ഒരു ഏകാധിപതിയുടെ മരണാനന്തര ജൈത്രയാത്ര

60

Jacob Jose

* ഒരു ഏകാധിപതിയുടെ മരണാനന്തര ജൈത്രയാത്ര.*

1945 ഏപ്രിൽ 29 ലെ പ്രഭാതം. അതിരാവിലെ മുനിസിപ്പൽ ചപ്പു ചവറുകൾ കൊണ്ടുപോകുന്നു ഒരു വാൻ മിലാൻ റയിൽവേ സ്റ്റേഷൻ പരിസരത്തുള്ള പിയാസലെ ലോറെറ്റോ തെരുവിൽ വന്നു നിന്നു. വണ്ടിയിൽ നിന്ന് ചിലർ ഏതാനും ശവങ്ങൾ തെരുവിൽ തള്ളി. എന്താണ് സംഭവം എന്നറിയാൻ കൂടിയവർ ഞെട്ടിത്തരിച്ചു. 1922 മുതൽ 1943 വരെ ഇറ്റലിയെ അടക്കി ഭരിച്ചിരുന്ന ഫാസിസ്റ്റ് ഏകാധിപതി ബെനിറ്റോ മുസോളിനിയുടെയും കൂട്ടുകാരി ക്ലരേറ്റാ പെറ്റാചി യുടെയും കിങ്കരൻമാരുടെയും ശവങ്ങൾ ആയിരുന്നു അത്.തൊട്ടു തലേന്ന്, യുദ്ധത്തിൽ തോൽവി ഉറപ്പാക്കി സ്വിസ്റ്റ്സർലണ്ടിലെയ്ക്ക് കടന്നു കളയാൻ ശ്രമിച്ച മുസോളിനിയെയും സംഘത്തെയും ഇറ്റാലിയൻ കമ്യൂണിസ്റ്റ്കൾ പിടികൂടി വെടിവച്ചു കൊല്ലുകയായിരുന്നു.

ഏകദേശം ഒൻപതു മണിയോടെ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പിൽ പെട്ട സൈനീകർ സ്ഥലത്തെത്തി. അവർ ആ മൃതദേഹങ്ങളിൽ തുപ്പുകയും, മൂത്രം ഒഴിക്കുകയും, തോക്ക് ഉപയോഗിച്ച് മുഖങ്ങൾ വികൃതം ആക്കുകയും ചെയ്തു. കൂടി നിന്ന ജനക്കൂട്ടവും സൈനികരോടൊപ്പം കൂടി. ചിലർ കല്ലും മറക്കഷണങളും കൊണ്ട് ആ ശവങ്ങളുടെ തലയോട്ടികൾ തകർത്തു.ഒരു സ്ത്രീ കൈത്തോക്ക് കൊണ്ട് മുസോളിനിയുടെ ശവത്തിന്റെ തലയ്ക്കു നേരെ അഞ്ചു വെടിയുതിർത്തു. തന്റെ അഞ്ച് മക്കളേ കൊന്ന മുസോളിനിയോട് പ്രതികാരം ചെയ്ത തായിരുന്നു അവർ. മണിക്കൂറുകൾ നീണ്ട അവഹേളന ത്തിന് ശേഷം ജനക്കൂട്ടം ആ മൃതദേഹങ്ങൾ അവിടെ കശാപ്പു ചെയ്ത മൃഗങ്ങളെ തൂക്കിയിടു ന്ന കൊളുത്തുകളിൽ തലകീഴായി തൂക്കിയിട്ടു. ആ മൃതദേഹങ്ങളിൽ ഏക സ്ത്രീ ശരീരം ആയിരുന്ന ക്ലാരെറ്റാ പെറ്റാചി യുടെ ശവശരീരം തലകീഴായി തൂക്കിയിട്ട പ്പോൾ അടി വസ്ത്രങ്ങൾ അനാവൃതമായത് ജനക്കൂട്ടതിൽ ഉണ്ടായിരുന്ന ഒരു സ്ത്രീ തുണി കൊണ്ട് മറച്ചു കെട്ടി.

