Connect with us

Entertainment

പ്രശാന്ത് ചില്ലയുടെ 4 ഷോർട്ട് ഫിലിമുകളെ പരിചയപ്പെടാം, കൂടെ അദ്ദേഹത്തിന്റെ സിനിമാ വിശേഷങ്ങൾ കൂടി…

Published

on

പ്രശാന്ത് ചില്ല സംവിധാനം ചെയ്ത ഇതൾ, മഞ്ചാടി, വാർത്തകൾ വിശദമായി , ഡ്രോപ്‌സ് എന്നീ 4 ഷോർട്ട് ഫിലിമുകൾ നമുക്കിന്ന് ചർച്ചചെയ്യാം.

1. ഇതൾ

‘ഇതൾ’ പറയുന്നത് ഭൂമിയിലെ മാലാഖമാരെ കുറിച്ചാണ്. ഏതൊരു പ്രതിസന്ധിയിലും തളരാതെ തങ്ങളുടെ കടമ നിറവേറ്റുന്ന നേഴ്‌സുമാരെ കുറിച്ച്. തങ്ങൾ ചൊല്ലിയ പ്രതിജ്ഞയുടെ അന്തസത്തയ്ക്ക് കളങ്കം വരാതെ കർമ്മമണ്ഡലങ്ങളിൽ സ്വന്തം ജീവനും ജീവിതവും വരെ തൃണവത്ഗണിച്ചു പ്രവർത്തിക്കുന്നവർ. ഒരുപക്ഷെ ആധുനിക കാലഘട്ടത്തിൽ ഇത്തരമൊരു നിസ്വാർത്ഥമായ പ്രവർത്തനം മറ്റൊരു മേഖലയിലും ഉണ്ടെന്നു തോന്നുന്നില്ല. കാരണം ഭൂമിയിലെ മാലാഖമാർ എന്ന വിളിപ്പേരുണ്ടെങ്കിലും പലപ്പോഴും അധികൃതരുടെയും മാനേജ്‌മെന്റുകളുടെയും ഭാഗത്തുനിന്നും വലിയ അവഗണനകൾ ആണ് അവർ നേരിടേണ്ടിവരുന്നത്. ആ അവഗണനകൾക്കിടയിലും ആരോഗ്യരംഗത്തെ വെല്ലിവിളികൾ ഏറ്റെടുത്തു സുധൈര്യം പൊരുതാൻ മറ്റാരാണ് തയ്യാറാകുന്നത് ?

‘ഇതൾ’ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു നേഴ്സിന്റെ കഥയാണ്. കോവിഡ് 19 എന്ന മഹാമാരി ഉണ്ടാക്കിയ പ്രത്യാഘാതങ്ങൾ അനവധിയാണ്. എന്നാൽ ഒരു നേഴ്‌സിന്റെ ജീവിതത്തെ കൂടി അത് ബാധിച്ചത് എങ്ങനെയെന്ന് ഈ ഷോർട്ട് മൂവി പറയുന്നുണ്ട്. ഒരുപക്ഷെ അവളുടെ അർപ്പണബോധത്തെ സമൂഹം മനസിലാക്കി അവൾക്കു ആത്മാർത്ഥമായ സഹകരണങ്ങളും സ്നേഹവും നൽകിയാലും കൂടെ നിൽക്കേണ്ടവർ കൈവിട്ടുകളയുന്ന അവസ്ഥയാണ്. ഇത്തരം സേവനങ്ങൾ നടത്തുന്നവർ തങ്ങളുടെ ജീവിതം എന്ന സ്വാർത്ഥലക്ഷ്യമോർത്തു വീട്ടിൽ ഇരുന്നാൽ ഈ നാടിൻറെ അവസ്ഥ എന്താകും ? ടോക്സിക്ക് റിലേഷൻഷിപ്പുകൾ കൂടി ഉണ്ടാകുമ്പോൾ അവളുടെ മനസികതകർച്ചയ്ക്കു മറ്റു കാരണങ്ങളൊന്നും വേണ്ട. എവിടെയും അഭിമാനത്തോടെ പറയാവുന്ന ഒരു തൊഴിലിനെ പുച്ഛിക്കുന്ന സമീപനം കൂടി കാമുകനിൽ നിന്നും അല്ലെങ്കിൽ ഭാവിവരനിൽ നിന്നും ഉണ്ടായാൽ അവൾക്ക് സ്വയം ഇൻസൾട്ട് ആയതായി തോന്നുമെങ്കിൽ കുറ്റംപറയാൻ പറ്റില്ല.

