നിങ്ങളെന്തു ചെയ്താലും പറഞ്ഞാലും മറ്റുള്ളവർ കളിയാക്കുന്നുണ്ടോ ? എങ്കിൽ ഇവാൻ തുർഗനേവിന്റെ ഒരു കഥ വായിക്കൂ

0
107

ഇവാൻ തുർഗനേവിന്റെ ഒരു കഥ:

ഒരാൾ തന്റെ ഗ്രാമത്തിലൂടെ കടന്നു പോയ ഒരു സന്യാസിയുടെ അടുക്കൽ വന്നു പറഞ്ഞു. “ദയവായി എന്നെ സഹായിക്കുക. എന്റെ ഗ്രാമത്തിലുള്ള മുഴുവൻ പേരും, എന്നുവേണ്ട അടുത്ത ഗ്രാമത്തിലുള്ളവർ കൂടി ഞാനൊരു വിഢിയാണെന്ന് വിശ്വസിക്കുന്നു. ഞാനെന്തു പറഞ്ഞാലും, അതെത്ര യുക്തിസഹമായിട്ടാണെങ്കിൽക്കൂടിയും അവരെന്നെ നിർദ്ദയം ഒരു പരിഹാസപാത്രമാക്കുന്നു. ഇതെനിക്കിന്ന് ഒരു ദു:സ്വപ്നമായി മാറിയിരിക്കുകയാണ്. ഞാൻ നിശബ്ദനായിരുന്നാൽ അവരെന്റെ മൗനത്തെ ഇപ്രകാരം കുറ്റപ്പെടുത്തുന്നു; ‘ഇയാളെപ്പോലൊരു മൂഢന് എന്തു ചെയ്യാൻ കഴിയും?’ ഇയാൾക്ക് ഒന്നും പറയാൻ കഴിയില്ല.’ പക്ഷെ ഞാനെന്തെങ്കിലും പറഞ്ഞാലോ കളിയാക്കിച്ചിരിക്കാൻ എല്ലാവരുമുണ്ടാകും. എന്റെ ജീവിതം വളരെ ബുദ്ധിമുട്ടേറിയതായിരിക്കുന്നു അതിനാൽ ഈ ജീവിതം അവസാനിപ്പിച്ചാലോ എന്നു പോലും ഞാൻ ചിന്തിക്കുകയായിരുന്നു. ഇപ്പോൾ ഞാൻ കേട്ടു അങ്ങ് ഈ ഗ്രാമത്തിലൂടെ കടന്നു പോകുന്നൂവെന്ന്, ഒരു പക്ഷേ അങ്ങേയ്ക്കെന്നെ സഹായിക്കാൻ കഴിയും എന്ന് ഞാൻ വിചാരിക്കുന്നു.”

സന്യാസി പറഞ്ഞു, “ഇത് വളരെ ചെറിയൊരു വിഷയമാണ്. ഒരു കാര്യം ചെയ്യുക: നാളെ രാവിലെ മുതൽ, ആരെന്ത് എപ്പോൾ പറഞ്ഞാലും നിങ്ങളതിനെ ഉടൻ വിമർശിക്കുക. ഒരാൾ നിങ്ങളോട് പറയുകയാണ് ‘നോക്കൂ, എത്ര സുന്ദരമായ സൂര്യോദയം.’ ഉടൻ നിങ്ങൾ പറയുക, ‘ഇതിലെന്ത് സൗന്ദര്യമാണുള്ളത്? നിങ്ങളോടാര് പറഞ്ഞു ഇതിന് സൗന്ദര്യമുണ്ടെന്ന്? അതിനെന്താണ് തെളിവ്? മാത്രമല്ല സൗന്ദര്യം എന്നത് കൊണ്ട് നിങ്ങളെന്താണുദ്ദേശിക്കുന്നത്? നിങ്ങൾക്കതെന്താണെന്ന് വിശദമാക്കാൻ കഴിയുമോ? അല്ലെങ്കിൽ എന്ത് ആധികാരികതയുടെ പേരിലാണ് ഈ സൂര്യോദയം ഇത്ര സുന്ദരമാണെന്ന് നിങ്ങൾ പറയുന്നത്?

