അശ്വാരൂഢൻ – യുദ്ധക്കളത്തിലേക്കൊരു കുതിരയോട്ടം
Jagath Jayaram
“നിൻ്റെ ശത്രു നീ തന്നെയാണ്.കണ്ണടച്ചു വേണോ മാർത്താണ്ടാ നിനക്ക് ഇരുട്ടിലെത്താൻ?നീ തന്നെ കൂരിരുട്ടല്ലേ?നിൻ്റെ ചുറ്റിലും മനസ്സിലും ഇരുട്ടല്ലേ? കരിപ്പുകയിൽ ഒടുങ്ങുമ്പോൾ നീ അലറിക്കരയും.അതെനിക്ക് കേൾക്കണം.പലരുടെയും സ്വപ്നങ്ങൾ കരിച്ചു കളഞ്ഞ നീ കത്തിയൊടുങ്ങുമ്പോൾ അരികത്ത് നിന്ന് എനിക്ക് കാണണം.സരതുഷ്ട്രന്മാരുടെ സൂര്യതേരാളിയായ മിത്രദേവൻ പറഞ്ഞത് പോലെ യുദ്ധക്കളത്തിൽ ശത്രുക്കളാൽ വളയപ്പെടുമ്പോൾ നീ എന്നെ വിളിക്കുക.അപ്പോൾ ആ നിലവിളി എനിക്ക് കേൾക്കാം”
“കളി തുടങ്ങിയാൽ പിന്നെ മാങ്കോയിക്കലെന്നോ പെരുമ്പെടപ്പെന്നോ ഞാൻ നോക്കാറില്ല.വെട്ടിത്തെളിക്കും ഞാൻ എല്ലാറ്റിനെയും,ഇതാ നിങ്ങൾ കരിച്ചു കളഞ്ഞ സ്വപ്നം,സൂക്ഷിച്ചു വച്ചോ,നെറ്റിയിൽ ചൂടാൻ ബുദ്ധിമുട്ടാണെങ്കിൽ വെള്ള പൊതപ്പിക്കുമ്പൊൾ കൊടയാൻ ഇവനെ ഏൽപ്പിച്ചാൽ മതി”
– പൂമഠംത്തിൽ വീരഭദ്രൻ
കൾട്ട് ക്ലാസിക്ക് (ആ term തെറ്റാണെങ്കിൽ തിരുത്താം) അഭിമാന പുരസ്സരം ചേർത്ത് വെക്കാവുന്ന ഒരു ചിത്രം,മുൻപും ഈ സിനിമയെപ്പറ്റി വളരെ വിശദമായിത്തന്നെ എഴുതിയിരുന്നു.ജയരാജിൻ്റെ ഈ സിനിമയെക്കുറിച്ച് ആരും കാര്യമായി ഒന്നും എഴുതിക്കണ്ടില്ല എന്നുള്ളതും എഴുതാൻ പ്രേരണയായി എന്നതാണ് സത്യം.അറിയുന്തോറും അകലുന്ന മഹാസാഗരമായാണ് പിൽക്കാലത്ത് തോന്നിയിട്ടുള്ളത്.അതിന് കാരണം ചരിത്രത്തിൽ നിന്നും പുരാണത്തിൽ നിന്നും മാർത്താണ്ഡൻ quote ചെയ്യുന്ന ചില ശ്ലോകങ്ങൾ, സംഭവങ്ങൾ എന്നിവ ഉദാഹരണം.തിയേറ്ററിൽ അന്നത്തെക്കണക്കിൽ ഒരു പത്തിരുപത്തെട്ട് ദിവസം ഓടിയിരുന്നു എന്നാണോർമ്മ.ഇന്നാണെങ്കിൽ മുപ്പത് ദിവസം ഓടിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റായേനെ.ഇതിനെക്കുറിച്ച് പറയുമ്പോൾ സാധാരണയായി കണ്ടു വരുന്ന സുരേഷ് ഗോപി മാസ് സിനിമകളുടെ ഒരു ശ്രേണിയിലേക്ക് പെടുത്താവുന്ന സിനിമയേയല്ല അശ്വാരൂഢൻ എന്ന് തോന്നാറുണ്ട്.സബ്ജെക്ട് വൈസ് നോക്കിയാലും ഇതിന് പകരം വെപ്പാൻ ഇത് മാത്രം എന്ന് തോന്നിപ്പിക്കുന്ന,ഒരു പ്രത്യേക ഗണത്തിൽ പെടുന്ന,ഒരു unique കൾട്ട് ഐറ്റം.ഇത്തരമൊരു thread ജയരാജും തിരക്കഥാകൃത്തും കൂടി എവിടെ നിന്നാണ് കടം കൊണ്ടത്,വികസിപ്പിച്ചെടുത്തത് എന്നും തോന്നിപ്പോവും.പൊതുവെ വില്യം ഷേക്സ്പിയർ രചനകളുടെ “ചലച്ചിത്ര രൂപാന്തരം” വിട്ട് മറ്റൊരു പരിപാടിയുമില്ല എന്ന തരത്തിൽ സിനിമകൾ എടുത്തയാളുമാണ് ജയരാജ്.അത്തരമൊരു ഇൻസ്പിറേഷനോ കടമെടുക്കലോ കടം കൊളളലോ ഇതിന് പിറകിലുമുണ്ടായിരുന്നിട്ടുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.