അമേരിക്കയിൽ നടക്കുന്നതിലും എത്രയോ അധികം പോലീസ് ക്രൂരതയും വംശീയതയും ഇന്ത്യയിൽ നടക്കുന്നു

23

ജെയിംസ് കുരിക്കാട്ടിൽ

നിങ്ങൾ ഈ ചിത്രത്തിൽ കാണുന്ന വാർത്ത അറിഞ്ഞില്ലേ? അമേരിക്കയിലെ വെള്ളക്കാരൻ പോലീസ് കറുത്ത വംശജന്റെ കഴുത്തിന് കാൽമുട്ട് അമർത്തി ഞെക്കി കൊല്ലുന്നതാണ്. അമേരിക്കയിലെ ലിബർട്ടിയെ കുറിച്ചും അമേരിക്കൻ പോലീസിന്റെ മര്യാദകളെ കുറിച്ചുമൊക്കെ ഇപ്പോൾ ഒന്നും പറയാനില്ലേ? ഇന്ന് ഒരാൾ inbox ൽ വന്ന് ചോദിച്ച ചോദ്യമാണ്. ആളുടെ പ്രൊഫൈലിൽ ഒന്ന് കേറി നോക്കി. നല്ല ഒന്നാന്തരം സങ്കി. സങ്കി അമേരിക്കയിൽ എത്തിയത് കൊണ്ട് സങ്കി സ്വഭാവം ഇല്ലാതാവില്ലല്ലോ. എങ്കിലും ഒരു ചോദ്യം ചോദിച്ച ആൾക്ക് മറുപടി കൊടുക്കാതിരിക്കുന്നത് മോശമല്ലേ എന്ന് കരുതി മറുപടി കൊടുത്തു. ഒപ്പം ഉദയകുമാറിനെ അടക്കം നമ്മുടെ കേരളത്തിൽ തന്നെ പോലീസ് ഉരുട്ടിക്കൊന്നിട്ടുള്ള custodial കൊലപാതകങ്ങളുടെ ലിസ്റ്റും, ഗുജറാത്തിലെ കൂട്ടക്കൊലകളുടെ ചിത്രങ്ങളും കൂടി വെയ്ക്കാൻ മറന്നില്ല. അമേരിക്കയിൽ പോലീസ് ഒരാളെ കൊന്നതിനുള്ള മറുപടിയോ ന്യായീകരണമോ അല്ല, ഇന്ത്യയിൽ പോലീസ് നിരപരാധികളെ കൊന്നിട്ടുള്ള വാർത്തകളോ, ഹിന്ദുക്കൾ മുസ്ലിംങ്ങളെ കൊല്ലുന്ന കാര്യങ്ങളോ പറഞ്ഞു തിരിച്ചടിക്കുന്നതെന്നറിയാം.

എങ്കിലും അമേരിക്കയിലെ വെള്ളക്കാരന്റെ വംശ വെറിയെ പറ്റി അവസരം കിട്ടിയാൽ ഘോരം ഘോരം പ്രസംഗിക്കുന്ന മലയാളി നമ്മൾ ഇന്ത്യക്കാരുടെ ഉള്ളിലെ റേസിസത്തെ കുറിച്ച് എന്താണ് ഒന്നും മിണ്ടാത്തത്. വെള്ളക്കാരൻ കറുത്ത വംശരെ മറ്റ് രാജ്യങ്ങളിൽ പോയി വിലകൊടുത്ത് വാങ്ങി കൊണ്ട് വന്ന് കുറേകാലം അടിമയായി പണിയെടുപ്പിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് അവർക്ക് സ്വാതന്ത്ര്യം നൽകുക മാത്രമല്ല, അവരെ ആഫ്രിക്കൻ അമേരിക്കൻ എന്നല്ലാതെ, ബ്ലാക്ക് എന്നോ നീഗ്രോ എന്നോ വിളിക്കുന്നത് പോലും ഈ രാജ്യത്ത് നിയമ വിരുദ്ധമാക്കുകയും ചെയ്തു. എന്നാൽ, നൂറ്റാണ്ടുകളോളം ഒരു ജനതയെ ചാതുർ വർണ്യമെന്ന പേരിൽ ജാതികളായി തിരിച്ച് അടിമകളാക്കി വെച്ചത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയാണ്. ഇന്നും ഉത്തരേന്ത്യയുടെ അവസ്ഥ എന്താണ് ? ഒരു മനുഷ്യന്റെ ജാതിയും മതവും മാത്രമല്ല, അവൻ കഴിക്കുന്ന ഭക്ഷണം പോലും മറ്റൊരുവന് പ്രശ്‌നം ആകുന്നത് ഇന്ത്യയിൽ അല്ലാതെ വേറെ എവിടെയാണ്. എങ്കിലും വെള്ളക്കാരന്റെ വംശ വെറിയെക്കുറിച്ചുള്ള വാർത്തകൾ കേൾക്കുമ്പോൾ നമ്മുടെ രക്തം തിളക്കും.

