Science
നാലുവമ്പൻ ടർബോഫാൻ എൻജിനിലേക്ക് വലിച്ചെടുക്കപ്പെട്ട് ആർക്കും ആപത്തുണ്ടാകാതിരുന്നത്തിനു കാരണമുണ്ട്
കാബൂളിലെ ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ റൺവേയിലേക്ക് നീങ്ങുന്ന അമേരിക്കൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട്
1,166 total views

Jacob K Philip
കാബൂളിലെ ഹമീദ് കർസായി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ റൺവേയിലേക്ക് നീങ്ങുന്ന അമേരിക്കൻ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് വിമാനത്തിൽ വല്ലവിധേനെയും കയറിപ്പറ്റാൻ, വിമാനത്തിനൊപ്പവും പിന്നാലെയും ഓടുന്ന നൂറുകണക്കിന് അഫ്ഘാൻകാരുടെ വിഡിയോ കാണാത്തവരേറെയുണ്ടാവില്ല.
വിമാനത്തിനു മുമ്പിലും പിമ്പിലുമായുള്ള ഈ ഓട്ടത്തിൽ എന്തുകൊണ്ടാണ് ആ നാലുവമ്പൻ ടർബോഫാൻ എൻജിനിലേക്ക് വലിച്ചെടുക്കപ്പെട്ട് ആർക്കും ആപത്തുണ്ടാകാതിരുന്നതെന്ന് ഡോ. Vrajesh ചോദിച്ചപ്പോഴാണ് ആ വിഡിയോ തപ്പിയെടുത്ത് കാണുന്നതും, അക്കാര്യം ആലോചിക്കുന്നതും.
എയർപോർട്ടിൽ വിമാനം നീങ്ങിത്തുടങ്ങുമ്പോഴും നീങ്ങുമ്പോഴും ഇന്ധനത്തോടൊപ്പം ചേർത്ത് കത്തിക്കാനുള്ള പരസഹസ്രം ഘനയടി വായു ചുറ്റുവട്ടത്തു നി്ന്ന് വലിച്ചെടുക്കുന്ന വമ്പൻ എൻജിനുകൾ അപകടകാരികളാണെന്നത്, വിമാനത്താവളത്തിൽ വിമാനത്തിനടുത്തു നിന്ന് ജോലിചെയ്യേണ്ടിയവർക്കെല്ലാം അറിയാവുന്ന കാര്യം.
2015 ഡിസംബർ 16 മുംബൈ വിമാനത്താവളത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പറക്കാൻ ഒരുങ്ങുകയായിരുന്ന എയർ ഇന്ത്യയുടെ ഒരു എയർബസ് എ-319 വിമാനത്തിന്റെ എൻജിനിലേക്ക് വലിച്ചെടുക്കപ്പെട്ട രവി സുബ്രഹ്മണ്യൻ എന്ന ഗ്രൗണ്ട് എൻജനീയറുടെ ദാരുണമായ അന്ത്യം ഇന്ത്യൻ വ്യോമയാനരംഗത്തുള്ളവർക്ക് നടുക്കുന്ന ഓർമയാണ് ഇന്നും.
എയർബസിന്റെ രണ്ട് സിഎഫ്എം എൻജിനുകളുടെയും ബലം (ത്രസ്റ്റ്) ഏകദേശം പതിനായിരം കിലോഗ്രം വീതമാണെങ്കിൽ സി-17 ഗ്ലോബ്മാസ്റ്ററിന്റെ നാലു പ്രാറ്റ് ആൻഡ് വിറ്റ്നി എഫ്117-പിഡബ്ള്യൂ-100 എൻജിനുകൾ ഓരോന്നിനും അത് പതിനെണ്ണായിരത്തോളമാണ്. എൻജിനുകൾ പ്രവർത്തിക്കുമ്പോൾ ചുറ്റും നിന്ന് വായുവലിച്ചെടുക്കുന്നതിന്റെ ആക്കവും ഇതനുസരിച്ച് കൂടുമെന്നതാണ് വസ്തുത.എന്നിട്ടും കാബൂൾ വിമാനത്താവളത്തിൽ ആർക്കും ആ വിധത്തിൽ അപകടമുണ്ടാകാതിരുന്നതെന്തുകൊണ്ടാണ്?
