Jahnavi subramanian ന്റെ എഴുത്ത്
സൺ ലൈറ്റിന്റെ “ഞാനുമൊരു വർണ്ണപട്ടമായിരുന്നു” പരസ്യത്തിലെ മുത്തശ്ശിയെ അറിയില്ലേ . ട്രോളുകളിലും മീമുകളിലും നമ്മൾ ആഘോഷിച്ച ആ പരസ്യത്തിലെ നിറമുള്ള ഡ്രെസ്സിടാത്ത എപ്പോഴും സെറ്റും മുണ്ടും ഉടുക്കുന്ന മുത്തശ്ശി . എന്ന് മുതലായിരിക്കും അവർ വെള്ള വസ്ത്രം മാത്രം ഉടുക്കാൻ തുടങ്ങിയതെന്ന് ആലോചിച്ചിട്ടുണ്ടോ .
ആ പരസ്യം കാണുമ്പോഴൊക്കെ ഞാൻ ജീവിതത്തിൽ കണ്ടിട്ടുള്ള ഒരുപാട് പെണ്ണുങ്ങളെ ഓർക്കും.ഒരു പ്രായത്തിനു ശേഷം വെള്ള അല്ലെങ്കിൽ ഇളം നിറം വസ്ത്രം മാത്രം ഉടുത്തിട്ടുള്ള പെണ്ണുങ്ങൾ.. എന്ന് മുതലാണ് അവർ നിറമുള്ള വസ്ത്രങ്ങളുപേക്ഷിച്ചതെന്ന് ഒരുപക്ഷെ ആർക്കും അറിയുന്നുണ്ടാവില്ല . ഒരു പക്ഷെ ഒരു 50 വയസു കഴിഞ്ഞതിനു ശേഷമുള്ള ഒരു പിറന്നാളിന് മക്കൾ ചോദിക്കാതെ തന്നെ സെറ്റും മുണ്ടും സമ്മാനിച്ചതിന് ശേഷമായിരിക്കും . അല്ലെങ്കിൽ ഏതെങ്കിലുമൊരു കടും കളർ സാരിയുടുത്തപ്പോൾ ഏതെങ്കിലുമൊരാൾ ” ഇതമ്മക്ക് ചേരില്ല. ഇത് കുറച്ച് നിറം കൂടുതലല്ലേ” എന്ന് പറഞ്ഞതിന് ശേഷമായിരിക്കും , അല്ലെങ്കിൽ ഡ്രസ്സ് വാങ്ങാൻ പോകുന്ന കടയിലെ സെയിൽസ്മാൻ പറയാതെ തന്നെ ഇളം നിറമുള്ള സാരികൾ മാത്രം എടുത്ത് കാണിച്ചതിന് ശേഷമായിരിക്കാം. മിക്കവാറും അതൊന്നും ഒരു കോൺഫ്ലിക്റ്റിനു ശേഷം ഉണ്ടാവുന്ന തീരുമാനമൊന്നും ആയിരിക്കില്ല . ഒരു പ്രായം കഴിഞ്ഞ പെണ്ണുങ്ങളുടെ ജീവിതത്തിൽ വളരെ സ്വാഭാവികമായി , ഒരു വാദപ്രതിവാദത്തിനു പോലും ഇട നൽകാതെ സംഭവിക്കുന്ന ഒരു കാര്യമാണ് ഈ കടും നിറങ്ങൾ ഉപേക്ഷിക്കൽ. പ്രത്യക്ഷമായ ഒരു വിലക്കും ഇല്ലെങ്കിൽ പോലും അവരത് ചെയ്യാൻ പല പല കാരണങ്ങളുണ്ട്.
