ഓൺലൈൻ ആങ്ങളമാരുടെ സ്ത്രീശാക്തീകരണവും വേണ്ടത്ര ശാക്തീകരണമില്ലായ്മയും
കൂലിപ്പണി, വിമാനം പറത്തൽ, ഹെവി വണ്ടികൾ ഓടിക്കൽ, ആർമി, പോലീസ്, തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന പെണ്ണുങ്ങളൊക്കെ
213 total views

Jahnavi Subramanian
കുറച്ച് കാലമായി ഓൺലൈൻ ആങ്ങളമാരിൽ നിന്ന് ഞാൻ മനസിലാക്കിയ സ്ത്രീശാക്തീകരണവും “വേണ്ടത്ര ശാക്തീകരണമില്ലായ്മയും” :
- കൂലിപ്പണി, വിമാനം പറത്തൽ, ഹെവി വണ്ടികൾ ഓടിക്കൽ, ആർമി, പോലീസ്, തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന പെണ്ണുങ്ങളൊക്കെ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമാണ്. അവർക്ക് സ്വന്തം അഭിപ്രായം (ഞങ്ങൾക്കിഷ്ടമുള്ള അഭിപ്രായം) പറയാൻ “അർഹതയുണ്ട്”. പക്ഷെ മോഡലിംഗ്, അഭിനയം, വീട്ടുഭരണം, തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർ പ്രത്യേകിച്ചും പൊതുബോധത്തിനെതിരായ നിലപാടുകൾ തുറന്ന് പറയുന്നവരാണെങ്കിൽ “ഫെമിനിച്ചികളാണ്”
-
മുകളിൽ പറഞ്ഞ ജോലി ചെയ്യുന്നവരാണെങ്കിൽ പാന്റും ഷർട്ടും/ഇഷ്ടമുള്ള എന്ത് വസ്ത്രം ധരിച്ചാലും കുറച്ചൊക്കെ സഹിക്കും. ശാക്തീകരണത്തിൽ പെടുത്തും. പക്ഷെ അല്ലാത്തവർ ഞങ്ങൾ പറയുന്ന പോലെ വസ്ത്രം ധരിക്കണം.
-
ഇനി ഏത് ജോലി ചെയ്യുകയാണെങ്കിലും അതിനിടയിലും മക്കളുടെ കാര്യങ്ങൾ വിട്ടുവീഴ്ചയില്ലാതെ നോക്കുന്നവരാണെങ്കിൽ ശാക്തീകരണത്തിന്റെ ശക്തി കൂടും.. ഉദാഹരണത്തിന് ഓഫീസ് ജോലി ചെയ്യുന്നതിനിടക്കും കുഞ്ഞിനെ നോക്കുക, അല്ലെങ്കിൽ ഒരു പൊതുപ്രസംഗത്തിനിടെ കുഞ്ഞിന് മുലയൂട്ടുക, ഇതിനൊക്കെ ഓങ്ങളമാർക്ക് ഭയങ്കര അഭിമാനം തോന്നുന്ന കാര്യങ്ങളാണ്. മറിച്ച് കുഞ്ഞിനെ പങ്കാളിയുടെ/ഭർത്താവിന്റെ കയ്യിൽ ഏൽപ്പിച്ച് ജോലിയിൽ ശ്രദ്ധിക്കണം എന്നോ കുട്ടികളേ വേണ്ട എന്നോ നിലപാടെടുക്കുന്നവളാണെങ്കിൽ പെണ്ണ് കുടുംബം നോക്കാത്തവളായി ഭർത്താവ് പാവാടയായി.
-
ഇനി രാഷ്ട്രീയത്തിലാണെങ്കിൽ സ്വന്തം കക്ഷിരാഷ്ട്രീയത്തോട് ചേർന്ന് നിൽക്കുന്ന പെണ്ണുങ്ങളാണെങ്കിൽ അവരൊക്കെ ശാക്തീകരണത്തിന്റെ പ്രതീകങ്ങളാണ്, അല്ലാത്തവർ ചുമ്മാ വേഷോം കെട്ടി ഇറങ്ങിയ ഒരുമ്പെട്ടവളുമാരാണ്. അവരെ എന്തും പറയാം. ഏത് പേരും വിളിക്കാം.
-
പിന്നെ ചിലരുടെ കണ്ണിൽ പർദ്ദ/തട്ടം/ഷാൾ ഒക്കെ ശാക്തീകരണമാണ്. പക്ഷെ പർദ്ദ വ്യക്തമായും ഒരു സ്ത്രീവിരുദ്ധമായ വസ്ത്രമാണ് എന്ന് പറയുന്നതോ, തട്ടം ഇടാൻ സൗകര്യമില്ല എന്ന് പറയുന്നതോ ശാക്തീകരണത്തിൽ പെടില്ല.
ചുരുക്കി പറഞ്ഞാൽ ഞങ്ങൾ പറയുന്ന പോലൊക്കെ, ഞങ്ങളുടെ ഈഗോയെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ ജീവിച്ചാൽ അതൊക്കെ ഞങ്ങൾ ശാക്തീകരണത്തിന്റെ അക്കൗണ്ടിൽ പെടുത്താം. ആ വട്ടത്തിന് പുറത്ത് കടന്നാൽ പിന്നെ ഞങ്ങൾ അംഗീകരിക്കില്ല. വായിൽ തോന്നിയതൊക്കെ വിളിക്കും..
