ഓരോ അരിമണിയിലും അത് കഴിക്കുന്നവരുടെ പേര് എഴുതിവെച്ചിട്ടുണ്ട്, ആര് ? കോർപറേറ്റുകൾ

40

Jagadheesh Villodi 

“दाने दाने पे लिखा है खाने वाले का नाम”
( ഓരോ അരിമണിയിലും അത് കഴിക്കുന്നവരുടെ പേര് എഴുതിവെച്ചിട്ടുണ്ട് എന്ന് നമ്മുടെ വേർഷൻ )

അരിയിലെഴുതി, അരിയുണ്ട്, അരിക്കുട്ടനായിട്ടാണ് മലയാളി വളർന്നുവന്നത്. അതുകൊണ്ടുതന്നെ മലയാളികൾക്ക് അരി ഒരു വികാരമാണ് . നമുക്ക് ഓരോ അരിമണിയിലും എഴുതിയിരിക്കുന്ന പേരുകൾ ഒന്നു വായിച്ചു നോക്കിയാലോ?

ആദ്യം പോകേണ്ടത് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) ഗോഡൗണിലേക്ക് ആണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 38,000 മെട്രിക് ടണ്ണിലധികം ഭക്ഷ്യധാന്യങ്ങൾ ആണ് എലി തിന്നും, പുഴുവരിച്ചും, മഴ പെയ്തും, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം പാഴായത് . 2018-19ൽ 52,13,360 കിലോയിലധികം ഭക്ഷ്യധാന്യങ്ങൾ പാഴായിപ്പോയി. 72,033,224 രൂപയുടെ നഷ്ടം . ആരാണ് ഇതിന് ഉത്തരവാദി?

ഈ കെടുകാര്യസ്ഥതയുടെ അടിവേര് ചികഞ്ഞു പോയാൽ നമ്മൾ എത്തി നിൽക്കുക ക്രോണി ക്യാപിറ്റലിസ്റ്റ് മാളങ്ങളിൽ ആയിരിക്കും.
ഓരോ വർഷവും 2,82,000 കോടി രൂപയാണ് കാർഷിക ഉന്നമനത്തിന്റെ പേരിൽ ഗവൺമെൻറ് ചിലവഴിക്കുന്നത്!!!, എങ്ങോട്ട്, എങ്ങനെയാണ് ഈ പണം പോകുന്നതെന്ന് അറിയാൻ അരിമണിയിലേക്ക് തിരിച്ചുവരാം. കേരളത്തിന്റെ മുഖ്യ ഭക്ഷ്യവിളയാണ് നെല്ല്. 1980 ല്‍ 8 ലക്ഷം ഹെക്ടറായിരുന്ന നെല്‍ വയലുകളുടെ വിസ്തീര്‍ണ്ണം 2015 ആയപ്പോള്‍ 1.96 ലക്ഷം ഹെക്ടറായി ചുരുങ്ങുകയും 1980-ല്‍ 12.9 ലക്ഷം മെട്രിക് ടണ്ണായിരുന്ന നെല്ലുല്പാദനം 2016 ല്‍ 4.37 ലക്ഷം മെട്രിക് ടണ്ണായി കുറയുകയും ചെയ്തു.

സപ്ലൈകോ നെല്ല് സംഭരിക്കുമ്പോൾ കർഷകന് കിട്ടുന്ന 26 രൂപ 30 പൈസയിൽ 17.50 കേന്ദ്രവും 8.80 സംസ്ഥാനവും നൽകുന്നു എന്നതാണ് കണക്ക്. ഈ സബ്സിഡി ആണ് ഭക്ഷ്യസുരക്ഷയുടെ കാതൽ. ഇനി അരിമണിയുടെ കാവൽക്കാർ ആരാണെന്നും കഴുകന്മാർ ആരാണെന്നും നോക്കാം

താങ്ങുവില എന്ന അടിത്തൂൺ.

