INFORMATION
ആദ്യം ലോഗോ ഉണ്ടായ ശേഷം അതുമായി ബന്ധപ്പെട്ട് ഒരു ബ്രാൻഡ് പേര് കൂടി ഉണ്ടായ കഥ
ടെക്നോളജി വ്യവസായ ഭീമന്മാരും, വാഹന നിർമ്മാണ ഭീമന്മാരും, സ്പോർട്സ്/ഷൂ നിർമ്മാണ ഭീമന്മാരും ലോക ജനമനസ്സുകളിൽ അവരുടെ ബ്രാൻഡ് ലോഗോകൾ കുത്തിക്കയറ്റുന്നതിന്
154 total views

Jajish Thomas
ടെക്നോളജി വ്യവസായ ഭീമന്മാരും, വാഹന നിർമ്മാണ ഭീമന്മാരും, സ്പോർട്സ്/ഷൂ നിർമ്മാണ ഭീമന്മാരും ലോക ജനമനസ്സുകളിൽ അവരുടെ ബ്രാൻഡ് ലോഗോകൾ കുത്തിക്കയറ്റുന്നതിന് മുൻപ് ലോകജനത കൗതുകത്തോടെ നോക്കിക്കണ്ടിരുന്ന ഒരു ബ്രാൻഡ് ലോഗോ ആണ് ഹിസ് മാസ്റ്റേഴ്സ് വോയ്സ് (HMV) എന്ന കമ്പനിയുടെ ലോഗോ. ആദ്യം ലോഗോ ഉണ്ടായ ശേഷം അതുമായി ബന്ധപ്പെട്ട് ഒരു ബ്രാൻഡ് പേര് കൂടി ഉണ്ടായ കഥകൂടി ആണിത്.
ഒരു നായ ഗ്രാമഫോണിൽ നിന്നു വരുന്ന ശബ്ദം ശ്രദ്ധിച്ചു കേൾക്കുന്ന ഒരു ലോഗോ ആണത്. ഈ ലോഗോയുടെ ആദ്യ രൂപം വരച്ചത് ഫ്രാൻസിസ് ബറോഡ് എന്ന ഇംഗ്ലണ്ടുകാരൻ ആണ്.
ഈ ലോഗോയ്ക്ക് പിന്നിൽ ഒരു കഥയുണ്ട്. ഫ്രാൻസിസ് ബറോഡിന്റെ സഹോദരൻ മാർക്ക് ബറോഡിന്റെ നായയായിരുന്നു അത്. ലോഗോയിൽ കാണുന്ന നായയുടെ പേര് നിപ്പർ എന്നായിരുന്നു. ആകസ്മികമായി ഫ്രാൻസിസ് ബറോഡിന്റെ സഹോദരൻ മാർക്ക് ബറോഡ് മരിച്ചു പോയപ്പോൾ നിപ്പറിന്റെ സംരക്ഷണച്ചുമതല ഫ്രാൻസിസ് ബറോഡിനായി.
മരിച്ചു പോയ മാർക്ക് ബറോഡിന്റെ ശബ്ദം റെക്കോർഡ് ചെയ്ത് വച്ചിരുന്ന ഫോണോഗ്രാഫ് റെക്കോർഡ് അദ്ദേഹം എപ്പോൾ കേട്ടാലും നിപ്പർ എന്ന നായ അവന്റെ മാസ്റ്ററുടെ (മാർക്ക് ബറോഡിന്റെ) ശബ്ദം കേൾക്കാൻ സങ്കടത്തോടെ വന്നു നിൽക്കുമായിരുന്നു.ഗ്രാമഫോണിന്റെ ആദ്യകാല രൂപം ആണ് ഫോണോഗ്രാഫ്.
ഫ്രാൻസിസ് ബറോഡ് നിപ്പറിന്റെയും ഫോണോഗ്രാഫിന്റെയും ചിത്രം പെയിന്റ് ചെയ്യാൻ തീരുമാനിച്ചു. ആദ്യ ചിത്രത്തിൽ നിപ്പറും ഫോണോഗ്രാഫും ആയിരുന്നു ഉണ്ടായിരുന്നത്. ഫ്രാൻസിസ് ബറോഡ് ഈ ചിത്രത്തിന് കോപ്പി റൈറ്റ് നേടി. പിന്നീട് അദ്ദേഹം ഈ ചിത്രം അക്കാലത്തെ ഫോണോഗ്രാഫ് കമ്പനികൾക്ക് വിൽക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ചിത്രത്തിൽ മാറ്റം വരുത്താൻ അനുവദിക്കണം എന്നൊരു നിബന്ധനയോടെ ഗ്രാമഫോൺ കമ്പനിയുടെ കീഴിൽ ഉള്ള വിക്ടർ ടോക്കിങ് കമ്പനി ചിത്രം വാങ്ങാൻ തീരുമാനിച്ചു. അവർ ചിത്രത്തിൽ മാറ്റം വരുത്തി ആദ്യ ചിത്രത്തിലെ ഫോണോഗ്രാഫ് മാറ്റി ഗ്രാമഫോൺ വച്ചു. അങ്ങനെ 1899 ഇൽ ആദ്യമായി ആ മനോഹര ചിത്രം വ്യാവസായികമായി ഉപയോഗിക്കപ്പെട്ടു.
മനോഹരമായ ഈ ലോഗോ പ്രശസ്തമായത് കൊണ്ട് ഗ്രാമഫോൺ കമ്പനി ഹിസ് മാസ്റ്റേഴ്സ് വോയ്സ് (HMV) എന്ന ബ്രാൻഡ് പേരിൽ ഷോപ്പുകൾ തുടങ്ങി സംഗീത ഉത്പന്നങ്ങൾ വിറ്റഴിക്കാൻ തുടങ്ങി. ഏകദേശം ഒരു നൂറ്റാണ്ട് HMV എന്ന ബ്രാൻഡിൽ ലോകം മുഴുവനും സംഗീത ഉത്പന്നങ്ങളുടെ കച്ചവടം നടന്നു. 2017-2018 ഓടു കൂടി HMV കടകൾ അടഞ്ഞു തുടങ്ങി. ഇപ്പോൾ HMV എന്ന ബ്രാൻഡ് പേരിൽ എങ്ങും കടകൾ പ്രവർത്തിക്കുന്നില്ല എന്നാണ് അറിവ്.
155 total views, 1 views today