ആന എഴുന്നള്ളിപ്പിനെ കുറിച്ച് ഇന്നലെ ജന്മഭൂമി പറഞ്ഞതെന്ത് ?

410

കടപ്പാട് : ദത്തൻ ചന്ദ്രമതി

ശബരിമല വിഷയം പോലെ ആന എഴുന്നള്ളത്തിന്റെ കാര്യത്തിലും ബിജെപിയുടെ പഴയ നിലപാടുകൾ ഇന്നത്തേതിൽ നിന്നും വിരുദ്ധമായിരുന്നു. വിശ്വാസികളെ സംഘടിപ്പിച്ചു കലാപമുണ്ടാക്കാനും ഇലക്ഷനിൽ നേട്ടം കൊയ്യാനും നിലപാടുകളെ മിനിറ്റ് വച്ചുമാറ്റുന്ന മറ്റൊരു പാർട്ടിയും ഇന്ത്യയിൽ ഉണ്ടാകില്ല.

ആന എഴുന്നള്ളിപ്പിനെ കുറിച്ച് ജന്മഭൂമിയിൽ (ജന്മഭൂമി, Friday 15 April 2016) പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ നിന്ന്:

======

“….ഒഴിവാക്കപ്പെടേണ്ട മറ്റൊരാര്‍ഭാടമാണ് ക്ഷേത്രങ്ങളിലെ ഗജസാന്നിദ്ധ്യം. ആന നാട്ടുമൃഗമല്ല. വനത്തില്‍ നിന്ന് ചതിപ്രയോഗത്തിലൂടെ പിടിച്ച് നാട്ടില്‍ കൊണ്ടുവന്ന് അതിക്രൂരമായി മര്‍ദ്ദിച്ച് പതം വരുത്തി മനുഷ്യന്റെ ആജ്ഞാനുവര്‍ത്തികളാക്കുന്ന ആന സിംഹത്തെപ്പോലെയോ കടുവയെപ്പോലെയോ ഒരു ഹിംസ്രജീവിയല്ല. അത്ഭുതപ്പെടുത്തുന്ന ആകാര വലിപ്പമുണ്ടെങ്കിലും സാധുവാണ് ആ മൃഗം. പ്രകോപനം സൃഷ്ടിക്കുമ്പോഴോ മദപ്പാടിലായിരിക്കുമ്പോഴോ ആണ് ആന സാധാരണയായി അക്രമകാരിയാകുന്നത്. ആനയുടെ ഭാരവും കായികശേഷിയും മനുഷ്യന് താങ്ങാനാവുന്നതല്ല. ജനങ്ങള്‍ക്ക് മാരകമായ അപകടങ്ങള്‍ സംഭവിക്കുവാന്‍ ആനയുടെ നിസ്സാരമായ ഒരു പ്രതിഷേധ ചലനം മാത്രം മതിയാകും. യഥാര്‍ത്ഥത്തില്‍ ആനകളോട് കാട്ടുന്ന കഠിനമായ ക്രൂരതയ്‌ക്കെതിരെ കോടതികള്‍ സ്വയം നടപടി എടുക്കേണ്ടതാണ്. സ്വയം പീഡനമേറ്റ് മനുഷ്യനെ സന്തോഷിപ്പിക്കുവാന്‍ തീവ്രമായ യാതന അനുഭവിക്കുന്ന ആനകളോട് സഹാനുഭൂതിയാണ് നമുക്ക് ഉണ്ടാകേണ്ടത്. ദേവീദേവന്മാരെ ആനപ്പുറത്താണ് എഴുന്നളളിക്കേണ്ടത് എന്ന് തന്ത്രസമുച്ചയം ഉള്‍പ്പെടെ ഒരു ദൈവശാസ്ത്രവും അനുശാസിക്കുന്നില്ല. എത്രയോ മണിക്കൂറുകളാണ് കൈകാലുകള്‍ ബന്ധിക്കപ്പെട്ട് നട്ടുച്ച നേരത്തെ ചൂടില്‍ ഈ സാധു മൃഗങ്ങള്‍ അമ്പലത്തിന്റെ തിരുമുറ്റങ്ങളിലും തെരുവുകളിലും മൂന്നും നാലും പേരെ വഹിച്ചുകൊണ്ട് അനുസരണയോടെ നില്‍ക്കുന്നത്. ആനപ്പുറത്ത് കയറുന്ന ശാന്തിക്കാരെ സംബന്ധിച്ചും ഇത് താങ്ങാനാകാത്ത പീഡാനുഭവമാണ്. ചുരുക്കത്തില്‍ ക്രൂരതയില്‍ നിന്ന് ആനന്ദം കണ്ടെത്തുന്ന വൈകൃതമാണ് ആനപ്പുറത്തെ എഴുന്നളളത്ത് കണ്ടാസ്വദിക്കുന്നവരുടേത്. നാട്ടാനകളുടെ സംരക്ഷണത്തിനു വേണ്ടി സര്‍ക്കാര്‍ ചെലവില്‍ ആനത്താവളങ്ങള്‍ സ്ഥാപിച്ച് വിനോദ സഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി ആവിഷ്‌കരിക്കാവുന്നതാണ്. ജെസിബി പോലെയുളള കൂറ്റന്‍ യന്ത്രങ്ങളുടെ ആവിര്‍ഭാവത്തോടെ ആനകളുടെ ആവശ്യം ഏറെക്കുറെ ഇല്ലാതായിരിക്കുകയാണ്. അങ്ങനെ കൂപ്പിലും എഴുന്നളളത്തിലും ആനകള്‍ അനുഭവിച്ചുകൊണ്ടിരുന്ന നരക യാതനകള്‍ക്ക് ഒരറുതി വന്നുചേരട്ടെ. ആനപ്പുറത്തെ എഴുന്നള്ളിപ്പും, കൂപ്പുകളിലെ തടിപിടുത്തവും നിരോധിക്കുന്നതോടൊപ്പം ഇനി മേലില്‍ വനത്തില്‍ നിന്ന് ആനകളെ പിടിക്കുന്ന പ്രാകൃത സമ്പ്രദായവും നിരോധിക്കേണ്ടിയിരിക്കുന്നു. ഇപ്പോള്‍തന്നെ വംശനാശത്തിന്റെ അടുത്തെത്തിക്കൊണ്ടിരിക്കുന്ന ആനകളുടെ അതിജീവനം ഉറപ്പ് വരുത്തുവാന്‍ കാലം വൈകിയിരിക്കുന്നു. ….”

(യോഗക്ഷേമ സഭ മുന്‍ പ്രസിഡന്റും അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷന്‍ മുന്‍ ദേശീയ ജന.സെക്രട്ടറിയുമായിരുന്നു ലേഖകന്‍)