ജാത വേദൻ
കോളേജിൽ ഫുൾ ചളുവൊക്കെയടിച്ച് ജോളിയായി കോമേഡിപീസ് ആയി നടക്കുന്ന ചില പയ്യന്മാർ പ്രണയം പൊട്ടുമ്പോൾ പെട്ടന്ന് ഒരാഴ്ചക്ക് സീരിയസ് ആകാറുണ്ട്. അനാവശ്യമായ അതിഗൗരവവും പക്വതയും ഒക്കെ കാണിക്കാൻ ശ്രമിച്ച് ഉള്ള ഇമേജിനെ ഉടച്ചു വാർക്കാനുള്ള ശ്രമമായിട്ടാണ് ഇതിനെ തോന്നുന്നത്. പ്രണയിനി തന്റെ വികാരങ്ങൾക്ക് വിലകല്പിക്കാതിരിക്കാനുള്ള വാദം തന്റെ ബാലിശമായ പ്രകൃതമാണെന്ന് കരുതി അതിനെ അതിജീവിക്കാനുള്ള കാട്ടികൂട്ടലുകളാകും മിക്കപ്പോഴും ഇതിന്റെയൊക്കെ ഉപഘടന. മിക്കവർക്കും അനുഭവമുണ്ടായിട്ടുണ്ടെന്ന് കരുതുന്നു.
ഈയൊരു പരികല്പനയുടെ മറ്റൊരു വീക്ഷണം സ്ഥിരമായി കോമെഡി റോളുകൾ ചെയ്യുന്നവർ പെട്ടന്ന് സീരീസ് റോളുകൾ ചെയ്യുമ്പോൾ ചിലപ്പോൾ ഉള്ളിൽ വരാം. സുരാജ് കുറച്ച് നാളായി ചെയ്യുന്നതും പ്രത്യേകിച്ചും റോയ് സിനിമയിൽ വെളിവാകുന്നതും ഇതാണ്. സാമർഥ്യ ശാസ്ത്രത്തിൽ കൃഷ്ണചന്ദ്രൻ ചെയ്യുന്നതും ഈ ഒരു ലൈൻ പിടിച്ചാണെന്നും തോന്നി.രാത്രി ഷവർമ പോലുള്ള വിഭവങ്ങൾ കഴിച്ച് പിറ്റേന്ന് രാവിലെ പ്രാഥമികാവശ്യങ്ങൾക്ക് തുനിയുമ്പോൾ പൈപ്പ് പൊട്ടി മുനിസിപ്പാലിറ്റി വെള്ളം മുടങ്ങുമ്പോൾ മനുഷ്യന് തോന്നുന്ന നിരാശയും വ്യർത്ഥതാബോധവും പക്വതയും തുളുമ്പുന്ന മുഖഭാവങ്ങൾ ആണ് സ്ഥിരമായി റോയിലും സാമർത്യ ശാസ്ത്രത്തിലും ഇവർ രണ്ടു പേരും പ്രദർശിപ്പിച്ചത്.
ചിരിയൊക്കെ ഒരു പുഞ്ചിരി ലെവലിൽ ഒതുക്കി ഇല്ലാത്ത പക്വത കാണിക്കാൻ ആണ് ഇവർ ഇങ്ങനെ ചെയ്യുന്നത്. ഇത്തരം ഭാവപ്രകടനങ്ങൾ കാണുന്നവരുടെ ഉള്ളിൽ തട്ടാൻ അവർ അനുഭവിച്ച കഷ്ടത കുറെ കാണിക്കണം. അപ്പോൾ അത്തരം അനുഭവങ്ങൾ അവരെ കല്ലാക്കി എന്നൊരു പ്രതീതി നമുക്ക് തോന്നും.
കോമേഡി റോളുകൾ ഇടക്ക് ചെയ്തുകൊണ്ടിരുന്ന ബാബുരാജ് കൂമനിൽ ഒരു സീരീസ് റോൾ മികച്ചരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ശരീരഘടന അതിനു ഒരു പരിധി വരെ സഹായിച്ചിട്ടുണ്ടെങ്കിലും അതിലെ മുഖഭാവങ്ങൾ വെച്ചുള്ള പ്രകടനം മറന്നുകൂടാ. സുരാജും ഈ പുള്ളിയും ഇനി സീരിയസ് റോൾസ് എടുക്കുകയാണെങ്കിൽ എളുപ്പത്തിനായി ബാബുരാജ് ചെയ്തൊരു ആംഗിൾ പിടിച്ച് ചെയ്യാൻ ശ്രമിച്ചാൽ മികച്ചതാകും.