നറിയില്ല അന്നേ ദിവസം കിഴക്ക് വെള്ള വലിച്ചു കീറിയതും , പ്രഭാതം പൊട്ടി വിടര്‍ന്നതും ,നേരം പര പരാന്ന് വെളുത്തതും ഒക്കെ ഒരുമിച്ചായിരുന്നു . ആ ഭീകര കലാപരിപാടികളുടെ ഒച്ച കേട്ടാണ് ഉണര്‍ന്നത് . ജനകന്‍ തന്‍ വില്ലൊടിഞ്ഞൊച്ച എന്ന പ്രശസ്ത സംഭവത്തിലെ ആ ഞൊച്ച തന്നെ.
അത്രയും ഞൊച്ച കേട്ടാല്‍ ആരും ഞെട്ടി ഉണര്‍ന്നു പോകും .
ഊത്ത് കാങ്ങ്രസ്സ്‌കാരുടെ ഗ്രൂപ്പ് കളി, കയ്യാങ്കളി തുടങ്ങിയ നാടന്‍ കലകള്‍ നടത്തുന്ന ശില്പ ശാലകളിലും ഈ ജാതി ഞൊച്ചകള്‍ പരക്കെ ഉണ്ടാവാറുണ്ടത്രേ.

ഉയിര്‍ത്തെഴുന്നേറ്റ് ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് കുളിച്ചു കുട്ടപ്പന്‍ ആയി ഓ പി യിലേക്ക് നടന്നു പോവുകയായിരുന്നു ഞാന്‍ . ഒരു മാറ്റം ആവട്ടേ എന്ന് കരുതിയാണ് കുട്ടപ്പന്‍ ആയത് , അതിനു മുന്‍പുള്ള ദിവസങ്ങളില്‍ തങ്കപ്പനും പൊന്നപ്പനും ആയിട്ടായിരുന്നു വേഷ പ്പകര്‍ച്ച.
ആ പോക്കില്‍ ആണ് സംഭവം നടക്കുന്നത് .
സര്‍ജിക്കല്‍ ഓ പിയുടെ മുന്‍പില്‍ കണ്ടു ഒരു ചെറിയ മലയാളി കൂട്ടായ്മ .
രണ്ട് സ്ത്രീ പ്രജകളെ മനസ്സിലായി . നമ്മുടെ സഹനടിമാര്‍ ആണ് . നേഴ്‌സുമാര്‍ .
മറ്റു നാല് ചുള്ളന്‍മാരും അപരിചിതര്‍ . രണ്ട് പക്ഷക്കാരുടെയും ചിരിയും കളിയും കണ്ടപ്പോള്‍ സഹോദരിമാര്‍ മയത്തില്‍ പഞ്ചാരയടിക്കപ്പെടുകയാണെന്ന് ആണ് ആദ്യം കരുതിയത് .
അടുത്ത് ചെന്നപ്പോള്‍ സുന്ദരിക്കോതകള്‍ നവരസങ്ങളില്‍ പത്താം രസം ആയ വിനയം അഭിനയിച്ചു കാണിച്ചു .മുഖം കൊണ്ട് . എന്ന് മാത്രമല്ല , ശരീര ഭാഷയില്‍ , ആണുങ്ങള്‍ ചെയ്യും പോലെ മടക്കി കുത്തിയ മുണ്ട് അഴിച്ചിടുക , കത്തിച്ച സിഗരെട്ടു വലിച്ചു എറിയുക , ഒരു കൈ കൊണ്ട് വായ പൊത്തുക തുടങ്ങിയവ ചെയ്യാന്‍ പറ്റാത്തതില്‍ ഖേദം അറിയിച്ചു .
കൂടെയുള്ള അവതാരങ്ങള്‍ കണവന്‍ , സഹോദരന്‍ , അവരുടെ സുഹൃത്ത് തുടങ്ങിയ ബന്ധു മിത്രാദികള്‍ ആണെന്നും പഞ്ചാരയുടെ അസുഖം ഉള്ളവര്‍ അല്ല എന്നും തരുണീ മണികള്‍ പറഞ്ഞു ,മണി മണിയായി തന്നെ .

സഹോദരിമാരുടെ കൈകളില്‍ അള്‍ട്രാ സൌണ്ട് റിക്വെസ്ട് കടലാസുകള്‍ കണ്ടാറെ ‘ ആര്‍ക്കാണ് പ്രശ്‌നം , എന്താണ് പ്രശ്‌നം ? ‘ എന്ന് തിരക്കി , ഞാന്‍ . ഉത്തരവാദിത്വം ഉള്ള ഒരു സഹപ്രവര്‍ത്തകന്റെ കടമ അഥവാ ശുഷ്‌കാന്തി എന്ന് മാത്രം കരുതിയാല്‍ മതി. അത് ഒരു ഇഷ്യു ആക്കേണ്ട .

