ഷോർട്സ് ഇട്ടാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ല എന്നത് എവിടത്തെ നിയമം ആണ് ?

296

Jashi Mohammed തന്റെ അനുഭവം എഴുതുന്നു

ഭാരതീയ സംസ്ക്കാരം അനുസരിച്ചു ഒരു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുമ്പോൾ ഒരു ശരാശരി പൗരൻ പാലിക്കേണ്ട വസ്ത്രമര്യാദകൾ എന്താണ്… ? ഇസ്ലാമികമായ നിയമങ്ങൾ അനുസരിച്ചു ഒരു മുസൽമാന്റെ വസ്ത്രസ്വാതന്ത്ര്യം പൊക്കിളിനു മുകളിൽ നിന്ന് തുടങ്ങി കാൽമുട്ടിനു താഴെ വരെ നിർബന്ധമായും മറച്ചിരിക്കുക എന്നതിനാണ്. ഹൈന്ദവ ക്രൈസ്തവ മത നിയമങ്ങൾ വലിയ ധാരണയില്ലാത്തതു കൊണ്ട് പരാമർശിക്കുന്നില്ല.ഒരു യാഥാസ്തിക മുസ്ലിം കുടുംബത്തിൽ ജനിച്ചത് കൊണ്ടുതന്നെ പലപ്പോഴും ഷോർട്സ് അണിഞ്ഞു പുറത്തുപോകുമ്പോൾ ഉമ്മ ഇടയ്ക്കൊക്കെ ഓർമ്മിപ്പിക്കാറുണ്ട്..
“നിനക്കൊരു മുണ്ടുടുത്തൂടെ..!!?” എന്ന്..