സർക്കാർ 23 കാർഷിക ഉത്പന്നങ്ങൾക്കാണു താങ്ങു വില പ്രഖ്യാപിച്ചിട്ടുള്ളത്. 7 തരം ധാന്യങ്ങള്‍ (നെല്ല്, ഗോതമ്പ്, മക്കച്ചോളം, കമ്പം, റാഗി, ചോളം, ബാര്‍ലി), 5 തരം പയര്‍വര്‍ഗ്ഗങ്ങള്‍ (ഉഴുന്ന്, ചെറുപയര്‍, കടല, തുവര, മസൂര്‍), 8 തരം എണ്ണക്കുരുക്കള്‍ (നിലക്കടല, സോയാബീന്‍, സൂര്യകാന്തി, എള്ള്, നൈജര്‍, കടുക്, സണ്‍ഫ്‌ളവര്‍, കൊപ്ര), 3 തരം വാണിജ്യ വിളകള്‍ (കരിമ്പ്, പരുത്തി, ചണം). ഈ വിളവുകൾക്കെല്ലാം സർക്കാർ ഏർപ്പെടുത്തിയ താങ്ങു വിലയാണ് കർഷകരുടെ അവസാനത്തെ അത്താണി. എങ്ങനെയെന്നല്ലേ? വിളവെടുപ്പു കാലത്ത് മാർക്കറ്റിൽ വില അങ്ങേയറ്റം കുറവായിരിക്കും. വിളവെടുത്ത ഉൽപ്പന്നങ്ങൾ കർഷകനെ അധികകാലം സംഭരിച്ചു വയ്ക്കാൻ കഴിയില്ല. അവിടെയാണ് മണ്ഡി മാർക്കറ്റുകൾ(സർക്കാർ നിയന്ത്രണത്തിലുള്ള ചന്തകൾ) കർഷകരുടെ രക്ഷകനായി എത്തുന്നത്. എത്ര ഉൽപ്പന്നങ്ങൾ കർഷകരുടെ പക്കൽ ഉണ്ടെങ്കിലും അത് താങ്ങുവില നൽകി സർക്കാർ ഏറ്റെടുത്തേ മതിയാകൂ.
പുതിയ ബിൽ നടപ്പാകുന്നതോടെ മണ്ഡിമാർക്കറ്റ് തന്നെ അപ്രത്യക്ഷമാകും എന്ന് ഉറപ്പ്. പിന്നീട് കോർപ്പറേറ്റുകൾ നിശ്ചയിക്കുന്ന വിലയായിരിക്കും കർഷകന്റെ ഉൽപ്പന്നങ്ങൾക്ക്. ഇതാണ് കർഷകരെ ഭയപ്പെടുത്തുന്നതും സമരത്തിനായി തെരുവിലേക്ക് ഇറക്കുന്നതും.

ലോക വ്യാപാര സംഘടന ഇന്ത്യൻ കർഷകരുടെ മേൽ കണ്ണു വെയ് ക്കുമ്പോൾ.

ലോകത്ത് ഏറ്റവുമധികം ഭക്ഷ്യോൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളിൽ നാലാമതാണ് ഇന്ത്യ. കഴിഞ്ഞ 14 വർഷംകൊണ്ട് ഇന്ത്യയുടെ കാർഷികോൽപ്പാദനം 8700 കോടി ഡോളറിൽനിന്ന് 39700 കോടി ഡോളറിലേക്കെത്തി നിൽക്കുകയാണ്.
വ്യാപാരത്തിന് തുറന്ന മാർക്കറ്റ് എന്ന പ്രഖ്യാപിത ലക്ഷ്യവുമായി പ്രവർത്തിക്കുന്ന ലോക വ്യാപാര സംഘടനയുടെ ഭാഗമായുള്ള Agreement on Agriculture (AoA) പ്രകാരം സബ്സിഡികളും ചുങ്കങ്ങളും കുറച്ചു കൊണ്ടു വരേണ്ടത് അംഗങ്ങളായിട്ടുള്ള 153 രാജ്യങ്ങളുടെ കടമയാണ്. പക്ഷേ ഈ നിയമങ്ങളെല്ലാം ഉണ്ടാക്കിയിരിക്കുന്നത് വികസിതരാജ്യങ്ങളുടെ താല്പര്യങ്ങൾക്ക് അനുസൃതമായിട്ടാണ്.

ഉദാഹരണത്തിന് ഡബ്ല്യുടിഓയുടെ ആംബർ ബോക്സ് എന്ന ഓമനപ്പേരിൽ വിളിക്കുന്ന പല നിറങ്ങളിലുള്ള കെണികൾ ഉണ്ട് . മാര്‍ക്കറ്റിനെ നേരിട്ടു ബാധിക്കാന്‍ സാധ്യതയുള്ള താങ്ങ് വില, കയറ്റുമതി ചുങ്കം, ഇറക്കുമതി ചുങ്കം പോലുള്ള സബ്സിഡികളാണ് ആമ്പര്‍ പെട്ടിയില്‍. നീല, പച്ച പെട്ടികളിലുള്ള സബ്സിഡികള്‍ സ്വതന്ത്ര വ്യാപാരത്തെ നേരിട്ടു ബാധിക്കില്ല എന്നാണ് പൊതുധാരണ! പക്ഷേ യാഥാർത്ഥ്യം അങ്ങനെയല്ല. വികസിത രാജ്യങ്ങളിൽ പലപേരിൽ കനത്ത സബ്സിഡി കർഷകർക്ക് ലഭിക്കുമ്പോൾ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ നീല, പച്ച സബ്സിഡികള്‍ വളരെ കുറവാണ്! കൃത്യമായി പറഞ്ഞാൽ ഒരു അമേരിക്കൻ കർഷകന് പ്രതിവർഷം 5,34,489 രൂപയും, ഒരു യൂറോപ്യൻ യൂണിയൻ കർഷകന് 3,69,271 രൂപയും ലഭിക്കുമ്പോൾ ഒരു ഇന്ത്യൻ കർഷകന് ലഭിക്കുന്നത് വെറും 3610 രൂപയാണ്. അതുതന്നെ കിട്ടിയാലായി.

