കവിബുദ്ധൻ കണ്ണടയ്ക്കുമ്പോൾ

372

Jagadeesh Kovalam എഴുതുന്നു

 

കവിബുദ്ധൻ കണ്ണടയ്ക്കുമ്പോൾ

“ജനയുഗം” വരാന്തപ്പതിപ്പിലേക്ക് വേണ്ടി കവി പഴവിള രമേശന്റെ ഒരു അഭിമുഖം അടിയന്തിരമായി തയ്യാറാക്കണമെന്ന് ഇടക്കുളങ്ങര ഗോപേട്ടൻ നിർദ്ദേശിച്ചതനുസരിച്ചാണ് ഞാൻ 2018 മേയ് മാസത്തിൽ അദ്ദേഹത്തെ ബന്ധപ്പെടുന്നത്. “ആശാന് സൗകര്യമുള്ള സമയത്ത് പോന്നോളൂ.. ഞാനിവിടെന്ന് എവിടെപ്പോകാനാ..” എന്നായിരുന്നു പഴവിളയുടെ മറുപടി.

ജനനം മുതലുള്ള കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും ചോദിച്ചറിയുമ്പോൾ എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ ഓർമ്മശക്തിയാണ്. വ്യക്തികളേയും, പുസ്തകങ്ങളേയും, വർഷങ്ങളേയുമൊക്കെ ഓർത്തെടുക്കാനുള്ള സമയം പോലും പാഴാക്കാതെ അദ്ദേഹം സംഭാഷണത്തിലുടനീളം കൃത്യമായി അവതരിപ്പിച്ചു. പൊള്ളുന്ന ജീവിതാനുഭവങ്ങൾ, പിന്തള്ളിയവർ, ചേർത്തുനിറുത്തിയവർ, അംഗീകരിച്ചവർ, അവഗണിച്ചവർ അങ്ങിനെ നീണ്ടനിര.. അനുഭവങ്ങളുടെ ചുട്ടുപൊള്ളുന്ന തീക്കനലുകൾ, സന്തോഷ മുഹൂർത്തങ്ങൾ തുടങ്ങി നാലുമണിക്കൂറുകൾ കൊണ്ട് തന്റെ ജീവിതത്തെ അദ്ദേഹം ഓർത്തെടുത്ത് എന്നോട് പറയുമ്പോൾ ഒരുവാക്ക് പോലും വഴുതിപ്പോകാതെ അവയെമുഴുവൻ റെക്കോർഡ് ചെയ്യുന്ന തിരക്കിലായിരുന്നു ഞാനും.

ഇടയ്ക്കിടെ അകത്തേയ്ക്ക് നോക്കി “രാധേ..” എന്ന് നീട്ടിവിളിക്കും. ചായയും, കാപ്പിയും, ഗ്രീൻ ടീയും, പലഹാരങ്ങളും ഒക്കെ എന്റെ മുന്നിൽ നിന്ന് ഒഴിയുന്നതനുസരിച്ചാവും ആ വിളി. വിളിയുടെ അർത്ഥം മനസ്സിലാക്കിയതുപോലെ കയ്യിൽ കുടിക്കാനോ, കഴിക്കാനോ എന്തെങ്കിലും കരുതിയാവും ആ അമ്മ കടന്നുവരുന്നതും.

“ജനനം പോലെ, ജീവിതം പോലെ, മരണം പോലെ” എന്ന പുതിയ കവിതാ സമാഹാരം ചിന്ത പബ്ലിഷ് ചെയ്യുന്നതുൾപ്പടെയുള്ള കാര്യങ്ങൾ അദ്ദേഹം പങ്കുവച്ചു. സ്‌ഥലപരിമിതി മൂലം അഭിമുഖത്തിലെ മുഴുവൻ കാര്യങ്ങളും ഉൾപ്പെടുത്തി, ജനയുഗത്തിൽ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞിട്ടില്ല.

മെയ് 20 ന് ജനയുഗം പ്രസിദ്ധീകരിച്ച അഭിമുഖവുമായി അദ്ദേഹത്തെ കാണാൻ പോകുമ്പോൾ കവി Sandeep K Raj ഒപ്പമുണ്ടായിരുന്നു. “നീയില്ലായ്മ എന്ന ഞാനില്ലായ്‌മ” സന്ദീപ് ചൊല്ലിക്കേൾപ്പിച്ചു.

ഇറങ്ങാൻ നേരം അറിയുവാനുള്ള ജിജ്ഞാസയോടെ ഞാൻ ചോദിച്ചു ” സാർ ഒരാത്മകഥ പ്രതീക്ഷിക്കാമോ..” മറുപടി ഇവ്വിധമായിരുന്നു. “ജീവിതത്തിലെ സുപ്രധാന സംഭവങ്ങളൊക്കെ ഇതിനോടകം പല ലേഖനങ്ങളിലായി ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കുറെ ഇനിയും പ്രസിദ്ധീകരിക്കാനുണ്ട്. ബാക്കിയുള്ളവ ഈ അഭിമുഖത്തിൽ ആശാനോട് പറഞ്ഞിട്ടുമുണ്ടല്ലോ..”

ഒരു പക്ഷേ പഴവിളയുടെ അവസാന അഭിമുഖവും അതുതന്നെയായിരിക്കണം. ഇടയ്ക്ക് വിളിച്ചപ്പോൾ ഞാൻ ആവശ്യപ്പെട്ടത് “സാറിന്റെ ജീവചരിത്രം ചെയ്താൽകൊള്ളാമെന്നു ആഗ്രഹിക്കുന്നു” എന്നാണ്. “ആശാൻ വരൂ.. നമുക്ക് ആലോചിക്കാം..” എന്ന മറുപടി ഇപ്പോഴും കാതുകളിൽ അലയടിക്കുന്നു. നാലുമണിക്കൂർ ദൈർഘ്യമുള്ള അദ്ദേഹത്തിന്റെ ഭാഷണം.. മൊബൈലിൽ പകർത്തിയ കുറെ ചിത്രങ്ങൾ.. അതിൽ അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ അടങ്ങിയിരിക്കുന്നു എന്ന ആശ്വാസം എന്നിൽ ബാക്കിനിറുത്തി പഴവിളയെന്ന വിപ്ലവകാരി പടിയിറങ്ങുന്നു..