ഒരിക്കൽ അജിത എന്ന നക്സൽ നേതാവിനെയും ഇതുപോലെ പ്രദർശിപ്പിക്കുകയും ആസ്വദിക്കുകയും ചെയ്തിരുന്നു കേരളം

92

James Uthuppan

പതിനഞ്ചിനും അൻപത്തി അഞ്ചിനും ഇടയിൽ പ്രായമുള്ള എല്ലാ സ്ത്രീകളേയും വീട്ടു തടങ്കലിലാക്കണം. അതൊരു അറുപതു വയസുവരെ ആക്കിയാൽ അത്രയും നല്ലത്. മസാലയുടെ മണമടിച്ച്‌ തല ചെകിടിക്കുന്നു. വല്ലപ്പോഴും ടെലിവിഷനിൽ വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു ശീലമുണ്ട്. ചില ചാനലുകളോട് താല്പര്യമില്ല, ചിലതിനോടാകട്ടെ ഒട്ടും താൽപ്പര്യമില്ല. അതുകൊണ്ട് താല്പര്യമുള്ള ചാനലുകളിൽ മാത്രമേ വാർത്തകൾ കാണാറുള്ളു. അഞ്ചാറു ദിവസം മുന്പ് പതിവ് പോലെ ടെലിവിഷൻ ഓൺ ചെയ്ത് വാർത്താ ചാനൽ വെച്ചു. ചാനലിന്റെ പേരുപോലും മറച്ചുകൊണ്ട് ഒരു സ്ത്രീയുടെ ഫോട്ടോയാണ് സ്‌ക്രീനിൽ നിറയെ. ഒന്നല്ല, പല ഫോട്ടോകൾ പല പോസുകളിൽ.

വല്ല ഫാഷൻ ചാനലുമാകും വെച്ചതെന്നു കരുതി അടുത്ത ചാനലിലേക്ക് മാറ്റി.അതിലും അതെ സ്ത്രീ, വിവിധ രൂപത്തിൽ വിവിധ ഭാവത്തിൽ. അടുത്തതിലേക്ക് മാറ്റി, അവിടെയും മാറ്റമില്ല. പത്രങ്ങളായ പത്രങ്ങളിലും ഒരേ മുഖം മാത്രം, സ്വപ്ന സുരേഷ്. സോഷ്യൽ മീഡിയായിൽ സൗഹൃദ ഗ്രൂപ്പുകളിൽ നിറയുകയാണ്, സ്വപ്ന സുരേഷിന്റെ മുഖത്തോടൊപ്പം ഏതോ സ്ത്രീയുടെ നഗ്നമായ വലിയ മുലകളും വലിയ നിതംബവും. ആർത്തിയാണ് വല്ലാത്ത ആർത്തി, സ്ത്രീ ശരീരത്തോടുള്ള വല്ലാത്ത ആർത്തി.സ്ത്രീയെന്നാൽ വെറും ശരീരം മാത്രമെന്നും ഭോഗ വസ്തു മാത്രമെന്നും കരുതുന്ന അറപ്പുളവാക്കുന്ന ചിന്തയുടെ ബാക്കിപത്രങ്ങൾ. അതു വിറ്റ് കാശാക്കുന്നു നമ്മുടെ മാധ്യമ ധർമ്മക്കാർ.

നമ്മുടെ രാജ്യത്തെ കുറ്റകൃത്യങ്ങളുടെ കണക്കെടുത്താൽ സ്ത്രീകളെക്കാൾ എത്രയോ എത്രയോ ഇരട്ടി മുന്നിലായിരിക്കും പുരുഷന്മാർ. എന്നിട്ടുമെന്തേ സ്ത്രീകൾ കുറ്റവാളികളാകുമ്പോൾ മാത്രം നമ്മളിങ്ങനെ ആഘോഷിക്കുന്നത്. ആ സ്ത്രീക്ക് അൽപ്പം തുടിപ്പും പുഷ്ടിയും കൂടുതലുണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. ഈ കേസിലെ തന്നെ പ്രധാന പ്രതികളായ സരിത്തോ, സന്ദീപ് നായരോ ഇതുപോലെ പ്രദർശിപ്പിക്കപ്പെടുന്നുമില്ല. എന്തിനേറെ പറയുന്നു, ഇന്ന് നമ്മുടെ നാട്ടിലെ ഏതെങ്കിലും ഒരു കൊച്ചുകുട്ടിയെ നമ്മുടെ ആരോഗ്യമന്ത്രി ശൈലജ ടീച്ചറിന്റെയും സ്വപ്ന സുരേഷിന്റെയും കൂടി ഫോട്ടോ കാണിച്ചാൽ ടീച്ചറെ തിരിച്ചറിയാത്തവർ ആരെങ്കിലുമൊക്കെ ഉണ്ടായെന്നുവരാം, എന്നാൽ സ്വപ്ന സുരേഷിനെ തിരിച്ചറിയാത്ത ഒരു കുഞ്ഞും ഉണ്ടാവില്ല.

