എഴുതിയത് : Jarin James
കടപ്പാട് : m3db
ഒരു മനുഷ്യൻ വിശുദ്ധനോ സാമൂഹ്യ വിരുദ്ധനോ ആകുന്നതെങ്ങിനെ ?? സമൂഹത്തിനോ സമുദായത്തിനോ അതിൽ എന്തേലും പങ്കുണ്ടോ ?? മാജിക്കൽ റിയലിസം അധികമൊന്നും കാണാത്ത മലയാള സിനിമ ചരിത്രത്തിൽ ഒരു വ്യത്യസ്ത ചിത്രം .ശയനം …
കാണാത്തവർക്കായി ഒരു ചെറിയ കുറിപ്പ് .
നാട്ടുകാർക്ക് അത്ര പ്രിയമില്ലാത്തവനായ റങ്കൂൺ തോമായുടെ ശവമടക്ക് കഴിയുമ്പോൾ കുഴിവെട്ടുകാർക്കുള്ള കാശ് കൊടുക്കാനുള്ള വക പോലും തോമായുടെ ‘ഭാര്യമാരുടെ’ കയ്യിലില്ലെങ്കിലും നുള്ളിപ്പെറുക്കി അവരത് ഒപ്പിക്കുന്നു. സിനിമയുടെ മാജിക്കൽ റിയലിസം അവിടെത്തുടങ്ങുന്നു. കയ്യിൽ മെഴുകുതിരി പിടിച്ചുകൊണ്ട് ഒരു കൂട്ടം വെള്ള വസ്ത്രധാരിണികൾ പ്രത്യക്ഷപ്പെട്ട് തെമ്മാടിക്കുഴിയെ വലം വച്ചുമടങ്ങുന്നു.
കുറച്ചു കാലങ്ങൾക്കു ശേഷം തെമ്മാടിക്കുഴിയിലെ എല്ലെല്ലാം എടുത്തു കളഞ്ഞു സിമിത്തേരിയും തെമ്മാടിക്കുഴികളും കൂടി ഒന്നാക്കാൻ പള്ളിക്കാര് തീരുമാനിക്കുന്നു. തോമായുടെ കുഴി തോണ്ടിയപ്പോൾ അതിലെ ശവം ചീയാതിരിക്കുന്നത് കാണുന്നു. അവിടെ ആളു കൂടുന്നു. കച്ചവടക്കാരും സർക്കസ്കാരും വരുന്നു. തോമാ പ്രിയപ്പെട്ടതെന്നു കച്ചവടക്കാരി അവകാശപ്പെടുന്ന പലഹാരമായ സുഖിയൻ്റെ വിൽപ്പനയും കൂട്ടത്തിൽ നടക്കുന്നുണ്ട്.
തോമായുടെ അഴുകാത്ത ശരീരം ഇനിയെന്തു ചെയ്യണമെന്ന് തർക്കം വന്നതിനെത്തുടർന്ന് ഒടുവിൽ പള്ളിക്കമ്മിറ്റിക്കാരും മെത്രാന്റെ പ്രതിനിധിയായ വൈദികനും കൂടിയിരുന്നു ചർച്ച നടത്തുന്നു. തോമായെ വിശുദ്ധനാമെന്ന് ഭാര്യമാർ ആവശ്യപ്പെടുന്നു. തോമ കർത്താവിന്റെ പത്തു കല്പനകളും പാലിച്ചിട്ടുണ്ടോ എന്നു പരിശോധിക്കുന്നു.ഓരോ പ്രമാണങ്ങളും പരിശോധിക്കുമ്പോഴാണ് തോമായുടെ ഭൂതകാലം വെളിവാകുന്നത്. ബാധയൊഴിപ്പിക്കാൻ പോയിടത്തെ പെണ്ണിനെയാണ് തോമാ രണ്ടാം ഭാര്യയായി കൂടെക്കൂട്ടിയത്. അവിടെ നിന്ന് പിന്നെ തോമ ചാത്തൻസേവ പഠിച്ചതെങ്ങനെ എന്നാണു നമ്മൾ കാണുന്നത്. ഹൈറേഞ്ചിലെ ബിസിനസ് നോക്കാനാണ് തോമായെ ജോസൂട്ടി ചേട്ടൻ മല കേറ്റി വിടുന്നത്. അവിടെ വച്ചാണ് തോമ കമ്മ്യൂണിസ്റ്റ് ആചാര്യന്മാരെയും പുസ്തകങ്ങളെയും കുറിച്ചു മനസ്സിലാക്കുന്നതും കൂട്ടത്തിൽ മന്ത്രവാദം പഠിക്കുന്നതും.
