Jamshad KP

ചില ആങ്ങളമാരുണ്ട് അവർ ഇടക്കിടെ പെങ്ങൻമാരെ കാണാൻ ഒരു പോക്കുണ്ട്.. എന്നിട്ട് രണ്ടു മൂന്നു ദിവസം പെങ്ങളുടേയും മക്കളുടേയും കൂടെ അവിടെ തങ്ങിയിട്ടേ അവർ തിരിച്ചു പോകൂ.. ആങ്ങള എന്ത് മാരക ബിടൽസ് പറഞ്ഞാലും കേട്ടപാതി കേൾക്കാത്ത പാതി നിലം തൊടാതെ വിഴുങ്ങുന്ന ചില പെങ്ങൻമാരും ഉണ്ട്..

 

കാർത്തിയാനി അമ്മയുടെ ആങ്ങള ദാമോട്ടൻ ബോംബയിലെ അണ്ടർ വേൾഡ് കിംഗ് ആണ്.. മനസ്സിലായില്ലേ ബോംബയേ കിടുകിടാ വിറപ്പിക്കുന്ന ആളാണെന്ന്.. one and only Damodar Ji…!!
ഗോപാലകൃഷ്ണ പണിക്കരുടെ ശല്യം സഹികെട്ട് അവസാനം മീരയാണ് ഒരു തീരുമാനത്തിൽ എത്തിയത്. ബോംബെയിലുള്ള ദാമു അമ്മാവനെ വിളിക്കണം.. ദാമു അമ്മാവനേ ഇതിൽ ഒരു തീരുമാനം എടുക്കാൻ പറ്റൂ..
ഇത് കേട്ട ദാമുവിന്റേ പെങ്ങൾ കാർത്തിയാനി ഭയന്നു വിറച്ചു…!!
അത് വേണോ മോളേ…?? ദാമോട്ടൻ വെട്ടൊന്ന് തുണ്ടം രണ്ട് എന്ന് പറഞ്ഞ പ്രകൃതാ.. എന്താവോ എന്തോ… കാർത്തിയാനിയമ്മ ഒന്നു അമ്പരന്നു..!!

അവർ വിശ്വസിച്ചിരുന്നു ഈ ഭൂമി മലയാളത്തിൽ ഗോപാലകൃഷ്ണ പണിക്കരെ തുരത്താൻ ദാമോട്ടന്റെ മുകളിൽ ഒരാളില്ല എന്ന്…!!
അമ്മാതിരി കഥകളല്ലേ ദാമോദർജി അവർക്ക് പറഞ്ഞു കൊടുത്തിരുന്നത്.. കുട്ടികൾ ഈ വീര കഥകൾ കേൾക്കാനായി ദാമു അമ്മാവന്റെ വരവിനായി കാത്തിരിക്കുമായിരുന്നു.. ബോംബെയിലെ ചോരമണക്കുന്ന അതിഭീകരമായ കൊള്ളയുടേയും കൊലയുടേയും കഥ ദാമോട്ടൻ ഗംഭീരമായി തന്നെ അവരോട് പറയുമായിരുന്നു..

 

അവസാനം വന്ന സമയത്ത് കപ്പലണ്ടി പെറുക്കി അടിക്കുന്ന ലാഘവത്തോടെ അല്ലേ ദാമോദർജി ദാവൂദ് ഇബ്രാഹിമിനെ കണ്ട കഥ പറഞ്ഞു കൊടുത്തത്..!!
ഇത് കേട്ട മീരക്ക് ഒരു സംശയം.. “ഏത് ഇബ്രാഹിം അമ്മാവാ.. ” മീൻ കൊണ്ട് വരുന്ന ഇബ്രാഹിമിക്കയോ??”
“അല്ലടി മോളേ… ബോംബെയെ കയ്യിലിട്ട് അമ്മാനമാടുന്ന എന്റെ ഗുരു ദാവൂദ് ഇബ്രാഹിം”
ചോറ് വായിലേക്ക് ഇടുന്ന കാർത്തിയാനി അമ്മയും മീരയും ഒരു നിമിഷം അമ്പരന്നു…!!
പിന്നെ ഒരു ഞെട്ടലോടെയാണ് ദാമോട്ടൻ്റെ ആ വീര കഥ അവർ കേട്ടിരുന്നത്..!!
ദാമോദർജി കഥ തുടർന്നു…!!

