ഹര്‍ത്താല്‍, ഒരു ‘ഹിന്ദു-മുസ്ലീം’ വര്‍ഗ്ഗീയലഹളയായി പരിണമിക്കാതിരുന്നത് എന്തുകൊണ്ടാണ്?

0
853

ജെ.രഘുവിന്റെ ലേഖനം:

രണ്ടു യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയതിനെതിരായി ആര്‍.എസ്.എസ് സംഘടിപ്പിച്ച ഹര്‍ത്താല്‍, ഒരു ‘ഹിന്ദു-മുസ്ലീം’ വര്‍ഗ്ഗീയലഹളയായി പരിണമിക്കാതിരുന്നത് എന്തുകൊണ്ടാണ്? സുപ്രീംകോടതി വിധിയനുസരിച്ച്, ശബരിമലയില്‍ ആരാധന നടത്തിയത്, ‘ഹിന്ദു’ക്കളായ യുവതികള്‍ തന്നെയായിരുന്നു. 2018 സെപ്റ്റംബര്‍ 28 ലെ സുപ്രീംകോടതിയുടെ വിധിയോടെ, നിലവിലില്ലാതായ ആചാരം ലംഘിക്കപ്പെട്ടതിനെതിരായ പ്രതിഷേധം രേഖപ്പെടുത്താനാണ് ഹര്‍ത്താല്‍ നടത്തിയത്. ഈ സംഭവം ഏതെങ്കിലുമൊരു ഉത്തരേന്ത്യന്‍ സംസ്ഥാനത്തായിരുന്നു സംഭവിച്ചിരുന്നതെങ്കില്‍, ഹര്‍ത്താല്‍ വലിയൊരു വര്‍ഗീയ ലഹളയായി മാറുമായിരുന്നു എന്നത് അനിഷേധ്യമാണ്. ആചാരലംഘനത്തിന്റെയും അതിനെതിരായ പ്രതിഷേധത്തിന്റെയും മറവില്‍, ഉത്തരേന്ത്യന്‍ ശൈലിയിലുള്ള ഒരു വര്‍ഗീയ ലഹള ആസൂത്രണം ചെയ്യുകയായിരുന്നു, ആര്‍.എസ്.എസിന്റെ ഗൂഢപദ്ധതി.

 

 

 

 

 

 

 

 

 

 

 

ഈ ഗൂഢപദ്ധതിയെ പരാജയപ്പെടുത്തിയത് രണ്ടു ഘടകങ്ങളാണ്. ഹര്‍ത്താല്‍ ദിവസം വ്യാപകമായി അക്രമം അഴിച്ചുവിട്ട ആര്‍.എസ്.എസ് ക്രിമിനലുകളെ തെരുവില്‍ നേരിട്ടത് ഇടതുപക്ഷപ്രവര്‍ത്തകരായിരുന്നു എന്നതാണ് ഒന്നാമത്തെ ഘടകം. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും മുസ്ലീങ്ങളുടെ കടകളും വീടുകളും വാഹനങ്ങളും തിരഞ്ഞുപിടിച്ചാക്രമിക്കുന്ന രീതിയാണ് ആര്‍.എസ്.എസ് വിന്യസിച്ചത്. ഉത്തരേന്ത്യയില്‍ ഇങ്ങനെയൊരു ആക്രമണമുണ്ടാകുമ്പോള്‍, സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുവേണ്ടി മുസ്ലീങ്ങള്‍ക്ക് സ്വയം സംഘടിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. അത്തരം സന്ദര്‍ഭങ്ങളില്‍, ആത്മരക്ഷാര്‍ത്ഥം മുസ്ലീങ്ങള്‍ നടത്തുന്ന ചെറുത്തുനില്‍പിനെക്കുറിച്ച് നുണക്കഥകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയെന്നത് ആര്‍.എസ്.എസിന്റെ പയറ്റിത്തെളിഞ്ഞ രീതിയാണ്.

