‘ഇട്ടിമാണി മേഡ്‌ ഇൻ ചൈന’ എന്ന പേര്‌ അനുയോജ്യമാണ്‌, ചൈനീസ് ഉത്പന്നം പോലെ ഗുണനിലവാരമില്ല

579
എഴുതിയത് : JOMON THIRU

ഇട്ടിമാണി – ഒരു ചൈനീസ്‌ ഉത്പന്നം..!!
_________________________

മോഹൻലാൽ എന്ന നാമം മലയാളസിനിമയിൽ മറ്റുനടന്മാർക്കൊപ്പം ചേർത്തുവായിച്ചിരുന്ന ഒരു കാലഘട്ടമുണ്ട്‌. നാലു സൂപ്പർ താരങ്ങളിൽ ഒരാൾ, രണ്ട്‌ മഹാനടന്മാർ, രണ്ട്‌ താരങ്ങൾ, രണ്ട്‌ സൂപ്പർ താരങ്ങളിൽ ഒരാൾ.. ഇന്നതെല്ലാം പഴംവാക്കായിത്തീർന്നിരിക്കുകയാണ്‌. സിനിമയെ വിലയിരുത്താനുള്ള പ്രാഥമിക ഘടകങ്ങളായി വാണിജ്യവിജയം, കോടി ക്ലബ്ബ്‌ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ ബോളിവുഡും കടന്ന്, സൗത്ത്‌ ഇന്ത്യൻ വ്യവസായത്തെ ഗ്രസിച്ചപ്പോൾ, ആ വിശേഷണത്തിന്റെ മലയാള അർത്ഥം കൂടിയായി മാറിയിരിക്കുകയാണ്‌ മോഹൻലാൽ. വാണിജ്യവിജയം കാംക്ഷിക്കുന്ന നിർമ്മാതാക്കൾക്ക്‌ വിലപിടിപ്പുള്ള ഒരു താരവും, മാസ്സ്‌ മസാല സിനിമകളുടെ പ്രേക്ഷകർക്ക്‌ ഒരു ബിംബവുമായി മോഹൻലാൽ മാറിക്കഴിഞ്ഞു. ഇവിടെയൊന്നും കുറേ നാളായി കാലാതിവർത്തിയായ അഭിനയമുഹൂർത്തങ്ങൾ മലയാളിക്ക്‌ സമ്മാനിച്ച മോഹൻലാൽ എന്ന ‘നടൻ’ എവിടെപ്പോയെന്ന് ആരും ചർച്ച ചെയ്യുന്നുപോലുമില്ല.

ഏതായാലും ഇട്ടിമാണി കാണാൻ കയറുന്ന പ്രേക്ഷകരിൽ ഭൂരിപക്ഷമാളുകളും ട്രൈലർ, ടീസർ എന്നിവയിൽ നിന്നും മുന്നമേ ലഭിച്ച സൂചനകൾ മുഖാന്തരം (അമിത) പ്രതീക്ഷകൾ ഇല്ലാതെയായിരിക്കും തിയെറ്ററിലെത്തിയത്‌. ലുക്കിൽ പതിവ്‌ പോലെ, എന്നാൽ ‘പഴയ മോഹൻലാൽ’ ആകുവാൻ പാടുപെടുന്ന ഒരുതരം പ്രത്യേക മോഹൻലാലിനെയായിരുന്നു ട്രൈലറിൽ കാണുവാനായത്‌. വെള്ളിമൂങ്ങ, ചാർലി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ ചിത്രങ്ങളുടെ സഹസംവിധായകരായിരുന്ന ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ഇട്ടിമാണി.

അറുത്ത കൈക്ക്‌ ഉപ്പുതേക്കാത്ത ഒരു തൃശൂർക്കാരനാണ്‌ ഇട്ടിമാണി. നടത്തുന്ന ഏതൊരിടപാടിനും സാമ്പത്തികനേട്ടം ആഗ്രഹിക്കുന്ന ഇട്ടിമാണിയുടെ ജീവിതത്തിൽ നടക്കുന്ന ചില സംഭവങ്ങളിലൂടെ 158 മിനിറ്റുകൾ ദൈർഘ്യമുള്ള ചിത്രം വികസിക്കുന്നു. കുടുംബബന്ധങ്ങളുടെ കഥ, ഹാസ്യത്തിന്റെ മേമ്പൊടിയോടെ പറയുവാനാണ്‌ സംവിധായകൻ ആഗ്രഹിച്ചത്‌. ഫലത്തിൽ ‘തോപ്പിൽ ജോപ്പനെ’ നാണം കെടുത്തുന്ന ഒരു തട്ടിക്കൂട്ട്‌ ചിത്രമായിരുന്നു പ്രേക്ഷകനു ലഭിച്ചത്‌. മോഹൻലാൽ എന്ന നടന്റെ ഇപ്പോഴത്തെ താരമൂല്യം ഉപയോഗപ്പെടുത്തി സമയബന്ധിതമായൊരുക്കിയ വെറുമൊരു വികലമായ തിരക്കഥയുടെ ആവിഷ്കാരം മാത്രമായിരുന്നു ഇട്ടിമാണി. ഇട്ടിമാണിയുടെ വിശേഷതകൾ പ്രേക്ഷകനെ പരിചയപ്പെടുത്തുക എന്നതുമാത്രമായിരുന്നു ആദ്യപകുതിയുടെ ഉദ്ദേശ്യം. ലോജിക്‌ ഇല്ലായ്മയിലൂടെ തുടർച്ചയായി സഞ്ചരിക്കുന്ന ചിത്രത്തിന്റെ രണ്ടാം പകുതിയും ക്ലൈമാക്സും ഒരൽപ്പം പോലും ആസ്വാദ്യകരമല്ല.

