സ്ത്രീകൾക്ക് എതിരായ ലൈംഗീക അധിക്ഷേപം അവളോട് ആശയപരമായി സംവദിക്കാനുള്ള കഴിവില്ലാത്തതിനാൽ

0
297

Jalaja Mol എഴുതുന്നു 

ജസ് ലയെ അറിയാം. ആർത്തവ അയിത്തത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ എറണാകുളത്ത് മറൈൻഡ്രൈവിൽ നടന്ന ആർപ്പോ ആർത്തവ പരിപാടിയുടെ ക്യാമ്പ് ആരംഭിച്ചത് മുതൽ അവസാനിക്കുന്നത് വരെ സ്ട്രോങ്ങായി നിന്ന് പ്രചരണം മുതൽ
ഏറ്റവും അവസാനം പിരിയുന്ന സമയം വരെയും പരിപാടിയെ വൻവിജയമാക്കിയ കുറെ ഊർജ്ജസ്വലരായ ചെറുപ്പക്കാരുണ്ട്.
ആ പരിപാടിയുടെ ഭാഗമായവർക്ക് മറക്കാൻ കഴിയാത്തവർ.
ആ കൂട്ടത്തിലെ പെൺകുട്ടികളിലൊരാളായിരുന്നു ജസ്ലയും.
ഇവിടെ നടക്കുന്ന പല വിഷയങ്ങളിലും കൃത്യമായ ധാരണയോടെ അഭിപ്രായം പറയുകയും നിർഭയം ഇടപെടുകയും ചെയ്യുന്ന അവളെക്കുറിച്ച് അഭിമാനവുമുണ്ട്.
പൊതുസമൂഹം കല്പിച്ചു നല്കിയിട്ടുള്ള പ്രത്യേക പ്രിവിലേജുകൾക്കുള്ളിൽ സുരക്ഷിതനായിരുന്നു കൊണ്ട്, സ്വതന്ത്ര ചിന്തകളും ജീവിത വീക്ഷണങ്ങളും, തുറന്ന അഭിപ്രായങ്ങളുമുള്ള സ്ത്രീകളെ അടച്ചാക്ഷേപിക്കാൻ ഇവിടത്തെ സ്ത്രീവിരുദ്ധർ കാലങ്ങളായി ഉപയോഗിച്ച് ശീലിച്ച വഴിയാണ് സ്ത്രീകൾക്ക് എതിരായ ലൈംഗീക അധിക്ഷേപം അല്ലെങ്കിൽ വ്യക്തിഹത്യ.
സ്ത്രീകൾ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങുമ്പോൾ അതിനോട് ആശയപരമായി സംവദിക്കാനോ ഇടപെടാനോ കഴിയാത്ത പരാധീനതയിൽ നിന്നാണ് അവളെ ശാരീരികമായി / ലൈംഗീകമായി അധിക്ഷേപിക്കുകയെന്ന വൃത്തികെട്ട അവസ്ഥയലേക്ക് പുരുഷൻ അധ:പതിക്കുന്നത്. മൂർച്ചയേറിയത് എന്ന് നിങ്ങൾ വിചാരിക്കുന്ന ഈ ആഭാസകല്ലേറിൽ തകർന്ന് പോകുന്ന നിങ്ങളുടെ മാതൃകാ സീരിയൽ കുല സ്ത്രീകളാരും പൊതു ഇടങ്ങളിൽ തലയുയർത്തി ജസ് ലപ്പോലെ നിലപാട് പറയാൻ ഇറങ്ങിപ്പുറപ്പെടില്ലെന്നുള്ള യാഥാർത്ഥ്യമെങ്കിലും മിനിമം നിങ്ങൾ അറിഞ്ഞിരിക്കണം.ഈ കല്ലേറുകൾ കൊള്ളാതെയല്ല ഇവിടുത്തെ പെണ്ണുങ്ങളാരും സമൂഹത്തിൽ അവരെ അടയാളപ്പെടുത്തിയിട്ടുള്ളത് ഫിറോസ്.
വിമർശനങ്ങൾക്കതീതമായി ഈ ഭൂമിയിൽ ഒന്നും അവശേഷിക്കേണ്ടതില്ല. എന്തിനെയും കുറിച്ച് അഭിപ്രായം പറയാനും വിമർശിക്കാനും ജനാധിപത്യ ഇന്ത്യയിൽ സാധ്യമായിരിക്കെ വിമർശനങ്ങളോട് എന്താണിത്ര അസഹിഷ്ണുത ഉത്തമ നന്മ മരപുരുഷു?
