ജെല്ലിക്കെട്ട്‌ കേവലം കയറു പൊട്ടിച്ചോടുന്ന ഒരു പോത്തിന്റെ കഥയല്ല

0
501

എഴുതിയത്  : Bebeto Thimothy

ഇറച്ചിയും ഇണയും.
പ്രാചീനകാലം മുതൽക്കേ മനുഷ്യനെ ആവേശം കൊള്ളിച്ചിരുന്ന,അവൻ മറ്റൊരു മൃഗം മാത്രമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടേ ഇരിക്കുന്ന രണ്ട്‌ കാര്യങ്ങൾ.
മനുഷ്യനെന്ന് പറയുന്നത്‌ ആണിനെയാണ്‌…
ചരിത്രം തന്നെ “ഹിസ്‌-സ്റ്റോറി” ആണല്ലോ.
കായികബലത്തിന്റെ അഡ്വാന്റേജ്‌ മുതലെടുത്ത്‌ ഇറച്ചിക്കായും ഇണയ്ക്കായും ഉള്ളിലെ വന്യതയെ കെട്ടഴിച്ച്‌ വിട്ട്‌ അതിൽ ഉന്മാദം കണ്ടെത്തുന്ന ആണുങ്ങളുടെ കഥ.
ജെല്ലിക്കെട്ട്‌ ഈ ഒരു സത്യത്തിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌.
ഒന്നര മണിക്കൂറിന്റെ “Chaos” ഇൽ ലിജോ ജോസ്‌ പെല്ലിശ്ശേരി എന്ന മജീഷ്യൻ ഒരുക്കി വെച്ചിട്ടുള്ളത്‌ അത്തരത്തിൽ ഒരു വന്യമായ അനുഭവമാണ്‌.
കയറു പൊട്ടിച്ചോടുന്ന ഒരു പോത്തിനെ പിടിക്കാനോടുന്ന നാട്ടുകാരുടെ കഥ എന്ന ഒറ്റവരിയിൽ ജെല്ലിക്കെട്ടിനെ തളച്ചിടാൻ സാധിക്കാത്തതും അതുകൊണ്ടാണ്‌…
ടെയ്‌ല്‌ എൻഡിൽ വരുന്ന കാര്യങ്ങളും അതിന്‌ അടിവരയിടുന്നു.
ജെല്ലിക്കെട്ട്‌ കേവലം കയറു പൊട്ടിച്ചോടുന്ന ഒരു പോത്തിന്റെ കഥയല്ല.
ഇണയ്ക്കായും ഇറച്ചിക്കായും പരസ്പരം കൊല്ലാൻ പോലും മടിക്കാത്ത മനുഷ്യരുടെ മൃഗീയ ചോദനയെ പറ്റിയാണ്‌ സിനിമ അടിമുടി സംവദിക്കുന്നത്‌.
മൃഗീയ ചോദന എന്ന വിശേഷണം പോലും ചിലപ്പോൾ കല്ലുകടിയാവും.
മനുഷ്യനെ “ദി സിവിലൈസ്ഡ്‌ വൺ” എന്ന് മറ്റ്‌ മൃഗങ്ങളിൽ നിന്ന് അടർത്തി മാറ്റി കാണുന്ന സാമ്പ്രദായക രീതികൾക്ക്‌ നേരെ പല്ലിളിച്ച്‌ കാട്ടുന്ന ഒരു സൃഷ്ടി.

