രാഷ്ട്രീയമായി ഇടതുപക്ഷത്തിന്റെ എതിർപക്ഷത്തുള്ള ലീഗുകാർ മനുഷ്യശൃംഖലയിൽ പങ്കാളികളായത് ചില സൂചനകളാണ്

68
Jathin Das
ഇടതുപക്ഷവും സിപിഐഎമ്മും പോഷകസംഘടനകളും ഇതിനുമുൻപും കേരളത്തിൽ ഒരുപാട് മനുഷ്യച്ചങ്ങലകൾ നടത്തിയിട്ടുണ്ട്… പക്ഷെ ഇത്തവണത്തെ കൈകോർക്കലിനും തോളോടുതോൾ ചേർന്നുള്ള നിൽപ്പിനും ഒരുപാട് പ്രത്യേകതകളുണ്ട്.. സംഘപരിവാരം കീറിപ്പറിക്കാൻ നോക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിന്റെ ബൈബിളായ ഭരണഘടനയുടെ സംരക്ഷണത്തിനുള്ള ചെറുത്തുനിൽപ്പായിരുന്നു അതിന്റെ ഏറ്റവും വലിയ പ്രത്യേകത.. ആ ദൗത്യത്തിനായി ഒത്തുചേർന്ന ബഹുജനബാഹുല്യം ആരെയും ആവേശഭരിതരാക്കുന്ന, ജനാധിപത്യ-മതനിരപേക്ഷവിശ്വാസികളെ തുടർപോരാട്ടങ്ങൾക്ക് പ്രചോദിതരാക്കുന്ന വലിയ ചാലകശക്തിയായി വർത്തിക്കും.
ഇപ്പോൾ ഇതെഴുതാൻ കാരണം മറ്റൊന്നാണ്… രാവിലെ ഓഫീസിലേക്കുള്ള യാത്രക്കിടയിൽ ഒരു റിപ്പോർട്ടിങ് കണ്ടു.. മുസ്ലിം ലീഗിന്റെ മണ്ഡലം ഭാരവാഹിയും കുറേയേറെപ്പേരും ഇന്നലത്തെ ചങ്ങലയിൽ പങ്കാളികളായി എന്നതാണ് വാർത്ത.. വാർത്തയിൽ വലിയ അത്ഭുതമോ ആശ്ചര്യമോ തോന്നിയിട്ടില്ല.. തോന്നേണ്ടതുമില്ല.. ഇന്നലെ ഓഫീസിൽ ഇരിക്കുമ്പോൾ മലപ്പുറംകാരനായ സൃഹുത്ത് അവരുടെ കുടുംബം ചങ്ങലയിൽ പങ്കെടുത്ത ഫോട്ടോ കാണിച്ചു.. സുഹൃത്തും കുടുംബവും ലീഗുകാരാണ്.. അതുകേട്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും ആശ്ചര്യമോ അത്ഭുതമോ അപ്പോഴും തോന്നിയില്ല.
Image result for muslim league JOIN MANUSHYA MAHA SRINGALAഇന്നലെ ചങ്ങലയിൽ കണ്ണികളായ 70 ലക്ഷം പേരും ഇടതുപക്ഷമാണെന്നോ അതൊക്കെ ഇടതുപക്ഷത്തിന് കണ്ണുംപൂട്ടി വോട്ട് ചെയ്യുന്നവരാണെന്നോ ധരിക്കാൻ മാത്രം രാഷ്ട്രീയ നിരക്ഷരത എനിക്കില്ല.. അങ്ങനെ ഇലക്ടറൽ പൊളിറ്റിക്സിലേക്ക് മാത്രം ചുരുക്കേണ്ടതാണ് ഈ സമരങ്ങൾ എന്ന് ധരിക്കുന്നതുതന്നെ വിഡ്ഢിത്തമാണ്.. ഒരാഴ്ചമുമ്പ് സീതാറാം യെച്ചൂരി ഇക്കാര്യം അത്രമാത്രം കൃത്യതയോടെ കേരളത്തിലെ പത്രക്കാരുടെ ഭൂലോകമണ്ടൻചോദ്യങ്ങൾക്കുള്ള മറുപടിയായി പറഞ്ഞിട്ടുണ്ട്..