ജൂലിയസ് സീസറുടെ കൂടെ നടന്ന് കൊണ്ട്,പിന്നാമ്പുറത്ത് നിന്ന്,നേർക്ക് നേരെയല്ല,കളം മാറ്റി ചവിട്ടി ശത്രു പക്ഷമായ കാഷ്യസിനോട് ചേർന്ന് കുത്തിയ ബ്രൂട്ടസിനെ അനുസ്മരിപ്പിക്കുന്നു ഇതിലെ ടി ജി രവിയുടെ കഥാപാത്രം കണാരൻ.വാഴമലയെന്ന ഏക്കർ കണക്കിനുള്ള സ്ഥലത്തിൻ്റെ പേരിലുള്ള ഉടമസ്ഥാവകാശത്തെച്ചൊല്ലി വിശ്വനാഥനും മാങ്കോയിക്കൽ കുറുപ്പന്മാരും തമ്മിലുള്ള തർക്കത്തിൽ ഒരു mediator ആയി നിന്ന് മുപ്പത് വർഷം വിശ്വനാഥൻ്റെ കൂടെ നിന്ന് അവസാന നിമിഷം ഒറ്റിക്കൊടുത്ത ചതിയൻ (പകരം മാങ്കോയിക്കൽ കുറുപ്പന്മാരോട് അവകാശപ്പെട്ടതോ,വാഴമലയുടെ നേർപാതി).ശത്രുവിന് നേരെ തൊടുത്തു വിടുന്ന ആയുധം ഒരു ബൂമറാങ്ങ് പോലെ തിരികെ വന്ന് തൊടുത്തവനെ തന്നെ തട്ടുന്ന ഏർപ്പാട് (വാളെടുത്തവൻ വാളാൽ) ഇവിടെ ആനക്കൊമ്പ് ഉപയോഗിച്ചാണെന്ന് മാത്രം.
സാധാരണ നമ്മുടെ കേരളത്തിന്റെ ആ ഒരു പഴമ,ആ ഒരു തനിമ,ആ ഒരു ” പൈതൃകം ” ഒക്കെ പുറത്തേക്ക് വരണമെങ്കിൽ സാക്ഷാൽ ജയരാജ് തന്നെ വരണം.അങ്ങനെ വന്നതിന്റെ ഫലമായി ഉണ്ടായ ഒരൈറ്റമാണ് ഇത്.ഇവിടെ പുരാണത്തിലെ വീരഭദ്രനുമായി കൂട്ടിക്കെട്ടാനാണ് ജയരാജ് ശ്രമം നടത്തിയത്.ശിവൻ്റെ രൗദ്ര അവതാരമാണ് വീരഭദ്രൻ.ശിവപത്നിയായ സതീദേവി പിതാവായ ദക്ഷൻ നടത്തിയ യജ്ഞത്തിൽ വച്ച് അപമാനം മൂലം അഗ്നിപ്രവേശം ചെയ്തതറിഞ്ഞ ശിവന്റെ കോപത്തിൽ നിന്നാണ് വീരഭദ്രൻ ജനിക്കുന്നത്.തുടർന്ന് വീരഭദ്രൻ ദക്ഷനെ വധിക്കുകയും യാഗശാല തകർക്കുകയും ചെയ്തു എന്നാണ് പുരാണം.സൂര്യനെ അണിഞ്ഞ സ്ത്രീ എന്നൊക്കെ പറയുമ്പോലെ സൂര്യനെ അണിഞ്ഞ പുരുഷൻ (വളരെ ശ്രദ്ധിച്ചു നോക്കിയാൽ ഓം സൂര്യായ നമ: എന്ന് വീരഭദ്രൻ പറയുന്നത് കാണാം. വീരഭദ്രൻ ധരിച്ച മാലയും മോതിരവും,ഈ മോതിരത്തിൽ മുത്തി ഓം സൂര്യായ നമ: എന്ന് വീരഭദ്രൻ സൈലൻ്റായി പറയുന്നത് കാണാം).നരസിംഹം എന്ന സിനിമയിൽ അമ്മ മടിയിൽ കിടത്തിപ്പറഞ്ഞു തന്ന പുരാണ കഥയെപ്പറ്റി ഇന്ദുചൂഢൻ വിവരിച്ചതിന് പിന്നാലെ ജസ്റ്റിസ് മാറഞ്ചേരി പറയുന്നുണ്ട്.” അന്ധമായ പുത്ര സ്നേഹം ദേവേന്ദ്രനെ യാചക വേഷം കെട്ടിച്ച് “സൂര്യപുത്രനായ കർണ്ണൻ്റെ” മുമ്പിലെത്തിച്ചിട്ടുണ്ട്.അർജുനനെ കർണ്ണൻ വധിക്കാതിരിക്കാൻ “കർണ്ണൻ്റെ ശക്തി സ്രോതസ്സുകളായ കവച കുണ്ഡലങ്ങൾ” എരന്നു വാങ്ങാൻ പോയ ദേവരാജാവിൻ്റെ കഥയും കേട്ടു കാണും.സ്വന്തം യൗവനം ദാനം കൊടുത്ത് അച്ഛൻ്റെ ജരാനരകൾ സ്വീകരിച്ച മകൻ്റെ കഥയല്ല,പകരം സ്വന്തം യൗവ്വനം എറിഞ്ഞുടച്ച് ആറ് വർഷം അച്ഛനേയും അമ്മയേയും കരയിച്ച മകനാണ്”.അതുപോലെ,അതിൻ്റെ മറ്റൊരു പതിപ്പാണിത്.
