നേര് പിടഞ്ഞുവീണ ഈ ചിത്രം ഗാലറിയിൽനിന്നേ എടുത്തുമാറ്റാൻ കഴിയൂ, ഭാരതീയന്റെ ഹൃദയഭിത്തികളിൽ ലാമിനേറ്റ് ചെയ്തുവെച്ചിട്ടുണ്ട്

270
അൻസാരി ബഷീർ
ജനുവരി 30, കാട്ടാളത്തത്തിൻെറ കൈത്തോക്കിനുമുന്നിൽ പിടഞ്ഞുവീണ മഹാത്മാവിൻെറ രക്തസാക്ഷിത്വ ദിനം ഇന്ന്! നേര് പിടഞ്ഞുവീണ ഈ ചിത്രം ഗാലറിയിൽനിന്നേ എടുത്തുമാറ്റാൻ കഴിയൂ. ഭാരതീയന്റെ ഹൃദയഭിത്തികളിൽ ലാമിനേറ്റ് ചെയ്തുവെച്ചിട്ടുണ്ട് ഒരു പോറലും ഏല്ക്കാതെ എന്നേന്നേക്കുമായി! പ്രണാമം മഹാഗുരുവേ.
മതമാർത്തുമലറിയും മനസ്സുവെട്ടിപ്പകു-
ത്തടരാടിയടരുമീ പുതിയ കാലങ്ങളിൽ
മർത്ത്യസംസ്കാരപ്പൊരുളടർത്തീടവേ
കൂടപ്പിറപ്പിൻകഴുത്തറുത്തീടവേ,
പ്രാണനാളങ്ങളിൽതല്ലിക്കരയുന്ന
മാതൃരാജ്യത്തിൻമടിക്കുത്തഴിക്കവേ
നേർമ മുനയിട്ടൊരു ചുരികച്ചുഴറ്റലായ്
പോർമുഖത്തെത്തും
പ്രതീക്ഷയാകുന്നു ഞാൻ!
വേരറുത്താലും തളിർക്കുംവിശുദ്ധി ഞാൻ
ഭാരതത്തിൻെറ പൈതൃകച്ചോര ഞാൻ!
ഇന്ത്യ ഇടനെഞ്ചുളുക്കി നിൽക്കുന്നതാം
സന്ദിഗ്ധവേളയിൽ ഗാന്ധിയാണാശ്രയം!
ഗ്രന്ഥമാകട്ടെയെൻ ഗാന്ധി,യിനിയിന്ത്യയുടെ
ഗ്രന്ഥികൾക്കുള്ളിലൂർന്നിന്ധനം പകരട്ടെ!