അമേരിക്കയിൽ വംശ വെറിയുള്ള ധാരാളം പേര് ഇന്നുമുണ്ട്. ഇവിടുത്തെ പോലീസ് കാരിലും ഉണ്ടാവും. ബ്രിട്ടനടക്കമുള്ള പല യൂറോപ്യൻ രാജ്യങ്ങളിലും വലത് പക്ഷ തീവ്ര വാദം ശക്തിയാർജ്ജിക്കുന്നതും നമ്മൾ കാണുന്നുണ്ട്. പക്ഷെ ഇതൊന്നും ഇന്ത്യാക്കാരന്റെ ഉള്ളിലെ ജാതി മത വംശ വെറിയുടെ ഏഴയൽപക്കത്തെത്തില്ല. കാരണം ഇന്ത്യാക്കാരന് ജാതിയും മതവും നിറവും മാത്രമല്ല, ഭാഷയും ഭക്ഷണവും പോലും സഹജീവിയെ വെറുക്കാൻ ഇടയാക്കുന്ന സംഗതികളാണ്. ഒരു അമേരിക്കൻ മലയാളിയുടെ മകൾ ഒരു കറുത്ത വംശജനെ പ്രണയിച്ചപ്പോൾ ആ അമ്മ പ്രകടിപ്പിച്ച ദുഃഖം എഴുത്തുകാരിയായ ഒരു സുഹൃത്ത് പറഞ്ഞത് ഓർക്കുന്നു. ( അവർ ആ സംഭവത്തെ ആസ്പദമാക്കി ഒരു കഥയും എഴുതിയിട്ടുണ്ട്). ഇൻഡ്യാക്കാരനല്ലെങ്കിൽ ഒരു വെള്ളക്കാരനെങ്കിലും ആയിരുന്നെങ്കിൽ സഹിക്കാമായിരുന്നു എന്നാണ് ആ അമ്മ പറഞ്ഞത്. കറുത്ത വർഗ്ഗക്കാരനെ കെട്ടിയാൽ മകൾക്കുണ്ടാകാൻ പോകുന്ന കറുത്ത കുഞ്ഞുങ്ങളെ എങ്ങനെ മറ്റ് മലയാളികളുടെ മുമ്പിൽ എടുത്ത് കൊണ്ട് നടക്കും എന്നുള്ളതായിരുന്നു, ആ അമ്മയുടെ ഏറ്റവും വലിയ ദുഃഖം.

അമേരിക്കയിൽ നടക്കുന്നതിലും എത്രയോ അധികം police brutality ഇന്ത്യയിൽ നടക്കുന്നു. ദളിതരും പിന്നോക്ക വിഭാഗങ്ങളുമൊക്കെ മറ്റ് ജാതി വിഭാഗങ്ങളിൽ നിന്ന് അനുഭവിക്കുന്ന പീഡനം വേറെ. എത്രയോ പേരെ അല്ലാതെയും നമ്മൾ തല്ലി കൊല്ലുന്നു. മലയാളി തല്ലി കൊന്ന മധുവിന്റെ മുഖം ഒക്കെ മറന്നോ നമ്മൾ. വീട്ടിലെ ഫ്രിഡ്ജിൽ ബീഫ് ഉണ്ടെന്നും പറഞ്ഞു വീട്ടിൽ കയറി തല്ലി കൊന്ന അഖിലാഖിനെ നമ്മൾ മറന്നോ. പക്ഷെ അതൊന്നും നമുക്ക് അത്ര വലിയ സംഭവമല്ല. നിത്യവും സംഭവിക്കുന്ന കാര്യങ്ങളാണല്ലോ. പക്ഷെ അമേരിക്കയിൽ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ സിരകളിൽ ചോര തിളക്കും. കാരണം നമ്മൾ മലയാളികളാണ്.