“അശ്വാരൂഢൻ “എന്നാണ് വെപ്പ് എങ്കിലും കുതിരപ്പുറത്തൊന്നും അയാൾ വരാറില്ല.പിന്നെ എങ്ങനെയാണാവോ അശ്വാരൂഢൻ എന്ന പേര് ഈ ചിത്രത്തിന് വന്നത്.ഒരു കുതിരയെ വീട്ടിൽ വളർത്തുന്നതായി ഫ്രെയിമിൽ കാണാം.ഈ സിനിമയുടെ പേര് ഉച്ചരിക്കുമ്പോൾ വല്ലാത്ത കടുപ്പം തോന്നുന്നുണ്ടെങ്കിൽ ഇതിൻ്റെ ഇംഗ്ലീഷ് പരിഭാഷ വായിച്ചാൽ മതി.”Equestrian”.അതിനേക്കാൾ അനായാസേന വായിച്ചെടുക്കാം.എന്തായാലും ഒരു കുതിരയെ നന്നായി പരിപാലിക്കുന്നുണ്ടെന്നും കുതിരപ്പുറത്തേറുന്നുണ്ട് എന്നതും ഗാന ചിത്രീകരണത്തിൽ നിന്ന് മനസ്സിലാക്കാം.
അലക്സാണ്ടർ ചക്രവർത്തിയുടെ പഴയ ഒരു കഥ ഓർമ്മ വരുന്നു.എത്ര ശ്രമിച്ചിട്ടും മെരുങ്ങാത്ത ഫിലിപ്പ് രാജാവിൻ്റെ കുതിരയെ ബാലനായ അലക്സാണ്ടർ മെരുക്കിയ കഥ.പലരും ശ്രമിച്ചിട്ടും മെരുങ്ങാത്ത കുതിരയെ വെച്ച് അലക്സാണ്ടർ കുതിര സവാരി നടത്തി.സവാരിക്ക് ശേഷം കുതിരപ്പുറത്ത് നിന്നിറങ്ങിയ അലക്സാൻഡർ രാജാവിനോടായി പറഞ്ഞത് ഇത്രമാത്രം.സ്വന്തം നിഴൽ കണ്ട് ഭയപ്പെട്ടതിനാലാണ് കുതിര മെരുങ്ങാത്തത്.തിരിച്ച് നിർത്തിയപ്പോൾ കുതിരക്ക് നിഴൽ കാണാൻ കഴിയാതെയായി.അപ്പോളാണത് ശാന്തമായി നിന്നത്.പടക്കുതിരയെ ഭയലേശമില്ലാതെ യുദ്ധക്കളത്തിലേക്കിറക്കാൻ പ്രാപ്തനായവനാരോ അവനാണ് യഥാർത്ഥ അശ്വാരൂഢൻ.കുതിര കരുത്തിൻ്റെ പ്രതീകമാണ്.സാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കാനും വേട്ടയാടാനും ലോകം കീഴടക്കാനും മനുഷ്യന് കൂട്ടുനിന്ന ജീവിയായിട്ടാണ് ചരിത്രത്തിൽ കുതിരയുടെ സ്ഥാനം.ഉടമസ്ഥന് വേണ്ടി എത്ര ദൂരം വേണമെങ്കിലും ഓടാനും വന്ന വഴി മറക്കാതെ പഴയ സ്ഥാനത്ത് തിരിച്ചെത്തിക്കാനുമുള്ള അപാരമായ ഓർമ്മശക്തിയുള്ള ജീവിയായത് കൊണ്ടു കൂടിയാവണം മനുഷ്യൻ കുതിരകളെ തിരഞ്ഞെടുത്തത്.ഇവിടെയും അതു തന്നെ.അപ്പോൾ അതിലേറുന്നവൻ്റെ കരുത്തിൻ്റെയും ബുദ്ധിയുടെയും കാര്യം പറയണോ?
വീരഭദ്രൻ, He has a little something, that no one else have .But my guiding rule is never to be conquered by a person or events.അഥവാ സ്വന്തം guiding rule നെ തകർക്കാൻ ഒരു വ്യക്തിയേയോ സംഭവത്തേയോ അനുവദിക്കില്ല എന്ന്.
” ഉടജങ്ങളിൽ മരവൂരി ധരിച്ചു കുരുത്തോലിലിരിക്കുന്ന മനസ്സിലിപ്പോഴും ജപമാലയിലെ രുദ്രാക്ഷമണികൾ ഉരുളുകയല്ലേ?”
വജ്രത്തിലും കഠിനമാകുവാനും പൂവിലും മൃദുലമാകാനും അറിയാം. പിച്ച് ബ്ലെൻഡിൽ നിന്ന് റേഡിയം വേർതിരിച്ചെടുക്കുമ്പോൾ മാഡം ക്യൂറിയുടെ മനസ്സ് മന്ത്രിച്ചതാ.ആ ഒരു Explosive Fire & Power ഉളളിൽ കൊണ്ട് നടക്കുന്നവനാണ് താനെന്ന് മാർത്താണ്ഡൻ.
