ഇവടെ ടെസ്റ്റിങ് കിറ്റുകൾ ഇല്ല, നിങ്ങൾ മരിക്കും എന്ന് ഉറപ്പായാൽ മാത്രം വന്നാൽമതി

90
ജീവിക്കാൻ വേണ്ടി മറുനാട്ടിലെത്തിയ, അതിപ്പോ ബംഗാളി എന്നോ മലയാളി എന്നൊന്നും വിത്യാസമില്ലാതെ എല്ലാത്തരം പ്രവാസികളുടെയും ആശങ്കയും ആധിയുമാണ്

Jalisha Usman വരച്ചിടുന്നത് വായിക്കുക
നാട്ടിലേക്ക് വരാൻ കഴിഞ്ഞെങ്കിൽ എന്ന് അത്രമേൽ ആഗ്രഹിച്ചു പോവുന്നു. ദിവസങ്ങളോളമായി ഇവടെ ആധി തിന്ന് ജീവിക്കുന്നു. സ്വീഡന്റെ നയങ്ങൾ മറ്റു ലോക രാഷ്ട്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. മറ്റു സ്‌കാന്റിനേവിയൻ രാജ്യങ്ങളൊക്കെ ബോഡറുകളും തെരുവുകളും അടച്ചു പൂട്ടിയിട്ടും ഇവിടത്തെ ജനങ്ങളൾ ലോക്ക്ടൗണ് വേണ്ട എന്നും, ജന ജീവിതം എന്നത്തേയും പോലെ മുന്നോട്ട് പോവട്ടെ എന്നുമാണ് തീരുമാനിച്ചിരിക്കുന്നത്.
എല്ലായിടത്തും ആളുകളുണ്ട്. കൊറോണ സാമൂഹിക വ്യാപനമായി പ്രഖ്യാപിച്ചിട്ടുണ്ട്. മരണ സംഖ്യ എക്‌സ്സ്‌പൊണൻഷ്യലായാണ് കൂടുന്നത്. എന്നിട്ടും തെരുവുകളിൽ ഇപ്പോഴും ജനം പുഴപോലെ ഒഴുകുന്നു. റസ്റ്റോറന്റുകളും ബാറുകളും പഴയപോലെ തന്നെ നിറഞ്ഞിരിക്കുന്നു. പൊതു സ്ഥാപനങ്ങളിൽ ഒരുപാട് ആളുകൾ ഹോം ഓഫീസിൽ പോയിട്ടുണ്ട്. പക്ഷെ അത്രയും ആളുകൾ തെരുവിൽ എണ്ണം കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നത്. കിന്റർ ഗാർഡൻ തൊട്ട് യൂണിവേഴ്സിറ്റികൾ വരെ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ഒരാൾ പോലും മാസ്‌ക്ക് വയ്ക്കുന്നത് ഞാൻ കണ്ടിട്ടില്ല. സോഷ്യൽ ഡിസ്റ്റൻസ് പാലിക്കപ്പെടുന്നില്ല, പോട്ടെ, കൈ സാനിട്ടയ്‌സ് ചെയ്യുന്നത് പോലും കാണാൻ കഴിയില്ല.!
പരസ്പരം ആശ്രയിച്ചു കഴിയുന്ന ഒരു സമൂഹത്തിൽ ഒരു കിന്റർ ഗാർഡൻ അടച്ചുപൂട്ടിയാൽ പോലും അത് ആരോഗ്യ മേഖലയിൽ ഉൾപ്പെടെ പല തൊഴിലാളികളെയും ബാധിച്ചേക്കാം, കുഞ്ഞുങ്ങളെ നോക്കേണ്ടി വരുന്നതിനാൽ അവർക്ക് ജോലി ചെയ്യാൻ കഴിയാതെ വന്നേക്കാം എന്നാണ് സ്വീഡന്റെ ഔദ്യോഗിക വിശദീകരണം.