അപ്പോൾ നിങ്ങൾ ചോദിക്കും ഇതിലൊന്നും രാഷ്ട്രീയമില്ലേയെന്ന്? ഉണ്ട് , തീർച്ചയായും ഉണ്ട്.. ആ രാഷ്ട്രീയമെന്നത് ഈ നാടിനെ ജനാധിപത്യ-മതനിരപേക്ഷ രാജ്യമായി നിലനിർത്തുക എന്ന തെളിമയുള്ള നിലപാടിന്റെ രാഷ്ട്രീയമാണ് ….. നാട് ഭരിക്കുന്നവർ അപരവൽക്കരണത്തിന്റെ അപായക്കളികളുമായി ഇറങ്ങുമ്പോൾ “ആ കളി കേരളത്തിൽ നടക്കില്ല” എന്നൊരുത്തൻ പറയുമ്പോൾ, “RSS ന്റെ അജണ്ട നടപ്പിലാക്കിക്കൊടുക്കലല്ല കേരളസർക്കാരിന്റെ പണി”യെന്ന് ശങ്കയേതുമില്ലാതെ പറഞ്ഞുകൊണ്ട് “ഈ നാട് സാക്ഷി, ജനം സാക്ഷി.. കേരളമെന്ന കോട്ടയിൽ നിങ്ങൾ സുരക്ഷിതരാണ്, ഒരു പൗരത്വപ്പട്ടികയും ഇവിടെ നടപ്പാക്കില്ല ” എന്ന സുരക്ഷിതത്വബോധം തന്റെ ജനതക്ക് പകരാൻ അയാൾക്ക് കഴിയുന്നുണ്ടെങ്കിൽ അതാണ് നിലപാടും നിലപാടിലെ തെളിമയും സ്ഥൈര്യവും … അതാണതിന്റെ രാഷ്ട്രീയവും .. ആ നിലപാട് കണ്ട് കണ്ണിചേർന്നവരെയാണ് ഇന്നലെ നാം കണ്ടത്.. അതല്ലാതെയുള്ള ഇലക്ട്‌റൽ പൊളിറ്റിക്സിലേക്ക് കാര്യങ്ങളെ കൊണ്ടുകെട്ടുന്നത് മതനിരപേക്ഷതക്ക് വേണ്ടിയുള്ള ഈ പോരാട്ടത്തിനും ഇടതുപക്ഷത്തിനും വിപരീതഫലമേ ഉണ്ടാക്കൂ…
സമരത്തിൽ പങ്കാളികളാവുക വഴി വേറൊരു വശംകൂടി രാഷ്ട്രീയമായി ഇടതുപക്ഷത്തിന്റെ എതിർപക്ഷത്തുള്ള കൂട്ടർ പ്രതിഫലിപ്പിക്കുന്നുണ്ട് … അത് ഒരുപക്ഷെ വഞ്ചിക്കപ്പെട്ട ഒരുത്തന്റെ വൈകാരികതകൂടിയാണ്.. ഭാവി പ്രധാനമന്ത്രി, മോഡിയെതുരത്താനുള്ള ഒറ്റമൂലി , ആന ചേന എന്നൊക്കെപ്പറഞ്ഞുകൊണ്ട് എഴുന്നള്ളിച്ച രാഹുൽ ഗാന്ധിയും കോൺഗ്രെസും സംഘപരിവാരം അപകടകരമായ അപരവൽക്കരണത്തിന്റെ കളിയുമായി ഒന്നൊന്നായി മുന്നോട്ടുപോകുമ്പോഴും ഒന്നുംമിണ്ടാതെ കയ്യുംകെട്ടിയിരിക്കുന്ന അവസ്ഥയോടുള്ള പ്രതികരണം കൂടിയാണത്… ഒരുനാടിനെ അപ്പാടെ കീറിമുറുക്കുമ്പോഴും പട്ടായയിലും ഇന്തോനേഷ്യയിലും കൊറിയയിലും ചുറ്റിയടിച്ചുനടക്കുന്ന മരപ്പാഴിനെയാണ് വീരനായിക്കണ്ട് ആറുമാസം മുൻപ് ഡെൽഹിയിലേക്കയച്ചത് എന്ന തിരിച്ചറിവിന്റെ തുടക്കം കൂടി അതിലുണ്ട് എന്നാണെന്റെ പക്ഷം.. ഒന്നിച്ചുനിൽക്കേണ്ടനേരത്ത് കേവലമായ ഇലക്ട്‌റൽ പൊളിറ്റിക്സിന്റെ മാത്രം കണക്കുകൾ കയ്യിലുള്ള മുല്ലപ്പള്ളി അടക്കമുള്ള കുടിലന്മാർക്കുള്ള മറുപടിയും അതിലുണ്ട്.. അത്രയേയുള്ളൂ..
അതിനപ്പുറം മനക്കോട്ടകളുണ്ടാക്കുന്നതും കണക്കുക്കൂട്ടുന്നതും വെറുതെയാണ്… ഇന്നലെവരെ നഖശിഖാന്തം എതിർത്തിരുന്നവർ നമ്മളുടെ കൈകൾ ചേർത്തുപിടിക്കാനും കൂടെ നിൽക്കാനും തയ്യാറാകുന്നത് ശുഭകരമായി കാണുക.. നിലപാടിലെ സ്ഥിരതക്കും ബലത്തിനുമുള്ള അംഗീകാരമായിമാത്രം കണ്ട് അവരെ കൂടുതൽ ചേർത്തുപിടിക്കുക.. അതിനപ്പുറമുള്ള ഇലക്ട്‌റൽ പൊളിറ്റിക്സിന്റെ കണക്കുകളിലേക്ക് പോകാതിരിക്കുക… അതൊക്കെ ഇപ്പോൾ നിരർത്ഥകമാണ് .. നാടിൻറെ നിലനിൽപ്പിനും മതേതരകെട്ടുറപ്പിനും നല്ല നാളേക്കും വേണ്ടിയുള്ള പോരാട്ടമാണിത്.. അവിടെ മതതീവ്രവാദികൾ ഒഴിച്ച് ബാക്കിയെല്ലാവരെയും ഒരുമിപ്പിക്കുക എന്നതാണ് ഇടതുപക്ഷം ചെയ്യുന്നത്..അതിനപ്പുറവും ഇപ്പുറവും കടക്കുന്നത് വെറും മനക്കോട്ട കെട്ടലാണ് … ഇലക്ഷനൊക്കെ രണ്ടാമതാണ്… നാടിങ്ങനെ നിലനിന്നാലല്ലേ ഇലക്ഷനൊക്കെ ഉണ്ടാകൂ.. അപരവൽക്കരണത്തിന്റെയും പുറംതള്ളലുകളുടെയും കാലത്ത് ചേർത്തുപിടിക്കലിന്റെയും കൈകോർക്കലുകളുടെയും ഒരുമിപ്പിക്കലിന്റെയും വക്താക്കളാവുക …