നല്ല കോരിച്ചൊരിയുന്ന മഴയുള്ള ഒരു രാത്രി ദാവൂദ് ഇബ്രാഹിം എന്നെ കാണാൻ വന്നു.. അയാൾ എന്നെ ഒരു ജോലി ഏൽപ്പിച്ചു.. ആരും ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന ആ ജോലി ഞാൻ ഏറ്റെടുത്തു.. ദാവൂദ് അണ്ണൻ പോലും ഒരു നിമിഷം ഞെട്ടിത്തരിച്ചു…!!
തിരിച്ചു പോകുന്ന വഴി ദാവൂദ് അണ്ണൻ അയാളുടെ കൂട്ടാളികളോട് പറഞ്ഞുവെത്രേ
” സ്വർണ്ണത്തിന്റെ പാത്രത്തിൽ ആയിരുന്നു നമ്മൾ ഇതുവരെ ചില്ലറ ഇട്ടുവെച്ചിരുന്നത്..” എന്ന്…
ഇത് കേട്ട കാർത്തിയാനി അമ്മയും മീരയും ഒരു നിമിഷം ഒന്നു പകച്ചു മുഖാമുഖം നോക്കി..
എന്തായിരുന്നു ദാവൂദ് ഇബ്രാഹിം ഏൽപ്പിച്ച ആ ജോലി അമ്മാവാ.. മീര ചോദിച്ചു..
“ബോംബെയിൽ ഒരു ചെറുക്കൻ ഉണ്ടായിരുന്നു..

പേര് റോക്കി.. അവനെയൊന്ന് അടിച്ചു പതം വെരുത്തി ഹാർബറിലുള്ള ഒരു പഴയ ഗോഡൗണിൽ തല കീഴായി കെട്ടിത്തൂക്കാൻ ആയിരുന്നു ക്വട്ടേഷൻ…”
അത് വരെ ദുരൂഹമായിരുന്ന ആ കാര്യം അന്നാണ് വെളിപ്പെടുത്തിയത്.. നൂറു പേരെ നിന്ന നിൽപ്പിൽ അടിക്കുന്ന റോക്കിയെ കെട്ടിത്തൂക്കി അടിച്ചത് അന്നുവരെ ദുരൂഹമായിരുന്നു..
ഞാൻ അത് പുഷ്പം പോലെ അത് ചെയ്തു..

എന്നിട്ട് എന്തായി ദാമോട്ടേ…?? വിറളി വെളുത്ത കാർത്തിയാനി അമ്മ ചോദിച്ചു..!
അന്ന് രാത്രി ബോംബെയെ പ്രകമ്പനം കൊള്ളിച്ചു അവിടെ രണ്ട് കാര്യങ്ങൾ സംഭവിച്ചു…!!
ഒന്ന്.. ദാവൂദ് അണ്ണൻ ബോംബെ പട്ടണം എനിക്ക് തന്നു. “ദാമു ഭായ് അഭി ബോംബെ ആപ്കാ ഹേ”
എന്ന് പറഞ്ഞു ദാവൂദ് ഭായ് വിതുമ്പി..!!
രണ്ട് ദാവൂദ് അണ്ണൻ ബോംബെ വിട്ട് പാക്കിസ്ഥാനിലേക്ക് പോയി…!!

ഒരു ചെറിയ പുഞ്ചിരിയോടെ, ഒരു ചെറിയ നാണത്തോടെ ദാമോട്ടൻ കാർത്തിയാനി അമ്മയെ നോക്കി ഇങ്ങനെ പറഞ്ഞു..
” നിന്റെ ആങ്ങളായാടി ഇപ്പോൾ ബോംബെ ഭരിക്കുന്ന ദാമോദർജി “..
ഈ കഥ ആയിരുന്നു അവസാനം വന്നപ്പോൾ കാച്ചിയിരുന്നത്…!!
അവർക്ക് അറിയാമായിരുന്നു, അല്ലെങ്കിൽ അവർ വിശ്വസിച്ചിരുന്നു ഗോപാല കൃഷ്ണ പണിക്കരെ തുരത്താൻ ബോംബെ അടക്കി ഭരിച്ചിരുന്ന ദോമോദർജിക്കേ കഴിയൂ എന്ന്…
മീരയുടെ കത്ത് കിട്ടിയതും ദാമോദർജി എല്ലാ തിരക്കും മാറ്റി വെച്ച് കുതിച്ചെത്തി…!!
തലയിൽ കറുത്ത തൊപ്പി വെച്ച, നീളമുള്ള ജുബ്ബയിട്ട, ചുണ്ടിൽ എരിയുന്ന ചുരുട്ട് തിരുകിയ ദാമോദർജിയെ കണ്ടപ്പോൾ തന്നെ പണിക്കരുടെ പകുതി ജീവൻ പോയിരുന്നു…!