മാർത്താണ്ഡൻ്റെ ബാക്ക് സ്റ്റോറിയിലേക്ക് പോകാം.വാഴമലയുടെ പാതി ചോദിച്ചതിന് മാങ്കോയിക്കൽ കുറുപ്പന്മാർ തീയിട്ടു കരിച്ച, മരണത്തിൽ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ കണാരൻ്റെ പുത്രൻ.വീരഭദ്രൻ്റെ ഭാഷയിൽ പറഞ്ഞാൽ തിരുവള്ളൂർ പാടത്തവതരിച്ച പുതുപ്പണക്കാരൻ.മൈസൂരിലെ ഗുണ്ടൽപ്പേട്ടിലും മഹാലക്ഷ്മിലെ ഔട്ട് ഹൗസിലും തെണ്ടിത്തിരിഞ്ഞ് കള്ളക്കടത്തും കരിഞ്ചന്തയ്ക്കും കൂട്ടുനിന്ന് കൊന്നും കവർന്നും കച്ചവടം ചെയ്തും സമ്പന്നനായി.കണ്ണിൽക്കണ്ടതെല്ലാം സ്വന്തമാക്കണമെന്ന് അതിമോഹിയായ മാർത്താണ്ഡന് നിർബന്ധമായിരുന്നു.കോലോത്ത് നമ്പ്യാരോട് മാണിക്കോത്ത് വിലയ്ക്ക് വാങ്ങിയപ്പോൾ “മാണിക്കോത്ത് മാർത്താണ്ഡനായി “.ചോദിച്ചതിൻ്റെ ഇരട്ടി ചോദിച്ച് മാങ്കോയിക്കൽ കുറുപ്പന്മാരുടെ കൈയ്യിൽ നിന്ന് വാഴമല വാങ്ങി.പാഴ്മരങ്ങളെന്ന വ്യാജേന ആനക്കയം കൂപ്പും ലേലത്തിനെടുത്തു. ഇതേ അത്യാഗ്രഹിയായ മാർത്താണ്ഡൻ തന്നെയാണ് ദു:ർഘടമായ ഒരു സാഹചര്യത്തിൽ വീരഭദ്രനെ പരിഹസിക്കുന്നത്. അതിങ്ങനെയായിരുന്നു.
” മനസ്സും ആവനാഴിയും ഒഴിഞ്ഞാൽ പിന്നെ വാനപ്രസ്ഥം.ഭിക്ഷയെടുക്കാമെന്ന് ശാസ്ത്രം ണ്ട്.അമിത മോഹികളുടെ അന്ത്യം അല്ലെങ്കിലും ഇങ്ങനെയാ.പറന്നേറാൻ ചില്ലകളെത്രയായിരുന്നു വിരിച്ചു വെച്ചത്. എല്ലാം കരിഞ്ഞൊണങ്ങി”.
വരുമോരോദശ വന്ന പോൽ പോവും.
ഒരു പ്രതിസന്ധി ഘട്ടത്തിൽ വീരഭദ്രൻ തളർന്ന് പോയപ്പോൾ അദ്ദേഹത്തെ വേണ്ട വിധം തിരിച്ചറിയാൻ ആവതില്ലാതെ പോലെ സഹായികളെയും കൂട്ടുകാരെയും പോലെ തന്നെ പെരുമാറുന്നു അമ്മയും.അതിൻ്റെ കുറ്റബോധം കാരണം സാന്ത്വനിപ്പിക്കാൻ അമ്മ മുതിർന്നപ്പോൾ വീരഭദ്രൻ പറയുന്ന ആ ഒരു മറുപടി.തഥവസരത്തിൽ പറയുന്ന ഈ മറുപടിയാണ് സത്യത്തിൽ എന്നെ അസ്ഥപ്രജ്ഞനാക്കിയത്.ഇതിങ്ങനെയായിരുന്നു.
