ബിരിയാണിക്ക് ഇനി ഇവിടേക്ക് വരണ്ട, അതെന്താ? ബിരിയാണി വാലയെ കുടുംബത്തോടെ ചുട്ടുകൊന്നു

250

Jaison P Joy

ഓഫീസിൽ 20 ൽ കൂടുതലാളുകളൂടെ പാർട്ടിക്ക് ബിരിയാണി ഉണ്ടാക്കിത്തരുന്നത് യാക്കൂബ് കാക്കയാണ്. ബെഹറാംപുരയിലെ ഓഫീസിൽ നിന്നും അഹമ്മദാബാദിലെ ഏറ്റവും തിരക്കേറിയ ഷോപ്പിങ് ഹബ്ബായ തീൻദർവാജയിലേക്കുള്ള വഴിയിൽ നിരവധി ഗല്ലികളിലൂടെ, യഹൂദാ സിനഗോഗിന്റെ മുൻപിലൂടെ സൈക്കിൾ ചവിട്ടിയാണ് യാക്കൂബ് കാക്കയുടെ സൽമ മൻസിലിലേക്ക് ഞങ്ങൾ ബിരിയാണി ഓർഡർ ചെയ്യാൻ പോകുന്നത്…..”സമ്മാ….. ക്യാ ഛെ തു? യെ പൈസാ ലേ ജാ…” ഉറക്കെ വിളിച്ചു പറയും യാക്കൂബ് കാക്ക…കാക്കയുടെ ഇളയ മോളാണ് സൽമ. നീണ്ട മൂക്കുള്ള മൊഞ്ചത്തി സൽമ്മയുടെ മയിലാഞ്ചിയിട്ട കൈയിലാണ് മിക്കവാറും അഡ്വാൻസ് പണം കൊടുക്കാറുള്ളത്. പാതിരിയായിരുന്ന എനിക്ക് നീണ്ട മൂക്കുള്ള സുന്ദരികളോട് ഒരു പ്രണയം ഉണ്ടായിട്ടുണ്ട് ഒരുപാട്.

2001 ലെ ഗുജറാത്തിലെ ഭൂകമ്പത്തിന് കൃത്യം ഒരു വർഷവും ഒരു മാസവും ഒരു ദിവസവും തികയുന്ന 2002 ഫെബ്രുവരി 27 രാവിലെ 7.43 ന് ഗോധ്റ റെയിൽവേ സ്റ്റേഷനടുത്ത് വെച്ച്, സബർമതി എക്സ്പ്രസിന്റെ S6 കോച്ചിലുണ്ടായ ഒരു വൻ അഗ്നിബാധയിൽ തർക്കഭൂമിയായ അയോധ്യയിൽ ഒരു ഹൈന്ദവ സമ്മേളനത്തിൽ പങ്കെടുത്ത് മടക്കയാത്രയിലായിരുന്ന 59 തീർത്ഥാടകർ വെന്തുമരിച്ചു. 2001 ഫെബ്രുവരി 28 ന് ഹിന്ദുത്വ വാദികൾ പ്രതിഷേധ ബന്ദ് നടത്തുകവഴി, അക്രമങ്ങൾക്ക് തുടക്കമായി. മുസ്ലിങ്ങളാണ് ഹൈന്ദവ തീർത്ഥാടകരെ തീവെച്ചുകൊന്നതെന്ന് വാർത്ത കാട്ടുതീ പോലെ പടർന്നു.

അതിവേഗം ഗുജറാത്തിന്റെ ഓരോ കോണിലും ഈ വിവരങ്ങൾ കൊടുങ്കാറ്റിന്റെ വേഗത്തിൽ എത്തി. ഹൈന്ദവ ദേശീയനേതാക്കളുടെ വർഗ്ഗീയ വിഷപ്രസ്താവനകൾ കത്തിയമർന്നു കൊണ്ടിരിക്കുന്ന തെരുവിനെ ആളിക്കത്തിച്ചു. ത്രിശൂലത്തിന്റെയും ജിഹാദിന്റെയും പോർവിളികൾ തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിച്ചു. ആയിരക്കണക്കിന് അക്രമികൾ വാഹനങ്ങളിൽ വന്ന് മുസ്ലിം വ്യാപാര സ്ഥാപനങ്ങളും, വീടുകളും, പള്ളികളും തിരഞ്ഞുപിടിച്ച് ആക്രമിച്ചു തുടങ്ങി.പ്രാണരക്ഷാർത്ഥം ഓടി വീട്ടിൽക്കയറി വാതിലടക്കുന്നവരെ വീടിനുള്ളിൽ ഇട്ട് അഗ്നിക്കിരയാക്കി. മാതാപിതാക്കളുടെ മുന്നിൽ വെച്ച് പെൺകുട്ടികളെയും, ഭർത്താക്കൻമാരുടെ മുന്നിൽ വെച്ച് സ്ത്രീകളെയും സംഘം ചേർന്ന് ബലാത്സംഗം ചെയ്തുകൊന്നു തള്ളി. കുട്ടികളെ പെട്രോൾ കുടിപ്പിച്ച് തീ കൊടുത്ത് മനുഷ്യ ബോംബാക്കി.

