ഗോഡ്സേയുടെ അരിശം വ്യക്തിപരമായ ഒന്നല്ലായിരുന്നില്ലെന്നും ഹിന്ദുത്വവാദ പ്രത്യയശാസ്ത്രങ്ങളാൽ പ്രചോദിതമായതാണെന്നും നാം മറന്നുകൂടാ

82
ഷിജു ദിവ്യ
‘നെഞ്ചിൽ വെടിയേൽക്കെ ഈ വൃദ്ധഹൃദയം വാർത്ത രക്തസങ്കീർത്തന’ വും രാമനാമവും ഒരു വാർഷിക സ്മൃതികൂടി ഇന്ന് പിന്നീടുന്നു. മതന്യൂനപക്ഷങ്ങൾക്ക് വിട്ടുവീഴ്ചകൾ ചെയ്തുവെന്നും മതനിരപേക്ഷതയെന്ന പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ചു എന്നതുമായിരുന്നു ഹിന്ദുത്വവാദികളുടെ വധശിക്ഷയ്ക്ക് വിധേയനാവാൻ മഹാത്മജി ചെയ്ത കുറ്റകൃത്യം എന്ന് നാം മറന്നു കൂടാത്തതാണ്. ഇന്ത്യാ വിഭജനത്തിന്റെ പാപഭാരം മുഹമ്മദലി ജിന്നയിൽ മാത്രമായി കെട്ടിവെക്കുന്ന നമ്മുടെ ഉപരിപ്ലവ ചരിത്രബോധം ഓർക്കാത്ത ഒരു കാര്യം സ്വതന്ത്ര പ്രാപ്തിക്ക് ശേഷം ഉണ്ടാവേണ്ട ‘പരിപാവന ഹിന്ദുരാഷ്ട്ര’ ത്തെക്കുറിച്ചുള്ള ഹിന്ദുത്വ നരേറ്റീവുകൾക്ക് അക്കാലത്ത് ദേശീയപ്രസ്ഥാനത്തിൽ പോലും പലരേയും സ്വാധീനിക്കാൻ കഴിഞ്ഞിരുന്നു എന്നതാണ്.
Image result for GODSEഹിന്ദുക്കളുടെ പുണ്യപുരാതനവും പരിപാവനവുമായ രാഷ്ട്ര സങ്കല്പനത്തെ, വിഭജന സമയത്ത് തിടം വച്ചുപൂത്ത ഒരു സ്വപ്നത്തെ ബഹുസ്വര ജനാധിപത്യം കൊണ്ട് , നാനാജാതിമതക്കാരുടെ ഒത്തൊരുമിച്ചുള്ള വാസസ്ഥാനമെന്ന ആധുനിക രാഷ്ട്ര സങ്കല്പം കൊണ്ട് പകരം വച്ചു എന്ന് മാത്രമല്ല , സൗമ്യമായി സ്ഥാപിച്ചു എന്നതാണ് ഗാന്ധിജി ചെയ്ത കുറ്റം , അവരെ സംബന്ധിച്ച്.
വ്യത്യസ്ത മതവിഭാഗങ്ങൾക്ക് ലഭിക്കുന്ന തുല്യ പരിഗണന ഹിന്ദുത്വ ശക്തികൾക്ക് സങ്കല്പിക്കാനാവതായിരുന്നില്ല. നാഥുറാം ഗോഡ്സേയുടെ അരിശം വ്യക്തിപരമായ ഒന്നല്ലായിരുന്നുവെന്നും ഹിന്ദുത്വ വാദ പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്ര പ്രചരണങ്ങളാൽ പ്രചോദിതമായതാണെന്നും നാം മറന്നുകൂടാത്തതാണ്.
ഗാന്ധിയുടെ ചിത്രം വച്ച് വെടിയുതിർത്ത് ആഘോഷിക്കുന്ന വാർത്ത കഴിഞ്ഞ വർഷം നാം കണ്ടു. ഭരണസിരാ കേന്ദ്രങ്ങളിൽ നിന്ന് ഗാന്ധിചിത്രങ്ങൾ നീക്കം ചെയ്ത് ഗാന്ധിസ്മൃതിയെ ഇല്ലാതാക്കാനുള്ള ശ്രമവും നാം കണ്ടു. പക്ഷേ മുമ്പെങ്ങുമില്ലാത്ത വിധം ഗാന്ധിജി വഴി വെളിച്ചമാവുന്ന കാലത്താണ് നാം ജീവിക്കുന്നത്. രക്തസാക്ഷികൾ ജഡരൂപമായ വിഗ്രഹങ്ങളിലല്ല , ജനമനസ്സുകളിലെ സമരചൈതന്യമായാണ് ജീവിക്കുക.