നാലു മണിക്കൂറുകൾ അവിടെ അങ്ങനെ കിടന്നു ആ മൃതദേഹങ്ങൾ.ഈ സംഭവ വികാസങ്ങൾ അറിഞ്ഞ മിലാനിലെ മെത്രാൻ അമേരിക്കൻ സൈനികരുടെ സഹായത്താൽ ഈ മൃതദേഹങ്ങൾ അന്ന് വൈകുന്നേരം താഴെ ഇറക്കി അടുത്തുള്ള സൈനിക ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിന് അയച്ചു.അതിനു ശേഷം മുസോളിനിയുടെ മൃതദേഹം രഹസ്യമായി മിലാനിലെ മുസോക്കോ സെമിത്തേരിയിൽ സംസ്കരിച്ചു.തന്റെ ആത്മാർത്ഥ സുഹൃത്ത് ബെനിറ്റോ മുസോളിനി യുടെ ദാരുണ അന്ത്യം ആണ് ഹിറ്റ്ലറെ ആത്മഹത്യ എന്ന തീരുമാനത്തിലെയ്ക്ക് എത്തിച്ചത്.ഇനിയാണ് ആ ഏകാധിപതിയുടെ മരണാനന്തര ജൈത്രയാത്ര.

പിറ്റേ വർഷത്തെ ഈസ്റ്റർ ദിനത്തിൽ ഒരു യുവ ഫാസിസ്റ്റ് ആയ ഡൊമിനിക് ലെക്‌സൈസിയും സുഹൃത്തുക്കളും ചേർന്ന് മുസോളിനിയുടെ മൃതദേഹം അവിടെ നിന്ന് മോഷ്ടിച്ചു. ആ കല്ലറയിൽ അവർ ഒരു കുറിപ്പ് ഇട്ടിരുന്നു അതിൽ ഇങ്ങനെ എഴുതിയിരുന്നു. “മഹാനായ നേതാവേ അവസാനം അങ്ങ് ഞങ്ങളുടെ പക്കൽ. അങ്ങയെ ഞങൾ റോസാപ്പൂക്കൾ കൊണ്ട് പൊതിയും. എങ്കിലും അങ്ങയുടെ മഹദ് പ്രവർത്തികളുടെ പരിമളം ആ റോസപ്പൂക്കളുടെ മണത്തെ നിഷ് പ്രഭമാക്കും. ”
പിന്നീട് നാല് മാസം വിവിധ വാഹനങ്ങളിൽ ആയി ഇറ്റലി മുഴുവൻ ഫാസിസ്റ്റ് അനുഭാവികളുടെയും ആരാധകരുടെയും അഭിവാദ്യങ്ങൾ ഏറ്റു വാങ്ങി അതീവ രഹസ്യമായി ആ മൃതദേഹം സഞ്ചരിച്ചു. രാജ്യത്തെ വിവിധ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉള്ള തന്റെ ആരാധകരുടെ അടുത്തേയ്ക്ക് മരണശേഷം ആ ഏകാധിപതി കടന്നു ചെന്നു. ഈ രഹസ്യ യാത്രയ്ക്ക് വിവിധ ദേവാലയങ്ങളുടെ സന്യാസി മഠങ്ങളും ഒളിസങ്കേതങ്ങൾ ആയി.

ഒടുവിൽ 1946 ആഗസ്റ്റ് മാസത്തിൽ മിലാന് സമീപം തന്നെയുള്ള ഒരു ഫ്രാൻസിസ്കന് സന്യാസി മഠത്തിൽ നിന്നും ഇറ്റാലിയൻ പോലീസ് മുസോളിനിയുടെ മൃതദേഹം പിടിച്ചെടുത്തു.മിലാനിൽ നിന്ന് 20 കിലോമീറ്റർ ദൂരെയുള്ള ഒരു കപ്പൂചിൻ ആശ്രമത്തിൽ അവർ അത് ഒളിപ്പിച്ചു.അടുത്ത പതിനൊന്നു വർഷം മുസോളിനിയുടെ മൃതദേഹം സമാധാനമായി അവിടെ വിശ്രമിച്ചു.പിന്നീട് 1957 ൽ നിയോ ഫാസിസ്റ്റ് പാർട്ടിയുടെ സഹായത്തോടെ അധികാരത്തിൽ വന്ന സർക്കാര് മുസോളിനിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ജന്മ സ്ഥലം ആയ പ്രെടാപ്പിയോയില് കത്തോലിക്കാ ആചാര പ്രകാരം സംസ്കരിക്കും എന്നും അവിടെ അദ്ദേഹത്തിന് ഒരു സ്മാരകം പണി എന്നും പ്രഖ്യാപിച്ചു. കൗതുക കരമായകാര്യം നിയോ ഫാസിസ്റ്റ് പാർട്ടിയുടെ നേതാവ് പണ്ട് മുസോളിനി യുടെ ശവം മോഷ്ടിച്ച ഡൊമിനിക് ലെക്‌സൈസി ആയിരുന്നു.!!