സ്ത്രീ ശരീരങ്ങളിൽ ഹൈന്ദവ ചിഹ്നങ്ങൾ ആയുധങ്ങൾ കൊണ്ട് കോറിയിട്ടു. മുലകളും ജനനേന്ദ്രിയങ്ങളും ശരീരാവയവങ്ങളും വെട്ടിയരിഞ്ഞു. ഗർഭിണിയുടെ നിറവയർ പിളർന്ന് ശിശുവിനെ ത്രിശൂലത്തിൽ കോർത്തെടുത്തത് മുതൽ എഴുതാൻ കൈവിറയ്ക്കുന്ന, വായിക്കുമ്പോൾ കാഴ്ച മങ്ങുന്ന, ഓർക്കുമ്പോൾ മനസ് മരവിപ്പിക്കുന്ന, കൊടും ക്രൂരതയുടെ വിവരണങ്ങൾ ഈ വംശഹത്യയെ അതിജീവിച്ച ചിലർ പിന്നീട് പുറം ലോകത്തോട് വിളിച്ചു പറഞ്ഞു.

സെക്കന്തരാബാദിലെ ജീഡിമെറ്റ്ലയിൽ വർഷം തോറും നടക്കുന്ന സ്റ്റഡി സെമിനാറിലെ വൈകുന്നേരങ്ങളിലെ ആജ്തക് live News പ്രോഗ്രാം സാധാരണയായി റിക്കോർഡ് ചെയ്ത് ലൈബ്രറി സമയം കഴിഞ്ഞുള്ള 9.15 ചായ സമയത്താണ് ഓഡിറ്റോറിയത്തിൽ കാണിക്കാറുള്ളത്.പക്ഷേ ഫെബ്രുവരി 28ന് അതീവ പ്രാധാന്യമുള്ള കാര്യമാണെന്നറിയിപ്പ് വരികയും എല്ലാവരും പെട്ടെന്നു ഓഡിറ്റോറിയത്തിൽ വന്നു കാര്യങ്ങളറിയുകയും ചെയ്തു. 2001 ലെ ഭൂകമ്പത്തിന് ശേഷമുള്ള റീഹാബിലിറ്റേഷന്റെയും, ഗ്രാമനിർമ്മാണ പ്രവർത്തനത്തിന്റെയും നിരവധി ടീമുകളിലായി ആയിരക്കണക്കിന് പ്രവർത്തകരാണ് ഗുജറാത്തിലുള്ളത്. നിയന്ത്രണാതീതമായി വർഗ്ഗീയ വംശഹത്യ വർദ്ധിക്കുമ്പോൾ തിരികെ ഗുജറാത്തിലേക്ക് പോകാതെ കേരളത്തിലേക്ക് ലീവിൽ പോരാൻ വീട്ടിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും നിർബന്ധം ഉണ്ടായെങ്കിലും ഏപ്രിൽ 2 ന് രാവിലെ 8 മണിയോടെ ഞാനും 4 സുഹൃത്തുക്കളും അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിലെത്തി.റെയിൽവേ സ്റ്റേഷനിൽ പതിവ് തിരക്കുകളില്ല.മറിച്ച് തോക്കുധാരികളായ പട്ടാളക്കാർ ഓരോ പത്തു മീറ്ററുകളിലും നിരന്നു നിൽക്കുന്നു.ഒരു കൂട്ടം പട്ടാളക്കാർ ബാഗുകളഴിച്ച് പരിശോധിക്കുന്നു. ബാഗുകളിലൊന്നുമില്ലെന്നുറപ്പ് വരുത്തി പട്ടാളക്കാർ പുറത്തേക്ക് വിട്ടു.

