ഇലക്ഷൻ കഴിഞ്ഞു, നേര് പറയാൻ നേരമായ്‌

824

Jahangeer Amina Razaq എഴുതുന്നു 

നേര് പറയാൻ നേരമായ്‌…💕👍

ഇലക്ഷൻ കഴിഞ്ഞു. കേരളത്തിലെ വോട്ടൂകളെല്ലാം മെഷീനിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. സാധ്യതകൾ ചോദിച്ചുകൊണ്ട് ധാരാളം മെസേജുകളും ചില ഫോൺ കോളുകളും വരികയുണ്ടായി. ആരോടും മനസ്സുതുറന്നിട്ടില്ല. ഇടതുപക്ഷം വലിയ സാന്നിദ്ധ്യമായി പാർലമെന്റിൽ ഉണ്ടാവണമെന്ന് ആഗ്രഹമുള്ള ഒരു പൗരനെന്ന നിലയിൽ ഇലക്ഷൻ കാലത്തും മനസ്സിലെ ആശങ്കൾ തുറന്നു പറഞ്ഞിട്ടുമുണ്ടായിരുന്നില്ല. നവമാധ്യമങ്ങളിലോ പത്രങ്ങളിലോ എഴുതാൻ ധൈര്യമുണ്ടായിരുന്നില്ല, ഇനി പറയാമെന്നു തോന്നുന്നു.

സോഷ്യൽ മീഡിയ ആധുനിക കാലത്തെ വലിയൊരു പ്രചാരണായുധമാണ്. ഞാനത് ഞാൻ സ്നേഹിക്കുന്ന പക്ഷത്തിനായി ഉപയോഗിച്ചുവെന്നുമാത്രം. മാത്രമല്ല, ഇലക്ഷൻ സമയത്തു ഞാൻ എഴുതിയിരുന്നത് മുഴുവൻ എനിക്കുവേണ്ടിയല്ല, ഇടതുപക്ഷത്തിന് വേണ്ടിത്തന്നെയായിരുന്നു. ചിലതൊക്കെ അൽപ്പം മനസ്സാക്ഷിക്കുത്തോടെയുമായിരുന്നു.!

Jahangeer Amina Razaq
Jahangeer Amina Razaq

വാസ്തവത്തിൽ നവോത്ഥാനവും സ്ത്രീശാക്തീകരണവും, ലിംഗനീതിയും ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഇടതുപക്ഷത്തിൻ്റെ നയനിലപാടുകൾ നടപ്പിലാക്കാൻ മാത്രം ബൗദ്ധികമായി വളർന്ന ഒരു സമൂഹമല്ല കേരളത്തിലേത്. വിമോചന സമരം വിജയിപ്പിക്കുകയും അടിയന്തിരാവസ്ഥാനന്തരം കോൺഗ്രസ്സിനെത്തന്നെ വൻവിജയം നൽകി വിജയിപ്പിക്കുകയും ചെയ്ത മലയാളിയുടെ രാഷ്ട്രീയ ബോധ്യങ്ങളിൽ എനിക്കശേഷം വിശ്വാസമില്ല.

ശബരിമലയിലെ സുപ്രീംകോടതിവിധി നടപ്പിലാക്കാകുവാൻ ഇടതുപക്ഷ സർക്കാർ കാണിച്ചിട്ടുള്ള ശ്രമങ്ങളെ അതിന്റെ ഭരണഘടനാപരമായ അർത്ഥത്തിൽ ഉൾക്കൊള്ളുവാനും മനസ്സിലാക്കുവാനും കേരളത്തിലെ സാധാരണക്കാർക്ക് സാധിച്ചിട്ടില്ല. ഉയർന്ന ചിന്താഗതിയും വിദ്യാഭ്യാസപരമായും ബുദ്ധികമായും ഉയർന്ന നിലവാരത്തിൽ അല്ലാത്തവരുമായ സകലജാതി മതസ്ഥരെയും സുപ്രീംകോടതി വിധി ഇടതുമുന്നണിക്ക് എതിരാക്കിയിട്ടുണ്ട് എന്നത് വസ്തുതയാണ്. യാഥാസ്ഥിക ഹിന്ദു മുസ്ലിം കൃസ്ത്യൻ സമൂഹങ്ങളൊന്നാകെ ഇതെന്തോ പിണറായി വിജയന്റെ വാശിയാണെന്ന മട്ടിൽ ശബരിമല വിഷയത്തെ തെറ്റിദ്ധരിച്ചിട്ടുണ്ട്.

ശബരിമല വിഷയത്തിലും പ്രളയം കൈകാര്യം ചെയ്ത വിഷയത്തിലും കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളുടെ സഹായത്തോടെ ഇവിടുത്തെ വലതു – ബിജെപി ക്യാമ്പുകൾ നടത്തിയിട്ടുള്ള പ്രചാരണങ്ങൾ വലിയതോതിലുള്ളതായിരുന്നു. അതിനെ പ്രതിരോധിക്കുന്നതിൽ ഇടതുപക്ഷം വേണ്ടത്ര വിജയിച്ചിട്ടില്ല എന്നതാണ് വസ്തുത. മാത്രമല്ല അക്കാര്യങ്ങളിൽ അങ്ങേയറ്റം ഭരണഘടനാപരമായും മനുഷ്യപക്ഷത്തുനിന്നുമാണ് ഇടതുപക്ഷം പ്രവർത്തിച്ചതെങ്കിലും മറിച്ചുള്ള പ്രചാരണങ്ങൾക്കാണ് പ്രാമുഖ്യം ലഭിച്ചത്.

