ഹിറ്റ്‌ലറെ പോലെ ഭരണഘടനയെ ഉപയോഗിച്ചുകൊണ്ട് ഭരണഘടനയെ തകർക്കുന്നതാണ് മോദിയുടെയും രീതി

171

പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ജെ.രഘു എഴുതുന്നു

മോദിയുടെ പൗരത്വ നിയമത്തിന് എതിരെ കേരളമൊട്ടാകെ ജനകീയ പ്രക്ഷോഭത്തിന്റെ തിരമാലകൾ ആർത്തലയ്ക്കുകയാണ്. കോഴിക്കോട്ട് ലിറ്റററി ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയ രാമചന്ദ്രഗുഹയ്ക്ക് കേരളത്തിന്റെ ജനകീയ വികാരം ഒട്ടും രസിച്ചിട്ടില്ലെന്ന് തോന്നുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച കേരളീയർ എന്തോ മഹാപരാധമാണ് ചെയ്തതെന്ന് വിലപിച്ച ഗുഹ, പ്രസംഗത്തിലുടനീളം നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്താനാണ് ശ്രമിച്ചത്. രാഹുൽ- പ്രിയങ്കമാരുടെ രക്തം ‘ശുദ്ധരക്തം’ അല്ലെന്നതാണ് ലിബറലുകൾക്കും സവർണർക്കും അവരോട് വലിയ വിദ്വേഷം തോന്നാൻ കാരണം. പാഴ്‌സി- ഇറ്റാലിയൻ- ബ്രാഹ്മണ കലർപ്പുള്ള ഇവരുടെ ‘വംശശുദ്ധി’യിൽ സവർണർക്ക് വിശ്വാസമില്ലത്രേ. ഇന്ത്യാ ചരിത്രത്തിലെ വലിയ കൂട്ടക്കശാപ്പുകാരനെ മഹത്വവത്കരിക്കാൻ ലിറ്റററി ഫെസ്റ്റിവലിന്റെ വേദി ഉപയോഗപ്പെടുത്തി എന്നത് അതിന്റെ സംഘാടകർ സ്വയംവിമർശനപരമായി പരിശോധിക്കണം.

‘കഠിനാദ്ധ്വാനിയും പ്രയത്നശാലിയു’മായ മോദി ഇന്നത്തെ നിലയിലേക്ക് ഉയർന്നത് സ്വന്തം കഴിവുകൊണ്ടാണെന്നാണ് ഗുഹയുടെ സ്തുതിവചനങ്ങൾ. എന്താണ് മോദിയുടെ കഠിനാദ്ധ്വാനവും പ്രയത്നവും ? 1991 ൽ വടക്കേയിന്ത്യയെ ചോരക്കളമാക്കിയ അദ്വാനിയുടെ രഥയാത്രയ്ക്ക് ചുക്കാൻ പിടിച്ചതാണോ മോദിയുടെ കഠിനാദ്ധ്വാനം ? 2002 ൽ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത വംശഹത്യ ആസൂത്രണം ചെയ്തതാണോ മോദിയുടെ കഴിവ് ? വോട്ടിംഗ് യന്ത്രത്തിലെ കൃത്രിമം കൊണ്ട് മാത്രം 2014 ലും 2019 ലും പ്രധാനമന്ത്രിയായതാണോ മോദിയുടെ പ്രയത്നശാലിത്വം ? നോട്ട് അസാധുവാക്കിയതിലൂടെ ഇന്ത്യൻ സമ്പദ്ഘടനയെ തകർത്തു തരിപ്പണമാക്കിയതാണോ മോദിയുടെ മിടുക്ക്? റാഫേൽ അഴിമതിയിലൂടെ അനിൽ അംബാനിയെ കടക്കെണിയിൽ നിന്ന് രക്ഷപെടുത്തിയതാണോ മോദിയുടെ നേതൃത്വ മികവ് ?

1930കളിൽ ഹിറ്റ്‌ലർ ചെയ്തതുപോലെ, ഭരണഘടനയെ ഉപയോഗിച്ചുകൊണ്ട് ഭരണഘടനയെ തകർക്കുന്നതാണോ മോദിയുടെ നേതൃഗുണം ? പൗരത്വ ഭേദഗതി നിയമത്തിലൂടെയും ദേശീയ പൗരത്വ രജിസ്റ്ററിലൂടെയും ഇന്ത്യയിലെ മുസ്ലീങ്ങളെയും അവർണ മഹാഭൂരിപക്ഷത്തെയും ഭയപ്പെടുത്തുകയും പൗരജനങ്ങളല്ലാതാക്കുകയും ചെയ്യുന്നതാണോ മോദിയുടെ നേതൃത്വ പ്രഭാവം ? ഇന്ത്യൻ ജനതയിലെ നിസ്സാര ന്യൂനപക്ഷമായ ബ്രാഹ്മണ-ക്ഷത്രിയ-ബനിയമാരുടെ രാജ് സ്ഥാപിക്കുന്നതിനുവേണ്ടി അവർണ ഭൂരിപക്ഷത്തെ അടിച്ചമർത്തുന്നതാണോ മോദിയുടെ കഠിനാദ്ധ്വാനം? ഇന്ത്യൻ ഭരണഘടനയെ തകർത്ത് മനുസ്‌മൃതിയെ ഭരണഘടനയാക്കാൻ നടത്തുന്ന ഗൂഢാലോചനയാണോ മോദിയുടെ സ്വപ്രയത്നനേട്ടം?