അപ്പോൾ പിന്നെ ഒന്നേ പറയാനുള്ളൂ… അത്തരം റിലേഷൻഷിപ്പ് ഒഴിവാക്കുക. ഇല്ലെങ്കിൽ ഭാവിയിൽ വലിയ പ്രശ്നങ്ങളുണ്ടാക്കും. ഇവിടെ അവൾ ചെയ്യുന്നതും അതുതന്നെയാണ്. ഒരു വ്യക്തിക്ക് വേണ്ടി സമൂഹത്തോടുള്ള കടമകൾ ഇല്ലാതാക്കുന്നതെങ്ങനെ…? ഒരു വ്യക്തിക്കുവേണ്ടി പ്രതിജ്ഞാലംഘനം നടത്തുന്നതെങ്ങനെ ? ഒരു വ്യക്തിക്ക് വേണ്ടി തന്നെത്തന്നെ അടിയറവയ്ക്കുന്നത് എന്തിന് ? ഒരു മോതിരത്തിന്റെയോ താലിയുടെയോ ബന്ധനം ആത്മാഭിമാനമുള്ള ഒരു പെണ്ണും ഇന്ന് ആഗ്രഹിക്കുന്നില്ല. എന്ന് ചിന്തിക്കുമ്പോൾ ആണ് ഭൂമിയിലെ മാലാഖ ഇവിടെ ഉന്നതങ്ങളിലേക്ക് ഉയർത്തപ്പെടുന്നത്.

ബാഹ്യമായ ആശയങ്ങൾ ഇതൊക്കെ ആണ് എന്നതിലുപരി ഇതിന്റെ ആന്തരിക ഘടനയിൽ പറയുന്ന ശക്തമായൊരു സ്ത്രീപക്ഷ രാഷ്ട്രീയമുണ്ട്. അങ്ങനെ നമ്മൾ വായിച്ചെടുക്കുമ്പോൾ ഒരു നേഴ്സ് എന്നതിനേക്കാൾ സമൂഹത്തിലെ ഒരായിരം മേഖലകളിൽ ജോലി ചെയുന്ന ലക്ഷോപലക്ഷം പെണ്ണുങ്ങളുടെ ആത്മാഭിമാനം ഇവിടെ തിരികെ പിടിക്കുകയാണ്. പാട്രിയാർക്കിയുടെ മൂടി മുഖത്തേറ്റ അടിയാണ് ഈ മൂവി

അഭിനേതാക്കളുടെ പ്രകടനവും സംവിധാനവും തുടങ്ങി എല്ലാ മേഖലകളിലും മികവ് പുലർത്തുന്ന ഈ ഷോർട്ട് മൂവി നിങ്ങൾ കാണേണ്ടത് തന്നെയാണ്. നേഴ്‌സുമാർ എന്ന വിഭാഗത്തെ മാത്രമല്ല ..സ്വന്തം പങ്കാളിയോട് നീതി പുലർത്താത്തവർ കൂടി കണ്ടിരിക്കണം. അതോടൊപ്പം ടോക്സിക് റിലേഷൻഷിപ്പുകൾക്കു മുന്നിൽ ജീവിതത്തെ അടിയറവയ്ക്കാൻ സങ്കടപൂർവ്വം ചിന്തിക്കുന്നവർക്കും ഈ മൂവി തിരുത്തി ചിന്തിപ്പിക്കാൻ പ്രചോദനമാകും എന്നതിൽ സംശയമില്ല.

**

Advertisement

2.മഞ്ചാടി

പ്രശാന്ത്‌ ചില്ല കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച മഞ്ചാടി പറയുന്നത് ആധുനികജീവിതാസക്തികളും കലഹങ്ങളും കാരണം സ്വസ്ഥത നഷ്ടപ്പെട്ട കുടുംബങ്ങളിലെ കുരുന്നുകളുടെ മനസ് തന്നെയാണ്. ബാല്യത്തിന്റെ വർണ്ണങ്ങളും സന്തോഷങ്ങളും കവർന്നെടുക്കപ്പെട്ട കുരുന്നുമനസുകൾ ഓൺലൈൻ ക്ലാസുകളുടെയും പഠനത്തിന്റെയും ഇന്റർനെറ്റ് വലയിൽ കുരുങ്ങിക്കിടക്കുന്ന ശലഭങ്ങൾ തന്നെയാണ്. മണ്ണെന്നത് മാലിന്യമായി കരുതുന്ന രക്ഷകർത്താക്കൾ കുഞ്ഞുങ്ങളെ നയിക്കുന്നത് വെറും യന്ത്രങ്ങളാകാൻ മാത്രമാണ്. പ്രകൃതിയിൽ നിന്നും ലഭിക്കുന്ന പാഠങ്ങളും ജീവിതബോധങ്ങളും മൂല്യങ്ങളും അന്യമായി ‘ഇ – ഗുരുവിന്റെ’ മുന്നിൽ നിർജ്ജീവതയുടെ വാടിയ മുഖങ്ങളുമയി ഹോമിക്കപ്പെടുന്ന ബാല്യങ്ങളെ ഓർത്തു സങ്കടപ്പെടുവാൻ മാത്രമേ നമുക്ക് മാർഗ്ഗമുള്ളൂ.