ഉണ്ണി മുകുന്ദൻ അടക്കമുള്ള ഓങ്ങളമാർ മനസിലാക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.
ഒന്നാമത് “തിരഞ്ഞെടുപ്പ്/ചോയ്സ്” എന്ന് പറഞ്ഞാൽ എന്താണെന്ന്. എന്നെ സംബന്ധിച്ചെടത്തോളം യാതൊരു പ്രേരണ/ influence/manipulation ഇല്ലാതെ ഒരാൾക്ക് രണ്ടിൽ ഏത് തീരുമാനവും എടുക്കാനുള്ള അവസ്ഥയിൽ മാത്രമേ അതിനെ “തിരഞ്ഞെടുപ്പ്” എന്ന് വിശേഷിപ്പിക്കാൻ പറ്റൂ. ഏത് തീരുമാനം എടുത്താലും സാമൂഹികപരമായി യാതൊരു ബുദ്ധിമുട്ടും ഇല്ലാത്ത അവസ്ഥയിൽ മാത്രമേ “തിരഞ്ഞെടുപ്പ്” എന്ന പ്രയോഗത്തിന് തന്നെ സാധ്യതയുള്ളൂ. ഈ തിരഞ്ഞെടുപ്പ് നടപ്പിലാക്കാനുള്ള പ്രയാസം കൊണ്ട് തന്നെയാണ് നിങ്ങൾ ശാക്തീകരണ വിഭാഗത്തിൽ പെടുത്തിയ പല ജോലികളിലും സ്ത്രീകളുടെ പങ്കാളിത്തം കുറഞ്ഞ് പോകുന്നത്.
രണ്ടാമത്, ജനിച്ച് വീഴുന്നത് മുതൽ ഇരിപ്പും നടപ്പും പഠനവും ജോലിയുമെന്ന് വേണ്ട ഓരോ ചെറിയ കാര്യങ്ങളിലും പെണ്ണുങ്ങൾ ഇങ്ങനെയാവണം എന്ന് കല്പിച്ച് വെച്ചിരിക്കുന്ന നമ്മുടെ സാമൂഹികാവസ്ഥയിൽ ഒരു സ്ത്രീ സ്വന്തം തീരുമാനപ്രകാരം (സ്വന്തം തീരുമാനപ്രകാരം മാത്രം) എന്ത് തീരുമാനം എടുത്താലും അത് ശാക്തീകരണം തന്നെയാണ്.
എന്തിന്, ജൻഡർ ഡിസ്ക്രിമിനേഷൻ കാരണം ഒരു വർഷം ഏകദേശം രണ്ട് ലക്ഷത്തിൽ കൂടുതൽ പെൺകുഞ്ഞുങ്ങൾ മരിക്കുന്നു എന്ന കണക്കുള്ള നമ്മുടെ രാജ്യത്ത് ഒരു പെൺകുട്ടി ജനിച്ച് വീഴുന്നത് തന്നെ ശാക്തീകരണത്തിന്റെ ഭാഗമാണ്.കുട്ടികൾ വേണം എന്ന തീരുമാനവും വേണ്ടെന്ന തീരുമാനവും ശാക്തീകരണമാണ്.
ഒരു സ്ത്രീ കൂലിപ്പണി എടുക്കുന്നതും പൈലറ്റ് ആവുന്നതും, വീട്ടമ്മയാവുന്നതും (conditions applied) സ്വന്തം തീരുമാന പ്രകാരമാണെങ്കിൽ ഇവിടെ ശാക്തീകരണമാണ്. ചുരുക്കി പറഞ്ഞാൽ ഒരു സ്ത്രീയുടെ ഇഷ്ടത്തിന് അനുസരിച്ച് പൊട്ട് വെക്കുന്നതും, പൊട്ട് മായ്ക്കുന്നതും ഇവിടെ ശാക്തീകരണം തന്നെയാണ്.
മറ്റൊരാൾ ഇടുന്ന പൊട്ടിന്റെ വലുപ്പം പോലും തീരുമാനിക്കാനുള്ള അവകാശം ഉണ്ടെന്ന ഉളുപ്പില്ലായ്മയിൽ വിശ്വസിക്കുന്നവരോട് തിരഞ്ഞെടുപ്പുകളെ കുറിച്ചോ അടിസ്ഥാനപരമായ മനുഷ്യാവകാശത്തെ കുറിച്ചോ, എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്നറിയാം.
കഴിവ് തെളിയിച്ചവരെ മാത്രം തലയിലേറ്റി നടക്കുന്ന, സ്വയം തെളിയിച്ചാൽ മാത്രമേ അടിസ്ഥാനപരമായ അവകാശങ്ങൾക്ക് അർഹതയുള്ളൂ എന്ന മണ്ടൻ ഫിലോസഫി നിങ്ങളിനി എന്ന് മാറ്റാനാണ്.
Photo Credit : Baylin Shibu
214 total views, 1 views today