 

പണിക്കരോടും ദാമോദർജി തന്റെ വീര കഥകൾ എടുത്തിട്ട് ചാമ്പി…
“കഴിഞ്ഞ ഒരാഴ്ച മുമ്പ് വരെ ഞാൻ തിഹാർ ജയിലിൽ ആയിരുന്നു..!!”
ഇത് പറഞ്ഞതിന് ശേഷം ദാമോദർജിയുടെ ഒരു നിൽപ്പുണ്ട് ലോകം കണ്ട ഏറ്റവും വലിയ ക്രിമിനൽ ഹിറ്റ്ലർ പോലും ചിലപ്പോൾ അമ്മാതിരി ഒരു നിറുത്തം നിന്നിട്ടുണ്ടാവില്ല…!!
ജി തുടർന്നു…!!

കുത്തും കൊലയും എന്റെ ബോംബെ ജീവിതത്തിലെ നിത്യ സംഭവങ്ങൾ ആണ്… എത്രയോ ആളുകളെ ഞാൻ കുത്തിയിട്ടുണ്ട്…!!
എത്രയോ വർഷം ഞാൻ ജയിലിൽ കിടന്നിട്ടുണ്ട്..!!
ശിവസേനക്കാരെ തുരത്തിയ കഥയും ചോര മണക്കുന്ന ബോംബെയെ പ്രകമ്പനം കൊള്ളിച്ച
കഥയും കേട്ടു പണിക്കർ അമ്പരന്നു…!!
ബോംബെ അധോലോകം ദാമോദർജി എന്ന് കേട്ടാൽ ഞെട്ടി വിറക്കും….!!
ആരാണയാൾ…..??
ഞാനാണയാൾ….!!
പണിക്കർ ഞെട്ടി വിറച്ചു…!!

 

അവസാനം ദാമോദർജി പണിക്കർക്ക് വീട്ടിൽ നിന്നിറങ്ങാൻ ഒരു മണിക്കൂർ സമയം കൊടുക്കുന്നു..
ആ വീട് ചോരപ്പുഴ ആകുന്നതിന് മുമ്പുള്ള കത്തിമുനയിൽ നിർത്തിയ പണിക്കരുടെ അവസാനത്തെ ഒരു മണിക്കൂർ..!!
കാർത്തിയാനി അമ്മയുടേയും മീരയുടേയും മുഖത്ത് ആ ഭയം നിഴലിക്കുന്നുണ്ട്..
ക്ലോക്കിൽ ദാമോദർജി പറഞ്ഞ സമയം ആ വീട് കണക്കെ ഉച്ചത്തിൽ മുഴങ്ങി…!!
ക്ലോക്കിന്റെ ആ മുഴക്കം കേട്ടു പണിക്കർ ഞെട്ടി വിറച്ചു..!!
ദാമോദർജി വാതിലിൽ മുട്ടി…!!
ടിം…. ടിം…..ടിം…

എല്ലാ ശക്തിയും സംഭരിച്ചു വാതിൽ തുറന്ന പണിക്കർ കുറച്ചു ഡയലോഗ് അങ്ങ് കാച്ചി…!!
ഡയലോഗുകൾക്ക് അവസാനം പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു..
” വേണ്ടി വന്നാൽ ഒരാളെ കൊല്ലാനും എനിക്ക് മടിയില്ല ”
ഇതു കേട്ടതും ജി ഒന്നു പതുങ്ങിയോ എന്ന് അറിയില്ല…!!
സബാഷ് ബേട്ടാ… സബാഷ്….!!

 

 

പണിക്കരുടെ തോളിൽ തട്ടി അഭിനന്ദിച്ചു..!!
ഇത്രയും ധൈര്യം എന്റെ ചാൾസ് ശോഭരാജിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ എന്ന് പറഞ്ഞു കൊണ്ട് പണിക്കരെ ബോംബെ അധോലോകത്തേക്ക് ക്ഷണിച്ചു…!
ഇതൊക്കെ കണ്ട് അന്തം വിട്ട് കുന്തംപോലെ നിൽക്കുകയാണ് കാർത്തിയാനി അമ്മയും മീരയും..
പട പേടിച്ച് പന്തളത്ത് പോയപ്പോൾ പന്തളം സുഗുണന്റെ ഗാനമേള എന്ന് പറഞ്ഞപോലെ
ആരെയാണോ വീട്ടിൽ നിന്ന് ഇറക്കി വിടാൻ കരുതിയത് അവന്റെ ഉറ്റ സുഹൃത്ത് ആയി മാറി നമ്മുടെ ജി…!!
ഒരു കാര്യം ഉറപ്പാണ്…
ആരാണയാൾ…..??