ഇട്ടിമാണിയായുള്ള മോഹൻലാലിന്റെ (സ്ഥിരം) ലുക്ക്‌ തീരെ യോജിക്കുന്നില്ലായിരുന്നു. പ്രകടനങ്ങളൊക്കെ ഈ നടനിൽ നിന്നും പ്രതീക്ഷിച്ചതിനു നേർ വിപരീതമായിരുന്നു. ഓവർ ആക്ടിംഗ്‌ എന്നോ മറ്റോ ഇതിനെ വിശേഷിപ്പിച്ചാലും തെറ്റില്ല. മോഹൻലാലിലെ ഫ്ലക്സിബിലിറ്റിയും സരസമായ അഭിനയ രീതികളുമൊക്കെ എവിടെപ്പോയെന്ന് ചിന്തിക്കേണ്ടിവരും. പ്രകടനങ്ങളിൽ നന്നായി ആർട്ടിഫിഷ്യാലിറ്റി തോന്നും. കോമഡി ഒന്നും പഴയപടി ഏൽക്കുന്നില്ല. ഇത്തരം വേഷങ്ങൾ ഏറ്റെടുക്കരുതെന്ന് അപേക്ഷയുണ്ട്‌. മോഹൻലാലിന്റെ മാർഗ്ഗംകളി സ്റ്റെപ്പുകൾ നന്നായിരുന്നു.

നായകന്റെ വാലിൽതൂങ്ങി നിവിൻ പോളിയുടെ പേര്‌ മൂന്നുനാലുതവണ ഉരുവിട്ടുകൊണ്ട്‌ അജു വർഗ്ഗീസ്‌ ചെറുതായി വെറുപ്പിച്ചു. സിദ്ധീഖിന്റെ വികാരിയച്ചൻ കഥാപാത്രം മാത്രമായിരുന്നു ഏക ആശ്വാസം. ‘മേയ്ക്കപ്പ്‌ ഫലകം’ എന്ന് വിശേഷിപ്പിക്കാവുന്ന നായിക ഹണി റോസിന്‌ പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വ്യക്തിത്വമൊന്നുമില്ലെങ്കിലും കെ.പി.എ.സി ലളിത നന്നായി തന്റെ കഥാപാത്രത്തെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചു. രാധിക ശരത്‌ കുമാറിന്റെ മക്കൾ-മരുമക്കൾ സ്ത്രീകഥാപാത്രങ്ങളുടെ ഗോഷ്ടികൾ ചിലപ്പോഴൊക്കെ അസഹ്യമായിരുന്നു. മറ്റ്‌ താരങ്ങളൊന്നും തന്നെ എടുത്തുപറയത്തക്കവിധം പെർഫോമൻസ്‌ കാഴ്ചവച്ചില്ല.

മാതൃസ്നേഹത്തേക്കുറിച്ച്‌ വലിയവായിൽ സംസാരിക്കുന്ന നായകൻ തന്നെ, അമ്മയായി കാണേണ്ട കഥാപാത്രം ഉൾപ്പെട്ട ദ്വയാർത്ഥ സംഭാഷണങ്ങളിൽ ഏർപ്പെടുകയുണ്ടായി എന്നത്‌ വിരോധാഭാസം കൂടിയാണ്‌. നായകനെ, നന്മയുടെ പ്രതീകമാക്കുവാനുള്ള സംവിധായകന്റെ ശ്രമം കണ്ടില്ലെന്ന് നടിക്കരുത്‌. അശ്ലീലച്ചുവയുള്ളതും അപക്വവുമായ ധാരാളം കോമഡി (?) സംഭാഷണങ്ങൾ ചിത്രത്തിലുണ്ട്‌. ഏൽക്കാത്ത കോമഡികളും, സൂപ്പർ താരത്തിന്റെ വാല്യു മുന്നിൽക്കണ്ട്‌ വികലമായെഴുതപ്പെട്ട തിരക്കഥയും, അപാകതകൾ പ്രകടമായ സംവിധാനവും തന്നെയാണ്‌ ചിത്രത്തിന്റെ പ്രധാന പോരായ്മകൾ.