ഇത് മത്സരങ്ങളുടെ ലോകമാണ്. അയല്പക്കത്തെ കുട്ടി തന്റെ കുട്ടിയേക്കാൾ പഠനത്തിലോ കലയിലോ ഉയർന്നുപോകുമോ എന്ന ആശങ്കയാണ് മാതാപിതാക്കൾക്ക്. ഇത്തരം ആശങ്കകളുടെ ഒരു കൂട്ടം അവരുടെ മനസ്സിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ക്രമേണ കുടുംബകലഹങ്ങളായിട്ടും കുഞ്ഞുങ്ങളുടെ സ്വസ്ഥ നശിപ്പിക്കുന്ന കല്പനകൾ ആയും പുനരവതരിക്കപ്പെടുന്നു. ഇന്ന് ലോകം കീഴടക്കിയ വ്യക്തികളെ തന്നെ നോക്കൂ..അവരൊക്കെ ഇങ്ങനെയായാണോ വളർന്നത് ? അവരെയൊക്കെ ഇങ്ങനെയാണോ വളർത്തിയത് ? അല്ല. അവരൊക്കെ അവരുടെ ബാല്യത്തെ കുറിച്ച് തുറന്നുതന്നെ എഴുതിയിട്ടുണ്ടല്ലോ. ന്യുജെൻ മാതാപിതാക്കൾ അവയൊക്കെ ഒന്ന് വായിക്കാത്തത് എന്തുകൊണ്ടാണ് ? . അവരുടെ ഉയർച്ചകൾക്കു പിന്നിലുള്ള ഘടകം അവരുടെ ബാല്യകാലം തന്നെ ആയിരുന്നു എന്ന് നിങ്ങള്ക്ക് മനസിലാകും. ബാല്യം ഒരു വല്ലാത്ത കാലമാണ്, അവിടെ നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് പകർന്നു നല്കുന്നതുമാത്രമേ നാളെ അവരിൽ നിന്നും തിരിച്ചുപ്രതീക്ഷിക്കാൻ പാടുള്ളൂ. ശരണാലയങ്ങളിലോ അഭയകേന്ദ്രങ്ങളിലോ സമയപ്രായക്കാരുടെ കൂടെ ഇരുന്നുകൊണ്ട് മക്കളെ പഴിപറയുന്നതിൽ അർത്ഥമുണ്ടാകില്ല. മക്കൾക്ക് മണ്ണിനോടും പ്രകൃതിയോടും ഉള്ള ബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നതിലൂടെ ഉറപ്പിക്കപ്പെടുന്നത് മാതാപിതാക്കളോടുള്ള സ്നേഹവുംകൂടിയാണ്.

മക്കൾ ഉന്നത ബിരുദങ്ങൾ നേടി ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുമ്പോഴും അവർ മൂല്യങ്ങളെ തിരസ്കരിക്കുന്നവർ ആകുകയാണെങ്കിൽ നിങ്ങളുടെ വളർത്തുദോഷം എന്ന് തന്നെ പറയേണ്ടതില്ലേ ? അതിന്റെ ശിക്ഷ ഒരു ബൂമറാങ്ങുപോലെ നിങ്ങളിലേക്ക് വരുമ്പോൾ മാത്രം നിങ്ങൾ കാലത്തെയും ആധുനികതയെയും പഴിക്കരുത്..കാരണം അവരുടെ എല്ലാ മോശംപ്രവണതകളും അവർ നിങ്ങളീൽ നിന്നുതന്നെയാണ് പഠിച്ചത്.  ഇവിടെ അപ്പു ഒരു കർഷകന്റെ അല്ലെങ്കിൽ പറമ്പിൽ പണിക്കു വന്ന ആളിന്റെ ചുവടുകൾ പിന്തുടരുമ്പോൾ അവൻ നമ്മോടു സംവദിക്കാൻ ശ്രമിക്കുന്ന ആ ആശയത്തിന് എത്ര അധ്യാപകരുടെ ആയാലും എത്ര മാതാപിതാക്കളുടെ ആയാലും ഉപദേശങ്ങളുടെ നൂറിരട്ടി മൂല്യമുണ്ട്.

ഈ കഥയിൽ ..മണ്ണിനെ വെറുത്തുകൊണ്ടു മുറ്റത്ത് ഇന്റെർലോക് വിരിച്ച മാതാപിതാക്കൾ ഉള്ള വീട്ടിലെ കുട്ടി മണ്ണിനെ വീണ്ടെടുക്കുന്നത് കണ്ടില്ലേ… അവൻ മരങ്ങളെ കൊണ്ട് പെയ്യിക്കുന്നത് കണ്ടില്ലേ ? അവൻ ചെളിയിൽ തുള്ളിച്ചാടുന്നത് കണ്ടില്ലേ..? ഇത്തരം സ്വാതന്ത്ര്യബോധങ്ങളും സ്വാതന്ത്ര്യത്തെ വീണ്ടെടുക്കലും നൽകുന്ന മൂല്യബോധങ്ങൾ ത്രാസിലെ തട്ടിൽ വച്ച് തോക്കിയാൽ അത് താണു തന്നെ ഇരിക്കും ..മറുതട്ടിൽ അവൻ അതുവരെ ഇന്റർനെറ്റിൽ പഠിച്ച ഓൺലൈൻ ക്ലാസുകളുടെ ബ്രഹത്തായ അറിവുകളുണ്ടായാലും.

