ടിനിയും ചിരിയും ചിന്തയും എന്നല്ല ‘ടിനിയും അസഹിഷ്ണുതയും’ എന്നാണു പറയേണ്ടത്

90

Jahnavi subramanian

പ്രിയപ്പെട്ട ടിനിടോം ഇന്നാണ് താങ്കളുടെ ടിനിയും ചിരിയും ചിന്തയും എന്ന അഭിമുഖം മുഴുവൻ കാണാനുള്ള അവസരം ഉണ്ടായത്.. അത് കണ്ടപ്പോൾ ഉണ്ടായ ആദ്യത്തെ ചിന്ത ഈ പരിപാടിക്ക് പറ്റിയ വേറൊരു പേരുണ്ടല്ലോ എന്നാണ്.. “ടിനിയും അസഹിഷ്ണുതയും ഒരു ലോഡ് സുപ്പീരിയോറിറ്റി കോംപ്ലക്സും” എന്ന പേരായിരുന്നു കൂടുതൽ ചേർച്ച..

പ്രിയപ്പെട്ട ടിനിടോം താങ്കൾ എന്തിനാണ് പുട്ടിന് പീര ഇടുന്ന പോലെ എനിക്ക് ഇതിന്റെ ഒന്നും ആവശ്യമില്ല, ഞാൻ ഇതൊക്കെ കലയോടുള്ള അഭിനിവേശം കൊണ്ടാണ് ചെയ്യുന്നത് എന്ന് പറയുന്നത്? കാശിനു വേണ്ടി ആണെങ്കിലും കലയോടുള്ള അഭിനിവേശം കൊണ്ടാണെങ്കിലും ചെയ്യുന്ന പ്രവർത്തികളിലെ ശരിയും ശരികേടും എങ്ങനെയാണ് മാറുക??
പ്രിയപ്പെട്ട ടിനി ടോം തന്നിൽ വ്യക്തിപരമായി ബഹുമാനിക്കപ്പെടേണ്ട യാതൊരു സവിശേഷഗുണവും ഇല്ലെന്നുള്ള കോംപ്ലക്സ് ഉള്ളവരാണ്, ജനിച്ച വീടിന്റെയും കാർന്നോന്മാരുടെയും മേന്മയിൽ ഊറ്റം കൊള്ളുന്നതെന്ന് താങ്കളെന്നാണ് മനസിലാക്കുക..
പ്രിയപ്പെട്ട ടിനിടോം,

താങ്കൾ പറഞ്ഞല്ലോ “EVEN” പട്ടികജാതിക്കാരായവർക്ക് ജീവിതം കൊടുത്തിട്ടുള്ളതാണ് മിമിക്രി എന്ന കലാരൂപം എന്ന്…. കിട്ടിയ ജീവിതം ആരുടെയും ഭിക്ഷയോ ഔദാര്യമോ അല്ലെന്ന് താങ്കൾക്ക് പറഞ്ഞ് തരേണ്ടി വന്നതിൽ വല്ലാത്ത വിഷമം തോന്നുന്നു.. ഇവരൊന്നും ഉയർന്ന് വരേണ്ടതല്ല നമ്മടെയൊക്കെ മഹാമനസ്കതയാണ് ഇവരുടെ ഉയർച്ചക്ക് കാരണമെന്ന താങ്കളുടെ ആ തോന്നലുണ്ടല്ലോ.. അത് മാറ്റിയാൽ തന്നെ താങ്കൾക്കുള്ള ആ പ്രത്യേകതരം “ഗ്യാസ് ട്രബിൾ” മാറുമെന്ന് പറയട്ടെ..

പ്രിയപ്പെട്ട ടിനിടോം താങ്കളീ “കണ്ട് മറന്ന് കളയാനുള്ള ഒരു തമാശക്ക് വേണ്ടി ” ചെയ്യുന്ന അങ്ങേയറ്റം പരിതാപകരമായ കാര്യങ്ങൾ അങ്ങനെ കണ്ട് പെട്ടെന്ന് മറന്ന് കളയാൻ കഴിയാത്തതും , ഒരു വിഭാഗം ആളുകളെ മാനസികമായും സാമൂഹികപരമായും ഇകഴ്ത്തുന്ന ഒന്നായതും കൊണ്ടാണ് ഇപ്പോഴെങ്കിലും അതിനെകുറിച്ച് ആളുകൾ പ്രതികരിക്കുന്നതെന്ന് തിരിച്ചറിയാൻ എന്താണ് താങ്കൾക്ക് കഴിയാത്തത്….