സിനിമ യുട്യൂബിൽ
മലയിൽ നിന്നിറങ്ങാതെ നടന്ന തോമായെ പോലീസുകാരുടെ സഹായത്തോടെ നാട്ടിലെത്തിക്കുന്നു. തോമായുടെ അമ്മയുടെ നിർബന്ധം സഹിക്കാതെ പള്ളീലച്ചൻ തോമായെ വൃഥാ ഉപദേശിക്കുന്നു. തോമ നാട്ടിൽ അല്ലറചില്ലറ പണികൾ ചെയ്തു ജീവിക്കുന്നു. അമ്മയ്ക്ക് സുഖമില്ലാതായപ്പോൾ പള്ളീലച്ചന് പകരം ഒരു നാടക നടനെ അച്ചൻവേഷം കെട്ടിച്ചു കൊണ്ട് വന്ന് അമ്മയെ ആശ്വസിപ്പിക്കുന്നുണ്ട് തോമ.
പിന്നീട് നമ്മൾ കാണുന്നത് ഒറ്റാല് വച്ച് മീൻ പിടിക്കുന്ന തോമായേ ആണ്. കിട്ടിയ കുറച്ചു മീൻ ഷാപ്പിൽ കൊടുത്തു കുടിക്കുന്ന തോമ വീട്ടിലെത്തിയപ്പോൾ പെരുന്നാളായിട്ട് കറി വയ്ക്കാൻ ഒന്നുമില്ലത്തതു കൊണ്ട് വീണ്ടും മീൻ പിടിക്കാൻ ഇറങ്ങുന്നു. മീൻ ഒന്നും കിട്ടാതിരുന്ന തോമായെ നാട്ടിലെ ഒരു പ്രമാണി വേറൊരു മീൻ വളർത്തുകാരൻ്റെ കുളത്തിൽ പോയി മീൻ പിടിക്കാൻ പ്രേരിപ്പിക്കുന്നു. മീൻ പിടിച്ചു കഴിഞ്ഞ് കുളത്തിൽ വിഷം കലക്കാനും ആവശ്യപ്പെടുന്നു.
കന്യാസ്ത്രീ മഠത്തിൽ നിന്ന് ഓടിപ്പോന്ന പെങ്ങളുടെ മുടി മുറിച്ച അപ്പനെ തോമാ കഴുത്തു ഞെരിച്ചു കൊല്ലാൻ നോക്കുന്നു. നാട്ടുകാര് വന്നിട്ടേ കഴുത്തിലെ പിടിവിടുന്നുള്ളൂ. അടുത്ത രംഗത്തിൽ നമ്മൾ കാണുന്നത് ഓട്ടുകമ്പനി മുതലാളിയും തൊഴിലാളി നേതാവും തമ്മിലുള്ള വാക്തർക്കമാണ്. ഈ നേതാവിനെ ഒന്നൊതുക്കുവാൻ മുതലാളി തോമായെ ഏൽപ്പിക്കുന്നു. തോമ അയാളെ കൊല്ലുന്നു.