ഒരുകൂട്ടമാളുകളെ നേർവഴിക്കുനടത്താൻ വേണ്ടി ആത്മത്യാഗം നടത്തുന്ന നായകനും ഒപ്പം കൂടുന്ന പ്രധാന കഥാപാത്രവുമൊക്കെ ബഹുകോമഡിയായിരുന്നു. കാലഘട്ടത്തിന് ചേരാത്ത സംഭവങ്ങളാണ്‌ തിരക്കഥയിലുടനീളം കൂട്ടിച്ചേർത്തിരിക്കുന്നത്. ഒളിക്യാമറ റെക്കോർഡിംഗിനെ പോലും ഒരുവേള ചിത്രം ന്യായീകരിക്കുന്നുണ്ടെങ്കിൽ ഓർത്തുനോക്കൂ, എഴുത്തിന്റെ മേന്മ. നായകനെ, ആരാധക തൃപ്തിക്കായി പുകഴ്ത്തുന്നതിനും ഫീൽഗുഡ് നന്മമരമായി സിനിമ ആസാനിപ്പിക്കുന്നതിനും വേണ്ടി സംവിധായകൻ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾ പറഞ്ഞറിയിക്കുവാൻ വയ്യ. അഥവാ, പ്രേക്ഷകരുടെ ക്ഷമയുടെ നെല്ലിപ്പലകവരെ തിരക്കഥാകൃത്ത്‌ രണ്ടര മണിക്കൂറിനുള്ളിൽ കാണിക്കുകയാണ്‌. ക്രിസ്തുമതത്തെയും പള്ളി-അന്ധവിശ്വാസങ്ങളെയും കണക്കറ്റ്‌ വിമർശിക്കുകയും കുറേ പൊള്ളത്തരങ്ങൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു എന്നത്‌ ഇഷ്ടപ്പെട്ട കാര്യമാണ്‌.

ചിത്രത്തിന്റെ സാങ്കേതികവിഭാഗം മോശമല്ല. ഒപ്പം എന്ന ചിത്രത്തിലെ ഹിറ്റ്‌ ഗാനങ്ങൾ ഒരുക്കിയ ഫോർ മ്യൂസിക്സ്‌ ഇത്തവണയും പഴമയുടെ അംശമുള്ള ഒരു ഗാനം ചിത്രത്തിനായൊരുക്കി. കൈലാസ് മേനോനും ‘അഞ്ചാമതായി’ കൂടെയുണ്ടായിരുന്നു. ബൊമ്മ ബൊമ്മ എന്ന, എം.ജി.ശ്രീകുമാറിന്റെ ശബ്ദത്തിലുള്ള ആദ്യഗാനം കൊള്ളാമായിരുന്നു. മോഹൻലാലിന്റെ ശബ്ദത്തിലുള്ള മറ്റൊന്നിനെ ഗാനം എന്ന് വിശേഷിപ്പിക്കാൻ പോലും വയ്യ. പശ്ചാത്തലസംഗീതം കൊള്ളാം.

‘ഇട്ടിമാണി മേഡ്‌ ഇൻ ചൈന’ എന്ന പേര്‌ ചിത്രത്തിനു അനുയോജ്യമാണ്‌. ആഗോളതലത്തിൽ ചൈനീസ്‌ ഉൽപ്പന്നങ്ങൾ ഗുണനിലവാരത്തിന്റെ കാര്യത്തിലും ഈടുനിൽപ്പിന്റെ കാര്യത്തിലും പിന്നിലാണെന്ന് നമുക്കറിയാവുന്നതാണ്‌. ആ അർത്ഥത്തിൽ ഇതൊരു ചൈനീസ്‌ ഉൽപ്പന്നമാണ്‌. ഈടുനിൽക്കാത്ത, ശരാശരി മേന്മപോലുമില്ലാത്ത ഉൽപ്പന്നം തന്നെ.

RATING: ★☆☆☆☆

വാൽക്കഷണം:

ഒന്നുരണ്ട്‌ ആഴ്ചകളായി നാടുനീളെ സ്ഥാപിക്കപ്പെട്ട ‘ഇട്ടിമാണി’യുടെ ഫ്ലെക്സ്‌ ബോർഡുകളിൽ ഇത്തരത്തിലൊരു പരസ്യവാചകം കണ്ടിരുന്നതായി ഓർക്കുന്നു:

“ഇട്ടിമാണി മാസ്സാണ്‌, മനസ്സുമാണ്‌..”

സിനിമ കണ്ടിറങ്ങുന്നവർ ഒരുപക്ഷേ ഇട്ടിമാണി ‘മ’ യിൽ തുടങ്ങുന്ന മറ്റെന്തോ ആണെന്ന് അഭിപ്രായപ്പെട്ടാൽ അതിൽ തെറ്റുപറയാനാവില്ല..!!!

 

Previous articleഷോക്ക് ചികിത്സയുടെ ചരിത്രം
Next articleഈ കോണോൻ പുരപ്പുറത്ത് കിടക്കട്ടെ !
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.