മാതാപിതാക്കളെ ..നിങ്ങൾ കലഹിച്ചുകൊണ്ടേ ഇരിക്കുക, നിങ്ങൾ അത്യാന്താധുനികതയെ മക്കളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഇരിക്കുക..നിങ്ങളിൽ നിന്നും മാഞ്ഞ ചിരിയെ അവൻ സ്വപ്നത്തിൽ മാത്രം കാണുകയാണ്. അവൻ നിങ്ങളുടെ തലയിൽ ചൂടിയായ ആ ഓലക്കുടയുണ്ടല്ലോ ..അതെല്ലാം നിങ്ങൾക്കാണ് …നിങ്ങള്ക്ക് മാത്രമാണ് നഷ്ടമായത്. പണവും സ്റ്റാറ്റസും അടക്കിഭരിക്കുന്ന നിങ്ങളുടെ എലൈറ്റ് ക്ലാസ് സ്വപ്നങ്ങളിൽ ശേഷിച്ച മുറ്റങ്ങൾ കൂടി ഇന്റര്ലോക് അധിനിവേശം നടത്തട്ടെ.. പക്ഷെ വികാരങ്ങളില്ലാത്തെ റോബോട്ടുകൾ കാണിച്ചുതരുന്ന വൃദ്ധസദനങ്ങളിലേക്കുള്ള നിങ്ങളുടെ വഴി … നരച്ചതും കുണ്ടുംകുഴിയും നിറഞ്ഞതും ആയിരിക്കും.

***

3.ഡ്രോപ്‌സ്

കോവിഡ് പശ്ചാത്തലത്തിലെ ഒരു ഷോർട്ട് മൂവിയാണിത്. വളരെ ലളിതമായി ആശയം പറഞ്ഞുപോകുന്നതാണ് ഈ സൃഷ്ടി. കോവിഡ് എന്ന മഹാമാരി അത്രമാത്രം ദുരന്തം വിതച്ചിട്ടുണ്ട് ഇവിടെ, എന്നാലോ ആരും ഒന്നും പഠിക്കുന്നില്ല. പൊതുജനത്തിന്റെ അശ്രദ്ധയും നിയന്ത്രണമില്ലായ്മയും ആണ് ഈ മഹാമാരിയെ ഇത്രത്തോളം വളരാൻ അനുവദിച്ചത്. നിയമങ്ങളെ ലംഘിക്കാൻ അത്രത്തോളം മിടുക്കുള്ള ഒരു ജനസമൂഹത്തെ കാണണമെങ്കിൽ ഇന്ത്യയിലേക്ക് തന്നെ വരണം. ജനാധിപത്യം നൽകിയ സ്വാതന്ത്ര്യബോധങ്ങളെ ദുരുപയോഗം ചെയ്യുന്നവർ. അവർ വീട്ടിലിരിയ്ക്കാതെ, കൂട്ടംകൂടി അലഞ്ഞുനടക്കുകയും ചീട്ടുകളി പോലുള്ള കൂട്ടായ്മകളിൽ എത്തി പരസ്പരം രോഗം കൈമാറുകയും ചെയ്യുന്നു,. അവർ ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുകൾ അവഗണിക്കുകയും ആ മുന്നറിയിപ്പുകൾ പാലിക്കുന്നവർ പരിഹസിക്കുകയും ചെയുന്നു. ഞങ്ങൾക്കൊന്നും വരില്ല എന്ന ഒടുക്കത്തെ ആത്മവിശാസം കാരണമാണ് പലരും വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രികൾ കിട്ടാൻ നെട്ടോട്ടം ഓടിയത്. അന്നേരം എങ്കിലും അവരുടെ ആത്മവിശ്വാസത്തിന് ഭംഗം വന്നിട്ടുണ്ടോ എന്തോ…

ഒരു ചെറിയ ഗ്രാമീണ ഹോട്ടലിന്റെ പശ്ചാത്തലത്തിലാണ് ഈ ഷോർട്ട് മൂവി അണിയിച്ചൊരുക്കിയിട്ടുള്ളത്. സമൂഹത്തോടും കുടുംബത്തോടും ഉത്തരവാദിത്തമില്ലാത്ത രണ്ടു ഊച്ചാളികളും തട്ടുകട ഉടമയും ചായകുടിക്കാൻ വരുന്ന യുവാവും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് കോവിഡ് മഹാമാരിയെ അലസമായി സമീപിക്കുന്നതിനെതിരെ ശക്തമായി പ്രതികരിക്കുന്നത് . അറിയാമെങ്കിലും അറിയില്ല എന്ന് നടിക്കുന്ന പലർക്കും ഈ മൂവി മുഖമടച്ചുള്ള അടികളാണ്. നേരായ രീതിയിൽ മാസ്ക് വയ്ക്കാത്തവരും നന്നായി കൈകൾ കഴുകാത്തവരും സാമൂഹിക അകലം പാലിക്കാത്തവരും ..ഇവയെയൊക്കെ ചൂണ്ടിക്കാട്ടിയാൽ പരിഹാസമോ പുച്ഛമോ വിതറുന്നവരും ഈ ഷോർട്ട് മൂവി ഒന്ന് കാണുക

Advertisement

******

4.വാർത്തകൾ വിശദമായി

‘വാർത്തകൾ വിശദമായി’ എന്ന ഷോർട്ട് മൂവി ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ്. . എന്ന 51 വയസുകാരിയാണ് കൊല്ലപ്പെട്ടത്. ഇന്ദിരയെ സ്ഥിരമായി ശല്യപ്പെടുന്ന രണ്ടു നാട്ടുകാരും ഓട്ടോ ഡ്രൈവറും പിന്നെയൊരു അപരിചിതനുമാണ് സംശയിക്കപ്പെടുന്നവരുടെ ലിസ്റ്റിൽ ഉള്ളത്. ഇന്ദിരയെ കുറിച്ചും കൊലപാതകത്തെ കുറിച്ചും നാട്ടിൽ അനവധി ഊഹാപോഹങ്ങളാണ് പ്രചരിക്കുന്നത്. ഒരു 51 കാരിയെ പോലും കാമഭ്രാന്തിനു ഇരയാകാൻ പോന്ന മൃഗങ്ങൾ മറ്റെവിടെയുംപോലെ പുളിയാർമലയിലും ഉണ്ട്.