‘മുസ്ലീങ്ങള്‍ ക്ഷേത്രത്തിനു തീവെച്ചു’, ‘ക്ഷേത്രത്തില്‍ നിന്നു മടങ്ങുകയായിരുന്ന ഹിന്ദു പെണ്‍കുട്ടിയെ മുസ്ലീം കാപാലികര്‍ കടന്നുപിടിച്ചു’ തുടങ്ങിയ സ്‌തോഭജനകമായ കെട്ടുകഥകള്‍ കാട്ടുതീയുടെ വേഗത്തില്‍ പരത്തുന്നതില്‍ ആര്‍.എസ്.എസിനുള്ള വൈദഗ്ദ്ധ്യത്തെ ആര്‍ക്കും പരാജയപ്പെടുത്താനാവില്ല. ഉത്തരേന്ത്യന്‍ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ള ജനത പ്രയേണ വിദ്യാഭ്യാസം കുറഞ്ഞവരായതിനാല്‍, ഇത്തരം നുണകള്‍ വിശ്വസിക്കുക പതിവാണ്. അക്രമിയുടെ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് മുസ്ലീം ആയതിനാല്‍, പിന്നോക്ക-ദളിത് വിഭാഗങ്ങളില്‍ പെട്ടവര്‍ പോലും ‘തീ വെയ്ക്കപ്പെട്ട ക്ഷേത്ര’ത്തെ സ്വന്തം ക്ഷേത്രമായും ‘കടന്നുപിടിയ്ക്കപ്പെട്ട പെണ്‍കുട്ടി’യെ സ്വന്തം പെണ്‍കുട്ടിയായും കാണുന്ന മനോഭാവത്തിന് അടിപ്പെടുക സാധാരണമാണ്. ‘തീവെയ്ക്കപ്പെട്ടു’ എന്ന് പറയുന്ന അമ്പലത്തില്‍ കയറാന്‍ തങ്ങള്‍ക്കവകാശമുണ്ടോ എന്നാലോചിക്കുന്നതിനു മുമ്പുതന്നെ, ബലൂണ്‍പോലെ ഊതിവീര്‍പ്പിക്കപ്പെട്ട ‘ഇസ്ലാമിക ഭീതി’ ഈ ജനവിഭാഗങ്ങളെ ഗ്രസിക്കുന്നു.

യാതൊരു കാരണവുമില്ലാതെ, പൊടുന്നനെ വര്‍ഗീയലഹളകള്‍ പൊട്ടിപ്പുറപ്പെടുന്നതില്‍ നുണകള്‍ക്ക് വലിയ പങ്കുണ്ട്. ഒരു നുണ മറ്റൊരാളിലേക്ക് കൈമാറുന്ന വ്യക്തി, അയാളുടേതായ കൂട്ടിച്ചേർക്കലും അതില്‍ നടത്തും. രണ്ടാമത്തെയാളും സ്വന്തം ഭാവന കൂടിച്ചേര്‍ത്തുകൊണ്ടായിരിക്കും മൂന്നാമത്തെ ആളിന് കൈമാറുന്നത്. ഒരു ചെറിയ നുണ പലരിലൂടെ സഞ്ചരിക്കുമ്പോള്‍, അത് ഹിമാലയത്തെക്കാള്‍ വലിയൊരു നുണയായി പരിണമിക്കുന്നു. ‘സ്വന്തം നിലനില്‍പ്പ് തന്നെ അപകടത്തില്‍, അതിനാല്‍ ശത്രുവിനെതിരെ ആയുധമെടുക്കുകയും സംഘടിക്കുകയും ചെയ്യുക’യെന്ന സന്ദേശമാണ് ഇത്തരം നുണയുടെ സ്വീകര്‍ത്താക്കള്‍ക്കു ലഭിക്കുന്നത്. ഇവിടെ ശത്രുവായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് മുസ്ലീമാണ്. അപ്പോള്‍, ആ ശത്രുവിനെ നേരിടേണ്ടത് ‘ഹിന്ദു’വായി സംഘടിച്ചുകൊണ്ടാണെന്ന് നിത്യജീവിതത്തില്‍ മേല്‍ജാതി-കീഴ്ജാതി ജീവിതങ്ങള്‍ ജീവിക്കുന്ന ജാതിയിലെ അംഗങ്ങള്‍ വിചാരിക്കുന്നു.