“തേജോദ്വയങ്ങൾക്കുദയക്ഷയങ്ങൾ, ഈ ജീവികൾക്കൊരു നിദർശനമെന്ന പോലെ. സൂര്യനും ചന്ദ്രനും ഉദയവും അസ്തമയവും പോലെ.സുഖ ദു:ഖങ്ങൾ മാറി മാറി വരും, ജീവിതത്തിൽ”
ശിഷ്യഗണങ്ങളുമായി ഒരു ജീപ്പിലാണ് പൂമഠംത്തിൽ വീരഭദ്രൻ വരാറ്. അവർ നാലു പേർ,ഭാസ്ക്കരൻ,ചന്ദ്രൻ,ദിവാകരൻ,രാഘവൻ ഇടത്തും വലത്തുമുണ്ട്.അച്ഛന്റെ വഴിയിൽ ജീവിച്ച,അച്ഛൻ്റെ അതേ പാത പിന്തുടർന്ന ഒരു മകൻ,ഇടയ്ക്കെപ്പോഴോ സ്വന്തം സാമ്രാജ്യം പടുത്തുയർത്തി അതിൻ്റെ പുറത്ത് കസേരയിട്ടിരുന്ന ദേവർമഠം നാരായണനെ (പ്രജാപതി)എവിടെയെങ്കിലും അനുസ്മരിപ്പിച്ചെങ്കിൽ തെറ്റ് പറയാനാകില്ല.നീതിന്യായത്തിൽ ഞാൻ പറയുന്നതിനപ്പുറം ഇവിടെ മറ്റൊരു വാക്കില്ല.അഥവാ ആരെങ്കിലും എതിർത്ത് പറഞ്ഞാലും അതിനും മുകളിൽ നിൽക്കും തൻ്റെ വാക്കും പ്രവൃത്തിയും.നീതിയും ന്യായവും ഇദ്ദേഹത്തിൻ്റെ വഴിക്ക് നടപ്പിലാക്കും.ആ ഒരു പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന,തലമുറ തലമുറയായി കൊണ്ടു നടക്കുന്ന ഗണത്തിൽപ്പെടുന്നവനാണ് ഇതിലെ വീരഭദ്രൻ.കുതിരപ്പുറത്തൊന്നും അയാൾ വരാറില്ല എന്ന് മുന്നേ പറഞ്ഞു.കുതിരയുടെ ചെറിയ ഒരു പ്രതിമ ജീപ്പിന്റെ പുറത്തു പിടിപ്പിച്ചു വെച്ചിട്ടുണ്ട്. ജീപ്പ് വരുമ്പോൾ അതിലോട്ട് ക്യാമറ ഫോക്കസ് ചെയ്യും.പിന്നെ ഈ സിനിമയുടെ പശ്ചാത്തലം എവിടെ,ഏത് ജീവിത പരിസരത്ത് എന്നത് അത്ഭുതമാണ്.ഇത് ഈ കേരളത്തിൽ തന്നെയോ നടക്കുന്നത് എന്ന് സംശയം.പക്ഷേ ആണെന്ന് തന്നെ ഉറപ്പിക്കാം.പക്ഷേ ഏതോ ഗുദാമിലാണ് കഥ നടക്കുന്നത്.വാഴമലയും അതിരാണിപാടവും തിരുവള്ളൂർ പാടവും ആമ്പല്ലൂർ പാടവും കേരളത്തിലാകാൻ തന്നെയാണ് സാധ്യത.ഒരു കാലത്ത് ഇതൊക്കെ ഉള്ളം കയ്യിൽ കൊണ്ടു നടന്നവരാണ് മാങ്കോയിക്കൽ കുറുപ്പന്മാർ.മാങ്കോയിക്കൽ കുറുപ്പന്മാർ ജ്യേഷ്ഠാനുജന്മാരായി മൂന്നു പേരുണ്ട്.വാസുക്കുറുപ്പ്,കൃഷ്ണക്കുറുപ്പ്,നാരായണക്കുറുപ്പ്.രക്ത ബന്ധം പരിശോധിക്കുകയാണെങ്കിൽ വീരഭദ്രൻ്റെ സ്വന്തം അമ്മാവന്മാരായി വരും ഈ പ്രമാണികൾ.ഈ കുറുപ്പന്മാരുടെ കൈയ്യിലുള്ള,വാഴമലയെന്ന സ്ഥലത്തിൻ്റെ അവകാശത്തെപ്പറ്റിയുള്ള തർക്കവും,അത് അവിടെത്താമസിക്കുന്ന കുടിക്കിടപ്പുകാർക്ക് അനുവദിച്ചു കൊടുക്കാൻ വീരഭദ്രൻ നടത്തുന്ന ശ്രമങ്ങളും ആ വീരഭദ്രനെ തകർക്കാൻ കുറുപ്പന്മാർ മാർത്താണ്ഡനുമായി കൈകോർത്ത് നടത്തുന്ന നീക്കങ്ങളുമാണ് മൊത്തത്തിൽ അശ്വാരൂഢൻ,കാലങ്ങൾക്ക് മുന്നേ വീരഭദ്രൻ്റെ അച്ഛനെ വസ്തു കൈമാറ്റത്തിൽ ചതിയിൽ പെടുത്തി കൊന്നുകളഞ്ഞ അതേ “ബ്രൂട്ടസ്”കണാരൻ്റെ വിത്തായ മാർത്താണ്ഡനാണ് ഇവിടെ പ്രതിയോഗി.കാലം കണാരനെ ഒരു കട്ടിലിൽ കിടത്തി നരകിപ്പിച്ചെങ്കിലും അച്ഛൻ്റെ ആ സ്വപ്നം നടപ്പാക്കാൻ ഇറങ്ങിയവനാണ് മാർത്താണ്ഡൻ.
“വാഴമലയുടെ നെറുകയിൽ അംഗരാജാവിൻ്റെ മണിമേട പോലെ ഒരു കൊട്ടാരം ഞാൻ പണിയും.തിരുവള്ളൂർ പാടത്തിൻ്റെയും ആമ്പല്ലൂർ പാടത്തിൻ്റെയും പച്ചപ്പിലേക്ക് തുറക്കുന്ന കിളിവാതിലിനരികിൽ സപ്രമഞ്ചത്തിൽ അച്ഛനെ ഞാനിരുത്തും.കിളിവാതിലിലൂടെ നോക്കിയാൽ ചണവും ചഞ്ചല്യവും കൊണ്ട് പണിത കൂരകൾ കാണാം.ആ ജതിഗ്രഹങ്ങൾ കത്തിയെരിഞ്ഞമരുന്നത് അച്ഛന് കാണാം.അരക്കില്ലം ഉരുകിയൊഴുകുന്നത് പോലെ എരിഞ്ഞടങ്ങുന്നത് അച്ഛന് കാണണ്ടെ?വെന്തു തീരുമ്പൊ ജനിത പക്ഷികളുടെ നിലവിളി പോലെ കരിഞ്ഞൊടുങ്ങുന്ന ശബ്ദം അച്ഛന് കേൾക്കണ്ടെ?യാഗാശ്വം പുറപ്പെടുന്നതിന് മുമ്പ് സാമന്ത രാജാവിനെ നശിപ്പിക്കണം.”