എനിക്കിപ്പോ നാലു ദിവസമായി നേരിയ പനിയും ജലദോഷവും അനുഭവപ്പെടുന്നു. എന്താണ് അസുഖം എന്നറിഞ്ഞൂടാ. അറിയാൻ വഴി ഒന്നും തന്നെ ഇല്ല. വളരെ പ്രായം ചെന്നവരോ ക്രിട്ടിക്കൽ ആയി അസുഖബാധ ഉള്ളവരോ അല്ലെങ്കിൽ ആശുപത്രികൾ സാമ്പിൾ എടുക്കുകയോ ടെസ്റ്റ് നടത്തുകയോ ഇല്ല. യുവാക്കളോ ചെറിയ ലക്ഷണങ്ങൾ ഉള്ളവരോ ആണെങ്കിൽ ആശുപത്രികൾ ചെല്ലേണ്ട എന്നാണ് ഔദ്യോഗിക അറിയിപ്പ്. ഇവടെ ടെസ്റ്റിങ് കിറ്റുകൾ ഇല്ലത്രേ..! അതായത് നിങ്ങൾ മരിക്കും എന്ന് ഉറപ്പായാൽ മാത്രമേ പരിചരണം ലഭിക്കൂ..! എത്ര സമ്പന്നമായ ഒരു യൂറോപ്പ്യൻ രാജ്യമാണ് ഇതെന്നോർക്കണം..! സത്യത്തിൽ നിങ്ങൾ ഈ കാണുന്ന സ്ഥിതീകരിച്ച പോസിറ്റിവ്‌ കണക്കുകൾ യദാർത്ഥത്തിൽ ഉള്ള പോസിറ്റിവ്‌ കണക്കുകളല്ല, മറിച്ച് അങ്ങേ അറ്റം സീരിയസ് ആയ രോഗികളുടെ കണക്കുകളാണ്. യദാർത്ഥ കണക്കുകൾ ഇതിനും എത്രയോ, എത്രയോ മുകളിൽ ആണ്.
ഈ പറഞ്ഞ തെരുവുകളും ബാറുകളും റസ്റ്റോറന്റുകളും കടന്ന് എല്ലാ ദിവസവും ഞാൻ യൂണിവേഴ്സിറ്റിയിൽ പോവാറുണ്ട്. പോവാതിരിക്കാൻ കഴിയും, വീട്ടിൽ നിന്ന് വർക്ക് ചെയ്യാം. പക്ഷെ വീട്ടിൽ സ്ഥിതി അതിനേക്കാൾ പ്രശ്നമാണ്. കിഴക്കൻ സ്വീഡനിൽ ഡെന്മാർക്കിനോട് ചേർന്നു കിടക്കുന്ന ചെറിയൊരു നഗരമാണിത്. ലോകപ്രശസ്തമായ ഒരു യൂണിവേഴ്സിറ്റി ഉണ്ട് എന്നതൊഴിച്ചാൽ കാര്യമായ ഒന്നും ഇവടെ ഇല്ല. ആയിരക്കണക്കിന് വിദ്യാർഥികൾ വന്നും പോയും ഇരിക്കുന്നതിനാൽ താമസിക്കാൻ ഇവടെ ഒരു ഇടം കിട്ടാൻ നന്നേ പ്രയാസമാണ്. പ്രത്യേകിച്ചും ഡോക്ടറൽ വിദ്യാർത്ഥികൾക്ക് (ശമ്പളം തരുന്നത് കൊണ്ട് യൂണിവേഴ്സിറ്റി താമസം തരില്ല. പുറത്ത് സ്വന്തമായി ഒരു അപാർട്മെന്റ് റെന്റ് ചെയ്യാൻ മാത്രം ശമ്പളം തികയില്ല താനും). അതുകൊണ്ട് മിക്കവാറും സ്റ്റുഡന്റ്സ് ഏതെങ്കിലും അപാർട്മെന്റ് ഷെയർ ചെയ്യാറാണ് പതിവ്.
നന്നേ പ്രായം ചെന്ന ഒരു പഴയകാല സ്വീഡിഷ് പോപ്പ് ഗായകന്റെ വീട്ടിലാണ് ഞാൻ. അയാളാണെങ്കിൽ ഏത് സമയവും കറക്കം. ഇപ്പൊ കൊറോണ വന്നപ്പോ പ്രത്യേകിച്ചും. മൂപ്പരുടെ പഴയകാല സുഹൃത്തുക്കൾ എൻപത് പിന്നിട്ട പലരും ഐസൊലേഷനിൽ ആണ് എല്ലാവരെയും കണ്ട് സുഖവിവരം അന്വേഷിക്കലാണ് ഇപ്പോഴത്തെ പണി. “നല്ല ചെയിൻ സ്മോക്കർ അല്ലെ, ശ്വാസകോശം പിഴിഞ്ഞാൽ കരിഓയിൽ വരുന്ന അവസ്‌ഥ ആയിരിക്കില്ലേ, പെട്ടന്ന് ബാധിക്കാൻ സാധ്യത ഇല്ലേ” എന്നൊക്കെ പറഞ്ഞു വിരട്ടി നോക്കി. നടക്കുന്നില്ല. ഒരാഴ്ചയായി അയാൾക്ക് ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടെന്നു തോന്നുന്നു. കാഴ്ചയ്ക്ക് വിളറിയിരിക്കുന്ന പോലെ തോന്നി. ചുമയ്ക്കുന്നതും കേട്ടിരുന്നു.