മുസോളിനിയുടെ ശവം മോഷ്ടിച്ച കുറ്റത്തിന് ലെക്‌സൈസി യെ ആറ് വർഷത്തെക്ക് തടവിന് ശിക്ഷിച്ചിരുന്നു. 1953 ൽ പുറത്തിറങ്ങിയ ഇയാൾ ഇറ്റാലിയൻ നിയോ ഫാസിസ്റ്റ് പാർട്ടിയിൽ ചേരുക ആയിരുന്നു.
1957 ആഗസ്റ്റ് 30 ന് ജന്മ ഗ്രാമത്തിലെ കുടുംബ കല്ലറയിൽ മുസോളിനിയുടെ മൃതദേഹം നിരവധി ആരാധകരുടെ സാനിധ്യത്തിൽ കത്തോലിക്കാ സഭാ ആചാര പ്രകാരം സംസ്കരിച്ചു.പ്രദേശത്തെ മെത്രാൻ കാർമികത്വം വഹിച്ച ചടങ്ങിൽ മുസോളിനിയുടെ ശവപ്പെട്ടി ഇറ്റാലിയൻ മൂവർണ പതാക കൊണ്ട് പൊതിഞ്ഞിരുന്നു.

ഇതിന് ശേഷം വെണ്ണ മാർബിൾ കല്ലിൽ കൊത്തിയ ഫാസിസ്റ്റ് നേതാവിന്റെ മുഖം ഉൾപ്പെടുന്ന ഒരു സ്മാരകവും അവിടെ നിർമ്മിക്കപ്പെട്ടു. അതോടെ ഈ സ്ഥലം നിയോ ഫാസിസ്റ്റ്കളുടെ ഒരു തീർഥാടന കേന്ദ്രം ആയി മാറി. അന്ന് മുതൽ മുസോളിനിയുടെ “രക്ത സാക്ഷിത്വ” ദിനമായ എപ്രിൽ 28 ന്‌ നൂറുകണക്കിന് നിയോ ഫാസിസ്റ്റ് കൾ ആണ് ഇവിടെ എത്താറ്. ഫാസിസ്റ്റ്കളുടെ കറുത്ത ഷർട്ട് ധരിച്ച് റാലികളും മറ്റ് ചടങ്ങുകളും നടത്തി ഇവർ സമുചിതമായി ആ ദിനം ആഘോഷിക്കുന്നു.
ഇപ്പൊൾ മുസോളിനിയുടെ ജന്മദിനമായ ജൂലായ് 29, ചരമ ദിനമായ ഏപ്രിൽ 28, പിന്നെ ഒക്ടോബർ 22 എന്നീ ദിവസങ്ങളിൽ മാത്രമേ സ്മാരകം പൊതു ജനങ്ങൾക്കായി തുറക്കാറുള്ളൂ. എന്നാല് 2019 ൽ ഇവിടുത്തെ മേയർ ആയ റോബർട്ടോ കനാലി എന്ന തീവ്ര വലതുപക്ഷക്കാരൻ ഈ സ്മാരകം വർഷത്തിൽ എല്ലാ ദിവസവും തുറന്നു കൊടുക്കണം എന്ന് പ്രസ്താവിച്ചത് ഇറ്റലിയിൽ വൻ വിവാദം ആയിരുന്നു.

എന്തായാലും ജനക്കൂട്ടം തെരുവിലിട്ട് പേപ്പട്ടിയെ പോലെ തല്ലിക്കൊന്നു കെട്ടി ത്തൂക്കിയ ആ ഏകാധിപതി, ഫാസിസത്തിന്റെ മിശിഹാ, മരണശേഷവും തന്റെ അനുയായികളെ ആവേശം കൊള്ളിച്ച് ഇറ്റലിയിലെ ആ ഗ്രാമത്തിൽ തന്റെ കുടുംബ കല്ലറയിൽ ശയിക്കുന്നു്.
ചരിത്രം നിശ്ചലമായ ഒന്നല്ല, അത് ചലനാത്മകമാണ്, സംവേദന ക്ഷമമാണ്. അതിനു വർത്തമാന കാലത്തോട് എത്ര ഭംഗിയായി സംവദിക്കാൻ കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് മുസോളിനി യുടെ ശവകുടീരം. ഈ സംവേദ നത്തിന്റെ ഫലം തീരുമാനിക്കുന്നത് വർത്തമാന കാലത്തിന്റെ മന:സാക്ഷിയാണ്. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇത് തീർത്തും പ്രസക്തവും ആണ്.