ഏയ്, ഇന്നീ ഒച്ചയും ബഹളവും ഒക്കെ കേട്ടാൽ തോന്നും നമ്മുടെ രാജ്യത്ത് ആദ്യമായി നടക്കുന്ന സ്വർണ്ണ കള്ളക്കടത്താണ് ഇതെന്ന്. അധിക കാലമൊന്നും ആയില്ലല്ലോ 2019 ഡിസംബർ, തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസർ ആയിരുന്ന ബി രാധാകൃഷ്ണനെ ഇരുപത്തി അഞ്ചു കിലോ സ്വർണ്ണം കടത്തിയ കേസിൽ അറസ്‌റ്റു ചെയ്തില്ലേ. അതുപോലെ ഫയാസിന്റെ സ്വർണ്ണക്കടത്തുകൾ. അന്നൊന്നും ഈ ഒച്ചയും ബഹളവും ഒന്നും എങ്ങും കേട്ടില്ല, ഈ ഫോട്ടോ പ്രദർശനങ്ങൾ ഒന്നും എങ്ങും കണ്ടതുമില്ല. മരണക്കോളങ്ങൾക്കും താഴെ വെറും മൂന്നിഞ്ചു നീളമാത്രമുള്ള പോറലുകൾ മാത്രം. ഇവിടെ സ്വപ്ന സുരേഷും കൂട്ടാളികളും ശിക്ഷിക്കപ്പെടണം, ഐ ടി സെക്രട്ടറിയായിരുന്ന ശിവശങ്കർ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. ഇനി മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റുകാരനാണെങ്കിലും ശിക്ഷിക്കപ്പെടണം. പക്ഷെ നിങ്ങൾ ചെയ്യുന്നതോ, പരദൂഷണക്കാരന്റെ വായിലേക്ക് നിങ്ങൾ മൈക്ക് കുത്തികയറ്റുകയാണ്. അവന്റെ ഉള്ളിലുള്ള വിഴുപ്പു മുഴുവൻ നിങ്ങൾ പുറത്തേക്ക് ശർദ്ദിപ്പിക്കുന്നു.അയാൾ പതിവായി ഇവിടെ വരാറുണ്ടോ…?ഏതു സമയത്താണ് വരാറുള്ളത് ..?വരുമ്പോൾ ഇടുന്ന അതേ വസ്ത്രം തന്നെയാണോ തിരികെ പോകുമ്പോഴും..?

നിങ്ങൾക്ക് അൽപ്പവും നാണമില്ലേ മാധ്യമക്കാരെ, പ്രായപൂർത്തിയായ രണ്ടു വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഇങ്ങിനെ ഒളിഞ്ഞൊളിഞ്ഞു നോക്കാൻ. നിങ്ങൾ ഒന്നുകൂടി മനസിലാക്കുക. ഇന്ന് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു സ്ത്രീ രാത്രികാലത്ത് ഒരപകടത്തിൽ പെട്ടാൽ കേരളത്തിൽ ജീവിക്കുന്ന ഒരു പുരുഷൻ അവരെ സഹായിക്കാൻ ഒന്നു മടിക്കും. കാരണം അവർ ആരെന്നറിയില്ല, പിറ്റേന്ന് നിങ്ങൾ മെനഞ്ഞുണ്ടാക്കുന്ന മസാലക്കഥകൾ എന്തെന്നുമറിയില്ല. ഇവിടെയും നിങ്ങൾ കേസിന്റെ യഥാർത്ഥ വസ്തുതകളിലേക്ക്‌ ഒന്നു നോക്കുന്നുപോലുമില്ല. ആരെത്തിച്ചു ആർക്കുവേണ്ടി എത്തിച്ചു, ഇതിലൊന്നും നിങ്ങൾക്കൊരു താല്പര്യവുമില്ല.നിങ്ങൾ മസാലക്കഥകൾ മെനയുകയാണ് .നിങ്ങൾ ആഘോഷിക്കുകയാണ്, ഒരു സ്ത്രീയുടെ ശരീരം.

ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.1968 നവംബർ 24, കേരളത്തിലെ പത്രങ്ങളുടെയെല്ലാം മുൻപേജ് മുഴുവനായും നിറഞ്ഞു നിന്ന ഒരു ചിത്രമുണ്ടായിരുന്നു. ഒരു മുണ്ടും ബ്ലൗസും മാത്രം ധരിച്ച ഒരു സ്ത്രീയുടെ ചിത്രം. പതിനെട്ട് വയസ്സുമാത്രം പ്രായമുള്ള അജിത എന്ന നക്സൽ നേതാവിന്റെ ചിത്രം. അവളെ പ്രദർശിപ്പിക്കുകയും ഒപ്പം അവളെ ആസ്വദിക്കുകയും ചെയ്യുന്ന കുറെ ‘പുരുഷ’ കൂട്ടങ്ങൾക്കൊപ്പം. കേരളത്തെ മുച്ചൂടും മുടിപ്പിക്കാനായി ജന്മം കൊണ്ടവൾ എന്ന അടിക്കുറിപ്പോടെ. അൻപത്തിരണ്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. മറിയം റഷീദ…. സരിത….സ്വപ്ന…പ്രദർശന വസ്തുക്കൾക്ക് മസാലയുടെ രുചിയും മണവും കൂടിക്കൂടി വരുന്നു.