ഓരോ നിമിഷവും നാട്ടിലേക്ക് പോരാൻ വഴി എന്തെങ്കിലും ഉണ്ടോ എന്ന് കണ്ണും നട്ടിരിക്കുകയാണ് ഇപ്പൊ. പനി വന്നാ വയ്യാതെ ആണെങ്കിലും കഷ്ടിച്ച്, ഏന്തി ഒരു കട്ടൻ ഇട്ടുതരാനോ കഞ്ഞി വച്ചു തരാനോ ഉമ്മച്ചി ഉണ്ടാവും. മരിക്കുവാണെങ്കിലും കൂടപ്പിറപ്പിന്റെ വീൽചെയറിൽ തല ചായ്ച്ചു മരിക്കാലോ.
നാട്ടിൽ വീട്ടുകാരുടെയും അടുത്തവരുടെയും വീട്ടിൽ ആവശ്യത്തിൽ കൂടുതൽ കെയറും, ഭക്ഷണവും ഒക്കെയായി അടച്ചു പൂട്ടപ്പെടുമ്പോ അവിടുള്ളവർക്ക് തോന്നുന്ന തോന്നാലുകളല്ല യാതൊരു ശ്രദ്ധയും ഇല്ലാതെ, അസുഖം പടർന്നുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ നടുക്ക് ഭാഷ പോലും അറിയാതെ തനിച്ചു, പകച്ചു നിൽക്കുമ്പോൾ ഒരാൾക്ക് ഉണ്ടായേക്കാവുന്നത്. എന്നെപോലെ കുടുംബം നോക്കാൻ വേണ്ടി പ്രവാസികൾ ആയവർക്ക് പ്രത്യേകിച്ചും. എല്ലാ മനുഷ്യരും ഒരുപോലെ അല്ല. ചിലർക്ക് മരിക്കുക എന്ന ഒരു ഒപ്‌ഷൻ ഉണ്ടായെന്ന്പോലും വരില്ലല്ലോ..!
വീട്ടിൽ പ്രായം ചെന്ന ഒരുമ്മയും സ്പൈനൽ കോഡ് തകർന്ന ഒരു അനുജത്തിയും ഉണ്ട്..!
പറയാൻ വന്നത് വേറെ ചിലതാണ്. ഇത്തരം രാജ്യങ്ങളുടെ അനാസ്ഥകൾക്കാണ് നമ്മൾ അടങ്ങുന്ന ദരിദ്ര നാരായണ രാജ്യങ്ങൾ വരെ വില കൊടുക്കേണ്ടി വരുന്നത്. നമ്മൾ അവടെ ജീവൻ മരണ പോരാട്ടം നടത്തുമ്പോൾ ഇത്തരം സമ്പന്ന രാജ്യങ്ങൾ അവരുടെ ബിസിനസ് ബാങ്ക്റപ്റ്റ് ആവുന്നതിനെ പറ്റിയും ആരോഗ്യ രംഗത്ത് അമിത ചിലവ് വരുന്നതിനെ പറ്റിയും ആശങ്കപ്പെടുന്നു.
നമ്മൾ ഉല്ലാതെല്ലാം ഇട്ടെറിഞ്ഞു പോരാടുമ്പോൾ ഇവർ ഇതിൽ നിന്ന് എങ്ങനെ ലാഭം ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നു. പ്രായമായ ആളുകളും, ആദ്യമേ അസുഖം ഉള്ള, സമൂഹത്തിന് വലിയ ആശുപത്രി ചിലവുകൾ വരുത്തി വയ്ക്കുന്നവരും കൂട്ടത്തോടെ ചത്തൊടുങ്ങിയാൽ ഉണ്ടാവുന്ന പെൻഷൻ രംഗത്തെയും, ഇൻഷുറൻസ് രംഗത്തെയും, ലാഭത്തെ പറ്റി കണക്ക് കൂട്ടുന്നു. പ്രവാസികളായി ഇത്തരം രാജ്യങ്ങളിൽ (ഗൾഫ് നാടുകൾ അടക്കം) കഴിഞ്ഞു കൂടുന്നവർ അത്രമേൽ അരക്ഷിതാവസ്ഥ അനുഭവിക്കുന്നത് കൊണ്ടാണ് നാട്ടിലേക്ക് വരണമെന്ന് മുറവിളി കൂട്ടുന്നത്. എത്രയായാലും ഓരോ പ്രവാസിയും അന്യനാട്ടിൽ അന്യർ തന്നെയാണ്. മലയാളിക്ക് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞാൽ കേരളത്തിലെ ബംഗാളികൾ, അതെത്ര പൈസക്കാരനായാലും, എത്ര വലിയ ടെക്കി ആയാലും ശെരി. ഇതിന്റെ ഒക്കെ അവസ്സാനം എന്താവും എന്ന് കണ്ടു തന്നെ അറിയേണ്ടി ഇരിക്കുന്നു..!….
Advertisements