ഈ ഷോർട്ട് മൂവി തുടർച്ച ഉള്ളതാണ്. തീർച്ചയായും ഒരു രണ്ടാംഭാഗം ഇതിനുണ്ട്. യഥാർത്ഥ കൊലപാതകി ആരാണ് എന്നത് അടുത്തഭാഗത്തിൽ ആകും തെളിയുന്നത്. ഒരു നല്ല ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ എല്ലാ ലക്ഷണങ്ങളും ഈ മൂവിക്കുണ്ട്. ആരാണ് കൊലപാതകി എന്നറിയാൻ നാം കാത്തിരിക്കേണ്ടതുണ്ട്. സംശയിക്കപ്പെടുന്നവരുടെ ഒരു ലിസ്റ്റ് നമുക്ക് തന്നിട്ട് കഥ അവിടെ വച്ച് നിർത്തുകയാണ്.

ഒന്നാം ഭാഗം അവസാനിപ്പിക്കുമ്പോൾ പറയുന്ന ആശയത്തിന് ആധുനിക സമൂഹത്തിൽ വളരെ പ്രസക്തിയുണ്ട്. “ഇര, ആരുടെയൊക്കെയോ ക്രൂരതയ്ക്ക് മുന്നിൽ സ്വപ്നവും ജീവിതവും നഷ്ടപ്പെട്ടവർക്ക് സമൂഹം ചാർത്തിക്കൊടുത്ത പേര് – ഇര !!”

എത്ര ശരിയാണ്… എത്ര ഹീനമാണ് ഇരയെന്ന ആ പ്രയോഗം. എന്നാൽ വേട്ടക്കാരനുണ്ടെങ്കിൽ ഇരയും ഉണ്ടെന്നത് സത്യമെങ്കിലും അത്തരമൊരു പ്രയോഗം നീതീകരണം അർഹിക്കുന്നതല്ല . പുളിയാർമല ഇന്ദിര ഇരയല്ല, അവർ ആരുടെയൊക്കെയോ ക്രൂരതകൾക്കിരയായി മരിച്ച ഒരു മനുഷ്യനാണ്. അവർക്കു വേണ്ടത് നീതിയാണ്…

***

Prasanth Chilla

Prasanth Chilla

സംവിധായകൻ പ്രശാന്ത് ചില്ല ബൂലോകം ടീവിയോട് സംസാരിക്കുന്നു , അദ്ദേഹം കോഴിക്കോട് കൊയ്‌ലാണ്ടി കൊല്ലം സ്വദേശിയാണ്.

ഞാൻ ശരിക്കും ഒരു മാദ്ധ്യമ പ്രവർത്തകനാണ്. ഞാൻ ചില്ല മാസികയുടെ അസിസ്റ്റന്റ് എഡിറ്റർ ആണ്. പതിനാറ് വർഷമായി അതിൽ ജോലി ചെയ്യുന്നു. അതിനു മുൻപ് സ്‌കൂൾ കോളേജ് തലങ്ങളിൽ രചനാ മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു. എഴുത്തായിരുന്നു നമ്മുടെ തുടക്കം. നാടകാഭിനയത്തോടും താത്പര്യം ഉണ്ടായിരുന്നു. കോളേജ് കാലത്തൊക്കെ നാടകത്തിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്‌തിരുന്നു. അതിനൊക്കെ ശേഷമാണ് സിനിമാ മോഹം ശരിക്കും പൂവണിഞ്ഞത്. സിനിമ ശരാശരി മലയാളിയെ സംബന്ധിച്ചടുത്തോളം ഒരു സ്വപ്നം തന്നെയാണല്ലോ. അങ്ങനെയിരിക്കുമ്പോൾ ആണ് എനിക്ക് ആദ്യമായി ഒരു അവസരം കിട്ടുന്നത്. വൺ വേ ടിക്കറ്റ് എന്ന പൃഥ്‌വിരാജ് സിനിമയിൽ. അതിന്റെ സംവിധായകൻ ബിപിൻ പ്രഭാകർ ആണ്. അദ്ദേഹവുമായി ചെറിയൊരു അടുപ്പം ഉണ്ടായിരുന്നു. പിന്നീട് ആ അടുപ്പം വർദ്ധിച്ചപ്പോൾ അദ്ദേഹത്തിന്റെ നാലോളം സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യാൻ സാധിച്ചു. അതിനിടയ്ക്ക് രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പി എന്ന സിനിമയിൽ കഥാപാത്രത്തിന്റെ വലിപ്പത്തേക്കാൾ കൂടുതൽ വളരെയധികം ഇമ്പോർട്ടൻസ് ഉള്ള വേഷത്തിൽ അഭിനയിക്കാൻ സാധിച്ചു. തിലകൻ, പൃഥ്‌വിരാജ് , ടിനിടോം എന്നിവരുള്ള ഒരു സീനിൽ അഭിനയിക്കാൻ സാധിച്ചു. പിന്നെ, രക്ഷാധികാരി ബൈജു എന്ന സിനിമയിലാണ് എനിക്കൊരു ഡയലോഗ് കഥാപാത്രം കിട്ടുന്നത്. ഗ്യാസ് കൊണ്ടു പോകുന്ന ഒരാളായിട്ട്. പിന്നീട് ഒന്ന് രണ്ടു സിനിമകൾ ചെയ്തു മുഖംമൂടികൾ, ബ്രെക്കിങ് ലൈവ് . അങ്ങനെയാണ് സിനിമാഭിനയ മേഖലയിലെ എന്റെ പരിചയം. പിന്നെ..അറിയാല്ലോ.. നമ്മൾ തേടിപ്പോയിക്കഴിഞ്ഞാൽ കിട്ടിക്കൂടാ എന്നില്ല. പിന്നെ അത്തരത്തിൽ ശ്രമിച്ചപ്പോൾ പല പ്രയാസങ്ങളും പല സന്ദർഭത്തിലും നേരിട്ടപ്പോൾ സ്വമേധയാ പിൻവാങ്ങി നമ്മുടേതായൊരു തട്ടകത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാം എന്ന് കരുതി. എഴുത്ത് ഉള്ളതുകൊണ്ട് അതിലൂടെ ഇങ്ങനെ മുന്നോട്ടുപോകുന്നു.