 

ഒന്നുകിൽ തന്റെ പെങ്ങളുടേയും മക്കളുടേയും മുമ്പിൽ ഒരു ചോരപ്പുഴ ഒഴുക്കണ്ട എന്ന് കരുതി രമ്യതയിൽ എത്തിയ ഒരു റിയൽ ഡോൺ ദാമോദർജി….!
അല്ലെങ്കിൽ….!!
തന്റെ പെങ്ങളുടേയും മക്കളുടേയും അടുത്ത് ഇടക്കിടെ വന്നു കുറച്ചു ബിടലും വിട്ട്‌ ആളാകുന്ന,
പണ്ടെങ്ങോ ഡോണാകണം എന്ന് പറഞ്ഞു നാടുവിട്ടു ബോംബെയിൽ എത്തി അവസാനം ഡോണാകണമെങ്കിൽ കുത്തും കൊലയും നടത്തണമെന്ന് അറിഞ്ഞപ്പോൾ, അല്ലെങ്കിൽ ഏതെങ്കിലും ഒരു സംഘത്തിൽ ചേർന്നാൽ ഏതെങ്കിലും ഒരുത്തൻ ഒരു ദിവസം എന്നയും കുത്തി കുടൽമാല പുറത്തിടും എന്ന് ചിന്തിച്ചപ്പോൾ ഏതെങ്കിലും ഒരുത്തന്റെ കുത്ത് കൊണ്ട് ചാവുന്നതിനേക്കാൾ നല്ലതല്ലേ വല്ല ബജി കച്ചവടവും നടത്തി ജീവിക്കുന്നത് എന്ന് കരുതിയ
പേടിയുടെ ആൾ രൂപമായ ബജി വാലാ ദാമോദരൻ…!!
ബോംബെ കാ രാജ് ബജി വാലാ ദാമോദരൻ…!!

Leave a Reply
You May Also Like

ഒരിക്കൽ നിങ്ങളെന്ന നടന്റെ പ്രതിഭ തിരിച്ചറിയുമ്പോൾ, തിരിച്ചറിവിന്റെ ആ കുറ്റബോധകാലത്തു പ്രേക്ഷകർ കയ്യടികളുടെ പൂക്കളുമായി നിങ്ങളെ തേടിവരും

Sanal Kumar Padmanabhan അസാധ്യ പ്രതിഭാശാലിയായിരുന്നിട്ടും, സച്ചിൻ ടെൻഡുൽകർ എന്ന അമാനുഷീകന്റെ സമകാലീകൻ ആയതു കൊണ്ടു…

നീന്തുന്നതിനിടയില്‍ കൊമ്പന്‍ സ്രാവിന്റെ “ക്ലോസ് അപ്പ്‌” ഫോട്ടോ എടുത്ത ടെറി..

ഒരു ഗോപ്രൊ ക്യാമറയും ആയി വെള്ളത്തില്‍ ചാടിയതാണ് ഇയാള്‍. ടെറി ടഫര്‍സന്‍ എന്ന ഈ ഓസ്ട്രേലിയക്കാരന്‍ സിഡ്നി നഗരത്തില്‍ ഉള്ള ജംബ് റോക്കില്‍ നിന്നുമാണ് ഈ ചാട്ടം നടത്തിയത്.

‘ഇപ്പോൾ കിട്ടിയ വാർത്ത’, ഗ്രാമീണ ത്രില്ലർ ചിത്രം ആരംഭിക്കുന്നു

ഇപ്പോൾ കിട്ടിയ വാർത്ത. ഗ്രാമീണ ത്രില്ലർ ചിത്രം ആരംഭിക്കുന്നു. പി.ആർ.ഒ- അയ്മനം സാജൻ മാന്നാർ പൊതൂർ…

ആരോഗ്യം വീണ്ടെടുക്കുന്നതിന്റെ ഭാഗമായി സാമന്ത ഇപ്പോൾ ആത്മീയതയുടെ പാതയിലാണ്

സാമന്ത ഭാഗ്യത്തിന്റെ ബ്രാൻഡ് അംബാസഡർ ആയിരുന്നു. ഒരുപാട് വർഷങ്ങളിൽ അവർ തുടർച്ചയായി നായികയായിരുന്നു. വിജയകരമായ കരിയർ…