മൗനധ്വനി : ജഗദീഷ് കോവളം (പുസ്തകപരിചയം)

353

കവിതയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജഗദീഷ് കോവളത്തിന്റെ (Jagadeesh Kovalam)പ്രഥമ നോവലായ ‘മൗനധ്വനി’ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്യപ്പെട്ടിരുന്നു. പുസ്തകത്തെ പരിചയപ്പെടുത്തുന്നത് ഉണ്ണികൃഷ്ണൻ കുണ്ടയത്ത് (Unnikrishnan Kundayath)

ശ്രീ ജഗദീഷ് കോവളത്തിന്റെ “മൗനധ്വനി ” എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നത് ആഗസ്റ്റ് നാലിനായിരുന്നു. ആ ചടങ്ങിന് സാക്ഷ്യം വഹിക്കാനായതിൽ സന്തോഷിക്കുന്നു. ഇന്നലെ (7/8/2019) എനിക്ക് ഉച്ചക്ക് 2 മണിയോടെ പുസ്തകം പോസ്റ്റ്മാൻ കൊണ്ടുതന്നു. 288 പേജുകളിലായി 40 അദ്ധ്യായങ്ങളിലായി വിഴിഞ്ഞം കോവളം പ്രദേശത്തിന്റെ ഭൂപ്രകൃതിയുൾപ്പെടെയുള്ള ചരിത്രവും ജീവിതവും മനോഹരമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ജി. വിവേകാനന്ദന്റെ ”കള്ളിച്ചെല്ലമ്മ “യ്ക്കു ശേഷം നെയ്യാറ്റിൻകര താലൂക്കിന്റെ ഭാഷയിൽ രചിക്കപ്പെട്ട ഗ്രന്ഥം “മൗനധ്വനി ” ആണെന്ന് തോന്നുന്നു.

Jagadeesh Kovalam
Jagadeesh Kovalam

ഒരു പ്രദേശത്തിന്റെ സുഖവും സമാധാനവും സൗന്ദര്യവും അവിടെ ജീവിക്കുന്ന മനുഷ്യരുടെ മനോവിചാരങ്ങൾക്കൊത്ത് പരുവപ്പെടും എന്നുള്ളത് തർക്കമില്ലാത്ത സത്യമാണ്. മതസൗഹാർദ്ദം എന്നവാക്ക് പറഞ്ഞുപറഞ്ഞു തേഞ്ഞുപോയ വാക്കാണെങ്കിലും അത്തരമൊരു സാഹചര്യം ഒരുക്കേണ്ടത് എല്ലാ ജനവിഭാഗങ്ങളുടേയും ഉത്തരവാദിത്തമാണെന്ന് ബോധ്യപ്പെടുത്തുന്ന നോവലാണ് ” മൗനധ്വനി”. നമുക്കുചുറ്റും നാം നിത്യേന കണ്ടുമുട്ടുന്ന പലരേയും ഈ നോവലിൽ കാണാനാകും. അസാധാരണമായി തോന്നുന്നത് ശിവശങ്കരൻ ,സുബൈർ തുടങ്ങിയവരുടെ സൗഹൃദവും കുടുംബ ബന്ധങ്ങളുമാണ്. മാനവികതയ്ക്ക് പ്രാമുഖ്യം കൊടുക്കുന്ന ചിന്തകളും പ്രവർത്തികളുമാണ് അവരുടേത്.

ഉണ്ണികൃഷ്ണൻ കുണ്ടയത്ത്
ഉണ്ണികൃഷ്ണൻ കുണ്ടയത്ത്

നോവൽ തുടങ്ങുന്നതു തന്നെ ഒരു കൊലപാതകത്തിന്റെ വാർത്തയുമായാണ്. റഹിം എന്നൊരാൾ കൊല്ലപ്പെടുന്നതിൽ നിന്നാണ് നോവൽ ആരംഭിക്കുന്നത്.ഈ നോവൽ 90% സംഭാഷണങ്ങളാണ്. നോവലിസ്റ്റിന്റെ ഇടപെടൽ വളരെ കുറവാണ്. സ്വാഭാവിക സംഭാഷണങ്ങളിലൂടെയുള്ള കഥപറച്ചിലാണ് ഈ നോവലിൽ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. വായനയിൽ കഥാപാത്രങ്ങളുടെ ഭാവഹാവാദികൾ തിരശീലയിലെന്ന പോലെ മുന്നിൽ തെളിയും.

നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന റഹീം എന്ന കഥാപാത്രത്തിന്റെ ചെയ്തികളെ പള്ളിയിലെ ഇമാമിന്റെയും നൗഷാദിന്റേയുമൊക്കെ സഹായത്താൽ ചെറുക്കാൻ ശ്രമിക്കുന്നതാണ് അദ്ദേഹം ഈ നോവലിൽ പറയുന്നത്. SK എന്ന ശ്രീകുമാറിന്റെ രംഗപ്രവേശവും, കവിയായ അദ്ദേഹവും സുബൈദയുമായുള്ള പ്രണയും രതിയും വിരഹവും പ്രതിസന്ധിയുമൊക്കെ അതി മനോഹരമായി വിവരിച്ചിരിക്കുന്നു.

ഇംഗ്ലീഷുപത്രം വായിക്കുന്ന ഒരു ഭ്രാന്തനെ അവതരിപ്പിച്ചു കൊണ്ട് നോവലിൽ ഒരു ട്വിസ്റ്റ് ഉണ്ടാക്കാനും അദ്ദേഹം ശ്രമിച്ച് വിജയിച്ചിട്ടുണ്ട്. ചുറ്റുപാടുമുള്ള സ്ഥലപ്പേരുകളും ഭാഷാശൈലിയും അതുപോലെ സ്വീകരിച്ചു കൊണ്ട് നടത്തിയിട്ടുള്ള പരീക്ഷണം വിജയം കണ്ടതിൽ അദ്ദേഹത്തിന് അഭിമാനിക്കാം.
കഥമുഴുവൻ പറഞ്ഞാൽ വായനക്കാർക്ക്
ആകാംഷ നഷ്ടപ്പെടുമെന്നതിനാൽ അതിന് മുതിരുന്നില്ല . രാത്രി 7 മണിക്ക് തുടങ്ങിയ വായന ഒന്നരയോടെ അവസാനിക്കുമ്പോഴേക്കും റഹിമിന്റെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധത്തിന്റെ ചിന്ത ഒരു പുതുമയായി
ബാക്കിയുണ്ടായിരുന്നു.
മനോഹരമായ രചന നടത്തിയതിന് ശ്രീ Jagadeesh Kovalam ത്തിനും, വായനസുഖത്തിന് അനുയോജ്യമായ രീതിയിൽ പുസ്തകമൊരുക്കിയ “പാപ്പാത്തി പുസ്തകങ്ങൾ” ക്കും അഭിനന്ദനങ്ങൾ.
കവർ ഡിസൈനും അതിമനോഹരം.

Image may contain: 10 people, including Sreemayi Sree and Vinod Vellayani, people smiling, people standing and indoor