രജിനി എന്ന സൂപ്പർസ്റ്റാറിനെ തമിഴ് സിനിമാലോകത്തിന് പുറത്തുള്ള ഒരു വിധം എല്ലാവർക്കും അറിയാം. രജിനി ഒരു സൂപ്പർസ്റ്റാർ ആയി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടുകൊണ്ടിരുന്ന സമയത്ത് രജനികാന്ത് എന്ന നടനെ കണ്ടെത്തിയ തിരക്കഥാകൃത്തും സംവിധായകനുമാണ് ജെ മഹേന്ദ്രൻ. വെറും 12 സിനിമകൾ ആണ് ജേ മഹേന്ദ്രൻ സംവിധാനം ചെയ്തിട്ടുള്ളത്. അതിൽ മൂന്ന് സിനിമ രജിനീകാന്തിനെ നായകനാക്കിക്കൊണ്ടായിരുന്നു.

രജനികാന്ത് എന്ന നടനെ കണ്ടെത്തിയ സംവിധായകൻ കേ ബാലചന്ദ്രർ ആണെങ്കിലും രജനികാന്ത് എന്ന നടനെ ശരിയായി ഉപയോഗപ്പെടുത്തിയ ആദ്യ സംവിധായകനാണ് ജേ മഹേന്ദ്രൻ എന്ന് ഒരു സംശയവും കൂടാതെ പറയാം. രജിനിയെ രജിനിയുടെ കംഫർട്ട് സോണിൽ നിന്നും പുറത്താക്കിയായിരുന്നു ഓരോ മഹേന്ദ്രൻ സിനിമകളും അദ്ദേഹം ചെയ്തത്. സൂപ്പർസ്റ്റാർ രജനികാന്തിനെ അദ്ദേഹത്തിന്റെ 90-കളിലെ സിനിമകളിൽ നിന്ന് അറിയാവുന്ന ആരാധകർ, കോളിവുഡിൽ അദ്ദേഹത്തിന്റെ രൂപീകരണ കാലത്ത് ഒരു ക്യാരക്ടർ ആർട്ടിസ്റ്റായി പ്രവർത്തിച്ചതിനെക്കുറിച്ച് അറിഞ്ഞിരിക്കില്ല. രജനിയുടെ മിഡാസ് ടച്ച് ഏത് സിനിമയെയും ഒരു ബ്ലോക്ക്ബസ്റ്ററാക്കി മാറ്റുമെന്ന് തിരിച്ചറിഞ്ഞ സിനിമാ വ്യവസായം അദ്ദേഹത്തെ ഒരു പ്രത്യേക സ്റ്റാർ ഇമേജിലേക്ക് ചങ്ങലക്കിടും മുമ്പായിരുന്നു അത്.

അതുവരെ തിരക്കഥാകൃത്തായിരുന്ന മഹേന്ദ്രൻ തൻ്റെ ആദ്യ സംവിധായക സംരംഭമായ മുള്ളും മലരും (1978) എന്ന സിനിമയിലേക്ക് രജനിയെ വേണം എന്ന് ഒറ്റ കാലിൽ നിന്നത് ചരിത്രം. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലെ അക്കാലത്തെ മറ്റ് മുൻനിര പുരുഷ താരങ്ങൾക്കൊപ്പം പിന്നീട് വില്ലൻ റോളുകളും, രണ്ടാം ഫിഡിൽ റോളുകളും ചെയ്തിരുന്ന രജിനികാന്തിനെ നായകനാക്കാൻ നിർമ്മാതാവ് വേണു ചെട്ടിയാർ വിസമ്മതിച്ച കാര്യം ഒരു പരിപാടിക്കിടെ മഹേന്ദ്രൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരുപാട് ദിവസത്തെ ചർച്ചകൾക്കും വിലപേശലുകൾക്കും ഒടുവിൽ രജിനിയെ നായകനായി കൊണ്ട് വരാൻ പ്രൊഡ്യൂസർ സമ്മതിച്ചു. അങ്ങനെ രജനികാന്ത് മുള്ളും മലരും എന്ന സിനിമയിൽ കാളിയായി.