സാധാരണ ഓഫീസിൽ നിന്നും വലിയ വാഹനങ്ങളയച്ച് പിക്ക് ചെയ്യാറുണ്ട്. പക്ഷേ ഇത്തവണ നാലു പേരുള്ളതിനാലാവാം അതുണ്ടായില്ല.ഓട്ടോ വിളിച്ചപ്പോ ആരും വരുന്നില്ല. ജമാൽപുർവഴി പോകാൻ കഴിയില്ലെന്നു തീർത്തു പറഞ്ഞു.ചെറിയ ഒരു വിഷമവും, അൽപം ആശങ്കയും ഭയവും തോന്നിത്തുടങ്ങി.ഒന്നര മണിക്കൂർ നടക്കാൻ എന്തായാലും കഴിയില്ല.ബസിന് പോകാൻ വേണ്ടി ലഗേജുകളും തൂക്കി ഞങ്ങൾ പുറത്തേക്കിറങ്ങി. അര കിലോമീറ്ററോളം ലഗ്ഗേജുമായി നടക്കുന്നു…. വാഹനങ്ങൾ തീരെ കുറവ്, ഓട്ടോറിക്ഷകൾ നിറുത്തിയാലും ജമാൽപുർ വഴി പോകില്ല.ആ വഴിയല്ലാതെ മറ്റു നിർവാഹവുമില്ല. നിരവധി മുസ്ലിം കുടുംബങ്ങൾ വ്യാപാര സ്ഥാപനങ്ങൾ (ഹാർഡ് വേർ ഷോപ്പുകൾ) നടത്തുന്ന സ്ഥലമാണ് ജമാൽപുർ.ഞങ്ങൾ സ്റ്റേഷനിൽ നിന്നുമിറങ്ങിയിട്ട് അര കിലോമീറ്ററോളം ആയി… ഇടക്കിടെ പട്ടാളക്കാരുടെയും പോലീസ് കാരുടെയും വാഹനങ്ങൾ ചീറിപ്പായുന്നു… പ്രതീക്ഷയോടെ ഞങ്ങൾ മാറി മാറി ഓരോ വാഹനങ്ങൾക്കും കൈ കാണിച്ചു കൊണ്ടിരുന്നു.അവസാനം ഒരു ജീപ് ഞങ്ങളുടെ അടുത്തെത്തി നിറുത്തി… 4, 5 പോലീസ്കാരുള്ള ആ ജീപ്പിൽ ഞങ്ങളെ കയറ്റി. ബഹറാംപുരയിലിറക്കാമെന്നു പറഞ്ഞു. ധന്യവാദ് പറഞ്ഞു പെട്ടെന്ന് എല്ലാവരും ജീപ്പിൽ കയറിക്കൂടി. കൂട്ടത്തിലെ ഹിന്ദിക്കാരനായ ഇൻഡോർ സ്വദേശിയായ കൈലാഷ് ഡാവർ പോലീസുകാരോട് ചോദിച്ചു… എവിടേക്കാണെന്ന്…
“തീൻ ദർവ്വാജയിലേക്ക്…”
പെട്ടെന്ന് കൈലേഷ് എന്നെ നോക്കി. മിക്കപ്പോഴും വിദേശികൾ വരുമ്പോൾ ഷോപ്പിങ്ങിന് അവരെ കൊണ്ടുപോകുന്നതവിടെയാണ്. മാത്രമല്ല, ബിരിയാണി യാക്കൂബ് കാക്കയുടെ സൽമ മൻസിലും അവിടെയാണ്. മൂക്ക് നീണ്ട മൊഞ്ചത്തി സൽമയും അവിടെയുണ്ട്. എല്ലാം ഓർത്തപ്പോൾ ഒരു വല്ലായ്ക. ബെഹ്റാംപുരയിലെത്തിയപ്പോൾ ഓഫീസിൽ നല്ല തിരക്ക്. വിദേശത്ത് നിന്നുള്ള സമരിറ്റൻ പഴ്സ് എന്ന ടീം വന്നിട്ടുണ്ട്. അവരോടൊപ്പം പോകേണ്ടി വരുമെന്നതിനാൽ വേഗം തുണികളൊക്കെ അലക്കിയിട്ട് ഒന്നു തീൻ ദർവാജക്ക് പോയാലോ എന്ന് കൂട്ടുകാരോട് തിരക്കി. ആർക്കും വലിയ താത്പര്യമൊന്നുമില്ല.