‘ഇസ്ലാമിന്റെ ആസന്ന ഭീഷണി’യെക്കുറിച്ചുള്ള കെട്ടുകഥകളില്‍ വിശ്വസിക്കുന്നവര്‍, സ്വന്തം ജീവിതത്തില്‍ നേരിടുന്ന ജാതീയമായ അടിച്ചമര്‍ത്തലുകളും അനീതികളും തല്‍ക്കാലം വിസ്മരിക്കുന്നു. കാരണം, ഉടന്‍ പ്രതികരിച്ചില്ലെങ്കില്‍ സ്വന്തം നിലനില്‍പ് തന്നെ അപകടത്തിലാക്കുന്ന ആസന്ന വിപത്തായിട്ടാണ് ഇത്തരം നുണകള്‍ ഇസ്ലാമിനെ ചിത്രീകരിക്കുന്നത്. ആര്‍.എസ്.എസുകാര്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്ന നുണക്കഥകളില്‍ വിശ്വസിക്കുന്ന പിന്നോക്ക-ദളിത് മനുഷ്യര്‍ , മുസ്ലീങ്ങള്‍ക്കെതിരായ വര്‍ഗീയ ലഹളകളിലെ ‘ഹിന്ദുസൈനികരാ’യി പരിണമിക്കുകയാണ് ചെയ്യുന്നത്. ഉത്തരേന്ത്യയില്‍ സവര്‍ണര്‍ക്കുമാത്രമായി മുസ്ലീം വിരുദ്ധ വര്‍ഗീയ ലഹളകള്‍ സംഘടിപ്പിക്കാനാവില്ല. ഉത്തരേന്ത്യന്‍ ജനസംഖ്യയില്‍ സവര്‍ണ ഹിന്ദുക്കളുടെ അംഗസംഖ്യ, മുസ്ലീങ്ങളുടെ പകുതി പോലമില്ല. പിന്നോക്ക-ദളിത് ജനവിഭാഗങ്ങളുടെ സജീവസാന്നിധ്യമില്ലെങ്കില്‍, ഉത്തരേന്ത്യയില്‍ ഒരിടത്തും ആര്‍.എസ്.എസ്സിനു മുസ്ലീംവിരുദധ വര്‍ഗീയലഹള നടത്താനാവില്ല.

വര്‍ഗീയലഹളകള്‍ക്കും മുമ്പും പിമ്പും പിന്നോക്ക-ദളിത് ജനതകളെ വേട്ടയാടുന്നത് സവര്‍ണഹിന്ദുക്കളാണ്. അതിനെതിരായ ചെറുത്തുനില്‍പ്പുകളും സാധാരണയാണ്. എന്നാല്‍, ഭരണകൂടത്തിന്റെയും പോലീസിന്റെയും സവര്‍ണ പക്ഷാപാതം മൂലം മിക്കപ്പോഴും ഇരകളാക്കപ്പെടുന്നത് പിന്നോക്ക-ദളിതരായിരിക്കും. അവഗണനയും അപമാനവും നിസ്സഹായതയും സൃഷ്ടിക്കുന്ന അഗാധ സംഘര്‍ഷങ്ങള്‍ക്കടിപ്പെട്ടു ജീവിക്കുന്ന മനുഷ്യര്‍ക്കു മുമ്പിലേക്കാണ്. ഇസ്ലാമിന്റെ ആസന്ന ഭീഷണിയെന്ന നുണയെത്തുന്നത്. സവര്‍ണര്‍ക്കു മുമ്പില്‍ അനുഭവിച്ച അപമാനത്തിന് പകരം വീട്ടാനുള്ള അവസരമായി ഈ ജനത ഇത്തരം സന്ദര്‍ഭങ്ങളെ കാണുകയാണ് ചെയ്യുന്നത്. അയല്‍വാസികളായ മുസ്ലീങ്ങള്‍ തങ്ങള്‍ക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ എന്നാലോചിക്കാന്‍ കഴിയുന്നതിനു മുമ്പുതന്നെ നുണ അവരെ കീഴ്‌പ്പെടുത്തിയിട്ടുണ്ടാവും. 1925 ല്‍ ആര്‍.എസ്.എസ് എന്ന ഭീകരസംഘം രൂപം കൊണ്ടതുമുതല്‍, ഉത്തരേന്ത്യയില്‍ നടന്നിട്ടുള്ള എല്ലാ വര്‍ഗീയ ലഹളകളുടെയും മനശാസ്ത്രവും ശരീരശാസ്ത്രവും ഇതാണ്.

