Entertainment
രണ്ട് ആണുങ്ങൾ/ രണ്ടു പെണ്ണുങ്ങൾ തമ്മിലുള്ള പ്രേമത്തെ ചിത്രീകരിച്ച സിനിമകൾ മുൻപ് മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ?

Jahnavi Subramanian
കുറച്ച് കാലം മുൻപ്, ‘മൂത്തോൻ’ ഇറങ്ങിയ സമയത്തു ആ സിനിമയുടെ ഒരു റിവ്യൂവിന്റെ താഴെ കണ്ട കമന്റ് “ഇതിലെന്താണിത്ര പുതുമ!! സ്വവർഗാനുരാഗവും അവരുടെ ജീവിതവും ഇതിലും നന്നായി കാണിച്ച സിനിമകൾ ഉണ്ട്” എന്നായിരുന്നു.അത് വായിച്ച് ഞാൻ സത്യത്തിൽ അത്ഭുതപ്പെട്ടു. മലയാളത്തിൽ കുറച്ചെങ്കിലും സത്യസന്ധമായി, അതിനേക്കാളേറെ മനോഹരമായി രണ്ട് ആണുങ്ങൾ/ പെണ്ണുങ്ങൾ തമ്മിലുള്ള പ്രേമത്തെ ചിത്രീകരിച്ച സിനിമകൾ മുൻപ് ഉണ്ടായിട്ടുണ്ടോ? എന്റെ അറിവിൽ ഇല്ല.
സുദേവ് നായർ അഭിനയിച്ച “മൈ ലൈഫ് പാർട്ണർ” എന്ന ഒരു ചിത്രമാണ് ആകെ ഓർമയിൽ വരുന്നത്. അത് പോലെ മനോജ് കെ ജയൻ അഭിനയിച്ച “അർദ്ധനാരി” എന്ന ഒരു സിനിമയിലും ട്രാൻസ്ജൻഡർ വ്യക്തികളുടെ ജീവിതവും അവരുടെ ഇടയിലെ ബന്ധങ്ങളും ഒക്കെവലിയൊരു ഡാമേജ് ഉണ്ടാക്കാത്ത രീതിയിൽ പറഞ്ഞിട്ടുണ്ട് എന്നു തോന്നുന്നു.
പക്ഷെ ഈ രണ്ട് സിനിമകളും “ആർട്/അവാർഡ്” സിനിമ ഗണത്തിൽ പെടുത്താവുന്നവയായത് കൊണ്ട് എത്രത്തോളം ആൾക്കാർ അത് കണ്ടിട്ടുണ്ടാവും എന്നറിയില്ല. ഇനി അഥവാ കണ്ടാലും എത്ര പേർക്ക് ഒരു സിനിമ എന്ന രീതിയിൽ എത്ര പേർക്ക് ഈ സിനിമകൾ ആസ്വദിക്കാനാകും?വ്യക്തിപരമായി ഈ രണ്ട് സിനിമകളും ഒട്ടും ആസ്വാദ്യകരമായിരുന്നില്ല. സിനിമയുടെ ഒരു പ്രധാന ആവശ്യം എന്റർടൈൻമെന്റ് കൂടെ ആണല്ലോ!! അങ്ങനെ നോക്കിയാൽ ഒരു പരിധി വരെയെങ്കിലും മൂത്തോൻ എനിക്ക് എന്റർടൈനിംഗ് ആയിരുന്നു.
അക്ബറും അമീറും തമ്മിലുള്ള പ്രണയം വളരെ ആസ്വദിച്ച് തന്നെയാണ് കണ്ടത്.പക്ഷെ വളരെയധികം പോസിറ്റീവ് ആയ ചർച്ചകൾക്കും മറ്റും വഴിയൊരുക്കിയെങ്കിലും മൂത്തൊൻ അത്രത്തോളം “ജനകീയമായി” എന്ന് തോന്നിയില്ല. ഈ പറഞ്ഞ ചർച്ചകളും അഭിപ്രായങ്ങളും ഒരു വിഭാഗം ആളുകളിലേക്ക് മാത്രം ഒതുങ്ങിപോവുന്ന പോലെയാണ് തോന്നിയത്. നിവിൻ പോളിയോ റോഷനോ അഭിനയിച്ച മറ്റു സിനിമകൾക്കുള്ള സ്വീകാര്യത മൂത്തോന് കിട്ടിയില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരേ ജൻഡറിലെ രണ്ട് വ്യക്തികളുടെ പ്രണയം പറയുന്ന ഒരു കൊമേർഷ്യൽ അല്ലെങ്കിൽ ജനകീയമായ ഒരു കമ്പ്ലീറ്റ് എന്റർടൈൻമെന്റ് സിനിമ ഇത് വരെ മലയാളത്തിൽ ഉണ്ടായിട്ടില്ല!