മറ്റൊരാൾ പറയുന്നു: ‘നോക്കൂ, എത്ര ഭംഗിയുള്ള സ്ത്രീയാണാപ്പോകുന്നത്.’– ഒരു കാര്യമോർക്കുക: താങ്കളുടെ ഭാഗത്തു നിന്നും ഒരിക്കലും അയാൾ പറയുന്നതിനെ സംബന്ധിച്ച് ഒരു സ്ഥിരീകരണം ഉണ്ടാകാൻ പാടില്ല, മറിച്ച് അതിനെ നിശിതമായി വിമർശിക്കുക മാത്രം ചെയ്യുക. പ്രത്യേകിച്ച് ഏവരും സംസാരിക്കുന്ന സൗന്ദര്യം, സ്നേഹം, സത്യം, ദൈവം എന്നിവയെ സംബന്ധിച്ച് ഇങ്ങനെ പറയുക, ‘ഇതൊന്നും യഥാർത്ഥമല്ല, അല്ലെങ്കിൽ ആർക്കെങ്കിലും ഇത് തെളിയിക്കാൻ കഴിയുമോ? നിർവ്വചിക്കാൻ കഴിയുമോ?’
ഞാൻ പറഞ്ഞതുപോലെ നിങ്ങൾ പ്രവർത്തിക്കുക. ഒരു മാസത്തിനു ശേഷം ഞാനിതു വഴി വീണ്ടും വരും, അപ്പോൾ എന്നെ വന്നുകാണുക.”
ഒരു മാസത്തിനു ശേഷം ആ മനുഷ്യൻ ആകെ മാറി. ഒരു വലിയ പരിവർത്തനം തന്നെ അദ്ദേത്തിന്റെ ജീവിതത്തിലുണ്ടായി. അദ്ദേഹം ഒരു ദു:ഖിതനായിട്ടല്ല മറിച്ച് വളരെ തേജസ്സും ആധികാരികതയുമുള്ള ഒരു വ്യക്തിയായാണ് പിന്നീട് കാണപ്പെട്ടത്!

അതുവഴി വന്ന സന്യാസി അദ്ദേഹത്തെ കണ്ട മാത്രയിൽ പറഞ്ഞു. “ആഹാ, അപ്പോൾ അതു നന്നായി പ്രവർത്തിച്ചു അല്ലേ?”
അയാൾ പറഞ്ഞു, “വളരെ അത്ഭുതകരമായിത്തന്നെ പ്രവർത്തിച്ചൂ സ്വാമീ. ഇപ്പോൾ അവരെല്ലാവരും ഞാനൊരു ബുദ്ധിമാനാണെന്ന് ചിന്തിക്കുന്നു, വെറുമൊരു മാസം കൊണ്ട്. ഞാനൊരു വിഢിയാണെന്ന് വിചാരിച്ചതിന് അവരിപ്പോൾ എന്നോട് മാപ്പപേക്ഷിക്കാൻ പോലും തുടങ്ങിയിരിക്കുന്നു; അവരതിൽ വളരെയധികം വിഷമിക്കുന്നു. അങ്ങ് പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി മറ്റൊന്നും ഞാൻ ചെയ്തിട്ടില്ല, ഒരു ചെറിയ അവസരം പോലും ഞാൻ പാഴാക്കിയില്ല, എല്ലായ്പ്പോഴും ഞാനവരോട് ഓരോ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു പക്ഷെ അവർക്കതിന് ഉത്തരം നൽകാൻ കഴിയുമായിരുന്നില്ല. പലപ്പോഴും അവർ വലിയ വിഷമസന്ധിയിൽ അകപ്പെട്ടതു പോലെയാണ് കാണപ്പെട്ടത്. ഞാനെവിടെപ്പോയാലും അവിടെ ആളുകൾ മൗനം ഭഞ്ജിച്ചു. അവർ സംസാരിക്കില്ല. ഒരു വാക്കു പോലും പറയുന്നത് ബുദ്ധിമോശമായിരിക്കും എന്നാണവർ ഇപ്പോൾ ചിന്തിക്കുന്നത്. പക്ഷെ ഇപ്പോൾ അവരെന്നെ ആരാധിക്കാനും തുടങ്ങിയിരിക്കുന്നു, എന്റെ കാൽതൊട്ട് വന്ദിക്കുന്നു; ഞാനിപ്പോൾ ഒരു യോഗിയായി മാറിയിരിക്കുന്നു. നിങ്ങൾ യഥാർത്ഥത്തിൽ ഒരത്ഭുതമാണ് ചെയ്തിരിക്കുന്നത്.”
സന്യാസി പറഞ്ഞു, “ഞാനൊരത്ഭുതവും ചെയ്തില്ല, ഇതൊരു സരളമായ പ്രതിഭാസമാണ്: എന്തെന്നാൽ, ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടതെന്തോ അതെപ്പോഴും വിശദീകരിക്കാനാവാത്തതും അനിർവ്വചനീയവുമായിരിക്കും, അതുപോലെ എളുപ്പം നിർവ്വചിക്കാനാകുന്നവ തീർത്തും മൂല്യഹീനവും.”
Translated from the book Eternal Celebration by Osho.
ഇവാൻ തുർഗനേവിന്റെ ചിത്രമാണ് താഴെ കൊടുത്തിട്ടുള്ളത്.

Melancholic Narratives: On the Bicentennial of Ivan Turgenev – BLARB

കടപ്പാട് Prins P V

**