സ്വവർഗ്ഗവിവാഹം ഇന്ത്യൻ കുടുംബവ്യവസ്ഥക്ക് ചേരില്ലെങ്കിൽ കേന്ദ്ര ഗവണ്മെന്റിന് ചില സംസ്കാര കഥകൾ പറഞ്ഞുതരാം

100

🖋️ Jahnavi Subramanian എഴുതുന്നു 

സ്വവർഗ്ഗവിവാഹം ഇന്ത്യൻ കുടുംബവ്യവസ്ഥക്ക് ചേരില്ല എന്നാണല്ലോ വാദം. പൗരാണികമായ ആചാരങ്ങൾക്കോ, ചിട്ടകൾക്കോ നിരക്കാത്തതും സംസ്കാരത്തിന് നിരക്കാത്തതും അധാർമികവുമാണെന്നാണ് ഗവണ്മെന്റിന്റെ വാക്കുകൾ. മാത്രമല്ല ഇന്ത്യൻ കുടുംബത്തിൽ ഒരു ആണും ഒരു പെണ്ണും കുട്ടികളുമാണ് പോലും വേണ്ടത് . നാഴികക്ക് നാല്പത് വട്ടം ഹിന്ദു പുരാണങ്ങളും ഹിന്ദുത്വ സംസ്കാരവും ക്വോട്ട്‍ ചെയ്യുന്ന കേന്ദ്ര ഗവണ്മെന്റിന് ചില ഗ്രേറ്റ് ഇന്ത്യൻ ഹിന്ദു പൗരാണിക കുടുംബ കാര്യങ്ങൾ പറഞ്ഞ് തരാം.

1.ഹിന്ദു വിശ്വാസപ്രകാരം ഈ കണ്ട ലോകങ്ങളും ചരാചരങ്ങളെയും സൃഷ്‌ടിച്ച ബ്രഹ്മദേവൻ സ്ത്രീസഹായമില്ലാതെ വിഷ്ണുഭഗവാന് (single male parent) ജനിച്ച പുത്രനാണ്. അതിനുശേഷം പ്രത്യേകിച്ചൊരു സ്ത്രീയുടെ പങ്കില്ലാതെ ബ്രഹ്‌മാവ്‌ ജനിപ്പിച്ചവരാണ് ശിവഭഗവാനും നാരദനുമൊക്കെ എന്നാണ് വിശ്വാസം . ഇത് പോലെ പുരുഷസഹായം ഇല്ലാതെ പാർവ്വതിദേവിക്ക് (single female parent) ജനിച്ച മകനാണ് ഗണപതി