Bebeto Thimothy
Bebeto Thimothy

നൂറ്റാണ്ടുകളുടെ ചരിത്രത്തിൽ “ഇറച്ചി” പല അവതാരങ്ങൾ എടുക്കുന്നുണ്ട്‌.
കറൻസിയായും,സ്വർണ്ണമായും,ഭൂമിയായുമെല്ലാം പൗഡറിടുമ്പോഴും അടിസ്ഥാനപരമായി അത്‌ ഇറച്ചി തന്നെയാണ്‌…വിശപ്പിനെ ശമിപ്പിക്കുന്ന ഇറച്ചി.
കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സിദ്ധാന്തം അതിന്റെ പോളിഷ്ഡ്‌ വേർഷൻസിൽ വീണ്ടും വീണ്ടും കൊണ്ടാടപ്പെടുന്നു.
അവിടെയും മാറ്റമില്ലാത്തത്‌ ഇണയ്ക്കാണ്‌…
കുറച്ചു കൂടെ കൃത്യമായി പറഞ്ഞാൽ പെണ്ണിന്റെ സ്ഥാനത്തിന്‌…
കല്ലുകൊണ്ടടിച്ച്‌,ആ ചോര കണ്ട്‌ ചിരിച്ച്‌ കായിക ബലത്തിന്റെ അഹങ്കാരത്താൽ അവളുടെ മുടിയിഴകളിൽ വലിച്ച്‌ അപ്രകാരം അവളെന്ന ഇണയെ സ്വന്തമാക്കുന്ന,കീഴ്പെടുത്തുന്ന ടോക്സിക്‌ മാസ്കുലിനിറ്റിയുടെ ദുർഗ്ഗന്ധം പ്രീഹിസ്റ്റോറിക്‌ ഗുഹാമനുഷ്യരുടെ മരണത്തോടെ ഇല്ലാതായ ഒന്നല്ല.
ഡൊമസ്റ്റിക്‌ വയലൻസ്‌,റേപ്പ്‌,അബ്യൂസ്‌ എന്ന വാക്കുകൾ കൊണ്ടെല്ലാം അവയെ വിശേഷിപ്പിക്കാൻ ഭാഷയും പദാവലിയും മാത്രം വളർന്നു എന്നത്‌ മാത്രമാണ്‌ സത്യം.

സിനിമയിലോട്ട്‌ വന്നാൽ സിനിമയുടെ ദൈർഗ്ഘ്യം കേവലം ഒന്നര മണിക്കൂറാണ്‌.
ആ സ്ക്രീൻ ടൈം മുഴുവൻ പ്രേക്ഷകനെ എംഗേജ്‌ ചെയ്യിക്കുന്നതിൽ സംവിധായകൻ വിജയിക്കുന്നുണ്ട്‌.
ഒന്ന് രണ്ട്‌ കഥാപാത്രങ്ങളുടെ പ്രകടനങ്ങളിൽ ആർട്ടിഫിഷ്യാലിറ്റി അനുഭവപ്പെട്ടു.
അത്‌ മാറ്റി നിറുത്തിയാൽ സമസ്ത മേഖലയിലും ജെല്ലിക്കെട്ട്‌ ജയിച്ച്‌ കയറുന്നു.
എടുത്ത്‌ പറയേണ്ടത്‌ ക്യാമറ തന്നെയാണ്‌…
അതി ഗംഭീരം.

കോണ്ട്രവേഴ്ഷ്യലാവാൻ സാധ്യതയുള്ള ഒരു സീനുമുണ്ട്‌.സ്പോയ്‌ലറാകും എന്നതിനാൽ അത്‌ പറയുന്നില്ല.എന്നാൽ സിനിമയുടെ ടോട്ടാലിറ്റിയിൽ സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടുന്നതായോ ഗ്ലോറിഫൈ ചെയ്യപ്പെടുന്നതായോ അനുഭവപ്പെട്ടില്ല.
“രണ്ട്‌ കാലിൽ നടക്കുന്നു എന്നേ ഉള്ളൂ.അവരും മൃഗങ്ങൾ തന്നെയാണ്‌” എന്ന ഡയലോഗിനെ സാധൂകരിക്കുന്ന ഒന്ന് തന്നെയാണ്‌ സിനിമ.

Master of chaos
എന്ന് ലിജോ ജോസ്‌ പെല്ലിശ്ശേരിയെ എന്തു കൊണ്ട്‌ വിശേഷിപ്പിക്കുന്നു എന്നറിയാൻ അങ്കമാലിയും,ഇമയൗ വും തന്നെ മതിയാകും.എന്നാൽ അയാളുടെ ആ ഒരു വശത്തിന്റെ എക്സ്ട്രീം കാണണമെങ്കിൽ ഈ സിനിമ കണ്ടേ പറ്റൂ.

ടെയ്‌ല്‌ എൻഡിൽ ചത്ത്‌ കിടക്കുന്ന മനുഷ്യനും പോത്തിനുമിടയിലേക്ക്‌ ക്യാമറ നീളുമ്പോൾ ബാക്കിയാവുന്ന ചോദ്യവും ലളിതമാണ്‌

“Who made this mess”?
മനുഷ്യനോ പോത്തോ.
കറക്ഷൻ.
ഇരുകാലിയോ നാൽക്കാലിയോ!?

©Bebeto Thimothy