” രജപുത്ര സിംഹങ്ങൾ മേഞ്ഞു നടന്ന മേവോറിലേയും ചിത്തോറിലെയും രണാങ്കണങ്ങളിൽ കത്തിപ്പടർന്ന സംഗ്രാമസിംഹനും റാണാ പ്രതാപനും പോർക്കവചവും ആത്മവീര്യവുമായത് അവരുടെ കൈകളിൽ ഉയർത്തിപ്പിടിച്ച ആയുധങ്ങളായിരുന്നില്ല. കുതിച്ചു പായുന്ന അശ്വങ്ങളുമായിരുന്നില്ല.അവർ പോർക്കളത്തിൽ പറന്നു പടവെട്ടുമ്പോൾ മനസ്സിനും ശരീരത്തിനും കരുത്തു പകർന്നത്
നിറകണ്ണുകളോടെ ആത്മവീര്യത്തോടെ അവരെ യുദ്ധക്കളത്തിലേക്ക് പറഞ്ഞയച്ച ആയിരമായിരം പത്മിനിമാരുടെ ആത്മതേജസ്സായിരുന്നു”
ബ്രാഹ്മണ്യത്തിൻ്റെ ചങ്ങലകളിൽ നിന്നും സ്വയം പൊട്ടിച്ചിറങ്ങി വന്ന സീതാലക്ഷ്മിയുമായി വീരഭദ്രൻ കൈകോർത്തപ്പോൾ,ശക്തി പതിന്മടങ്ങായപ്പോൾ മാർത്താണ്ഡൻ മാങ്കോയിക്കൽ കുറുപ്പന്മാരുടെ സദസ്സിൽ പറയുന്ന സംഭാഷണ ശകലങ്ങളാണ് മുകളിൽ പറഞ്ഞവ.ഒരു ബ്രാഹ്മണബാലനാണെന്ന് കള്ളം പറഞ്ഞ് പരശുരാമനിൽ നിന്ന് ആയുധവിദ്യ പഠിച്ച കർണ്ണൻ ആളൊരു ക്ഷത്രിയനാണെന്ന് മനസിലായപ്പോൾ “നീ പഠിച്ച വിദ്യകളൊന്നും വേണ്ട സമയത്ത് പ്രയോജനപ്പെടാതെ പോകട്ടെ “എന്ന് ശപിച്ചത് വീരഭദ്രനുമായി കൂട്ടിവായിക്കാവുന്നതാണ്.വിവാഹത്തിന് മുമ്പ് കുന്തിക്ക് സൂര്യഭഗവാനിൽ ജനിച്ച പുത്രനായിരുന്നു കർണ്ണൻ.വീരഭദ്രൻ ഓം സൂര്യായ: നമ എന്ന് ഉദ്ധരിച്ചത് എന്തുകൊണ്ടാണ് എന്ന് ഇപ്പോൾ വ്യക്തമായിക്കാണുമല്ലോ. കവചകുണ്ഡലഭൂഷിതനായ പുത്രനെ ഒരു പെട്ടിയിലാക്കി യമുനാനദിയിൽ ഒഴുക്കി വിടുകയും അതിരഥൻ്റെ കൈയ്യിലെത്തിപ്പെടുകയും ചെയ്തു എന്നത് മറ്റൊരു സംഭവം.
വീരഭദ്രൻ്റെ വരവിനെ കുതിരയിലേക്ക് ഫോക്കസ് ചെയ്തത് പോലെ കുറുപ്പന്മാരെയും അവരുടെ സദസ്സിനെയും അവരുടെ വീടിനെയും പ്രതിനിധാനം ചെയ്യുന്നത് ചുമരിൽ തറച്ചു വെച്ച കാളത്തലയോ മറ്റോ ആണ്.അത് ഒളിപ്പിച്ചു വച്ച മറ്റൊരു ജയരാജ് ബ്രില്യൻസ്!
തീപ്പൊരി തമ്പിയേയും പുലിവാസുവിനേയും ചെന്നൈ സിംഹം വീരമണിയേയും കൃഷ്ണൻ മാഷേയും കടവത്തൂർ മൊയ്തു ഹാജിയേയും കൂട്ടുപിടിച്ച് വീരഭദ്രന് മേൽ ജയം കണ്ടെത്താൻ മാർത്താണ്ഡനും മാങ്കോയിക്കൽ കുറുപ്പന്മാരും നടത്തുന്ന കിടമത്സരത്തിൻ്റെ അവസാനം ആനക്കൊമ്പ് തറഞ്ഞു കയറി മരണം വരിക്കുന്ന കണാരനിൽ നിന്നും മാർത്താണ്ഡനിൽ നിന്നും ഒരു വിജയിയെപ്പോലെ നടന്നു പോകുന്ന വീരഭദ്രനിലാണ് സിനിമ അവസാനിക്കുന്നത്.