മുള്ളും മലരും ഷൂട്ട് ചെയ്തത് 35 mm ഫോർമാറ്റിൽ (3:2 aspect ratio) ആണെങ്കിലും, മഹേന്ദ്രൻ ക്യാമറയുടെ ലെൻസിൻ്റെ മുന്നിൽ മാസ്ക് വച്ച് അതിനെ തട്ടിക്കൂട്ട് വൈഡ്സ്ക്രീൻ സിനിമാസ്കോപ് ഫോർമാറ്റിൽ (2.35:1 aspect ratio) ആണ് പിടിച്ചത്, പിന്നെ അതുവരെ തമിഴ് സിനിമയിൽ പരീക്ഷിക്കാത്ത ബേബി സൂം ഒക്കെ കണ്ട് നിർമാതാവിൻ്റെ കിളി പോയി. മുള്ളും മലരും പ്രിവ്യു കണ്ട പ്രൊഡ്യൂസർ മഹേന്ദ്രൻ തന്നെ ചതിച്ചു, ഇത് എന്ത് മാരണം ആണ് ഷൂട്ട് ചെയ്തുവച്ചിരിക്കുന്നത് എന്നൊക്കെ പറഞ്ഞു ഒരേ പൊല്ലാപ്പ്. കാരണം മറ്റൊന്നും അല്ല കമേഴ്സ്യൽ സിനിമ പ്രൊഡ്യൂസർ എന്ന് പരക്കെ പേരെടുത്ത നിർമ്മാതാവാണ് വേണു ചെട്ടിയാർ, മുള്ളും മലരും കൊമേഴ്സ്യൽ ചേരുവകൾ ഉള്ള ഒരു സിനിമയല്ല. “എന്റെ മേക്കിംഗ് സ്റ്റൈൽ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം നിർമ്മാണം പാതിവഴിയിൽ നിർത്തിയേനെ. ദൈവത്തിന് നന്ദി, അദ്ദേഹം ഒരിക്കലും ഷൂട്ടിംഗ് സ്പോട്ടിൽ വന്നിട്ടില്ല.” എന്നാണു മഹേന്ദ്രൻ പിന്നീട് ഒരവസരത്തിൽ ഇതിനെ പറ്റി പറഞ്ഞത്.

ആദ്യത്തെ ഒരാഴ്ച വലിയ പ്രതികരണം ഒന്നും സിനിമക്ക് ഇല്ലായിരുന്നു, പിന്നീട് മൗത്ത് ടു മൗത്ത് പബ്ലിസിറ്റി കാരണം മൂന്നാമത്തെ ആഴ്ച തൊട്ട് മുള്ളും മലരും കളിക്കുന്ന തീയേറ്ററുകളിൽ ഹൗസ്ഫുൾ ബോർഡുകൾ തൂങ്ങാൻ തുടങ്ങി. പതിയെ ആ സിനിമ ചരിത്രത്തിലേക്ക് നടന്നുകയറി. ചുരുക്കി പറഞാൽ തമിഴ് സിനിമയെ അതിൻ്റെ നാടക സ്വാധീനത്തിൽ നിന്നും മോചിപ്പിച്ച് ഒരു വിഷുവൽ ആർട്ഫോം ആയി രൂപപ്പെടുത്തുന്നതിന് തുടക്കം കുറിച്ചത് മഹേന്ദ്രൻ ആണെന്ന് തറപ്പിച്ചു പറയാം എന്നാണ് എൻ്റെ വ്യക്തിപരമായ അഭിപ്രായം.

രജനികാന്തിന്റെ കാളി ഒരു സ്നേഹനിധിയായ സഹോദരനായും ആയും പിന്നീട് പ്രതികാരബുദ്ധിയുള്ള മനുഷ്യനായും ഒക്കെ ഉള്ള ട്രാൻസ്ഫോർമേഷൻ ഉള്ള ഒരു മൾട്ടി ലയെർഡ് കഥാപാത്രമായിരുന്നു. നാല് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ രജിനികാന്ത് അവതരിപ്പിച്ച ചുരുക്കം ചില ‘മനുഷ്യ’ കഥാപാത്രങ്ങളിൽ ഒന്നാണ് കാളി. രജനികാന്ത് അറിയപ്പെടുന്ന സൂപ്പർസ്റ്റാർ കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് കാളി. സിനിമയിൽ രജനിയുടെ പരാധീനതയും അസംസ്കൃതമായ രൂപ ഭാവങ്ങളും അതിന്റെ പൂർണ്ണമായ ആവിഷ്‌കാരത്തിൽ കാണുന്നത് തന്നെ മികച്ച ഒരു അനുഭവമാണ്.

അതുപോലെതന്നെ ജോണി (1980), തമിഴ് സിനിമയിൽ പിന്നീട് നമ്മൾ കണ്ടുമുട്ടിയ “നായകനല്ല” ജോണി എന്ന രജിനികാന്ത്. നൂറുപേരെ ഒറ്റയ്ക്ക് അടിച്ചിടുന്ന ആളല്ല ജോണി. ജോണിയിൽ ഉടനീളം അവൻ്റെ മനസ്സിൽ തുളച്ചു കയറുന്ന സ്ത്രീകൾ ഉണ്ട്. ജോണിയിൽ, അവൻ ദുർബലനും സ്നേഹമുള്ളവനുമാണ്. അവൻ പ്രണയിക്കുന്നത് അർച്ചനയുടെ (ശ്രീദേവി) സൗന്ദര്യത്തിലല്ല, അവളുടെ ശബ്ദത്തിലാണ് പ്രണയം കണ്ടെത്തിയത്. അവൻ സാധാരണ ഒരു മനുഷ്യനായിരുന്നു – പിന്നീടുള്ള സിനിമകളിൽ നമ്മൾ കണ്ട സൂപ്പർഹീറോ ആയിരുന്നില്ല ജോണി.