ഹൌ ഓൾഡ് ആർ യൂ സിനിമയിൽ മഞ്ജു വാരിയർ മുടി കളർ ചെയ്യുന്ന രംഗം ഓർമയില്ലേ . അതിനു ശേഷം മഞ്ജുവിനെ വീട്ടിൽ കൊണ്ടുവിടുന്ന ഓട്ടോക്കാരൻ കളർ ചെയ്ത മുടി നോക്കി വല്ലാത്തൊരു ചിരി ചിരിക്കുന്ന ഒരു സീനുണ്ട്. 10 സെക്കന്റ് പോലും സ്‌ക്രീനിൽ ഇല്ലെങ്കിലും ആ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ എന്നെ ഇറിറ്റേറ്റ് ചെയ്ത കഥാപാത്രമാണയാൾ. അത് വരെയുള്ള ആ സ്ത്രീയുടെ എല്ലാ ആത്മവിശ്വാസവും എത്ര പെട്ടെന്നാണ് അയാൾ ഒരൊറ്റ ചിരിയിലൂടെ ഒഴുക്കി കളഞ്ഞത്. മിക്കവാറും അത് പെണ്ണുങ്ങൾക്ക് മാത്രം കിട്ടുന്ന ഒരു ചിരിയാണ്. ആ ചിരി പേടിച്ചും അത് അഭിമുഖീകരിക്കാൻ വയ്യാഞ്ഞും തന്നെയാണ് ഒരുപാട് പെണ്ണുങ്ങൾ ഒരു പ്രായത്തിനു ശേഷം ആഗ്രഹമുള്ള നിറത്തിൽ വസ്ത്രം ധരിക്കാത്തത്. , മുടി വെട്ടാത്തതും , കളർ ചെയ്യാത്തതും. ആ ചിരിക്ക് ശേഷം തലയിലൂടെ സാരിയിട്ട് മുടി ഒളിപ്പിച്ച് മാത്രം വീട്ടിലേക്ക് കേറുന്ന മഞ്ജു വാര്യരുടെ കഥാപാത്രത്തിനുണ്ടായ നാണക്കേട് സഹിക്കാൻ വയ്യാത്തത് കൊണ്ട് തന്നെയാണ് മിക്ക പെണ്ണുങ്ങളും പ്രായം അൻപതിനടുത്തെത്തുമ്പോഴേക്കും കടും നിറങ്ങൾ ഉപേക്ഷിക്കുന്നത് .
അല്ലെങ്കിലും സ്ത്രീകളുടെ വേഷവും നടപ്പും “അവരർഹിക്കുന്ന” ബഹുമാനവും തമ്മിൽ ഭയങ്കര ബന്ധമാണ് നമ്മുടെ ഇടയിൽ . അത് കൊണ്ടും കൂടിയാണല്ലോ സ്ലീവ്‌ലെസ് ഇട്ടു വരുന്ന സുകുമാരിയമ്മയുടെ കഥാപാത്രങ്ങൾ കുടുംബം കലക്കുന്ന ഫെമിനിച്ചി ആയതും സെറ്റും മുണ്ടും ഉടുക്കുന്ന കവിയൂർ പൊന്നമ്മ നമുക്കെന്നും സ്നേഹനിധിയായ അമ്മയായതും. ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ എന്ന സിനിമയിലെ രത്ന ഷാ അവതരിപ്പിച്ച “ബുവാജി” ഇത് കൃത്യമായി അഡ്രസ് ചെയ്യുന്ന ഒരു കഥാപാത്രമാണ്. വിധവയായ, വളരെ ശക്തയായ ഒരു വലിയ കുടുംബത്തെത്തന്നെ തന്റെ ചൊൽപ്പടിക്ക് നിർത്തുന്ന ഒരു കഥാപാത്രം. ഒരു ദിവസം അവരുടെ അലമാരയിൽ സ്വിമ്മിങ് ഡ്രെസ്സും സെക്സ് ബുക്കുകളും കാണുന്ന വീട്ടുകാർ അതോടെ അവരെ അടിച്ചുപുറത്താക്കുകയാണ്.
ഒരു പ്രായത്തിനു ശേഷം സ്ത്രീകൾക്ക് എന്തിനോടും ഉള്ള താല്പര്യം അത് കടും നിറങ്ങളോടായാലും, കലയോടായാലും ലൈംഗികതയോടായാലും ഒരുപാട് പരിഹാസത്തോടെ മാത്രം നോക്കിക്കാണുന്ന ഒരു സമൂഹമാണ് നമ്മുടേത് . ഈ ഒരു കാഴ്ചപ്പാട് കൊണ്ട് തന്നെയാവണം ഒരു പ്രായം കഴിഞ്ഞാൽ അമ്മക്ക് വസ്ത്രം വാങ്ങികൊടുക്കുമ്പോൾ വെറും സെറ്റും മുണ്ടും മാത്രം വാങ്ങിക്കൊടുക്കുന്ന എത്രയോ മക്കളെ കണ്ടിട്ടുണ്ട്. അവരിൽ എത്ര പേര് ചോദിച്ചിട്ടുണ്ടാവും “അമ്മക്ക് ഏത് കളർ സാരിയാണ് വേണ്ടതെന്ന്” എന്ന് അറിയില്ല. ഇനിയെങ്കിലും അത് ചോദിച്ച് തുടങ്ങണ്ടേ?? .ഏതായാലും സൺലൈറ്റിന്റെ പരസ്യത്തിലെ ‘അമ്മ ചുവപ്പ് സാരിയുടുത്ത് പട്ടം പരത്തുന്നത് കാണുമ്പോൾ മനസ്സിൽ ഭയങ്കര സന്തോഷം തോന്നാറുണ്ട്.. പ്രായം നോക്കാതെ എല്ലാവരും വർണപ്പട്ടങ്ങൾ ആവട്ടെ