ഹര്‍ത്താല്‍ ദിനത്തില്‍, ആര്‍.എസ്.എസ് അക്രമികളെ പരസ്യമായി നേരിട്ടത് ഇടതുപക്ഷമായതിനാല്‍, നുണകള്‍ക്ക് പ്രചരിക്കാന്‍ കഴിയുമായിരുന്നില്ല. മാത്രവുമല്ല, ആര്‍.എസ്.എസുകാര്‍ അഴിഞ്ഞാടിയ തെരുവുകളിലെ ഇടതുപക്ഷ സാന്നിധ്യം മൂലം മുസ്ലീങ്ങള്‍ക്ക് മുസ്ലീങ്ങളായി സംഘടിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. മിക്ക സ്ഥലങ്ങളിലും മുസ്ലീങ്ങളുടെ കടകള്‍ക്കും വീടുകള്‍ക്കും കാവല്‍ നിന്നത് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായിരുന്നു. 1970 ല്‍ തന്നെ തലശ്ശേരിയില്‍ ആര്‍.എസ്.എസ്സിന്റെ വര്‍ഗീയ ലഹളയെ മതേതരമായി പരാജയപ്പെടുത്താന്‍ സി.പി.എമ്മിനു കഴിഞ്ഞിരുന്നു.

ആര്‍.എസ്.എസ്സിന്റെ വര്‍ഗീയ ഗൂഢാലോചനയെ പരാജയപ്പെടുത്തിയ രണ്ടാമത്തെ ഘടകം, ശബരിമല വിധിയ്ക്കുശേഷം ‘ഹിന്ദു’ എന്ന സ്വത്വമുദ്രയ്ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന അഗാധമായ ശൈഥില്യമാണ്. ആദ്യമൊക്കെ ‘ഹിന്ദു വിശ്വാസികള്‍’ എന്ന പ്രതീതി സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ്-എന്‍.എസ്.എസ് നേതൃത്വത്തിനു കഴിഞ്ഞിരുന്നു. എന്നാല്‍, കേരളത്തിന്റെ സാംസ്‌കാരിക അധോലോകത്തില്‍ മറഞ്ഞുനിന്ന ജീര്‍ണമായ സവര്‍ണമനസ്സ് എല്ലാ മറകളും നീക്കി ക്രമേണ അരങ്ങിലേക്കു വരുന്ന കാഴ്ചയാണ് നാം കണ്ടത്. വിശ്വാസത്തിന്റെയും ആചാരത്തിന്റയും മറകള്‍ കൊണ്ട് മറയ്ക്കാന്‍ എത്ര ശ്രമിച്ചിട്ടും അവര്‍ക്കതിനു കഴിഞ്ഞില്ല. കാരണം, പിന്നോക്കക്കാരോടും ദളിതരോടുമുള്ള പകയും വിദ്വേഷവും അത്രമേല്‍ അഗാധമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നിരന്തരം ജാതി പറഞ്ഞാക്ഷേപിക്കുക, തെങ്ങുകയറ്റക്കാരനെന്ന് നിന്ദിക്കുക തുടങ്ങിയവ ആവര്‍ത്തിച്ചപ്പോള്‍, വിശ്വാസികളോടൊപ്പമെന്ന് പറഞ്ഞവര്‍ക്കു പോലും മാറ്റി ചിന്തിക്കേണ്ടി വന്നു.