അതു വരെ നോര്‍മല്‍ ആയിരുന്ന നൈറ്റിംഗ് ഗേള്‍ നമ്പര്‍ വണ്‍ പെട്ടെന്ന് നില വിളിച്ചു കരയും മട്ടില്‍ പറഞ്ഞു…
‘ സാര്‍ , എന്നോട് തൈറോയിഡു സ്‌കാന്‍ ചെയ്യാന്‍ പറഞ്ഞിരിക്കുന്നു, നമ്മുടെ എന്‍ഡോക്രൈനൊളൊജിസ്റ്റ് ‘

ഈ പറഞ്ഞ ക്രിമിനോളൊജിസ്റ്റ് മമ്മികളുടെയും പിരമിഡുകളുടെയും രാജ്യത്ത് നിന്നും വന്ന ഒരു കൊഞ്ഞാണന്‍ ആണ് . ശുംഭന്‍ , നികൃഷ്ട ജീവി , പരനാറി എന്നൊക്കെ ഈ ദേഹത്തെ വിളിച്ചവരും ഇല്ലാതില്ല . അവരോട് അതെന്താണ് ഭാഷാ എന്ന് ചോദിച്ചപ്പോള്‍ , അത് വാമൊഴി വഴക്കം ആണെന്നോ വാഴയ്ക്കാ വഴുക്കിയതാണെന്നോ മറ്റോ ആണ് പറഞ്ഞത് .
ഈ ഡോക്ടരെ തെല്ലും വിശ്വാസം ഇല്ലാത്തത് കൊണ്ട് ഞാന്‍ കൂടി ഒരു അഭിപ്രായം പറയണം എന്നാണ് കൂടപ്പിറപ്പിന്റെ ആഗ്രഹം . അതിനായി എന്നെ കാത്തു നില്ക്കുകയായിരുന്നു സൈന്യം ..
ഒറ്റ നോട്ടത്തില്‍ കൊച്ചിന്റെ കഴുത്തില്‍ മുഴയൊന്നും കണ്ടില്ല .

ലോകത്തെ സകലമാന സര്‍ജന്‍മാരുടെയും നേഴ്‌സുമാരോടുള്ള പ്രാചീനമായ സൗഹൃദം ആണോ , ഏതു മുഴ എവിടെ വച്ച് കണ്ടാലും ഞെക്കി നോക്കുക , എന്നിട്ട് ഇത് ലൈപ്പോമ ആണ് ,ഓസ്ടിയോമ ആണ് ,ഡര്‍മോയിട് ആണ് ചക്കക്കുരു ആണ് എന്നൊക്കെ പ്രഖ്യാപിച്ച് സായൂജ്യം കണ്ടെത്താനുള്ള സര്‍വ രാജ്യ കത്തി വെയ്പ്പ് തൊഴിലാളികളുടെ തൊരയാണോ … ചേതോ വികാരം എന്താണ് എന്നറിയില്ല ,
കോറിഡോറില്‍ വച്ചു തന്നെ , ഇടതു കൈയ്ക്ക് തടയാന്‍ ആവുന്നതിനു മുന്‍പ് തന്നെ എന്റെ വലത് കൈ സഹോദരിയുടെ കഴുത്തില്‍ തൈറോയിഡു പ്രദേശത്തായി മേയാന്‍തുടങ്ങിയിരുന്നു .
ഞാന്‍ പോലും അറിഞ്ഞില്ല എന്നത് ആണ് സത്യം . ഒരു മാതിരി റിഫ്‌ലക്‌സ് ആക്ഷന്‍ എന്ന് പറയാം.

ഇന്ത്യയിലെ എലെക്ഷന്‍ പോലെയൊന്നും ആയിരുന്നില്ല , തപ്പി നോക്കല്‍ കഴിഞ്ഞയുടന്‍ തന്നേ ഫല പ്രഖ്യാപനവും ഉണ്ടായി
‘ ഏയ് , തനിക്ക് തൈറോയിഡു സ്വെല്ലിംഗ് ഒന്നും ഇല്ലാ ‘
ആശ്വാസത്തിന്റെ പ്രകടനം ആയ ‘ ഓ, ഹോ ‘ ശബ്ദങ്ങള്‍ മെയില്‍ ഫീമെയില്‍ വോയിസുകളില്‍ അന്തരീക്ഷത്തില്‍ പരക്കെ മുഴങ്ങിക്കേട്ടു. പൂവന്‍ കോഴികള്‍ കൂവിയും പിടകള്‍ കൊക്കിയും ശബ്ദമലിനീകരണം ഉണ്ടാക്കി .