കൈ കൊടുക്കും കൈയിൽ (1984) വീണ്ടും രജിനീകാന്ത് മറ്റോരു കാളിയായി, വില്ലൻ ബലാത്സംഗം ചെയ്ത കാഴ്ച വൈകല്യമുള്ള സീതയെ (രേവതി) വിവാഹം കഴിച്ച കാളിമുത്തു എന്ന കഥാപാത്രത്തെയാണ് രജനികാന്ത് ഇതിൽ അവതരിപ്പിക്കുന്നത്. ഒരു കന്നഡ anthology സിനിമയിലെ ഒരു ഭാഗം ഉദ്ധരിച്ച് തയ്യാറാക്കിയ സിനിമയായിരുന്നു കൈ കൊടുക്കും കൈ, തിരക്കഥയിൽ ചെറിയ മാറ്റങ്ങളോടെ തമിഴിലേക്ക് എഴുതിയ മഹേന്ദ്രൻ, തന്റെ നായിക ബലാത്സംഗം ചെയ്യപ്പെടുന്നത് രജനിയുടെ ആരാധകവൃന്ദം അംഗീകരിക്കില്ലെന്ന് നിർമ്മാതാവ് അഭിപ്രായപ്പെട്ടിട്ടും ഒറിജിനലിന്റെ ക്ലൈമാക്സ് മാറ്റാൻ വിസമ്മതിച്ചതായി പറഞ്ഞ് കേട്ടിട്ടുണ്ട്. സിനിമ പിന്നീട് ഒരുപാട് നിരൂപക പ്രശംസ നേടുകയും ചെയ്തു.

“സെറ്റിൽ അയാൾ കടുവയെപ്പോലെയായിരുന്നു. അയാള് ആഗ്രഹിച്ചത് ലഭിക്കുന്നതുവരെ അടുത്ത സീനിലേക്ക് പോകാൻ സമ്മതിക്കില്ല.” രജിനികാന്ത് 2017 ലെ ഒരു അഭിമുഖത്തിൽ മുള്ളും മലരും സിനിമാ അനുഭവം ഓർത്തെടുത്തത് ഇങ്ങനെ ആണ്. ജേ മഹേന്ദ്രൻ മരിച്ചപ്പോൾ അനുശോചന കുറിപ്പിൽ രജിനികാന്ത് കുറിച്ചിട്ടത് ഇങ്ങനെ ആയിരുന്നു – “എന്നിൽ മറ്റൊരു രജിനികാന്ത് ഉണ്ടെന്ന് മഹേന്ദ്രൻ സാർ കാണിച്ചുതന്നു. അഭിനയത്തിന്റെ ഒരു പുതിയ മാനം അദ്ദേഹം എന്നെ പഠിപ്പിച്ചു.”80കൾക്ക് ശേഷം എവിടെയോ നഷ്ടപെട്ട ആ രജിനീകാന്തിനെ പിന്നെ കണ്ടത് പാ രഞ്ജിത്തിൻ്റെ കബാലിയിൽ (2016) ആണ്. ഉറപ്പായും കാബാലിയിൽ മഹേന്ദ്രൻ വരച്ചിട്ട രജിനികാന്തിൻ്റെ നിഴൽ പതിഞ്ഞിട്ടുണ്ട്. തെറി എന്ന വിജയ് സിനിമയിൽ വില്ലൻ വേഷം ചെയ്തത് ഈ മഹേന്ദ്രൻ ആയിരുന്നു.

Leave a Reply
You May Also Like

അനുരാധ ക്രൈം നമ്പര്‍ 59/2019′ ഒഫീഷ്യൽ ടീസർ

ഇന്ദ്രജിത്ത് സുകുമാരന്‍, അനുസിത്താര എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘അനുരാധ ക്രൈം നമ്പര്‍ 59/2019′ ഒഫീഷ്യൽ…

പുഷ്പയുടെ റഷ്യൻ പ്രൊമേഷൻ കഴിഞ്ഞു എല്ലാരും മടങ്ങിയെത്തി, ഇപ്പോൾ രണ്ടാംഭാഗത്തിന്റെ പുതിയ ഷെഡ്യൂൾ ആരംഭിക്കുന്നു

അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2 ന്റെ പുതിയ ഷെഡ്യൂൾ ഈ മാസം 12 മുതൽ…

പ്രകടനകല അബോധത്തിന്റെ ആഴങ്ങളെ തട്ടുമ്പോൾ …

Jyothish Mg പ്രകടനകല അബോധത്തിന്റെ ആഴങ്ങളെ തട്ടുമ്പോൾ … എന്താണ് സ്വാഭാവികം [ Natural ]…

മണിരത്നം സംവിധാനം ചെയുന്ന ബ്രഹ്മാണ്ഡം പൊന്നിയിൻ സെൽവന്റെ ഒഫീഷ്യൽ ട്രെയ്‌ലർ

മണിരത്നം സംവിധാനം ചെയുന്ന പൊന്നിയിൻ സെൽവന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.…