രണ്ടാണ് കാരണങ്ങൾ-
–വിമാനം ടാക്സിവേയിൽ നിന്ന് റൺവേയിലേക്ക് നീങ്ങുന്നതേ ഉണ്ടായിരുന്നുള്ളു. ആ ഘട്ടത്തിൽ, സാങ്കേതികമായി പറഞ്ഞാൽ, എൻജിൻ ഐഡിലാണ്- പ്രവർത്തനമില്ലാത്ത അവസ്ഥ. സാങ്കേതികമായി മാത്രമാണ് എൻജിൻ നിഷ്ക്രിയമെന്ന അനുബന്ധവുമുണ്ട്. പരമാവധി പ്രവർത്തനക്ഷമതയുടെ ആറുശതമാനത്തോളം ത്രസ്റ്റ് ഉണ്ടാക്കും വിധം ടർബോഫാൻ എൻജിനുകൾ അപ്പോഴും കറങ്ങുന്നുണ്ട്, വായു വലിച്ചെടുക്കുന്നുമുണ്ട്. പക്ഷേ അത് വളരെ, വളരെ കുറഞ്ഞ തോതിലാണെന്നു മാത്രം. അങ്ങിനെ പ്രവർത്തിക്കുമ്പോൾ എൻജിന്റെ രണ്ടര-മൂന്നു മീറ്റർ ചുറ്റളവിലുള്ള വസ്തുക്കൾക്കു മാത്രമേ വലിച്ചെടുക്കൽ ഭീഷണിയുള്ളു.പക്ഷേ, വിഡിയോയിലെ അഫ്ഘാൻകാർ വിമാനത്തോട് ഇതിനേക്കാൾ ചേർന്നാണല്ലോ ഓടുന്നത്.അതേ.
പക്ഷേ അവിടെ രക്ഷയായത് സി-17 വിമാനത്തിന്റെ ഹൈ-വിങ് രൂപകൽപ്പനയാണ്
-വിമാനശരീരത്തിന്റെ മുകളിലായാണ്, ചിറകുകൾ ഘടിപ്പിച്ചിരിക്കുന്നത്. ബോയിങ് എയർബസ് വിമാനങ്ങളെപ്പോലെ നടുക്കല്ല. ചിറകുകൾ അങ്ങിനെ പൊങ്ങി നിൽക്കുമ്പോൾ, ചിറകിൽ ഘടിപ്പിച്ചിരിക്കുന്ന എൻജിനുകളും തറനിരപ്പിൽ നിന്ന് നാലുമീറ്ററോളം ഉയർന്നാണ് നിൽക്കുന്നത്. തറയിലുടെ ഓടുന്നവരിലേക്കുള്ള ദൂരം അങ്ങിനെ മേൽപ്പറഞ്ഞ രണ്ടര-മൂന്നു മീറ്ററിലും ഏറെയാകുന്നു.
സ്വന്തം രാജ്യത്തു നിന്ന് ഏതുവിധേനെയും രക്ഷപ്പെടാൻ, മറ്റൊരു രാജ്യത്തിന്റെ പട്ടാളക്കാരുടെ കടത്തുവിമാനത്തിൽ കയറാൻ വേപഥു പൂണ്ട് ആർത്തലച്ചെത്തുന്ന ജനക്കൂട്ടത്തിനു നടുവിൽക്കൂടി എന്നെങ്കിലും ഒരു റൺവേയിലേക്ക് നീങ്ങേണ്ടിവരും ഈ വിമാനമെന്ന് ഗ്ലോബ്മാസ്റ്റർ സി-17 രൂപകല്പന ചെയ്ത ബോയിങ്ങിന്റെ എൻജിനീയർമാർ ഒരിക്കലും കരുതിക്കാണില്ലെങ്കിലും അവരുടെ വരകളിൽ രൂപമെടുത്ത വിമാനത്തിന്റെ സവിശേഷതകളെല്ലാം ഹതഭാഗ്യരായ അനേകരുടെ ജീവനൊടുങ്ങാതെ കാത്തു എന്നു മാത്രം.
1,167 total views, 1 views today