ഒരു സ്ത്രീയുടെ ആശയങ്ങളോട് / രാഷ്ടീയ വിയോജിപ്പുകളോട് പ്രതികരിക്കാൻ മറ്റെന്തെല്ലാം മാർഗ്ഗങ്ങൾ ഉണ്ട്. വ്യക്തിപരമായി താങ്കളെ അവർ അവഹേളിച്ചിട്ടുണ്ടെങ്കിൽ നിയമപരമായി പ്രതികരിക്കാമെന്നിരിക്കേ എന്തിനാണ് ആ സ്ത്രീയെ/ അഭിപ്രായ സ്വതന്ത്ര്യത്തിൽ വിശ്വസിക്കുന്ന സ്ത്രീ സമൂഹത്തെ സ്വഭാവഹത്യ നടത്തി മറികടക്കാമെന്ന എളുപ്പവഴിക്ക് മുതിരുന്നത് ?
ഇതാണോ നിങ്ങളിലെ നന്മ ?ഇതാണോ നിങ്ങളിലെ മനുഷത്വo?
അതിനെ അത്ര നിഷ്കളങ്കമായി നോക്കിക്കാണാൻ തുല്യതയിൽ വിശ്വസിക്കുന്ന ഇവിടുത്തെ പെണ്ണുങ്ങൾക്ക് സാധിക്കില്ല എന്നതാണ് നിങ്ങളുടെ സ്ത്രീ വിരുദ്ധ നിലപാടിനെതിരെ പ്രതികരിക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്.താങ്കളുടെ ഭാഷയിൽ കുടുംബത്തിൽ ഒതുങ്ങാത്ത സ്ത്രീ, അതായത് സ്വന്തം നിലപാട് പൊതു ഇടത്തിൽ അഭിപ്രായമായും വിമർശനമായും പറയുന്ന സ്ത്രീയെ ‘അവൾ വേശ്യയാണ് ‘ എന്ന് പ്രയോഗിക്കുന്നതിലൂടെ കുടുംബത്തിന് പുറത്തുo ആചാരങ്ങൾക്കും അനാചാരങ്ങൾക്കും അപ്പുറം ലോകത്തിൽ സ്ത്രീകൾക്ക് പലതും ചെയ്യാനുണ്ട് എന്ന് ചിന്തിച്ച്, പ്രവർത്തിച്ച് ജീവിക്കുന്ന മുഴുവൻ സ്ത്രീകളെയും അധിക്ഷേപിക്കുന്ന സമീപനമാണ് താങ്കളിൽ നിന്നുണ്ടായത്. സമത്വത്തെക്കുറിച്ച് ധാരണയുള്ള സ്ത്രീകളും സാമാന്യ ബോധവും ജാഗ്രതയും ഉള്ളവർ തന്നെയാണ് ഫിറോസ്. എന്തിന്റെയും നല്ല വശങ്ങളെ പ്രോത്സാഹിപ്പിച്ചും അല്ലാത്തതിനെ വിമർശിച്ചും മാത്രമേ അവർക്കി വിടെ ജീവിക്കാൻ കഴിയൂ. സ്തുതിപാഠകരുടെ ജയ് വിളികൾക്ക് മാത്രം കാത് കൊടുക്കാതെ, വിമർശനങ്ങളെ കേട്ടും, സ്ത്രീകളെ തുല്യരായ മനുഷ്യരായി അംഗീകരിച്ചും ജീവിക്കുന്നതല്ലേ അവരെ അധിക്ഷേപിച്ച് സ്വയം അധ:പതിക്കുന്നതിലും നല്ലത്?
NB :ഇത് വായിച്ച് തെറി വിളിക്കാൻ മാത്രം വരുന്ന ന്യായീകരണ ത്തൊഴിലാളികളുണ്ടെങ്കിൽ അവരോടും ജസ്ലയുടെ സ്ക്രീൻ ഷോട്ടുകൾ കമന്റുകളായി പോസ്റ്റാൻ കച്ചകെട്ടി ഇറങ്ങുന്നവരോടും നിങ്ങൾക്ക് മനസ്സിലാകുകയില്ലെങ്കിലും –

മുറ്റത്തെ ഈ നന്മ മരം പൂത്തുലഞ്ഞ് സുഗന്ധമല്ല പരത്തുന്നതെന്ന് മനസ്സിലാക്കാനുള്ള ഈ അവസരം പാഴാക്കിക്കളയരുത് എന്ന ഒരറിയിപ്പുണ്ട്.