കൊല്ലപ്പെട്ട മനുഷ്യൻ കള്ളനോട്ട് കൈവശം വച്ചതിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. പോലീസിനെ resist ചെയ്തപ്പോൾ ആണ് പൊലീസിന് ബലം പ്രയോഗിക്കേണ്ടി വന്നത്. എന്നാലും ബലപ്രയോഗത്തിൽ ആ മനുഷ്യൻ മരണ പെട്ടത് ദൗർഭാഗ്യകരമാണ്. പ്രതികളായ നാല് പോലീസ് കാരേയും (അവരിൽ ഏഷ്യൻ വംശജനായ താവോ എന്ന പോലീസ് കാരനും ഉൾപ്പെടും) സസ്‌പെൻഡ് ചെയ്യുകയല്ല, 24 മണിക്കൂറിനുള്ളിൽ തന്നെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയാണ് ചെയ്തത്. ഇവിടുത്തെ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തു കഴിഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളും ആ മനുഷ്യന് നീതികൊടുക്കാൻ ഇടപെട്ടു കഴിഞ്ഞു. പ്രസിഡന്റ് ആവശ്യപെട്ടതനുസരിച്ച് FBI യും Department of Justice ഉം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. രാജ്യം അമേരിക്കയായത് കൊണ്ട് ആ നാല് പോലീസുകാരും ജയിലിൽ പോകേണ്ടി വരുമെന്നും ഏറെക്കുറെ ഉറപ്പാണ്. എങ്കിലും ഒരു ചോദ്യം ഉയരുന്നുണ്ട്. എന്ത് കൊണ്ടാണ് ഇവിടെ പോലീസ് ഒരു പ്രതിയെ കീഴ്പ്പെടുത്താൻ ബലം പ്രയോഗിക്കുമ്പോൾ ഇത്രയും നിർദ്ധയമായി പെരുമാറുന്നത്. അതറിയണമെങ്കിൽ ഈ രാജ്യത്ത് ഓരോ വർഷവും Line Of Duty യിൽ വെടിയേറ്റ് കൊല്ലപ്പെടുന്ന പോലീസ് ഓഫീസർസ്ന്റെ എണ്ണം അറിയണം. 2016 ൽ 171 പോലീസ്കാരാണ് കൊല്ലപ്പെട്ടത്. 2017 ൽ അത് 152 ഉം 2018 ൽ 150 ഉം പോലീസ്കാരാണ് കുറ്റവാളികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതൊക്കെ പക്ഷെ ആർക്കറിയണം. ഇവിടെ ഒരു കറുത്ത വംശജനാണ് നിഷ്ടൂരമായി കൊല്ലപ്പെട്ടിരിക്കുന്നത്.

മനുഷ്യത്വ ഹീനമായ ആ പ്രവർത്തിക്കെതിരെയാണ് നമ്മൾ പ്രതികരിക്കേണ്ടത്. അതാണ് മാനവികത. അടിച്ചമർത്തപ്പെടുന്ന കീഴാളരോടൊപ്പമായിരിക്കണം നാം എന്നും. സാമൂഹ്യ നീതിക്ക് വേണ്ടിയാവണം നമ്മൾ നിലകൊള്ളേണ്ടത്. അതിലൊന്നും തർക്കമില്ല.കറുത്ത വംശജന് നീതിനേടിയെടുക്കാൻ ദാഹിക്കുന്ന മലയാളിയോട് ഒരു സംശയം കൂടി ചോദിച്ചോട്ടെ. ഒരു കുസൃതി ചോദ്യമായി കണ്ടാൽ മതി. നമ്മൾ മലയാളികൾ എത്ര കാലം ഈ രാജ്യത്ത് ജീവിച്ചാലും നമ്മളിൽ എത്രപേർ ഈ നാട്ടിലെ കറുത്ത വർഗ്ഗക്കാരുടെ സൗഹ്രദം നേടാൻ താത്പര്യപെടാറുണ്ട്. നമ്മുടെ മക്കൾ കറുത്ത വർഗ്ഗക്കാരെ പ്രണയിച്ചാൽ, ആ വിവാഹം നടത്തിക്കൊടുക്കാൻ മനസ്സ് കൊണ്ട് അംഗീകരിക്കാറുണ്ട്. നമ്മളിൽ എത്ര പേർ അവരെ മനുഷ്യരായി കാണാറുണ്ട്?

Advertisements