അവിടെയാണ് ബോളിവുഡ് അത്രയും സന്തോഷിപ്പിക്കുന്നത്. ഒരു സമയത്ത് ക്വീർ റെപ്രെസെന്റഷന് അങ്ങേയറ്റം വൃത്തികെട്ട ഹോമോഫോബിക് കഥാപാത്രങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഹിന്ദി ഇൻഡസ്ട്രി എത്ര മനോഹരമായാണ് ഈയിടെയായി സ്വവർഗാനുരാഗ കഥകൾ പറയുന്നത്. കുറച്ച് കാലമായി കണ്ട എല്ലാ ഗേ/ ലെസ്ബിയൻ ബന്ധങ്ങൾ വിഷയമായി വരുന്ന എല്ലാ ബോളിവുഡ് സിനിമകളും വളരെയധികം ഇഷ്ടപ്പെട്ടു.
Ajeeb dhastaans
Ladki ko dhekha tho
Shubh Mangal Zyada Saavdhan
അവസാനം കണ്ട badhai do ഇവയെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു. കോമഡിയും ഫാമിലി ഡ്രാമയും റൊമാന്സും എല്ലാം ചേർന്ന ഏതൊരാൾക്കും ആസ്വദിക്കാവുന്ന രീതിയിൽ ഒരുക്കിയ മികച്ച എന്റർറ്റെയ്നറുകൾ .
വേറേതൊരു കോമേഴ്സ്യൽ സിനിമയിലും ഉള്ള പോലെ കോമേഡിയും പാട്ടും cliche പ്രണയരംഗങ്ങളും എല്ലാമുള്ള എന്നാൽ സ്വവർഗാനുരാഗം പ്രമേയമായി വരുന്ന സിനിമകൾക്കാണ് ക്വീർ ബന്ധങ്ങൾ ഏറ്റവുമധികം ആളുകളിലേക്ക് എത്തിക്കാനാവുക.എല്ലാവർക്കും ആസ്വദിക്കാനാകുന്ന രീതിയിലുള്ള ലൈറ്റ് ആയി കണ്ടിരിക്കാവുന്ന സിനിമകളിൽ ഈ പ്രമേയം വീണ്ടും വീണ്ടും വന്നാൽ മാത്രമേ ഏതൊരു heterosexual പ്രണയം പോലെ തന്നെയേ ഇതും ഉള്ളു എന്ന് നമ്മുടെ ഭൂരിഭാഗം വരുന്ന യഥാസ്ഥിതിക പ്രേക്ഷകരും മനസിലാകൂ.വെറും ദുരന്തം മാത്രമല്ല ക്വീർ ബന്ധങ്ങളിൽ ഉണ്ടാവുന്നത് എന്നും ഏതൊരു പ്രേമവും പോലെ അതിൽ ഒരുപാട് സന്തോഷവും ആവേശവും കുഞ്ഞ് കുഞ്ഞ് വഴക്കുകളും എല്ലാമുണ്ടെന്ന് എല്ലാവരും കാണട്ടെ! മലയാളത്തിലും എല്ലാ തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു ഒരേ ജൻഡർ വ്യക്തികളുടെ പ്രണയം പ്രമേയമായുള്ള തമാശയും പാട്ടും സ്റ്റണ്ടും കുറച്ച് “പൈങ്കിളി” സന്ദർഭങ്ങളും എല്ലാമുള്ള ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ കാണാൻ അങ്ങേയറ്റം കൊതിയോടെ കാത്തിരിക്കുന്നു
1,068 total views, 4 views today