ഈ തമിഴ് സിനിമാക്കാർക്ക് എവിടുന്നാണ് ഇതിനുമാത്രം ഐഡിയകൾ

0
647

Jai Peter

ഈ തമിഴ് സിനിമാക്കാർക്ക് എവിടുന്നാണ് ഇതിനുമാത്രം ഐഡിയകൾ അവരുടെ സംസ്കാരത്തിന് ചേരുന്ന രീതിയിൽ ഒത്തുകിട്ടുന്നതെന്ന് സൂരരെപോട്ടു കാണുന്നതിനും മുൻപ് തോന്നിയിട്ടുണ്ട്. മലയാള സിനിമയ്ക്ക് ഒരിക്കലും സ്വപ്നം കാണാൻ ആവാത്ത വിധം സമ്പന്നമാണ് അവരുടെ കഥകൾക്കുള്ള സാധ്യതകൾ. രജനികാന്തിനെ വെച്ച് രണ്ടു സിനിമ ചെയ്തിട്ടുള്ള ആളാണെങ്കിലും പാ രഞ്ജിത്തിന്റെ ഏറ്റവും നല്ല സിനിമ ഇനി ഈ ചിത്രമായിരിക്കും .

സിനിമയുടെ കഥയിലേക്ക് വന്നാൽ പ്രത്യേക പുതുമയൊന്നും പറയാനില്ല. ആയിരം ഭാഷകളിൽ അനേകായിരം വട്ടം പറഞ്ഞ അതേ കഥ തന്നെ. സിനിമയുടെ അവതരണത്തിലും കഥാപാത്രങ്ങളുടെ സവിശേഷതകളിലും അത് അവതരിപ്പിച്ച അഭിനേതാക്കളുടെ മിടുക്കിലുമാണ് ചിത്രം 100 മാർക്കിനടുത്ത് നേടുന്നത്.

നമ്മൾ ഇവിടെ നിമിഷയുടെ സൗന്ദര്യമില്ലായ്മയെ കുറ്റമായി പറയുമ്പോൾ ഇതിലെ നായികയെ കൈയ്യടിച്ചു സമ്മതിച്ചു കൊടുക്കും. അഭിനയം ആണ് സൗന്ദര്യം എന്നത് ആരെങ്കിലും ഈ മറുതകൾക്ക് ഒന്ന് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ! എഴുപതുകളെ സിനിമയിൽ അടയാളപ്പെടുത്തിയിരിക്കുന്നത് തികച്ചും സുന്ദരമായാണ്.

ആര്യയ്ക്ക് എന്നും അഭിമാനിക്കാവുന്ന വേഷം. ആര്യ ചെയ്ത ഹാർഡ് വർക്ക് സിനിമയിൽ ഉടനീളം കാണാം.മെയിൻ വില്ലന് കൊടുക്കാത്ത ഒരു ഇൻട്രോ വില്ലന്റെ സൈഡ്‌കിക്കിന് കൊടുത്തത് ഒരു പുതുമയായി. അതുകൊണ്ടു തന്നെ ഡാൻസിംഗ് റോസ് കുറേക്കാലം ഫേസ്‌ബുക്ക് ഭരിക്കും എന്നുറപ്പ്. ആക്ഷൻ സിനിമകൾക്ക് ഒഴിവാക്കാൻ ആകാത്ത ആ അവസാനത്തിനു മുൻപിലത്തെ അൽപ്പം ഇഴച്ചിൽ സഹിച്ചിരിക്കാൻ ആയാൽ അടുത്ത കാലത്തെ മികച്ച സിനിമാനുഭവം. ഇന്റർവെൽ ആകുമ്പോഴേക്കും സിനിമ കാണുന്നത് മുതലാകും.

സന്തോഷ് നാരായണന്റെ സംഗീതവിഭാഗം മാത്രം പ്രതീക്ഷക്കൊത്തുയർന്നില്ല.നായകൻറെ അച്ഛന്റെ നീണ്ട ഫ്‌ളാഷ്ബാക്കിലേക്ക് പോകാതെ ഒറ്റ സീനിൽ അത് ഒതുക്കിയതിനും രാഷ്ട്രീയത്തെ അതിരു കവിഞ്ഞു കഥയിലേക്ക് കടത്താത്തതിനും സംവിധായകന് നന്ദി.കോവിഡ് കാലത്ത് തീയേറ്ററുകൾക്ക് നഷ്ടമായ ഒരേയൊരു സിനിമ ഇതായിരിക്കും.

മമ്മൂക്കയ്ക്ക് കമീഷണർ പോലെ സൂര്യയെ വെച്ച് പ്ലാൻ ചെയ്ത സിനിമയായിരുന്നു ഇതെങ്കിലും സൂര്യക്ക് പുതുതായി ഇതിൽ ഒന്നും ചെയ്യാൻ ഉണ്ടാവുമായിരുന്നില്ല. മാത്രമല്ല സെന്റി സീനൊക്കെ ചിലപ്പോ അൽപ്പം ബോർ ആക്കിയേനെ എന്നാണ് തികച്ചും വ്യക്തിപരമായ അഭിപ്രായം എന്ന് കൂടി പറഞ്ഞു നിറുത്തട്ടെ .