എസ്.എന്‍.ഡി.പി നേതാവായ വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്‍, ആലപ്പുഴയില്‍ ‘വനിതാമതിലി’നെ അഭിവാദ്യം ചെയ്തു പ്രസംഗിച്ചപ്പോള്‍ പറഞ്ഞ വാക്കുകള്‍ ഇതിനു തെളിവാണ്. ”മുഖ്യമന്ത്രിയെ തെങ്ങുകയറ്റക്കാരനെന്നു നിരന്തരം ആക്ഷേപിക്കുമ്പോള്‍ എന്നെപ്പോലുള്ളവരെ അത് വേദനിപ്പിക്കുന്നു” എന്നാണവര്‍ പറഞ്ഞത്. ഇത് വ്യക്തമാക്കുന്നത് എന്താണ്? കേരളത്തില്‍ ഒരു ‘അഖണ്ഡഹിന്ദു’വിന്റെ വോട്ടുബാങ്ക് സൃഷ്ടിക്കുന്നതിനുവേണ്ടി ആര്‍.എസ്.എസ് ആരംഭിച്ച ആചാരസംരക്ഷണലഹള, ഫലത്തില്‍, ഹിന്ദുവിനെ പലതായി വിഭജിക്കുകയാണുണ്ടായത്. കേരളത്തിലെ ജനസംഖ്യയില്‍ നിസ്സാരന്യൂനപക്ഷമായ നമ്പൂതിരി-നായര്‍-അമ്പലവാസികളില്‍ ഒരു വിഭാഗം മാത്രമാണ് ആചാരസംരക്ഷണത്തിനു വേണ്ടിയുള്ള ലഹളകളില്‍ പങ്കെടുക്കുന്നത്. മറുവശത്താകട്ടെ, ജനസംഖ്യയിലെ മൃഗീയ ഭൂരിപക്ഷമായ പിന്നോക്ക-ദളിത് വിഭാഗങ്ങള്‍, അവരില്‍ ഭൂരിപക്ഷവും വിശ്വാസികളായിട്ടും സവര്‍ണരുടെ ശബരിമല ലഹളയില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്യുന്നു.

ശബരിമലയുടെ പേരില്‍ നടക്കുന്ന ലഹളയ്ക്ക് വിശ്വാസവുമായി ഒരു ബന്ധവുമില്ലെന്നു മനസ്സിലാക്കിയ പിന്നോക്ക -ദളിത് ജനതയെ ഇന്നു പ്രചോദിപ്പിക്കുന്നത് അവരുടെ സമുദായാഭിമാന ബോധമാണ്. പിണറായിവിജയനെതിരായ ജാതിനിന്ദ, പിന്നോക്കക്കാരുടെ സമുദായാഭിമാനബോധത്തെയാണ് ആഴത്തില്‍ മുറിവേല്‍പ്പിച്ചത്. പിന്നോക്കക്കാരും ദളിതരും അവരുടേതായ വിഭിന്ന സമുദായാഭിമാനബോധങ്ങളാല്‍ ആവേശിതരാവുമ്പോള്‍, ‘ഹിന്ദു’ എന്ന ‘വ്യാജാഭിമാനമുദ്ര’യ്ക്ക് നിലനില്‍ക്കാനാവില്ല. അതുകൊണ്ടാണ്, ഹര്‍ത്താലിന്റെ മറവില്‍ മുസ്ലീങ്ങള്‍ക്കെതിരേ ആര്‍.എസ്.എസ്സുകാര്‍ ആസൂത്രണം ചെയ്ത അക്രമത്തെ പിന്നോക്കക്കാരും ദളിതരും തള്ളിക്കളഞ്ഞത്. പിന്നെ തെരുവില്‍ അവശേഷിച്ചത്, ആര്‍.എസ്.എസ് ശാഖകളില്‍ ഗുണ്ടാപരിശീലനം ലഭിച്ച കുറേ തെമ്മാടികളും ക്രിമിനലുകളുമായിരുന്നു. ഗുണ്ടകള്‍ക്കു മാത്രമായി ഒരു വര്‍ഗീയ ലഹള സൃഷ്ടിക്കാനാവില്ല. അതിന് മതത്തിന്റെ പ്രതിച്ഛായയും പിന്നോക്കക്കാരുടെയും-ദളിതരുടെയും സജീവ പിന്തുണയും വേണം. ഈ രണ്ടു കാര്യങ്ങളിലും ആര്‍.എസ്.എസ് ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്. ചുരുക്കത്തില്‍, കേരളത്തിലെ സംഘപരിവാര്‍ എന്ന പ്രസ്ഥാനം നമ്പൂതിരി-നായര്‍-അമ്പലവാസികളില്‍ ഏറ്റവും ജീര്‍ണമായ ഒരു വിഭാഗത്തിന്റെ പ്രസ്ഥാനമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുന്നു.

J Raghu