ശബ്ദ മലിനീകരണത്തിനെതിരെ ശബ്ദം ഉയര്‍ത്തുന്ന ജോണ്‍ പണിക്കര്‍ സാര്‍ കേള്‍ക്കാത്തത് ഭാഗ്യം . അല്ലെങ്ങില്‍ മലിനീകരണം നടത്തിയതിന് പൂവന്മാര്‍ക്കെല്ലാം ഓരോ പെട കൊടുത്തേനെ .
പെടകള്‍ക്ക് പെട കൊടുക്കില്ല …സാര്‍ , ജെന്റില്‍ മാന്‍ ആണ് . വല്ല താക്കീതോ പരസ്യ ശാസനയോ മാത്രം . അതാണ് അദ്ദേഹത്തിന്റെ ഒരു ജെന്റില്‍ മാന്യത ..
പ്രതി ഇനി ഒരു വേള പാര്‍ട്ടിക്കാരിയാണെങ്ങില്‍ അങ്ങേയറ്റം കീഴ് കമ്മിറ്റിയിലേക്ക് ഒരു തരം താഴ്ത്തല്‍ അത്ര തന്നെ .

പ്രമാദമായ കേസുകെട്ടില്‍ എന്റെ ഉടനടി ഉണ്ടായ ഇടപെടലിലും തീര്‍പ്പ് കല്‍പ്പിക്കലിലും അന്തം വിട്ട സഹനടിയും കുന്തം വിഴുങ്ങിയ അവരുടെ സഹനടന്മാരും ‘അത്ഭുതം ,അകമഴിഞ്ഞ നന്ദി’ എന്ന രസങ്ങളും തന്‍ മയത്തോടെ അഭിനയിച്ചു കാണിച്ചു തന്നു . രസങ്ങള്‍ മൊത്തം പന്ത്രണ്ട് വരെയായി .
ഇങ്ങിനെ പോയാല്‍ രസം അളി പിളി സാമ്പാര്‍ ആയേക്കും എന്ന് ഞാന്‍ ഭയപ്പെട്ടു .

ഒന്നാമത്തെ കേസ് ഒത്തു തീര്‍പ്പായ സ്ഥിതിക്ക് ഞാന്‍ രണ്ടാം കക്ഷിയെ തിരക്കി മുന്നൂറ്റി അറുപത് ഡിഗ്രി ചുറ്റും നോക്കി . അത്ഭുതം അവള്‍ അപ്രത്യക്ഷയായിരിക്കുന്നു , പ്രൊഫസര്‍ മുതുകാടിനെ പോലെ .
അവശേഷിച്ച ഒന്നാം പ്രതിയോട് ‘ ആ കുട്ടിക്ക് എന്തായിരുന്നു പ്രശ്‌നം ‘ എന്ന് ചോദിച്ചപ്പോള്‍ തന്നെ അവളുടെ തിരോധാന കാരണം പിടികിട്ടി . സീ ബി ഐയ്യും സേതു രാമ അയ്യരും ഒന്നും വേണ്ടി വന്നില്ല .

ചെല്ലക്കിളിയുടെ കൈയില്‍ ഇരുന്നത് ഒരു ബ്രസ്റ്റ് സ്‌കാന്‍ റിക്വെസ്ട് ആയിരുന്നത്രേ ….
പാവം , ആശുപത്രി ഇടനാഴിയില്‍, ബന്ധുമിത്രാദികളുടെ മുന്‍പില്‍ വച്ചു അവളോടും സര്‍ജന്‍ പ്രാചീന സൗഹൃദവും , തൊരയും , ശുഷ്‌കാന്തിയും, ചേതോ വികാരവും ഒക്കെ കാണിച്ചേക്കുമോ എന്ന് ഭയപ്പെട്ടു കാണും .
വരാന്തയുടെ നീളവും, കക്ഷി ഓടിയൊളിച്ച സ്‌കാന്‍ മുറിയുടെ സ്ഥാനവും, ഓടാന്‍ എടുത്ത സമയവും പരിഗണിച്ചാല്‍ കുഞ്ഞ് പെങ്ങള് ഉസ്സൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ് തകര്‍ത്തു കാണേണ്ടത് ആണ് …
പക്ഷേ അത്രയും പ്രമാദമായ ഒരു സംഗതി തകര്‍ന്നതിന്റെ ഞൊച്ചയൊന്നും കേട്ടതും ഇല്ല .