Advertisement

ഷോർട്ട് മൂവീസിനെ കുറിച്ച് പ്രശാന്ത് ചില്ല സംസാരിക്കുന്നു

അതിനിടയ്ക്കാണ് കോവിഡ് കാലം സ്റ്റാർട്ട് ചെയ്തപ്പോൾ ഞാൻ ആദ്യമായി ‘പൂട്ട് ‘എന്ന ഷോർട് മൂവി ചെയുന്നത് . വീട്ടിൽ അടച്ചിടപ്പെട്ട ഒരു മുസ്ലിം വൃദ്ധന്റെ മാനറിസങ്ങൾ ആണ്. വീട്ടിൽ നിന്നും പുറത്തു പോകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളുമായി ബന്ധപ്പെട്ട ഷോർട്ട് മൂവി. ‘ അതായിരുന്നു തുടക്കം. പിന്നീട് മാസ്ക് എന്ന ഒരു ഏകാംഗ അഭിനയമുള്ള ഒരു ഷോർട്ട് മൂവി ആയിരുന്നു. അത് ഞാൻ തന്നെയാണ് അഭിനയിച്ചതും. വീട്ടിൽ നിന്നും പോയി മാന്യമായ തൊഴിൽ ചെയ്യുകയാണ് എന്ന് വീട്ടുകാരെ ധരിപ്പിക്കുകയും യഥാർത്ഥത്തിൽ മോഷണം തൊഴിലാക്കുകയും ചെയ്ത ഒരാൾ. അങ്ങനെ അയാൾ ഒരു വീട്ടിൽ മോഷണം നടത്തിയതിന്റെ പിറ്റേന്ന് ചാനലിൽ കാണുകയാണ്. പ്രവാസിയുടെ വീട്ടിൽ മോഷണം പ്രവാസിക്ക് കോവിഡ് ആണ് എന്ന ക്യാപ്ഷ്നോടെ.  അടുത്തതായി ചെയ്തത് ‘ഹോട്ട് സ്പോട്ട്’ എന്ന സാധനം. ഒരു വീട്ടിൽ ചേട്ടനും അനിയനും തമ്മിലുള്ള സൗന്ദര്യ പിണക്കങ്ങളും അതിന്റെ യാഥാർത്ഥകാരണം പിന്നെ മനസിലാകുകയും ഒക്കെ ചെയുന്ന ഒരു തീം .

പിന്നെ, കുറച്ചുകൂടി ഗൗരവമുള്ള ഒരാശയം ചെയ്യാം എന്ന ചിന്തവന്നപ്പോൾ ആണ് ഡ്രോപ്പ്സ് എന്ന മൂവി ചെയ്തത്. ഒരു നാട്ടിൻ പുറത്തെ ഹോട്ടൽ കേന്ദ്രീകരിച്ചുകൊണ്ട് ഉള്ള ആശയമായിരുന്നു . കോവിഡിന്റെ ആരംഭഘട്ടമായിരുന്നു അപ്പോൾ. എങ്ങനെയൊക്കെ കോവിഡിനെ പ്രതിരോധിക്കാം, അല്ലെങ്കിൽ പ്രതിരോധിക്കേണ്ടതുണ്ടോ , കോവിഡിനോടുള്ള ആളുകളുടെ ആ മുഖംതിരിക്കൽ…..  ഒക്കെ ആ ഹോട്ടൽ കേന്ദ്രീകരിച്ചു കൊണ്ടുള്ള മൂവി . അതായിരുന്നു ഡ്രോപ്‌സ് . അത് നല്ല രീതിയിൽ ശ്രദ്ധിക്കപ്പെട്ടൊരു ഫിലിം ആയിരുന്നു. അതിനു ശേഷമാണ് ഇതൾ ചെയ്തത്