ഞാൻ ചോദിക്കുന്നത് കേട്ട് കൈലാഷ് വരാമെന്നു് പറഞ്ഞു. ഞങ്ങൾ രണ്ടു പേരും സൈക്കിളിൽ യാത്ര തുടങ്ങി. ഗോവിന്ദ ചാർരാസ്തയിൽ നിന്നും ഞാൻ സിനഗോഗ് വഴിയിലേക്ക് തിരിഞ്ഞു, സൽമ മൻസിൽ ലക്ഷ്യമാക്കി സൈക്കിൾ ചവിട്ടി.കുറച്ചു മുൻപോട്ട് പോയതും പോലീസ് ജീപ്പ് നിറുത്തിയിട്ടിരിക്കുന്നതു കണ്ട് ഞാൻ സൈക്കിളിൽ നിന്നിറങ്ങി.കൈലാഷും ഞാനും അൽപം പേടിയോടെ അനോന്യം നോക്കി. മുൻപോട്ട് പോകാൻ സാധ്യതയില്ലാത്തതിനാൽ പതുക്കെ സൈക്കിൾ തിരിച്ചു. പെട്ടെന്ന് ഒരു പോലീസുകാരൻ ആക്രോശിച്ചു. “യഹി ആ…ക്യാ ജാവു ഛോ “? (ഇങ്ങോട്ട് വാ… എങ്ങോട്ടാ ടോ പോകുന്നത്?)
“തീൻ ദർവാജാ”….
ഇതിലെയല്ലല്ലോ അങ്ങോട്ടുള്ള വഴി ? പിന്നെന്തിനാ ഇതിലെ വന്നത്? എന്താ കാര്യം?പറയെടോ?
പേടിച്ചു വിറച്ചു…. ഉത്തരം പറഞ്ഞില്ലെങ്കിൽ പിടിച്ചു കൊണ്ടുപോയി വർഗ്ഗീയ ലഹളയുടെ പേരിൽ കേസെടുത്ത് ജയിലിലടക്കാൻ സാധ്യതയുണ്ട്.ഒച്ചപ്പാട് കേട്ട് മറ്റൊരു പോലീസ് കാരൻ അടുത്തേക്ക് വന്നു. അയാളെക്കണ്ടപ്പോൾ സമാധാനം തോന്നി. കാരണം രാവിലെ ബെഹറാംപുർ വരെ ഞങ്ങളെ പോലീസ് ജീപ്പിൽ കൊണ്ടു വന്നപ്പോൾ അതിലീ പോലീസ്കാരനുണ്ടായിരുന്നു.
“നിങ്ങളെയല്ലേ രാവിലെ ബെഹറാ പുരയിൽ ഇറക്കിയത്,പിന്നെന്താ ഇപ്പോ ഇവിടെ” ?
അതെ സാബ്, ഞങ്ങളിവിടെ ബിരിയാണി ഓർഡർ ചെയ്യാൻ ബെഹറാംപുർ ക്രിസ്ത്യൻ സൊസൈറ്റിയിൽ നിന്നു വരികയാണ്.

സാധാരണ ഇവിടെയാണോ വരാറുള്ളത്?
അതെ !
ഇനി ഇവിടേക്ക് വരണ്ട ബിരിയാണിക്ക്
അതെന്താ?
ബിരിയാണി വാലയെ കുടുംബത്തോടെ അവർ ചുട്ടുകൊന്നു! നിങ്ങളിനി ഈ വഴി മുൻപോട്ട് പോകണ്ട.
പോലീസ് കാരൻ തീർത്തു പറഞ്ഞു. എന്റെ തലയുടെ പിൻഭാഗം മുതൽ പെരുത്തു കയറി… കണ്ണിലേക്ക് ഇരുട്ട് പടർന്നു കയറി..കൈകൾ വിയർത്തു…നാവു പൊന്തുന്നില്ല….ശബ്ദം വിറച്ചു…
“ജയ്സൻ ”
കൈലാഷ് വിളിച്ചു.
ഹം ചൽത്തേ ഹെ….
ഞാൻ സൈക്കിൾ കൈലാഷിനെ ഏൽപ്പിച്ചു.പിന്നിലിരുന്നു…വംശവെറിയുടെ ഫലമായി നരാധമൻമാരാൽ വിജനമാക്കപ്പെട്ട ഊടുവഴികളിലൂടെ,അഗ്നിക്കിരയാക്കപ്പെട്ട വീടുകൾ ക്കിടയിലൂടെ,
കൊത്തിനുറുക്കപ്പെട്ട ആയിരം സ്വപ്നങ്ങളുടെ കബന്ധങ്ങൾ ചിതറിയ ഇടനാഴികളിലൂടെ, യാത്ര ചെയ്തപ്പോൾ..ഒരു നീണ്ട മൂക്കും മൈലാഞ്ചിയിട്ട കൈകളും എന്റെ മനസിൽ നിറഞ്ഞു നിന്നു.