പത്തിരുപത്തിയേഴു വയസ്സുള്ള സമയത്ത് ഷോർട്സും ടി ഷർട്ടും അണിഞ്ഞു അങ്ങാടിയിൽ ഇറങ്ങിയപ്പോൾ വിദ്യാസമ്പന്നനായ പ്രിയ സുഹൃത്ത് ഉപദേശിച്ചതും അതാണ്..
“നമ്മളൊന്നുമിപ്പോൾ കുട്ടികളല്ല.. കുറച്ചൊക്കെ മെച്ച്യുരിറ്റി കാണിച്ചൂടെ നിനക്ക്..!!? “എന്നും..!!
വിവാഹം ഉറപ്പിച്ച സമയത്ത് ഒരു ദിവസം കുളിക്കാൻ വേണ്ടി പോകുമ്പോൾ അലമാരയിൽ തപ്പിയപ്പോൾ ഷോട്സും ത്രീഫോർത്തുമൊന്നും കാണാനില്ല.. തിരഞ്ഞിട്ട് കാണാഞ്ഞപ്പോൾ അനിയത്തിയോട് ചോദിച്ചപ്പോൾ ഉമ്മ അതെല്ലാം കത്തിച്ചതായി പറഞ്ഞു.ഉമ്മയോട് എന്തിനാണത് ചെയ്തത് എന്ന് അന്വേഷിച്ചപ്പോൾ കല്യാണമാണ്.. ഇനി മതി ഇതൊക്കെ ഇട്ടത്..
ചിലപ്പോൾ ഭാര്യവീട്ടിൽ നീ ഇതിട്ടോണ്ട് പോകും എന്ന്…!!
ഒട്ടും മെച്യുരിറ്റി ഇല്ലാത്ത ഈ വസ്ത്രം ധരിക്കാനാണ് എന്നും ഇഷ്ടം..
ശീലവും അതാണ്..
ഈ വസ്ത്രമണിഞ്ഞു കല്യാണത്തിന് പോയിട്ടുണ്ട്..
ബാങ്കിലും ആശുപത്രിയിലും അതിനപ്പുറം ബിസിനസ്‌ സംബന്ധമായ ആവശ്യങ്ങൾക്കും പോയിട്ടുണ്ട്..
നിനക്ക് മാന്യമായി വസ്ത്രം ധരിച്ചൂടെ എന്നാരും ചോദിച്ചിട്ടില്ല..
താനിതെങ്ങോട്ടാ
കയറി വരുന്നത്..!!
ഇതിട്ടോണ്ടാണോ കയറിവരുന്നത് എന്ന് പറഞ്ഞു ആരും തടഞ്ഞുവെച്ചിട്ടില്ല..
ചുരുക്കിപറഞ്ഞാൽ വസ്ത്രം കൊണ്ട് വ്യക്തിത്വം അളന്നവർ ഓർമ്മയിൽ കുറവാണ്..
അല്ലെങ്കിൽ ഇല്ല എന്ന് തന്നെ പറയേണ്ടിവരും..
ഇപ്പോഴും അധികസമയവും ഇതൊക്കെതന്നെയാണ് ധരിക്കാറുള്ളതും..!!
പക്ഷെ ഇത് മാന്യതയ്ക്ക് നിരക്കാത്ത വസ്ത്രമാകുന്നത് എങ്ങനെയാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല..!!!
ഷോർട്സ് ഇട്ട ഒരു പെൺകുട്ടിയെ അവൾ ബോൾഡ് ആണെന്ന് പറയാൻ വെമ്പുന്ന സമൂഹം ഷോർട്സ് ഇട്ട ആണിനെ അവൻ പക്വതയില്ലാത്തവനാണ് എന്ന് പറയുന്നതെങ്ങിനെ..!!?
ഇന്ന് പോളിംഗ് ബൂത്തിൽ പോയപ്പോൾ ഒരു അനുഭവമുണ്ടായി..
ഷോർട്സ് അണിഞ്ഞു ചെന്ന എന്നെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന വനിതാ ഓഫീസർ തടഞ്ഞു..
വോട്ട് ചെയ്യാൻ ഈ വേഷത്തിലാണോ വരുന്നത്..!!?
എങ്ങോട്ടാ ഈ കയരിവരുന്നത്..!!?
മാറ്റിയിട്ടു പോരെ..
എന്നിട്ട് കയറാം എന്നൊക്കെ..!!
ഈ വസ്ത്രം ധരിക്കുന്നതിൽ നിയമപരമായ തടസങ്ങൾ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ പോയി മാറ്റിയിട്ടുവരാൻ പറഞ്ഞു അവർ തിരിഞ്ഞുനടന്നു..
ഒരു വേള അങ്ങനെ വല്ല നിയമവും പുതുതായി ഉണ്ടോ എന്ന് ആശയക്കുഴപ്പത്തിലായി നിൽക്കുന്ന എന്നോട് പുറത്ത് നിന്നും വളരെ നല്ല ഒരു മനുഷ്യൻ..!!
“മോനേ.. ഇതൊക്കെ പൂവാലന്മാർ ഇടുന്നതാണ്.. അത് കൊണ്ടായിരിക്കാം അവർ അങ്ങനെ പറഞ്ഞത്” എന്ന്..!!
അങ്ങനെ ഇത് പൂവാലന്മാർക്ക് വേണ്ടിയാണെന്നുള്ള വല്ല നിയമവും ഉണ്ടോ..!!?
പൂവാലന്മാർ അല്ലാത്തവർ ഇടാൻ പാടില്ലേ എന്ന് ചോദിച്ചപ്പോൾ അദ്ദേഹവും അങ്കലാപ്പിലായി..!!
അപ്പോഴേക്കും സുഹൃത്ത് ഒരു ലുങ്കി സംഘടിപ്പിച്ചു വന്നു..
ഇതറിയാതെ വോട്ട് ചെയ്യാൻ പ്രയാസമുണ്ടെന്ന് പറഞ്ഞ എന്നെ സൗഹൃദം പറഞ്ഞു അവൻ തളർത്തി..
മനസ്സില്ലാമനസ്സോടെ വോട്ട് ചെയ്യാൻ ക്യു നിന്ന എന്റെ അടുത്ത് മഹത്തായ കേരളീയവസ്ത്രം അണിഞ്ഞവർ ആ വസ്ത്രം നല്ല കയറ്റി മടക്കിക്കുത്തി തുടയൊക്കെ ചൊറിഞ്ഞുനിൽക്കുന്നു..
ഞാൻ വീണ്ടും ആശയക്കുഴപ്പത്തിലായി..
ശെടാ… എന്റെ തുടയൊന്നും കാണുന്നില്ലായിരുന്നല്ലോ..!!
അപ്പൊ ഷോർട്സ് ഒഴിവാക്കി മുണ്ട് മടക്കിക്കുത്തി വന്നാലും പ്രശ്നമില്ലേ..!!?
തുടയോ അതോ വസ്ത്രമോ പ്രശ്നം..!!!?
വോട്ട് ചെയ്യാൻ അകത്ത് കയറിയപ്പോൾ ഇലക്ഷൻ ഓഫീസറോട് സംസാരിച്ചു.
“ഷോർട്സ് അണിഞ്ഞു വന്നാൽ വോട്ട് ചെയ്യാൻ അനുവദിക്കില്ല എന്നുണ്ടോ..!!?
അങ്ങനെ നിയമതടസ്സമുണ്ടോ..!!?”
“ആര് പറഞ്ഞു..!!?
വരാൻ പറയൂ..!!”
“ഞാൻ തന്നെയാണ്.. ഡ്യൂട്ടിയിലുള്ള ഓഫീസർ എന്നെ തടഞ്ഞു..
അവസാനം ഒരു ലുങ്കി സംഘടിപ്പിച്ചു ആണ് ഞാൻ അകത്തുകയറിയത്..
നിയമം പാലിക്കാൻ ഞാൻ തയാറാണ്..
പക്ഷെ.. ഇല്ലാത്ത നിയമത്തിന്റെ പേരിൽ എന്റെ മാനസികമായി പ്രയാസപ്പെടുത്തി.. സമയവും നഷ്ടപ്പെടുത്തി..”
“അവരുടെ അറിവില്ലായ്മയാണ്.. നിങ്ങളുടെ വസ്ത്രം നിങ്ങളുടെ സ്വാതന്ത്ര്യമാണ്..
അത് അവരല്ല തീരുമാനിക്കേണ്ടത്..
നിങ്ങൾക്ക് പരാതിപ്പെടാനും ചോദ്യം ചെയ്യാനും അവകാശമുണ്ട്..!
പോളിംഗ് നന്നായി നടക്കുകയാണ്..
ഒരു തർക്കമുണ്ടായാൽ എല്ലാവർക്കും പ്രയാസമാവും.
ക്ഷമിക്കണം.. വിട്ടേക്കൂ..!!”
വളരെ സൗമ്യമായ സംസാരവും പെരുമാറ്റവും..
ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വം..!!
ചുരുക്കിപ്പറഞ്ഞാൽ എന്റെ ചോദ്യം ഇതാണ്..!!
“എന്താണ് ശരിക്കും മാന്യമായ വസ്ത്രം..!!?
വോട്ട് ചെയ്യാൻ പോകുമ്പോൾ പാലിക്കേണ്ട വസ്ത്രമര്യാദ എന്താണ്..!!?