സിനിമയുടെ പാട്ടുകളിലേക്ക് വരികയാണെങ്കിൽ അഴകാലില എന്ന പാട്ട് ആ സമയത്ത് വളരെ പോപ്പുലറായിരുന്നു. മറ്റൊരു പാട്ടും നന്നായിരുന്നു എന്നാണ് അഭിപ്രായം.
പഴയ കാല സിനിമകളിലെ വില്ലന്മാരെയെല്ലാം ഒരുമിച്ചു ഒരു പടത്തിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്നതാണ് മറ്റൊരു പ്രത്യേകത.പ്രത്യേകിച്ച് ജോണിവാക്കറിലെ സ്വാമി(മാങ്കോയിക്കൽ കുറുപ്പന്മാരിലൊരാൾ),സ്ഫടികത്തിലെ തൊരപ്പൻ ബാസ്റ്റിൻ(പുലി വാസു),സ്ഫടികം ജോർജ്ജ്(തീപ്പൊരി തമ്പി) എന്നിവരാണവർ.
വീരഭദ്രനിലേക്ക് വരാം.
വിനോദയാത്രയിൽ നെടുമുടി വേണു ചെയ്ത കഥാപാത്രം പറഞ്ഞ പോലെ,എത്ര വലിയ നിരപരാധിയെയും വീരഭദ്രൻ ശിക്ഷിച്ചിരിക്കും.ശിക്ഷിക്കേണ്ടവനെ അയാൾ രക്ഷിച്ചുമിരിക്കും,ആരാണോ അയാളെ ആദ്യം അഭയം പ്രാപിക്കുന്നത്,അവൻ എത്ര വലിയ നിരപരാധിയായാലും ശരി,അപരാധിയായാലും ശരി,ഇടം വലം നോക്കാതെ രക്ഷിച്ചിരിക്കും ടിയാൻ,ഒരു വാക്ക് കൊടുത്താൽ അതാണ് ധനം,പറയുന്നതേ ചെയ്യു,ചെയ്യുന്നതേ പറയൂ. മൂപ്പരുടെ അച്ഛനും അങ്ങനെ തന്നെയായിരുന്നു.കുല പാരമ്പര്യത്തിൽ അടിയുറച്ചു വിശ്വസിക്കുകയും അതിൻ്റെ യുദ്ധധർമ്മം/ധാർമ്മികത കൈവിടാതിരിക്കുകയും ചെയ്യുന്ന പാരമ്പര്യമാണ്.ഇവിടെ നീതിയും നിയമവും ഒക്കെ അയാൾ തീരുമാനിക്കും.പോലീസിനൊന്നും റോളില്ല.വേണമെങ്കിൽ തന്നെ അഭയം പ്രാപിച്ചവർക്ക് രക്ഷ നൽകാൻ കള്ളത്തെളിവ് വരെ ശിഷ്യഗണങ്ങളെക്കൊണ്ട് ഉണ്ടാക്കിക്കും ടിയാൻ.പ്രതികൂല സാഹചര്യങ്ങളെ അനുകൂല സാഹചര്യമാക്കിയെടുക്കാനുള്ള ടിയാൻ്റെ കഴിവും എടുത്തു പറയേണ്ടതാണ്.ടിയാന്റെ കൂടെ എപ്പഴും ഒരു വക്കീൽ കാണും.ഇതിനൊക്കെ സഹായിക്കാൻ.
അവസാനം അങ്ങനെ തലതിരിഞ്ഞ “രക്ഷ” കൊടുത്തത് അയാൾക്ക് തന്നെ വിനയായിത്തീരുന്നതാണ് പ്രമേയം.അധർമ്മത്തോടൊപ്പം നിന്നാൽ മാത്രം പാലിക്കാവുന്ന ധർമ്മനിഷ്ഠയായിരുന്നു ടിയാൻ്റേത്.
വീരഭദ്രനെ തകർക്കാൻ അച്ഛനോട് മാർഗമന്വേഷിമ്പോൾ കണാരൻ മാർത്താണ്ഡനോട് പറഞ്ഞു കൊടുക്കുന്ന ഒരു ചതിപ്രയോഗത്തിൻ്റെ ഭാഗമായാണ് അതുണ്ടാകുന്നത്.ഊരുഭംഗം.
”ആചാര്യം സൂര്യകേതം തിളച്ചാത്മാവിലുയരുന്നോരുരുഭംഗം”.
ഇടം വലം കൈയായി നിന്ന കൂട്ടുകാർ വരെ അയാളെ തിരിഞ്ഞുകുത്തുന്നു.ലോകം മുഴുവൻ കീഴടക്കണമെന്നും വെട്ടിപ്പിടിക്കണമെന്നും എന്ന ആഗ്രഹവുമായി ഇറങ്ങിത്തിരിച്ച അലക്സാണ്ടർ ചക്രവർത്തി മരിച്ച് മലർത്തിക്കിടത്തിയപ്പോൾ ശൂന്യമായ കൈ രണ്ടും തുറന്ന് പിടിച്ചു ഈ ലോകത്തിൽ നിന്നും കൊണ്ട് പോകുവാൻ ഒന്നും ഇല്ലെന്ന് കാണിക്കാൻ.യുദ്ധങ്ങളും പടയോട്ടങ്ങളും രക്തച്ചൊരിച്ചിലുകളും എല്ലാം അവസാനം തിരിഞ്ഞു നോക്കുമ്പോൾ എന്തിനായിരുന്നു.
