JALSA മൂവിയെ കുറിച്ച് Sanuj Suseelan എഴുതിയ ആസ്വാദനം
ഈ സിനിമ ഒട്ടും ഇഷ്ടമായില്ല. പക്ഷെ അത് സിനിമയുടെ കുഴപ്പമല്ല. അതിലെ അന്തരീക്ഷവും കഥയും കഥാപാത്രങ്ങളും കടന്നുപോകുന്ന സംഘർഷങ്ങൾ നമ്മളുടെ ഉള്ളിൽ സൃഷ്ടിക്കുന്ന വിഷാദമാണ് കാരണമെന്നു തോന്നുന്നു. കോവിഡ് സൃഷ്ടിച്ച മാനസികമായ സമ്മർദ്ദങ്ങളിൽ നിന്ന് ജനം ഒരുവിധം പുറത്തു വരുന്ന ഇക്കാലത്ത് ഈ സിനിമ തീയറ്ററിൽ ഇറക്കിയിരുന്നെങ്കിൽ വൻ പരാജയമായി അവസാനിച്ചേനെ. തുമാരി സുല്ലു എന്ന രസകരമായ ചിത്രം സംവിധാനം ചെയ്ത സുരേഷ് ത്രിവേണി അതിന് നേരെ വിപരീതമായ ഒരു കഥയാണ് ഈ സിനിമയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. ഇതേ കഥയുടെ പല പതിപ്പുകളും മുമ്പും നമ്മളുടെ സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷെ അതിൽ മിക്കതും ത്രില്ലറുകളായിരുന്നു. എന്നാൽ ജൽസ വളരെ വൈകാരികമായ ഒരു തലത്തിൽ നിന്നുകൊണ്ടാണ് ഈ കഥ വീണ്ടും പറയുന്നത്.
പൂർണമായും ഒരു ഡാർക്ക് സിനിമ ആയിപ്പോവുമോ എന്ന ഭയത്തിൽ സംവിധായകൻ നടത്തിയിട്ടുള്ള ചില കോംപ്രമൈസുകൾ കൂടി ഒഴിവാക്കിയിരുന്നെങ്കിൽ ഇതൊരു വ്യത്യസ്തമായ, മനോഹരമായ സിനിമയായി മാറിയേനെ. ഈ സിനിമയിൽ ഏറ്റവും ഹൃദയസ്പർശിയായി തോന്നിയത് ഇതിലെ കഥാപാത്രങ്ങൾ തമ്മിലുള്ള കരുതലാണ്. സഹാനുഭൂതി എന്ന് വിളിക്കുന്ന വികാരം നിസ്സാരമായ ഒന്നല്ല. കാലം ചെല്ലുംതോറും സഹജീവികളോട് സ്നേഹവും സഹാനുഭൂതിയും കുറഞ്ഞു കുറഞ്ഞു വരുന്ന ഒരു സമൂഹത്തിലാണ് നമ്മളെല്ലാം ജീവിക്കുന്നത്. ആ ഒരു വിഷയത്തിൽ ശ്രദ്ധ വച്ചുള്ള പരിചരണം സിനിമയ്ക്ക് കൊടുത്തതിൽ സംവിധായകന് അഭിനന്ദനങ്ങൾ.
വിദ്യ ബാലനും ഷെഫാലി ഷാ ( പഴയ ഷെഫാലി ഛായ ) യുടെയും മിന്നുന്ന പ്രകടനമാണ് ഈ സിനിമയുടെ ആകർഷണം. ആരാണ് കൂടുതൽ മികച്ചത് എന്ന് പറയാനാവാത്ത വിധം മനോഹരമായി അവർ പെർഫോം ചെയ്തിട്ടുണ്ട്. അഭിനയിക്കുന്ന സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ ആയുഷ്മാൻ ഖുരാനയെ പോലെ ഒരു ബ്രാൻഡാണ് വിദ്യ എന്ന് ഈ സിനിമ കാണുമ്പോൾ തോന്നും. രോഹിണി ഹട്ടങ്കടി, മാനവ് കൗൾ,വിധാത്രി എന്നിവരും മറ്റു വേഷങ്ങളിലുണ്ട്. വിദ്യാബാലൻ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ സെറിബ്രൽ പാൾസിയുള്ള മകനായി അഭിനയിച്ചിരിക്കുന്നത് യഥാർത്ഥത്തിലും സെറിബ്രൽ പാൾസി ബാധിതനായ ഒരു മിടുക്കനാണ്. അമേരിക്കയിൽ ജനിച്ചു വളർന്ന ഇന്ത്യൻ വംശജനായ സൂര്യ കാശിബട്ല.
സംവിധായകൻ സുരേഷ് ത്രിവേണി ജന്മം കൊണ്ട് മലയാളിയാണെങ്കിലും ജനിച്ചു വളർന്നത് റാഞ്ചിയിലാണ്. സ്വന്തം നാടിനോടുള്ള സ്നേഹം കൊണ്ടാണോ എന്തോ ഇതിലെ നായിക കഥാപാത്രവും ഒരു മലയാളിയാണ്. മായാ മേനോൻ. നായിക മാത്രമല്ല അവരുടെ ഓഫിസിലെ ഇന്റേൺ ആയി വരുന്ന രോഹിണി ജോർജ് എന്ന കഥാപാത്രവും മലയാളിയാണ്. പക്ഷെ പുള്ളിക്കാരിക്ക് ഒരു മല്ലു ഹിന്ദി ആക്സന്റ് കൊടുത്തത് എനിക്കൊട്ടും ഇഷ്ടമായില്ല. ഏതു നാട്ടിൽ പോയാലും അവിടത്തെ ഭാഷ പഠിച്ചു അവിടത്തുകാരേക്കാൾ ഭംഗിയായി സംസാരിക്കാൻ കഴിവുള്ളവരാണ് മലയാളികൾ. നാഗാലാന്റിൽ ബേക്കറി നടത്തുന്ന മലയാളികൾ നാഗന്മാരെക്കാൾ ഭംഗിയായി ലോക്കൽ ഭാഷ സംസാരിക്കുന്നതിനെക്കുറിച്ച് അവിടത്തുകാരനായ ഒരു സുഹൃത്ത് പറഞ്ഞു കേട്ടിട്ടുണ്ട്. ഈ സിനിമയുടെ എഡിറ്ററും മലയാളിയാണ്. ഉറി, തുമാരി സുല്ലു തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററായ ശിവകുമാർ വി പണിക്കർ. ആമസോൺ പ്രൈമിലാണ് ഈ സിനിമ സ്ട്രീം ചെയ്യുന്നത്. താല്പര്യമുള്ളവർ കാണുക.