അഭിമുഖത്തിന്റെ ശബ്‌ദരേഖ

BoolokamTV InterviewPRASANTH CHILLA

ഇതളിനെ കുറിച്ച്

എൻഗേജ്മെന്റ് കഴിഞ്ഞ ഒരു നേഴ്സ് പെൺകുട്ടി . കോവിഡ് കാലത്ത് അവൾ കോവിഡ് രോഗികളെ പരിചരിച്ച് ഹോസ്പിറ്റലിൽ തിരക്കേറിയ ജോലിയിലാണ്. അവളെ വിവാഹം കഴിക്കേണ്ട പയ്യന് അതിഷ്ടപ്പെടുന്നില്ല. എന്നാൽ അവൾ അവളുടെ സാമൂഹിക പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുകയും കർമ്മനിരതയാകുകയും ചെയുന്നു …ഒടുവിൽ അവൾ ആ എൻഗേജ്‌മെന്റ് മോതിരം അവന്റെ കൈയിൽ ഊരിക്കൊടുക്കുന്നതാണ് അതിന്റെ ഇതിവൃത്തം .ഓൾ ഇന്ത്യ നേഴ്സസ് ഫെഡറേഷൻ ഏറ്റെടുത്തിട്ടു അവരുടെ ചാനലുകളിലൂടെ റിലീസിങ്ങിന് നമ്മെ വളരെ സഹായിച്ചിരുന്നു .

വാർത്തകൾ വിശദമായി

അതിൽ കോവിഡ് അല്ല പരാമർശം. ഒരു സ്ത്രീ കൊല്ലപ്പെടുന്നതുമായി ബന്ധപ്പെട്ട വിഷയം . കൊല്ലപ്പെടാനുള്ള സാഹചര്യം എന്ത് എന്നതിലുപരി ആരാണ് കൊലപാതകി എന്നതിലേക്ക് ഉള്ള അന്വേഷണം. അതിനൊരു രണ്ടാംഭാഗമുണ്ട്. അത് അടുത്തുതന്നെ തുടങ്ങേണ്ടതുണ്ട്. വെബ് സീരീസ് അല്ലെങ്കിൽ കൂടി രണ്ടുമൂന്നു എപ്പിസോഡുകൾ ആയി ചെയ്യേണ്ട സാധനമാണ്.

Advertisement

മഞ്ചാടി

അതിനൊക്കെ ശേഷം അഞ്ചാറുമാസത്തെ ചെറിയൊരു ഗ്യാപ്പ് വന്നു. കോവിഡ് തരംഗം ഒക്കെ വന്നു പിന്നെ ഒന്ന് അയഞ്ഞു നിൽക്കുന്ന സമയമായിരുന്നു. പത്തുവയസുകാരനായ എന്റെ മകൻ ആണ് കേന്ദ്രകഥാപാത്രം വീട്ടിൽ അടച്ചിടപ്പെട്ട ഒരു നിഷ്കളങ്ക ബാല്യത്തിന്റെ വേഷം. അപ്പു എന്ന കഥാപാത്രം . അച്ഛനുമമ്മയും അവരവരുടെ തിരക്കുകളിൽ ജീവിക്കുന്നവർ. ഒരു പുഞ്ചിരിപോലും കിട്ടാതെ അകത്തളങ്ങളിൽ കഴിയേണ്ടിവരുന്ന ബാല്യം. അച്ഛൻ ജോലിക്കു പോയതിനു ശേഷം , ‘അമ്മ വീട്ടിലെ പണികളിൽ വ്യാപൃതയാകുമ്പോൾ  അവൻ പറമ്പിൽ പണിക്കുവന്ന കൃഷ്ണേട്ടനിലേക്കു ഇറങ്ങിനടക്കുന്നു സ്വാതന്ത്ര്യത്തിന്റെ ഒരു പുതിയ പ്രകാശം പരക്കട്ടെ എന്നതായിരുന്നു അതിന്റെ സന്ദേശം. ബാല്യം അടച്ചിടപ്പെടേണ്ടതല്ല എന്നും മണ്ണുംപ്രകൃതിയുമായി കുട്ടികൾ ഇടപഴകി വളരണം എന്നുമായിരുന്നു അതിന്റെ ഇതിവൃത്തം. അത് പതിനഞ്ചു ദിവസംകൊണ്ടു 20k ആസ്വാദകരിലേക്കു എത്തിയിരിക്കുകയാണ്. നാല് കഥാപാത്രങ്ങൾ മാത്രമേയുള്ളൂ. എന്റെ മകൻ വൈഷ്ണവ് പ്രശാന്ത് ആണ് കേന്ദ്രകഥാപാത്രം. വളരെ സ്വതസിദ്ധമായ അഭിനയത്തിലൂടെ അവൻ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