എന്തുകൊണ്ടാണ് ഹരിയാനയിലും പഞ്ചാബിലെയും കർഷകർ ആദ്യം സമരത്തിനിറങ്ങിയത് ?

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി FDI വഴിയുള്ള സംഭരണത്തില്‍ 45 ശതമാനവും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നാണ് . മാത്രമല്ല, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആകെ ഗോതമ്പു, നെല്ല് ധാന്യങ്ങളില്‍ ഏകദേശം 75 ശതമാനവും FDI സംഭരിക്കാറാണ് പതിവ്. തീര്‍ന്നില്ല, പഞ്ചാബിന്റെ ആകെ കാര്‍ഷിക ഉല്‍പ്പാദനത്തിന്റെ 65 ശതമാനവും ഹരിയാനയുടെ 46 ശതമാനവും നെല്ല്, ഗോതമ്പു എന്നീ രണ്ടു വിളകള്‍ മാത്രമാണ്. ചുരുക്കത്തില്‍ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ സർക്കാര്‍ സംഭരണത്തെയും കുറഞ്ഞ താങ്ങ് വിലയെയും അത്ര കണ്ട് ആശ്രയിക്കുന്നു.

സര്‍ക്കാര്‍ മണ്ഡി സംവിധാനവും കമ്മിഷൻ ഏജന്റുമാരും.

സർക്കാർ ഇപ്പോൾ പറയുന്ന ഈ ഇടനിലക്കാരാണ് കർഷകനും FDI ക്കും ഇടയിലുള്ള ചങ്ങലക്കണ്ണികൾ. 2.5% മാത്രമാണ് അവരുടെ കമ്മീഷൻ. അതും സർക്കാർ കൊടുക്കും ഇതിൽ പോരായ്മകൾ ഉണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഹരിതവിപ്ലവം ഏറ്റവുമധികം നേട്ടമുണ്ടാക്കിയ ഈ സംസ്ഥാനങ്ങളിലെ മാര്‍ക്കറ്റ് സംവിധാനം തകരുമെന്നതിനാലാണ് കര്‍ഷകര്‍ ഇത്രയധികം രോഷം പ്രകടിപ്പിക്കുന്നത്.സ്വകാര്യകുത്തകകള്‍ ഭഷ്യവിപണിയിൽ ഇടപെട്ടാൽ എന്തു സംഭവിക്കും?
ഒരു കിലോ ഉള്ളിയുടെ വില നോർത്ത് ഇന്ത്യയിലും കേന്ദ്രത്തിലും ഭരണകൂടങ്ങളെ തന്നെ അട്ടിമറിക്കാൻ പര്യാപ്തമാണ്. ഉള്ളിവില വർധിപ്പിച്ചപ്പോൾ ഇവിടെയാണ് കേന്ദ്രം പുറം രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തും, ഉള്ളി കയറ്റുമതി നിരോധിച്ചും വില പിടിച്ചുനിർത്തിയത് .

അരിയെവിടെ? തുണിയെവിടെ? പറയൂ പറയൂ നമ്പൂരീ…. എന്ന മുദ്രാവാക്യം കേരളത്തിന്റെ തെരുവുകളിൽ മുഴങ്ങിയത് ഇഎംഎസിൻറെ ഭരണകാലത്ത് ഭക്ഷ്യക്ഷാമവുമായി ബന്ധപ്പെട്ടായിരുന്നു. ഇനിയൊരു ഭക്ഷ്യക്ഷാമം വന്നു എന്നു കരുതുക, പുതിയ കാർഷിക ബിൽ അനുസരിച്ച് അരി ഗോഡൗണിന്റെതാക്കോൽ കോർപ്പറേറ്റുകളുടെ കയ്യിൽ തന്നെയായിരിക്കും. ഗവൺമെന്റിന് ഇടപെടാൻ പരിമിതികളുണ്ടാകും.അരിമണിയിൽ പേര് എഴുതുന്ന ജോലി സ്വകാര്യ കുത്തകകളുടെ കൈയിൽ ആയിരിക്കും എന്ന് ചുരുക്കം