തോമായുടെ കാര്യം ചർച്ച ചെയ്തു ദിവസങ്ങൾ കടന്നു പോകുന്നു. തോമയുടെ മേൽ വ്യഭിചാരക്കുറ്റം ആരോപിക്കുമ്പോൾ തോമയുടെ ആദ്യഭാര്യ താൻ എങ്ങിനെ ആണ് തോമയുടെ ജീവിതത്തിലേക്ക് കടന്നു വന്നതെന്നു പറയുന്നു. ഒരു വേശ്യയായിരുന്ന അവളെയും അവളുടെ അനിയത്തിയേയും, അവരുടെ കുടിലിന് നാട്ടുകാർ തീ വച്ചപ്പോൾ, തോമയാണു രക്ഷിച്ചത്. പിന്നീട് അവളെയും അവളുടെ അനിയത്തിയേയും സംരക്ഷിച്ചത് തോമയായിരുന്നു.
ആദ്യ ഭാര്യ മേരിയുടെ കൂടെ വന്ന സ്ത്രീ അവരുടെ മകളെ നേഴ്സാക്കാൻ സഹായിച്ചത് തോമയാണെന്നു പറയുന്നു. പഞ്ചായത്തിൽ നിന്ന് വായ്പ കിട്ടാൻ വേണ്ടി പള്ളിയിലെ പശുവിനെയും കിടാവിനെയും അവരുടെ വീട്ടിൽ കൊണ്ടുവന്നു കെട്ടുന്നത് തോമയും കപ്യാരും കൂടെയാണ്. പോലീസ് കേസായപ്പോൾ ആ പശുവിനെയും കിടാവിനെയും ചന്തയിൽ നിന്നു വാങ്ങിക്കൊടുത്തതാണെന്ന് തോമ പറയുന്നു, അതിനു മുൻപേ സംശയാലുവായ കുശിനിക്കാരനെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കുന്നുമുണ്ട്.
ഇതു വരെ തോമയുടെ ഒരു പ്രമാണലംഘനവും തെളിയുന്നില്ല. എങ്കിലും കമ്മിറ്റിക്കാർ തോമയെ വിശുദ്ധനാക്കാൻ ഇനിയും ഒരു പാട് സമയം എടുക്കുമെന്ന് പറയുന്നു. അത് കേട്ട മേരി തോമയെ പോലെ സംസാരിക്കുന്നു. തനിക്കു ഒരു കപ്പേള പണിയണമെന്ന് ആവശ്യപ്പെടുന്നു. തോമയുടെ ശരീരത്തിന് അടുത്ത് എത്തിയ മേരിയെ ഓടിക്കാൻ ശ്രമിക്കുമ്പോ മേരി അവിടെ ഇരുന്നിരുന്ന സുഖിയൻ പിച്ചിയെടുത്തു നാല് പാടും എറിയുന്നു. ഒരു കഷ്ണം കയ്യിൽ കിട്ടിയ ഊമയായ പെൺകുട്ടി അതു കഴിക്കുമ്പോൾ സംസാരശേഷി നേടുന്നു.
പെട്ടെന്ന് ഒരു ടിവി ചാനലിൽ ഓരോരുത്തരായി തോമയുടെ സുഖിയൻ കൊണ്ടുണ്ടായ അത്ഭുതങ്ങൾ വിവരിക്കുന്നു. ഈ റിപ്പോർട്ട് കാണുന്ന നാട്ടുകാർ പല അഭിപ്രായങ്ങൾ പറയുന്നു. ഒരു കഷ്ണം സുഖിയൻ കിട്ടിയിട്ടും അത് ഒരു സ്ത്രീ വലിച്ചെറിയുന്നു. അപ്പോൾ തുടങ്ങിയ മഴ തോരുന്നേയില്ല. തോമയുടെ ശരീരം കാണാൻ ആരും വരാതായി. കച്ചവടക്കാർ തിരിച്ചു പോയി. ഒടുവിൽ തോമയും രണ്ടു ഭാര്യമാരും മാത്രമാകുന്നു. അവർ തോമയുടെ ശരീരവും കൊണ്ട് ചങ്ങാടത്തിൽ നദിയിലൂടെ പോകുന്നു.