എന്തിന് വേണ്ടിയായിരുന്നു?സഹജീവികളെ സ്നേഹിച്ചും വേണ്ടപ്പെട്ടവർക്കൊപ്പം സ്വസ്ഥജീവിതം നയിച്ചും ശാന്തനായി മണ്ണിലേക്ക് മടങ്ങാമായിരുന്നിട്ടും മനസ്സിനൊരു സ്വസ്ഥതയും കൊടുക്കാതെ ഓരോ രാജ്യത്തെയും കീഴടക്കാൻ വേണ്ടി ഓടി നടന്നു.അവസാനം കിട്ടിയത്,ഇത് വരെ തേടിയതും നേടിയതുമൊന്നും തൻ്റേതല്ലെന്ന നിസ്സഹായതയിൽ വേണം മണ്ണിലേക്ക് മടങ്ങാൻ,മണ്ണായി മാറാൻ എന്ന തിരിച്ചറിവ് മാത്രം.അതിനെ ഓർമ്മിപ്പിക്കുന്ന ഒരു ശ്ലോകം മാർത്താണ്ഡൻ തഥവസരത്തിൽ ഉരുവിടുന്നു.
“ശോകസാന്ദ്രമായ കർണ്ണ പർവ്വം.കാലമൊരുക്കിയ ആ ചതുപ്പു നിലത്തിലാ മോഹരഥചക്രം തളർന്നു നിന്നു. കവചവും കുണ്ഡലയുക്തിയും വാക്കുകൾ മറയിട്ട ശൂന്യ ജന്മം”
വരും ദിനകരനെത്തും ഒരു നാൾ കുളിർമതിക്ക് ഒരുവേള നിലാവിന്റെ തൂവലിൻ സ്പർശമേകാൻ ..മരുഭൂമി പോലുള്ള മനസ്സുകളെ പൊള്ളിച്ച് മഥമിളക്കീടുവാൻ
ആയിരം കുതിരകളെ പൂട്ടിയ രഥത്തിൽ, അശ്വാരൂഢൻ അശ്വാരൂഢൻ അശ്വാരൂഢൻ!
“യദായദാഹി ധർമ്മസ്യ ഗ്ലാനിർഭവതിഭാരത
അഭ്യുത്ഥാനമധർമ്മസ്യ തദാത്മാനം സൃജാമ്യഹം
പരിത്രാണായ സാധൂനാം വിനാശായ ചദുഷ്കൃതാം
ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ ”
ലോകത്ത് എപ്പോഴെല്ലാം ധർമ്മം ക്ഷയിക്കുകയും അധർമ്മം വർദ്ധിക്കുകയും ചെയ്യുന്നുവോ അപ്പോഴെല്ലാം ധർമ്മ സംസ്ഥാപനത്തിനും ദുഷ്ടനിഗ്രഹത്തിനും ശിഷ്ട പരിപാലത്തിനുമായി അവതരിക്കുന്നു.
(ഈ എഴുത്ത് ഇവിടെ പൂർണ്ണമാകുന്നില്ല, ചുരുക്കത്തിൽ ഒരു എഴുത്തും അവസാനിക്കുന്നില്ല.ആർക്കും ഇതിനെ elaborate ചെയ്യാം. ഓരോ ആൾക്കും ഇതിനെ ഓരോ രീതിയിൽ വികസിപ്പിക്കാവുന്നതാണ്.പ്രത്യേകിച്ച് പുരാണത്തിൽ നിന്നും ചരിത്രത്തിൽ നിന്നും മാർത്താണ്ഡൻ ഉദ്ധരിച്ച അനവധി ശ്ലോകങ്ങൾ പോലെ,ചരിത്ര സംഭവങ്ങൾ പോലെ.വരികൾക്കിടയിലൂടെ വായിക്കുന്തോറും കൂടുതൽ കൂടുതൽ തെളിഞ്ഞു വരേണ്ടതാണ് അത് എന്ന് മനസ്സിലാക്കുന്നു.മുന്നേ പറഞ്ഞത് പോലെ അടുക്കുന്തോറും അകലുന്ന ഈ മഹാസാഗരത്തിൻ്റെ തീരത്തുള്ള ഒരു കുട്ടിയാണ് ഞാൻ. തത്കാലം നിർത്തുന്നു.)
അവസാനമായി ഒരേയൊരു വാക്ക്. നന്ദി.ജയരാജ് സാർ. കാണുന്തോറും ഇഷ്ടം കൂടി വരുന്ന ചില കൾട്ടുകൾ ഉണ്ട് മലയാള സിനിമയിൽ. Either positive or negative sense.ഈ സിനിമയെ ആ ഗണത്തിൽ പെടുത്താനാണ് ഇഷ്ടം. ഇത് എഴുതാൻ പല കാരണങ്ങളുണ്ട്.പണ്ട് തറവാട് പൊളിയാറായപ്പോൾ അവിടെ നിന്നും കളഞ്ഞുകിട്ടിയ ഒരു ചുമർ ചിത്രമുണ്ട്.ചിത്രമല്ല Actually, കുതിരകൾ പൂട്ടിയ രഥത്തിൻ്റെ. അതിലിങ്ങനെ എഴുതിയിരുന്നു.
“whenever the society forgets the duties and goes to chaos, I take birth to uplift”