കരടിയോട് ചെസ്സ് കളിക്കുന്നതുപോലെയാണ്

0
107
ദീപക് ശങ്കരനാരായണൻ
കരടിയോട് ചെസ്സ് കളിക്കുന്നതുപോലെയാണ്.
കരടി ചെസ് കളിക്കില്ലെന്ന് നമ്മക്കറിയാം. ഇനി അഥവാ ഒരു കരടിയെപ്പിടിച്ച് കൊല്ലങ്ങൾ പരിശീലനം കൊടുത്ത് ഒരു ചെസ് ബോർഡിന്റെ മുന്നിൽ ഇരിക്കാനും കരു അങ്ങോട്ടും ഇങ്ങോട്ടും നീക്കാനും പഠിപ്പിച്ചു എന്നുതന്നെയിരിക്കട്ടെ. ആദ്യത്തെ നീക്കത്തിൽ തന്നെ അത് ഈയറ്റത്തുനിന്ന് ഒരു കാലാളെടുത്ത് മറ്റേ അറ്റത്തിരിക്കുന്ന രാജ്ഞിയെ വെട്ടി ജയിച്ചൂന്നങ്ങ് പ്രഖ്യാപിക്കും. നമ്മള് അന്തം വിട്ടുനോക്കുമ്പോൾ രാജ്ഞിയെ വെട്ടിയില്ലെടേ പിന്നെന്തെരടേ ചെറയണത് എന്നും ചോദിച്ച് ചെസ്‌ബോർഡെടുത്ത് നമ്മടെ മണ്ടക്ക് കമഴ്തും. ചെലപ്പോ മാന്തി നമ്മടെ മോന്തയും പൊളിച്ച് കാണികളെ നോക്കി അലറി ആടിയാടി അങ്ങ് പോവും.
ചെസ് എന്ന് പറയുന്നത് ഒരു സിസ്റ്റമാണെന്നോ അതിൽ ചുമ്മാ കേറി രാജ്ഞിയെ വെട്ടാൻ പറ്റില്ലെന്നോ പറഞ്ഞിട്ട്, ഇനി അഥവാ പറയാൻ അവസരം കിട്ടി എന്നുവച്ചാൽത്തന്നെ, കാര്യമില്ല. പോരാത്തതിന് കരടി അന്നുവൈകുന്നേരം എട്ടുമണിക്ക് പത്രസമ്മേളനം വിളിച്ച് താൻ മനുഷ്യവംശത്തിന്റെ മേൽ സർജിക്കൽ സ്ട്രൈക് നടത്തി ലോക ചെസ് ചാമ്പ്യനായി എന്നങ്ങ് പ്രഖ്യാപിക്കുന്നത് നോക്കിനിൽക്കേണ്ടിവരുകയും ചെയ്യും.
സങ്കീർണ്ണതയോ സോഫിസ്റ്റിക്കേഷനോ – ഒരു വേരിയബിളിന്റെ അപ്പുറത്തുള്ള ഏത് സമവാക്യവും – അവറ്റക്ക് മനസ്സിലാവില്ല. മുഗളരും ബ്രിട്ടീഷുകാരും സ്വാതന്ത്ര്യസമരവും അതിനകത്തെ റാഡിക്കൽ ഇടതുപക്ഷ എലമെന്റുകളും നെഹ്രുവും അം‌ബേദ്കറും നെഹ്രുവിന്റെ പ്രതിപക്ഷവും ഒക്കെക്കൂടി നിർമ്മിച്ച ഇന്ത്യൻ സംവിധാനം എന്ന് പറയുന്നത് അതുങ്ങൾക്ക് കരടിയുടെ മുന്നിൽ കിട്ടിയ ചെസ് ബോർഡാണ്.
സിസ്റ്റം എന്ന് പറയുന്ന സാധനം അതിനകത്തെ വ്യക്തികളുടെ മുകളിലാണെന്നും അത് മനസ്സിലാക്കിയെടുക്കുക എന്നതുതന്നെ അതിസങ്കീർണ്ണമായ ഒരു വിദ്യാഭ്യാസപ്രക്രിയ ആവശ്യപ്പെടുന്നുണ്ടെന്നുമൊക്കെ ഒരു കരടിയോട് പറഞ്ഞാൽ കുറച്ചുകൂടി അതിന് മനസ്സിലായെന്ന് വരും. കരടി കാസ്പറോവിനെ തോൽപ്പിച്ചെന്നിരിക്കും. അക്കാലത്ത് ഇവറ്റക്ക് തലക്ക് വെളിവും വെക്കും. അന്ന് നമ്മളുടെ അനന്തരതലമുറകൾ ബാക്കിയുണ്ടെങ്കിൽ കോഴിപ്പാലായിരിക്കും ചായക്ക് ചേർക്കുന്നത്.
*********
ആകപ്പാടെ ചെയ്യാവുന്നത് കാണുന്നവർ ചെസ്സുകളിക്കാൻ പഠിക്കുക, അഥവാ അവരെ പഠിപ്പിക്കുക എന്നതാണ്. കളിക്കാർക്ക് മാത്രം അറിയേണ്ടുന്ന കളിയല്ല നമ്മുടെ ചെസ്സ്, അഥവാ ഇതിൽ എല്ലാവരും കളിക്കാരാണ്.‌
പണിയാണ്. കാലമെടുക്കും.