എന്താണ് കോക്കടമ ?
അറിവ് തേടുന്ന പാവം പ്രവാസി
👉ജപ്പാന്‍കാരുടെ ആശയത്തില്‍ ആരംഭിച്ച ഉദ്യാന കലയാണ് കോക്കടമ. ജാപ്പനീസ് ഭാഷയില്‍ ‘കോക്ക്’ എന്നാല്‍, പായല്‍ എന്നും ‘ടമ’ എന്നാല്‍ പന്ത് എന്നുമാണ് അര്‍ഥം. പന്തുപോലെ ഉരുട്ടിയെടുത്ത പോട്ടിങ് മിശ്രിതത്തില്‍ പായല്‍ പൊതിഞ്ഞതിനുശേഷം, ചെടികള്‍ വളര്‍ത്തുന്ന രീതിക്കാണ് കോക്കടമ എന്ന് പറയുന്നത്.
ഇത്തരം പായല്‍ പന്തുകള്‍ക്കുള്ളില്‍ വളരുന്ന ചെടികള്‍ക്കു ജനപ്രിയം ഏറി വരുകയാണ്. ഇവ നിര്‍മിക്കുന്നതില്‍ ഉള്ള സാങ്കേതിക അറിവും ഒപ്പം അല്പം കലാവാസനയും ഉണ്ടെങ്കില്‍ ഒരു വരുമാനമാര്‍ഗമാക്കാന്‍ സാധിക്കുന്ന ഒന്നാണ് കോക്കടമ.ഏതുതരം ചെടികളും ഇപ്രകാരം വളര്‍ത്താന്‍ സാധിക്കുമെങ്കിലും തുടക്കക്കാര്‍, അധികം ശ്രദ്ധ ആവശ്യമില്ലാത്ത ഡെന്‍ഡ്രോബിയം ഓര്‍ക്കിഡ്, ബ്രോമീലിയാഡ്സ്, സക്കുലന്റ്റ്‌സ് ഒക്കെ നടുന്നതാണ് നല്ലത്.വേര് പിടിപ്പിച്ച ചെടികള്‍ ആണ് ഇതിനായി ഉപയോഗിക്കുക. ആദ്യം ചെടികളുടെ ചുവട്ടിലെ മണ്ണ് സാവധാനം മാറ്റി വേരുകള്‍ വിടര്‍ത്തണം. അതിനുശേഷം വേരുകള്‍ക്ക് ചുറ്റും നനവുള്ള പായല്‍വെച്ച് മൂടുന്ന രീതിയാണ് യഥാര്‍ഥത്തില്‍ ചെയ്യേണ്ടത്
എങ്കിലും അന്തരീക്ഷത്തില്‍ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ സ്ഫഗ്‌നംപായല്‍ കൊണ്ട് വേര് മൂടാതെയും നമുക്ക് ഇവ നിര്‍മിക്കാം.ഇതിനായി ചകിരിച്ചോറ് , കമ്പോസ്റ്റ് മണ്ണും തുല്യ അളവില്‍ കുഴച്ച മിശ്രിതം ഒരു പന്തുപോലെ ഉരുട്ടിയെടുക്കണം. പന്തുകള്‍ക്കുള്ളില്‍ ഒരു ചെറിയ ദ്വാരമിട്ടു വേര് പിടിപ്പിച്ച ചെടികള്‍ ഇറക്കിവെച്ച് വീണ്ടും പോട്ടിങ് മിശ്രിതം പന്തുപോലെ ഉരുട്ടുക. ഇപ്രകാരം നിര്‍മിച്ച പന്തുകള്‍ നനഞ്ഞ ഇഴയകലം ഉള്ള ഒരു തുണി കൊണ്ട് കെട്ടണം. എന്നിട്ടു ശ്രദ്ധാപൂര്‍വ്വം ഈ പന്തിനു ചുറ്റും സ്ഫഗ്‌നം പായല്‍ ഒരു നൂല് വെച്ച് ചേര്‍ത്ത് പിടിപ്പിക്കാം.
സ്ഫഗ്‌നം പായല്‍ ഓണ്‍ലൈന്‍ വഴിയുള്ള കടകളില്‍നിന്ന് വാങ്ങാന്‍ സാധിക്കും. മഴക്കാലത്ത് മതിലുകളിലും മറ്റും വളരുന്ന പായലും ഇതിനായി ഉപയോഗിക്കാം. ഒരു കത്തി ഉപയോഗിച്ച് ഇത്തരം പായല്‍ പാളികള്‍ അടര്‍ത്തിയെടുത്തു പന്തുകള്‍ക്കു ചുറ്റും നൂല് വെച്ച് ചേര്‍ത്ത് പിടിപ്പിച്ചാല്‍ മതിയാകും. നൂലിന്റെ ഒരറ്റം കുറച്ചു നീട്ടി ഇട്ടാല്‍ തിരഞ്ഞെടുത്ത ചെടികള്‍ക്ക് ആവശ്യമുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളില്‍ കോക്കടമ തൂകിയിടാം.
ഒരു പാത്രത്തില്‍ വെള്ളം നിറച്ചു അതില്‍ മുക്കിവെച്ചാണ് ഇവ നനയ്ക്കുന്നത്. ആവശ്യത്തിന് നനവാകുമ്പോള്‍ ഇതിന്റെ ചുവട്ടില്‍നിന്നും വരുന്ന കുമിളകള്‍ നില്‍ക്കും. അധികജലം ഒഴുകിപ്പോയതിനുശേഷം വീണ്ടും ചെടികള്‍ തൂക്കിയിടാം.നനജലത്തോടൊപ്പം അല്പം 18:18:18 രാസവളം കൂടി (അഞ്ച് ഗ്രാം അഞ്ച് ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച്) നല്‍കിയാല്‍ ആരോഗ്യം നിലനിര്‍ത്താം.