ചുരുക്കത്തിൽ
1. ശബരിമല
2. കിട്ടിയിട്ടും തികയാത്ത പ്രളയ സഹായം.
3. ചാനലുകളും പത്രങ്ങളും പുറത്തിറക്കിയ പെയ്ഡ് ന്യൂസുകൾ- സർവ്വേകൾ
4. രാഹുലിൻറെ സ്ഥാനാർത്ഥിത്വം
5. നാല് മണ്ഡലങ്ങളിൽ BDJS സ്ഥാനാർത്ഥിയായതിനാൽ ചോരുന്ന ഈഴവ വോട്ടുകൾ.
6. RSS എല്ലാമണ്ഡലങ്ങളിലും 15000 മുതൽ 25000 വരെ വോട്ട് മറിക്കുന്നത്
7. NSS ന്റെ UDF അനുകൂല നിലപാട്

എന്നിവയെല്ലാം പരിഗണിക്കുമ്പോൾ ഇടതുപക്ഷം നാലോ അഞ്ചോ സീറ്റിൽ ഒതുങ്ങാനാണ് സാധ്യത. കാസർകോട്, പാലക്കാട്. ആലത്തൂർ, ആറ്റിങ്ങൽ എന്നീ സീറ്റുകൾ മാത്രമാണ് ഉറപ്പായും ഇടതുപക്ഷത്തിന് ലഭിക്കുമെന്ന് ഞാൻ കരുതുന്ന മണ്ഡലങ്ങൾ. കണ്ണൂരും കോഴിക്കോടും, ആലപ്പുഴയും പത്തനംതിട്ടയും ജയിച്ചാൽ അത് ബോണസ്സാണ്.

മറ്റൊരു വിദൂര സാധ്യതയുള്ളത്, ശബരിമലയും, പ്രളയവും, അമിക്കസ് ക്യൂറി റിപ്പോർട്ടും ഒന്നും ഏശാത്ത മലയാളി സമൂഹം ഇടതുപക്ഷ സാന്നിധ്യം ആഗ്രഹിക്കുകയും, മൂന്നു വർഷത്തെ താരതമ്മ്യേന ഭേദപ്പെട്ട ഇടതുപക്ഷഭരണത്തിന് വോട്ടുകൾ നൽകുകയും, ഇടതുപക്ഷം ഒരു 10 -12 വരെ സീറ്റിൽ വിജയിക്കുകയും ചെയ്യുന്നതാണ്. തീർച്ചയായും അതൊരു സാധ്യത മാത്രമാണ്. ഞാനിക്കാര്യത്തിൽ വിശ്വസിക്കുന്നില്ല.

എൻ്റെ അവസാന നിഗമനം ഇങ്ങനെയാണ്-

മിക്കവാറും പത്തിലേറെ സീറ്റുകൾ UDF ഉം കൂട്ടത്തിൽ ഒരു സീറ്റിൽ ബിജെപി യും വിജയിക്കുന്ന ഫലം. ശബരിമല ധ്രുവീകരണം നടന്നിട്ടുണ്ടെങ്കിൽ സാധ്യതയുള്ള ഫലമാണിത്. ഇങ്ങനെ നടന്നാൽ ഇടതുപക്ഷം അഞ്ചോ ആറോ സീറ്റിലൊതുങ്ങും. രണ്ടാമത്തെ (വിദൂര)സാധ്യത UDF ആറോ ഏഴോ സീറ്റിലും LDF ഭൂരിപക്ഷം സീറ്റിലും വിജയിക്കുന്ന ഒരു സ്ഥിതിയാണ്. സത്യത്തിൽ ഇതിനു സാധ്യത കുറവാണെന്നാണ് ഞാൻ കരുതുന്നത്. മുകളിൽപ്പറഞ്ഞവയെല്ലാം തന്നെയാണ് എൻ്റെ ആശങ്കകൾ. പക്ഷേ ഹിന്ദു പത്രം നടത്തിയ സർവേയിൽ ഈ രണ്ടുസാധ്യതകളും പങ്കുവയ്ക്കുന്നുണ്ട്.

ഗുണഫലം-

യഥാർത്ഥത്തിൽ ഇടതുപക്ഷം അമ്പേ പരാജയപ്പെട്ടാലും രണ്ടു ഗുണഫലങ്ങൾ ആവിർഭവിക്കുമെന്നു ഞാൻ കരുതുന്നു.
1) ഒന്നാമത്തേത് കോൺഗ്രസ് ഏറ്റവുംവലിയ ഒറ്റക്കക്ഷിയായാൽ രാഷ്ടപതി സർക്കാർ രൂപീകരിക്കാൻ രാഹുലിനെ ക്ഷണിക്കും, അതിലൂടെ അമിത്ഷായുടെ പണപ്പെട്ടികളും റിസോർട്ടുകളും ഭയക്കേണ്ടതില്ല.
2) രണ്ടാമതായി ഇടതുപക്ഷത്തിന് ആത്മപരിശോധന നടത്താനും, കൂടുതൽ വിനയാന്വിതനായി ജനങ്ങൾക്കിടയിലേക്കിറങ്ങി അവരുടെ ജീവിതപ്രശ്നങ്ങളിൽ സക്രിയമായി ഇടപെടാനും ഈ തിരഞ്ഞെടുപ്പ് ഫലം ഉപകരിക്കും, തീർച്ച.!! ❤️💕👍

-അഡ്വ. ജഹാംഗീർ റസാഖ് പാലേരി-