വലിയ കുടുംബ പാരമ്പര്യമോ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ ശരാശരി ധിഷണ പോലുമോ ഇല്ലാത്ത അന്തർമുഖനും കുറ്റവാസനയുള്ളവനുമായിരുന്ന ഹിറ്റ്ലർ ജർമനിയുടെ ‘ഫ്യൂറർ’ ആയി ഉയർന്നത്, സ്വന്തം കഠിനാധ്വാനവും പ്രയത്നശാലിത്വവും കൊണ്ടാണെന്ന് പറയുന്നതുപോലെ നിരുത്തരവാദപരവും സാമൂഹികവിരുദ്ധവുമായ പ്രസ്താവനയാണ് രാമചന്ദ്രഗുഹയുടേത്. ഇന്ത്യയിലെ ഉദാരവാദികളും മൃദു ഹിന്ദുത്വവാദികളും ഗാന്ധി ഭക്തരുമായ എല്ലാ ബുദ്ധിജീവികളുടെയും പ്രതിനിധിയാണ് രാമചന്ദ്ര ഗുഹ. മോദിയുടെ കഠിനാദ്ധ്വാനത്തിൽ പുളകിതനാകുന്ന ഗുഹയ്ക്ക് രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച കേരളീയരുടെ ജനാധിപത്യബോധം ഒട്ടും പിടിച്ചിട്ടില്ല. അത് വലിയൊരു ദുരന്തമായി എന്നാണ് ഗുഹ പറയുന്നത്. ഗുഹയെ പോലെയുള്ളവരുടെ തനിനിറം ഇന്നത്തെ പ്രസ്താവനയിലൂടെ പുറത്തു വന്നിരിക്കുന്നു.

3000 കൊല്ലങ്ങളായി തുടർന്നു വരുന്ന ന്യൂനപക്ഷ സവർണ രാജിന്റെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നതല്ലാതെ മറ്റൊന്നുമല്ല രാമചന്ദ്രഗുഹയെന്ന ബ്രാഹ്മണനെ അസ്വസ്ഥനാക്കുന്നത്. ഇന്ന് ഇന്ത്യയിലെ നഗര-ഗ്രാമങ്ങളിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ ഈ സവർണ രാജിന്റെ ശവക്കുഴി തോണ്ടുന്ന വിപ്ലവത്തിന്റെ തുടക്കമാണ്. ഈ സവർണ രാജ് നിലനിൽക്കുവോളം മാത്രമേ രാമചന്ദ്രഗുഹയെപോലുള്ള ബ്രാഹ്മണരുടെ ബൗദ്ധിക സുവിശേഷങ്ങൾക്ക് പ്രസക്തിയുള്ളൂ. ന്യൂനപക്ഷ സവർണരാജിന്റെ മരണമണി മുഴക്കുന്ന അവർണ വിപ്ലവത്തിന് ബ്രാഹ്മണ ധിഷണയുടെ ആവശ്യമില്ല. ഈ അവർണ വിപ്ലവം ഒരർത്ഥത്തിൽ അനീതിയുടെ ധർമശാസ്ത്രമായ ‘ബ്രാഹ്മണ ധിഷണ’യ്‌ക്കെതിരായ വിപ്ലവം കൂടിയാണ്. സ്വന്തം ഭാവിയെ കുറിച്ചുള്ള അരക്ഷിതത്വമാണ് ഗുഹയുടെ മോദി സ്തുതിയിൽ മുഴങ്ങുന്നത്. വരും നാളുകളിൽ ഇന്ത്യയെ പ്രക്ഷുബ്ധമാക്കാൻ പോകുന്ന അവർണ മഹാ വിപ്ലവത്തിനെതിരെ കുരയ്ക്കുന്ന ഇത്തരം ബ്രാഹ്മണ ബുദ്ധിജീവികളെ എഴുന്നള്ളിക്കാനുള്ള വേദിയായി കോഴിക്കോട് ലിറ്റററി ഫെസ്റ്റിവൽ മാറുന്നത് കേരളത്തിന്‌ അപമാനകരമാണ്.