(അപ്പു ഒരു പ്രതീകമാണ്.ചിരിയുടെ വെട്ടം കടന്നുവരാത്ത കുടുംബാന്തരീക്ഷത്തിൽ വളരേണ്ടിവരുന്ന മഞ്ചാടി പോലെ പരിശുദ്ധമായ ബാല്യത്തിന്റെ പ്രതീകം.
അഞ്ചാംക്ലാസ്സുകാരൻ വൈഷ്ണവ് പ്രശാന്ത് കേന്ദ്രകഥാപാത്രമാകുന്ന മഞ്ചാടി.സ്വാതന്ത്ര്യത്തിന്റെ പ്രകാശം പരക്കട്ടെ എന്ന സന്ദേശമാണ് മഞ്ചാടി മുന്നോട്ടു വെക്കുന്നത്.കുട്ടേട്ടൻസ്‌ ഫിലിംസ് ഉഷ ഇഷ എന്റർടൈൻമെന്റ്ന്റെ ബാനറിൽ ഒരുക്കുന്ന മഞ്ചാടി നിർമ്മിച്ചിച്ചിരിക്കുന്നത് ഉജീഷ് പുനത്തിൽ പിഷാരികാവ്.
പ്രശാന്ത്‌ ചില്ല കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച മഞ്ചാടിയുടെ ക്യാമറ റോബിൻ ബി ആർ, എഡിറ്റിംഗ് കിഷോർ മാധവൻ, അസോസിയേറ്റ് ഡയറക്ടർ സുബോധ് ജീവൻ എന്നിവരാണ്.വൈഷ്ണവ് പ്രശാന്ത്, മണിദാസ് പയ്യോളി, ഗായത്രി ഷാലുരാജ്, ഷിനു നാരായണൻ എന്നിവരാണ് അഭിനേതാക്കൾ.)

‘വാർത്തകൾ വിശദമായി’ എന്നതിന്റെ സെക്കന്റ്റ് പാർട്ട് അല്ലാതെ മറ്റെന്തെങ്കിലും പ്രോജക്റ്റ് ?

അടുത്ത പ്രോജക്റ്റ് എന്ന് പറയുമ്പോൾ.. ഒരു മണിക്കൂർ ഉള്ള ഒരു ഒടിടി പ്ലാറ്റ്ഫോം സിനിമയാണ് ഞാൻ ഉദ്ദേശിക്കുന്നത് . അതിന്റെ അണിയറപ്രവർത്തനങ്ങൾ നടന്നുവരുന്നു. സ്ക്രിപ്റ്റും കാര്യങ്ങളും വളരെ മുന്നോട്ടുപോകുന്നുണ്ട്.

അംഗീകാരങ്ങൾ ?

മഞ്ചാടി ഒന്നിലേക്കും അയച്ചു തുടങ്ങിയിട്ടില്ല. ഇനി അയക്കേണ്ടതുണ്ട്. വാർത്തകൾ വിശദമായി എന്നത് വരെയുള്ളത് ഭാരത് മുരളി മീഡിയ ഹബ് ടാലന്റ് അവാർഡ് കിട്ടിയിരുന്നു. ഇന്ത്യൻ ഇന്റർനാഷണൽ സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം അവാർഡ് കിട്ടി. കലാ അവാർഡ്‌സ് കിട്ടിയിരുന്നു. പിന്നെ ഒട്ടനവധി പുരസ്‌കാരങ്ങൾ കിട്ടിയിരുന്നു. സ്‌കൂൾ , കോളേജ് തലങ്ങൾ മുതൽ സ്നേഹാദരങ്ങൾ ലഭിച്ചിരുന്നു. പിന്നെ പൊതുവെ ഓൺലൈൻ അവാർഡുകൾക്ക് അയക്കുന്നതിനോട് ഒരു താത്പര്യം എനിക്കില്ല. നമ്മുടെ ചില ചലച്ചിത്ര അവാര്ഡുകളെക്കാൾ പരിതാപകരമാണ് , ജൂറിയുടെ പേരുപോലും വയ്ക്കാതെ പബ്ലിഷ് ചെയ്യപ്പെടുന്ന അവാർഡുൾ ആണ് പലതും. അതവരുടെ സ്വാതന്ത്ര്യം ആണ് അവരോടു വിയോജിപ്പും ഇല്ല. വ്യക്തിപരമായി അതിനോട് താത്പര്യ കുറവുണ്ട്. അതുകൊണ്ടു അയക്കാറില്ല എന്നതാണ് സത്യം. പ്രേക്ഷകർ സ്വീകരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പുരസ്‌കാരം. അതിൽ സന്തോഷവുമുണ്ട് , ഞാൻ സംതൃപ്തനുമാണ്.

*****

Advertisement

 1,095 total views,  6 views today

Continue Reading
Advertisement

Comments
Advertisement
Entertainment24 seconds ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 day ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 day ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education2 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment3 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment3 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment5 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized6 days ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

‘വോയിസീ’ പറയുന്നു ‘സാങ്കേതികവിദ്യ ഉപകാരിയായ സേവകനാണ്, പക്ഷേ അപകടകാരിയായ യജമാനനാണ്’

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment1 week ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement