‘ദിവ്യക്കുട്ടി രാമഷ്ണേട്ടന്റെ മോള്’ ഫേസ്ബുക്കിൽ പങ്കുവച്ച  ‘ജയ് ഗണേഷ്’ റിവ്യൂ. നടൻ ഉണ്ണി മുകുന്ദൻ ഉൾപ്പെടെ ഈ റിവ്യൂ ഷെയർ ചെയ്തിട്ടുണ്ട്.

സെൻസസ് പ്രകാരം എറണാകുളം ജില്ലയിലെ ജനസംഖ്യ 31,34,485 ആണ്.2015ലെ ഭിന്നശേഷി സർവ്വേ അനുസരിച്ച് എറണാകുളം ജില്ലയിൽ മാത്രം 74,127 ഭിന്നശേഷിക്കാരുണ്ട് . അതിൽ 24,769 പേര് ചലനശേഷിയുമായി ബന്ധപ്പെട്ട അംഗപരിമിതർ ആണ്. അതായത് മൊത്തം ഭിന്നശേഷിക്കാരുടെ 33.41% . ഈ മനുഷ്യരിൽ 40 ശതമാനത്തിൽ അധികം ആൾക്കാർക്കും ജന്മനാ വന്ന ഭിന്നശേഷിയല്ല,മറിച്ച് രോഗാവസ്ഥ മൂലമോ അപകടങ്ങളിൽ പെട്ടോ പരിമിതികൾ വന്നതാണ്.

ഈ കണക്കുകൾ ഒക്കെ നിരത്തുന്നത് എന്തിനാണ് എന്നായിരിക്കും വായിക്കുന്നവരുടെ സംശയം. ഞാനിന്നൊരു സിനിമ കണ്ടു.കാണുന്നതിനു മുൻപ് ഞാനും കുറച്ചൊക്കെ മുൻവിധി വെച്ചിരുന്നു. പക്ഷേ ഇതൊരു വൃത്തിയുള്ള ത്രില്ലർ ആണ്. അതിനെക്കാളും അപ്പുറം മനുഷ്യപ്പറ്റിന്റെ സിനിമയാണ്.
ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുകയും അത്തരം പരിമിതികൾ അനുഭവിക്കുന്നവരോ, അവരുടെ കൂടെ നിൽക്കുന്നവരോ ആയിട്ടുള്ള മനുഷ്യരുമായി നിരന്തരം ഇടപെടുന്ന ഒരു മനുഷ്യൻ എന്ന രീതിയിൽ എന്റെ ഹൃദയം നിറച്ച ഒരു സിനിമ.

 എനിക്ക് എന്റേതായ രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം ആ സിനിമയുടെ നിർമ്മാതാവും നായകനുമായ വ്യക്തിയുടെതിൽ നിന്നും തീർത്തും വ്യത്യസ്തവുമാണ്.പക്ഷേ സിനിമയിലുടനീളം കണ്ടത് ഞാനെന്റെ നിത്യജീവിതത്തിൽ കാണുന്നവരെ തന്നെയാണ്. അവർ അനുഭവിക്കുന്ന ശാരീരിക മാനസിക സംഘർഷങ്ങളാണ്. ഉണ്ണി മുകുന്ദൻ, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമ ഇതാണ്. ഒരു മനുഷ്യൻ എന്ന രീതിയിൽ നിങ്ങൾക്ക് ഈ മനുഷ്യർക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല സിനിമ.

രാവിലെ ഉണരുമ്പോൾ റീൽസ് നോക്കി കിടക്കുകയും മുട്ടി ബ്ലാഡർ പൊട്ടും എന്ന് തോന്നുമ്പോൾ മാത്രം എഴുന്നേറ്റുപോയി മൂത്രമൊഴിക്കുകയും തൊട്ടടുത്ത കവലയിൽ നിന്ന് ഒരു തീപ്പെട്ടിക്കൂട് വാങ്ങാൻ ആണെങ്കിലും ബൈക്ക് എടുത്ത് പോവുകയും കാടും മലയും നടന്നു കയറി ട്രക്കിംഗ് ഈസ് മൈ പാഷൻ എന്ന ക്യാപ്ഷനുമായി വീഡിയോകളും ഫോട്ടോകളും ഇടുകയും ചെയ്യുന്നവർക്ക് അരയ്ക്ക് കീഴ്പോട്ട് ചലനശേഷിയില്ലാതെ തളർന്ന ഒരുവന്റെ ജീവിതം എന്തായിരിക്കും എന്ന് ഊഹിക്കാൻ കഴിയുമോ എന്നെനിക്കറിയില്ല. ( അതും ജീവിതത്തിൽ ഏറ്റവും ചോര തിളക്കുന്ന പ്രായത്തിൽ അപകടത്തിൽപ്പെട്ട് ചലനശേഷിയില്ലാതായി പോയ ഒരുവന്റെ..!)

ഹാൻഡ് ബ്രേക്കും ക്ലച്ചും ഒക്കെയുള്ള മോഡിഫൈഡ് കാറിൽ യാത്ര ചെയ്യുമ്പോഴും ഏറ്റവും പ്രാഥമിക കൃത്യമായ മൂത്രമൊഴിക്കാൻ കയ്യകലത്തിൽ ഒരു കുപ്പി കരുതി വെക്കേണ്ടി വരുന്നവന്റെ മനസ്സിൽ എന്തായിരിക്കും എന്ന് ഊഹിക്കാൻ കഴിയുമോ എന്നെനിക്കറിയില്ല.തമാശയായിട്ടാണെങ്കിലും കാര്യമായിട്ടാണെങ്കിലും നിനക്കൊക്കെ വീട്ടിൽ തന്നെ ഇരുന്നൂടെ എന്ന് മുഖത്ത് നോക്കി ചോദിക്കുന്ന പ്രിയപ്പെട്ടവരടക്കമുള്ളവരുടെ മുഖത്തേക്ക് നിസ്സഹായതയോട് ചിരിക്കുന്നവന്റെ ഉള്ളിൽ എന്തായിരിക്കും എന്ന് ഊഹിക്കാൻ കഴിയുമോ എന്ന് എനിക്കറിയില്ല.മലയാള സിനിമയിൽ ആദ്യമായിട്ടാണ് അതിഭാവത്വം കാണിക്കാതെ wheel chair ൽ ജീവിതം കഴിക്കേണ്ടിവരുന്ന ഒരു മനുഷ്യന്റെ ജീവിതം വരച്ചു കാണിക്കുന്നത്.
എനിക്ക് പരിചയമുള്ള വീൽചെയറിൽ ജീവിക്കുന്ന ഒരുപാട് പേർ അവരുടെ ടീനേജ് അല്ലെങ്കിൽ യൗവനാരംഭത്തിൽ ഉണ്ടായ ആക്സിഡന്റുകളുടെ ബാക്കിപത്രമായി വീൽചെയറിലേക്ക് കയറിയവരാണ്. അവർ അനുഭവിക്കുന്ന നിസ്സഹായത, frustration, വേദന, അപമാനം അതൊക്കെ കൃത്യമായി ഈ സിനിമയിൽ വരച്ചു കാണിച്ചിട്ടുണ്ട്.

ജീവിക്കാനായി അവർ സ്വയം ആർജ്ജിച്ചുണ്ടാക്കുന്ന മോട്ടിവേഷൻ പോലും തല്ലി കെടുത്തുന്ന മനുഷ്യരെയും കൃത്യമായി കാണിക്കുന്നുണ്ട്.വീൽചെയറിൽ ഈ മനുഷ്യർ ഇരിക്കുന്ന ഇരുപ്പിൽ പോലും പ്രത്യേകതയുണ്ട്. ചലനശേഷിയില്ലാത്ത കാലുകൾ രണ്ടും ഒതുക്കി വെച്ച്, ശരീരത്തിന്റെ ബലം മുഴുവൻ രണ്ട് കൈകളിലേക്ക് മാറ്റിയാണ് അവർ ഇരിക്കുക. അതുകൊണ്ടുതന്നെ അവരുടെ കയ്യിന് നല്ല ബലം ആയിരിക്കും. സിനിമയിൽ ഉടനീളം ആ ശരീരഭാഷ കൃത്യമായി നിലനിർത്താൻ സംവിധായകനും അഭിനേതാവും ശ്രദ്ധിച്ചിട്ടുണ്ട്.ബന്ധുക്കൾ തന്നെ വീൽ ചെയർ ഉന്തിക്കൊണ്ടു പോകുമ്പോൾ അതിൽ നിന്ന് വീഴുന്നതും സഹതാപം എന്ന വ്യാജേന കുത്തി പറയുന്നതും പലപ്പോഴും പ്രാകുന്നതും ഞാനെന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്.

ദളപതി വിജയ് യെ കാണാൻ വേണ്ടിയെങ്കിലും ദൈവം എന്നെ ജീവനോടെ വയ്ക്കും ചേച്ചി എന്നു പറയുന്ന അമൃത എന്ന പെൺകുട്ടിയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചപ്പോൾ, ഏത്, ആ ഇഴ ജന്തുവോ എന്ന് ചോദിച്ച വരട്ടു കാരണവരുടെ മുഖം ഞാൻ ഇപ്പോഴും മറന്നിട്ടില്ല.അവരോട് കാരുണ്യവർഷം ചൊരിയുന്നു എന്ന് കാണിക്കാൻ ഭിന്നശേഷി സൗഹൃദമായ ഒരു സ്റ്റേജ് പോലും ഉപയോഗിക്കാതെ അവരുടെ ശാരീരിക പരിമിതി പോലും മനസ്സിലാക്കാതെ ചിരിച്ച് ഫോട്ടോക്ക് വേണ്ടി മൽപ്പിടുത്തം നടത്തുന്ന പൗരപ്രമുഖരെയും രാഷ്ട്രീയക്കാരെയും കണ്ടിട്ടുണ്ട്. ഇതുതന്നെ എന്നും കാണുന്നതു കൊണ്ടാവും സിനിമയിൽ അതൊക്കെ കാണുമ്പോൾ എന്റെ കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു. ആ സമയത്ത് എന്റെ മനസ്സിലൂടെ പോയത് യഥാർത്ഥ ജീവിതത്തിൽ ഞാൻ കാണുന്ന എന്റെ ഈ കൂട്ടുകാരുടെ മുഖമാണ്.

ഏറ്റവും സങ്കടം തോന്നിയത് ഈ സിനിമ കാണാൻ ഇവരെ ഏതു തീയേറ്ററിൽ കൊണ്ടുപോകുമെന്ന് ആലോചിച്ചിട്ടാണ്. കൊച്ചി സിറ്റിയിൽ ഞാൻ കണ്ടിട്ടുള്ള എല്ലാ മൾട്ടിപ്ലക്സ് തീയേറ്ററുകളിലും ഇരിപ്പിടങ്ങൾ പടിപടി ആയിട്ടാണ് സജ്ജീകരിച്ചിട്ടുള്ളത്. എന്റെ ജീവിതത്തിലെ ഹീറോകളായ 10 പേരെയെങ്കിലും എനിക്ക് ഈ സിനിമ കാണിക്കണം എന്ന് ആഗ്രഹമുണ്ട്. അവർക്ക് വേണ്ടത് സഹതാപമല്ല ഇതുപോലെ സൂപ്പർഹീറോ ആവാനുള്ള മോട്ടിവേഷൻ ആണ്. ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ ചലനം നഷ്ടപ്പെട്ടുവെങ്കിലും മനസ്സിന്റെ ശക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന് അവരെ തന്നെ ഓർമ്മിപ്പിക്കാൻ കഴിയുന്ന ഒരു സിനിമയാണിത്.കാരണം തോറ്റു കൊടുക്കാതെ സെർവൈവ് ചെയ്യാൻ തീരുമാനിച്ചപ്പോൾ തന്നെ യഥാർത്ഥ ജീവിതത്തിൽ അവരൊക്കെ സൂപ്പർ ഹീറോസ് ആണ്.

സിനിമയിലെ ആ കുഞ്ഞു പറഞ്ഞത് തന്നെയാണ് ഈ വിഷയത്തിൽ എനിക്കും പറയാനുള്ളത്..
I believe in miracles..അതുകൊണ്ട് അവർക്ക് എല്ലാവർക്കും ഈ സിനിമ കാണാൻ ഒരു അവസരം ഉണ്ടാവും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.And I salute you my superheroes UnNi Maxx Sarath Padipura Surjith Sidhardh Martin Ca and many others ❤️❤️❤️

സഹതാപം അല്ലാതെ ശരിക്കും ഈ മനുഷ്യരോട് സ്നേഹം ഉണ്ടെങ്കിൽ അവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും അവർ കടന്നുപോകുന്ന വഴികളും അവരോട് നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്യുന്ന തെറ്റുകളും തിരിച്ചറിയാൻ എങ്കിലും ഈ സിനിമ കാണണം. Thank you unni mukundan and Ranjith Shankar for such a super initiative.

You May Also Like

ബ്ലാക്ക് ആൻഡ് വൈറ്റിൽ അതിമനോഹരിയായി രമ്യനമ്പീശൻ.

ഗായികയായും അഭിനേത്രിയായും മലയാളികളുടെ മനസ്സിൽ തൻ്റെതായ സ്ഥാനം കണ്ടെത്തിയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശൻ. ടെലിവിഷൻ അവതാരകയായും തിളങ്ങിയിട്ടുള്ള താരത്തിന് ഒട്ടനവധി നിരവധി ആരാധകരാണ് ഉള്ളത്.

അടിപ്പൊളി സ്റ്റൈൽ ലുക്കിൽ ബിന്ദു പണിക്കരും സായ് കുമാറും, അവധിയാഘോഷിക്കാൻ ലണ്ടനിലേക്ക് പറന്ന് താരങ്ങൾ

മലയാള സിനിമയിലെ ഇരുത്തം വന്ന താരങ്ങളാണ് സായ്‌കുമാറും ബിന്ദുപണിക്കരും. നായകനായും സഹനടനായും വില്ലനായും തിളങ്ങിയ സായ്‌കുമാർ…

അൻപത് വർഷത്തെ നാടക – സീരിയൽ – സിനിമ ജീവിതത്തിൽ ശ്രീ ജയരാജന്റെ ആദ്യ നായക വേഷം

Lekshmi Venugopal ” ജനനം 1947 പ്രണയം തുടരുന്നു “വിന്റെ പോസ്റ്റർ കണ്ടപ്പോ വളരെയധികം സന്തോഷം…

ഒടുവിൽ നയന്‍താരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയുടെ പ്രമോ പുറത്തിറക്കി

ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ നയന്‍താരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹ ഡോക്യുമെന്ററിയുടെ പ്രമോ വീഡിയോ നെറ്റ്ഫ്ലിക്‌സ്…