പ്രിയപ്പെട്ട ടിനിടോം താങ്കൾക്ക് “സ്കിൽ” ഇല്ലെന്ന് ഞാനൊരിക്കലും പറയില്ല… എത്ര വൈദഗ്ധ്യത്തോടെയാണ് താങ്കൾ പെട്ടെന്നൊരാൾക്ക് കേട്ടാൽ മനസിലാവാത്ത രീതിയിൽ ” സ്ലട് ഷേമിങ്” നടത്തിയത്.. അതിലുള്ള താങ്കളുടെ കഴിവ്‌ എന്നെ അത്ഭുതപ്പെടുത്തിയെന്ന് പറയാതെ വയ്യ…

പ്രിയപ്പെട്ട ടിനിടോം, വിമർശനങ്ങൾ എല്ലാം “ചീപ്പ്‌ പബ്ലിസിറ്റി സ്റ്റണ്ട്” ആയി ഡിഫൈൻ ചെയ്ത താങ്കളുടെ ബുദ്ധിപൂർവമായ നീക്കത്തെയും അഭിനന്ദിക്കാതെ വയ്യ….

പ്രിയപ്പെട്ട ടിനിടോം താങ്കൾ പറഞ്ഞല്ലോ ഭിക്ഷക്കാരും സെക്സ് വർക്കേഴ്സും അവരുടെ ഗതികേട് കൊണ്ടാണ് ആ തൊഴിൽ ചെയ്യുന്നതെന്ന്.. താങ്കളുടെ തന്നെ വാക്കുകളിൽ നിന്നെനിക്ക് മനസിലായേടത്തോളം താങ്കളീ മറ്റുള്ളവരെ അവഹേളിക്കുന്ന തരത്തിലുള്ള കോമഡികൾ ചെയ്യുന്നതിന് ആ പറഞ്ഞ ഗതികേടിന്റെ ഒഴിവ്കഴിവ് കൂടെ പറയാനില്ലല്ലോ…
പ്രിയപ്പെട്ട ടിനിടോം, താങ്കൾ പറഞ്ഞ ഒരു കാര്യത്തോട് പൂർണമായി യോജിക്കുന്നു.. “സ്കിൽ” ഇല്ലാത്തവർ എന്തും എടുത്ത് വിൽക്കും.. അത് താങ്കൾ അംഗീകരിച്ചതിൽ അതിയായ സന്തോഷമുണ്ട് മാത്രമല്ല ഇന്ത്യ ജനാധിപത്യരാജ്യമാണെമെന്നും പ്രതികരിക്കേണ്ട സമയത്തെങ്കിലും പ്രതികരിക്കണമെന്നുമൊക്കെയുള്ള ബോധ്യങ്ങൾ താങ്കൾക്കും ഉണ്ടെന്ന് അറിഞ്ഞതിലും അതിയായ സന്തോഷം രേഖപെടുത്തുന്നു..

പ്രിയപ്പെട്ട ടിനിടോം താങ്കൾ പറഞ്ഞല്ലോ ഈയിടെ ഒരു ഷൂട്ടിന് പോയപ്പോൾ എഴുതുന്നവർക്ക് ഭയങ്കര സംശയം “ചേട്ടാ ഇതെഴുതിയാൽ പ്രശ്നമാവുമോ ” എന്ന്.. അത് തന്നെയാണ് വേണ്ടത്.. ആ മാറ്റം തന്നെയാണ് വേണ്ടതെന്ന് എന്നാണ് താങ്കൾക്ക് മനസിലാവുക…

പ്രിയപ്പെട്ട ടിനിടോം ഇനിയും ഒരുപാടു എഴുതണമെന്നുണ്ട് പക്ഷേ തൽക്കാലം ഇത്രയും പബ്ലിസിറ്റി മതിയെന്ന് വിചാരിച്ചത് കൊണ്ട് നിർത്തുന്നു…
– എന്ന് ഇന്റർനാഷണൽ കോമഡി ഒന്നും മനസ്സിലാകാത്ത “പൊട്ടക്കിണറ്റിലെ മറ്റൊരു തവള”