  1. ഇരവാൻ / അരവാൻ : മഹാഭാരതത്തിൽ അർജുനനും നാഗകന്യക ഉലൂപിക്കും ജനിച്ച മകനാണ് ഇരവാൻ എന്നും അറിയപ്പെടുന്ന അരവാൻ. യുദ്ധവിജയത്തിനായി സ്വയം കാളിക്ക് ബലിയർപ്പിക്കാൻ തയ്യാറായ അരവാൻ അതിനു മുൻപ് വിവാഹം കഴിക്കണം എന്ന ആഗ്രഹം പറയുകയും, വൈധവ്യം ഭയന്ന് മറ്റ് സ്ത്രീകളാരും അതിന് തയ്യാറാവാതിരുന്ന സാഹചര്യത്തിൽ ഭഗവാൻ കൃഷ്ണൻ തന്നെ മോഹിനി അവതാരം സ്വീകരിച്ച് ഇരാവാനേ വിവാഹം ചെയ്ത് വരം നടപ്പിലാക്കി. തുടർന്ന് അരാവാനെ ട്രാൻസ്ജെൻഡർസ് ദൈവമായി വിശ്വസിച്ച് പ്രാർത്ഥിച്ച് പോരുന്നു . അറവാണികൾ എന്ന പേര് തന്നെ ഈ കഥയെ അടിസ്ഥാനമാക്കി വന്നതാണ്.
  2. അർദ്ധനാരീശ്വര/ ലക്ഷ്മിനാരായൺ സങ്കല്പങ്ങൾ : ഒരു മനുഷ്യനും 100 ശതമാനം പുരുഷനോ സ്ത്രീയോ അല്ലെന്നും ഏത് മനുഷ്യനിലും ഈ രണ്ട്‌ ഗുണങ്ങളുടെയും പല അളവിലുള്ള പ്രകൃതങ്ങൾ ഉണ്ടെന്ന് കൃത്യമായി പറഞ്ഞു വച്ചിരിക്കുന്ന പൗരാണിക
    സങ്കൽപം.
  3. അഗ്നിദേവൻ : ഹിന്ദു വിശ്വാസപ്രകാരം അഗ്നിദേവൻ സ്ത്രീയായ ദേവി സ്വാഹയെയും അതേസമയം പുരുഷനായ ചന്ദ്രദേവനെയും (സോമൻ) വിവാഹം കഴിച്ചിരുന്നതായി കഥകളുണ്ട് .
  4. മിത്ര- വരുണ സങ്കൽപ്പങ്ങൾ : അദിതിയുടെ മക്കളായ മിത്രനും വരുണനും പൗരാണിക ഹിന്ദു കഥകളിലെ സ്വവർഗ്ഗബന്ധത്തെ പ്രതിനിധാനം ചെയ്യുന്നവരാണ്. ഇവർക്ക് അപ്സരസ് മോഹിനിയുടെ സഹായത്തോടെ (surrogacy) മക്കൾ ഉണ്ടായെന്നും കഥകളുണ്ട്

  5. ഭഗീരഥൻ : ഭഗീരഥപ്രയത്നം വഴി ഗംഗയെ ഭൂമിയിലേക്ക് കൊണ്ടുവന്ന ഭഗീരഥന്റെ ജനനം രണ്ട്‌ സ്ത്രീകളുടെ ബന്ധത്തിലൂടെയാണ് . മക്കളില്ലാതെ മരിച്ച്‌ പോയ രാജാവ് ദിലീപന്റെ വിധവകളുടെ സംഭോഗം വഴി ഉണ്ടായ മകനായാണ് ഭഗീരഥനെക്കുറിച്ച് പദ്മപുരാണത്തിലും മറ്റു പല പുരാണകഥകളിലും പറയുന്നത് .

  6. മോഹിനി അവതാരം – അയ്യപ്പൻറെ ജനനം : ഈ വിഷയം എല്ലാവര്ക്കും അറിയും എന്ന പ്രതീക്ഷയിൽ കൂടുതലൊന്നും പറയുന്നില്ല
    പറഞ്ഞു വന്നത് ഒരു ഭാഗത്ത് ഇത്രയും ജൻഡർ ഫ്ലൂയിഡ് ആയിട്ടുള്ള പുരാണങ്ങളിൽ വിശ്വസിച്ച് , മറുഭാഗത്ത് ഇതൊന്നും ഭാരതസംസ്കാരത്തിന് ചേർന്നതല്ലെന്ന് പറയുന്നത് മോശമല്ലേ .

ബ്രിട്ടീഷുകാരുടെ വരവോടെ അതെല്ലാം മാറിപ്പോയെന്ന് വിചാരിച്ച് നമ്മുടെ സംസ്കാരത്തെ നമ്മൾ തള്ളിപ്പറയാൻ പാടുമോ. ഇനി നിങ്ങൾ പറഞ്ഞ വരുന്നത് ഹിന്ദുത്വക്കും ഇന്ത്യൻ സംസ്കാരത്തിനും തമ്മിൽ വലിയ ബന്ധമൊന്നും ഇല്ലെന്നാണോ .. അത് പ്രശ്നം ആവുമല്ലോ..